എണ്ണ കപ്പലുകളില്‍നിന്നുള്ള ചോര്‍ച്ച ലോകത്ത് പതിയിരിക്കുന്ന മറ്റൊരു പാരിസ്ഥിതിക വിപത്താണ്. എത്രത്തോളം ഭയാനകമാണ് അത്.
കടലില്‍ എറിയും, കടലില്‍ തള്ളാം എന്നൊക്കെ ഒരിക്കലെങ്കിലും പറയാത്തവര്‍ ആകില്ല നമ്മള്. എന്തും തള്ളാവുന്ന, എന്തിനെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈ വലിയ കടല്‍ എന്ന് നമ്മള് കരുതും. നോക്കെത്താ ദൂരത്ത് അത് പരന്ന് കിടക്കുമ്പോള്‍ അതിലേക്ക് കളയുന്ന എന്തും തുലോം നിസ്സാരമായേ നമുക്ക് അനുഭവപ്പെടൂ. ഒരു തീരത്ത് നില്ക്കുമ്പോള് ആ പരപ്പ് നമ്മളില്‍ ഒരു അനുഭൂതി സൃഷ്ടിക്കും. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ ഭയപ്പെടുത്തും. ചിലപ്പോള്‍ കരയെ തൊട്ടുനയ്ക്കാന് വരുന്ന തിരമാലകളുടെ ഓളം നമ്മള് ആസ്വദിക്കും. ആ തിരമാലകള്‍ മുറിച്ചുകടന്ന നീന്താന്‍ കൊതിക്കാത്തവരുണ്ടാകില്ല. ഒരു പായ് വഞ്ചിയിലെങ്കിലും അനന്തത മുറിച്ച് കടന്ന് മറുതീരം കാണാണമെന്ന് തോന്നാതിരിക്കില്ല.

ആ കടല്‍ വെള്ളത്തില്‍ ഒരു തുള്ളി എണ്ണ വീണാലോ. ഓ അത് കടലിലല്ലേ. അത്രയേയുള്ളൂ. നമ്മള് കുടിക്കുന്ന ഒരു ഗ്ലാസ് വെള്ളത്തില്‍, അല്ലെങ്കില്‍ മറ്റാഹാരത്തില് നമുക്ക് ആവശ്യമില്ലാത്ത ഒരു തുള്ളി എണ്ണ വീണാലോ. നമുക്ക് ഓക്കാനം വരും. കടലില്‍ ഒരു തുള്ളിയല്ല പതിനായിരിക്കണക്കിന് ടണ്‍ എണ്ണ കലര്‍ന്നാലുള്ള സ്ഥിതിയോ? അത് ഒരു യാഥാര്‍ഥ്യമാണ്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് കടലില്‍ ചോര്‍ന്നുകൊണ്ടേയിരിക്കുന്നു. അങ്ങേയറ്റം അപകടകരാം വിധത്തില്‍. കടല്‍ വെള്ളത്തെ മാത്രമല്ല, കടല്‍ ജീവികളെ മാത്രമല്ല, ആ ആവാസ വ്യവസ്ഥയെ മാത്രമല്ല, കരയില്‍ അതില്‍നിന്നെല്ലാം മാറിനിന്ന് സ്വച്ഛന്ദ ജീവിതം ആസ്വദിക്കുന്ന മനുഷ്യരെയും അത് ആഴത്തില്‍ ബാധിക്കുന്നു.
എങ്ങനെ ബാധിക്കും? പലപ്പോഴും നമ്മള് നമ്മളെ ബാധിക്കുന്ന വിഷയം വരുമ്പോള്‍ മാത്രമാണല്ലോ ഉത്കണ്ഠ. ഈ ലോകത്തെ മറ്റ് പതിനായിരക്കണക്കിന് ജീവജാലങ്ങളുടെ കാര്യം സൗകര്യപൂര്‍വം നമ്മള് മറക്കും. ഏറിവന്നാല്‍ നമ്മുടെ അന്നം മുട്ടുമ്പോള്‍ മാത്രം അത് ഗൗരവത്തിലെടുക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ലോകത്തെ പലഭാഗങ്ങളിലെ തീരങ്ങളില്‍ എണ്ണ ഒഴുകുകുന്ന വാര്‍ത്തകള്‍ വന്നു. വന്യജീവികളെയും സമീപ സമൂഹങ്ങളെയും അത് അപകടത്തിലാക്കുന്നു. ഏത് നിമിഷവും ചോര്‍ന്നൊലിക്കാന്‍ സാധ്യതയുള്ള ഓയില്‍ ടാങ്കറുകളുമായി കപ്പലുകള്‍ കടല്‍ പരപ്പില്‍ ഉണ്ട്. ഇതൊന്നും പുതിയതല്ല. അപകടകരമായ ഈ ഫോസില്‍ ഇന്ധനത്തിന്റെ അനിവാര്യമായ ഫലമാണ് ഈ ചോര്‍ച്ച. ഇതുസംബന്ധിച്ച കണക്കുകള്‍ പലപ്പോഴും അപൂര്‍ണ്ണമാണ്. നിലവില്‍ തന്നെ ലഭ്യമായ കണക്കുകളില്‍ ഏഴ് ടണ്ണില്‍ താഴെയുള്ള എണ്ണ ചോര്‍ച്ച ഉള്പ്പെടുന്നിന്നേയില്ല. ഭയാനകമായ കാര്യം കടലിലെ എണ്ണ ചോര്‍ച്ചയുടെ 80 ശതമാനവും അതാണ് എന്ന് ഇന്റര്‍നാഷണല്‍ ടാങ്കര്‍ ഓണേഴ്സ് പൊല്യൂഷന്‍ ഫെഡറേഷന് (ഐടിഒപിഎഫ്) പറയുന്നു.
കാലാവസ്ഥാവ്യതിയാനത്തിന്റെ ദൂഷ്യങ്ങളെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. കാലം മാറി, കോപത്തോടെ വരുന്ന മഴയും, മുമ്പില്ലാത്തവിധം ന്യൂനമര്‍ദം 2020ല്‍ കേരളത്തിന്റെയും ഉറക്കം കെടുത്തിയ ഘട്ടത്തില്‍ ഏറിയും കുറഞ്ഞും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് നിങ്ങളും ചിന്തിച്ചിട്ടുണ്ടാകും. ചര്‍ച്ച ചെയ്തിട്ടുണ്ടാകും. ക്ലൈമറ്റ് എമര്‍ജന്‍സി എന്നാണ് എന്നാണ് ഇത്തരം പല സാഹചര്യങ്ങളെ ചേര്‍ത്തുവെച്ച് പരിസ്ഥിതി വിദഗ്ധര്‍ വിലയിരുത്തുന്നത്. മഞ്ഞുപാളികള്‍ ഉരുകുന്നു, പവിഴപ്പുറ്റുകള്‍ ഇല്ലാതാകുന്നു, കാട്ടുതീ പടരുന്നു. കടലിലെങ്ങും എണ്ണ ചോര്‍ന്നു കലരുന്നു. ഇങ്ങനെ പലതും. എന്നിട്ടും കമ്പനികള്‍ എണ്ണയ്ക്കായി ഭൂമിയെ, കടലിന്റെ അടിത്തട്ടിനെ തുരന്നുകൊണ്ടേയിരിക്കുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ അപകടങ്ങളെക്കുറിച്ചും, പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറേണ്ടതിന്റെ അനിവാര്യതയും ഓര്‍മ്മപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ നടന്ന വര്‍ഷം കൂടിയാണ് 2020.
അതിന്റെ വിപത്ത് ഇനി എത്രയോ ദശാബ്ദങ്ങള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൗറീഷ്യസ് തീരത്തോട് ചേര്‍ന്ന് 2020 ല്‍ ഉണ്ടായ ഒരു കപ്പല്‍ ദുരന്തം ഓര്‍ക്കുന്നില്ലേ. ജപ്പാന്റെ എംവി വക്കാഷിയോ കപ്പല്‍ തകര്‍ന്ന് 1000 ലേറെ ടണ്‍ ഓയില്‍ കടലില്‍ ഒഴുകി. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മൗറീഷ്യസിന്റെ തെക്കുകിഴക്കാന്‍ തീരത്തായിരുന്നു ആ ചോര്‍ച്ച. മനോഹരമായ പകരംവയ്ക്കാനാവാത്തതുമായ പവഴപ്പുറ്റുകളുളെ അത് നാശോന്മുഖമാക്കി. കണക്കില്‍ പെടാത്ത കടല്‍ ജീവികളെ അത് കൊന്നു. വലിയ പാരിസ്ഥിക ദുരന്തമായി അത് മാറി. കൂടാതെ മൗറീഷ്യസിന്റെ സമ്പദ്വ്യവസ്ഥ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അതുണ്ടാക്കി.
ഓഗസ്റ്റ് ആദ്യം വെനസ്വേലയിലെ ഫാല്‍ക്കണ്‍ സംസ്ഥാനത്തിന്റെ തീരങ്ങളില്‍ എണ്ണ ഒഴുകാന്‍ തുടങ്ങി, മൊറോക്കോയ് നാഷണല്‍ പാര്‍ക്കിലെ ചില ബീച്ചുകളെയും ഇത് ബാധിച്ചു. എണ്ണയുടെ ഉത്ഭവം ഇപ്പോഴും വ്യക്തമല്ല, പക്ഷേ ഇത് ഇതിനകം തന്നെ പ്രാദേശിക ജൈവവൈവിധ്യത്തെയും തീരദേശ സമൂഹങ്ങളെയും അത് സാരമായി ബാധിച്ചു.
യെമന്‍ തീരത്ത്, എഫ്എസ്ഒ സേഫര്‍ എന്ന ഓയില്‍ ടാങ്കര്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്. അത് വലിയ പാരിസ്ഥിതിക ദുരന്ത ഭീഷണിയാണ്. ഉപേക്ഷിക്കപ്പെട്ടതാണ് 362 മീറ്റര്‍ നീളമുള്ള ആ കപ്പല്‍. അതിലെ 34 സ്റ്റോറേജ് ടാങ്കുകളില്‍ 10 ലക്ഷം ബാരല്‍ എണ്ണയുണ്ട്. യമനീസ് കമ്പനിയുടേതാണ് ആ കപ്പല്‍. 2014ല്‍ യമനില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം കമ്പിക്ക് ആ കപ്പല്‍ പരിപാലിക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ ചെയ്തില്ലെങ്കില്‍ വലിയ ദുരന്തമാണ് അത് വരുത്തിവെക്കുക. ഹുദൈദ തുറമുഖത്തോട് ചേര്‍ന്ന് കടലില്‍ ഉപേക്ഷിക്കപ്പെട്ട ആ കപ്പല്‍ തുരുമ്പെടുത്തു തുടങ്ങി. ടാങ്കറുകളില്‍നിന്ന് എണ്ണ ചോര്‍ന്നു തുടങ്ങി. സമീപത്തെ പവിഴപുറ്റുകളെയും സസ്യങ്ങളെയും നശിപ്പിക്കുംവിധത്തില്‍ അത് വിനാശകാരിയാണെന്നും അടിയന്തരമായ ഇടപെടണമെന്നും ഗ്രീന്‍ പീസ് പോലുള്ള സംഘടനകള്‍ യുഎന്നിനോട് ആവശ്യപ്പെട്ടു. 2021ലും അതിന്റെ ഭീഷണി മാറിയില്ല.
1979ല്‍ അറ്റ്ലാന്റിക് എംപ്രസ് എന്ന് ഗ്രീക്ക് എണ്ണക്കപ്പല്‍ മറ്റൊരു എണ്ണക്കപലുമായി ഇടിച്ചു തകര്‍ന്നതാണ് ഇതുവരെ ഉണ്ടായ വലിയ എണ്ണ ദുരന്തം. 2,87,000 ടണ്‍ ഓയില്‍ അന്ന് കടലില്‍ കലര്‍ന്നു. 1991ല്‍ അംഗോള തീരത്ത് എബിടി സമ്മര്‍ എന്ന ലൈബീരിയന്‍ കപ്പല്‍ പൊട്ടിത്തെറിച്ചു. 2,60,000 ടണ്‍ ക്രൂഡ് ഓയില്‍ കടലില്‍ ഒഴുകി. ഇങ്ങനെ നിരവധിയുണ്ട്. ഈ കണക്കുകളെല്ലാം ഏഴ് ടണ്ണില്‍ കൂടുതലുള്ളതാണ്. കടലില്‍ കലരുന്നതിന്റെ 80 ശതമാനവും അതില്‍ താഴെയുള്ളതാണെന്നറിയുമ്പോള് അതിന്റെ ഗൗരവം ബോധ്യമാകും.
ഉപ്പുവെള്ളത്തേക്കാള്‍ സാന്ദ്രത കുറവാണ് ഓയിലിന്. അത് കടല്‍ വെള്ളത്തില്‍ ഒരു പാളിപോലെ കിടക്കും. അത് മത്സ്യങ്ങളുടെയും സസ്തനികളുടെയും പക്ഷികളുടെയും തൊലിപ്പുറത്തും രൂമകൂപങ്ങളിലും തൂവലുകളിലും പറ്റിപിടിക്കും. പല ദുരന്തങ്ങളും തീരകടലില്നിന്ന് അകന്നുമാറിയാണ് ഉണ്ടായത് എന്നതിനാല്‍, അത്ര ലാഘവത്വമേ നമുക്കുണ്ടായിട്ടുള്ളൂ. അങ്ങനെ കടലില്‍ കലക്കി നിസ്സാരമായി കളയാവുന്നതല്ല എണ്ണ ചോര്‍ച്ചകള്‍. ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തമായിരിക്കും അത് സൃഷ്ടിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!