സ്കോളര്‍ഷിപ്പ് മാനദണ്ഡങ്ങളില്‍ മാറ്റം: സസക്സ് സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥിയുടെ പഠനം പ്രതിസന്ധിയില്‍
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പ്രധാനമന്ത്രിക്കും മന്ത്രി കെ രാധാകൃഷ്ണനും പരാതി നല്‍കിയിരുന്നു. എന്നാല്‍ വിചിത്രമായ മറുപടിയാണ് രാധാകൃഷ്ണന്റെ ഓഫീസില്‍നിന്ന് ലഭിച്ചതെന്ന് ഹഫീഷ ആരോപിക്കുന്നു
സംസ്ഥാനത്തെ പിന്നാക്ക വകുപ്പ് നല്കുന്ന ഒബിസി ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തുന്നതില്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം. സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ പറയാതിരുന്ന മാനദണ്ഡം പിന്നീട് കൂട്ടിചേര്‍ത്ത് അര്‍ഹരായ, മികച്ച അക്കാദമിക്ക് യോഗ്യതയുളള, കുട്ടികളെ ഒഴിവാക്കിയാതായാണ് ആരോപണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കെല്ലാം പരാതി അയച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് സസക്സിലെ വിദ്യാര്‍ത്ഥി ഹഫീഷ ടി ബി പറഞ്ഞു. തന്റെ പഠനം സ്കോളര്‍ഷിപ്പ് കിട്ടാത്തതുമൂലം പ്രതിസന്ധിയിലാണെന്നും അവര്‍ പ്രതികരിച്ചു. അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തതിനെ തുടര്‍ന്ന് അവര്‍ ഫേസ്ബുക്കില്‍ തന്റെ വേദന പങ്കുവെച്ചു. താന്‍ മാത്രമല്ലെന്നും വേറെയും ചില അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരമൊരു പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവര്‍ ലണ്ടനില്‍നിന്ന് ഞങ്ങളോട് വ്യക്തമാക്കി.

സസ്ക്സ് സര്‍വകലാശാലയില്‍ എം എ സോഷ്യല്‍ ആന്ത്രപോളിജിയ്ക്കാണ് ഹഫീഷയ്ക്ക് പ്രവേശനം ലഭിച്ചത്. അതിന് മുമ്പ് ഇവര്‍ ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് ലക്ചറായും ജോലി ചെയ്തിട്ടുണ്ട്. വിദേശ പ്രസിദ്ധീകരണങ്ങളില്‍ അടക്കം അക്കാദമിക് ലേഖനങ്ങളും ഇവരുടെതായി വന്നിട്ടുണ്ട്്്. ഇത്രയും അക്കാദമിക് പശ്ചാത്തലത്തിന്റെ മികവിലാണ് ഹഷീഷയ്ക്ക് പ്രശസ്തമായ സസക്സ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കുന്നത്. ഒരു വര്‍ഷത്തെയാണ് കോഴ്സ്.
തൃശ്ശൂര്‍ ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് ഹഫീഷ. വിദേശത്ത് പോയി പഠിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പിന് അയക്കുന്നത് അങ്ങനെയാണ്്. ഡിഗ്രി മുതല്‍ പല തരത്തിലുളള വരുമാന മാര്‍ഗം കണ്ടെത്തിയാണ് ഇവര്‍ പഠിച്ചത്.
'സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് വേണ്ട എല്ലാ യോഗ്യതകളും എനിക്കുണ്ടായിരുന്നു. കിട്ടുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാല്‍ ആണ് വായ്പയെടുത്തും സുഹൃത്തുകളില്‍നിന്നും ഒരു അധ്യാപകനും തന്ന സഹായത്തോടെയും ഇവിടെ എത്തിയത്. കുടുംബത്തിന് ഭൂമി കുറവാണെന്ന് പറഞ്ഞ് ആദ്യം ബാങ്കുകള്‍ വായ്പ നല്‍കിയില്ല. പിന്നീട് കനറാ ബാങ്ക് ഏഴര ലക്ഷം രൂപ തന്നു. അങ്ങനെയാണ് ഇവിടെ വരാനുള്ള പണം കണ്ടെത്തിയത്.' ഹഫീഷ പറയുന്നു. പത്ത് ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാഭ്യാസ -താമസ ചെലവുകള്‍ എല്ലാം കൂടി 30 ലക്ഷം രൂപയെങ്കിലും ആവും.

എന്നാല്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഹഫീഷ ഉണ്ടായിരുന്നില്ല. സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇല്ലാതിരുന്ന വ്യവസ്ഥകള്‍ പിന്നീട് കൂട്ടിചേര്ത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഹഫീഷ ആരോപിക്കുന്നു. 2013-14 കാലഘട്ടം വരെ ലോകത്തെ മികച്ച 200 സര്‍വകലാശാലകളില്‍ പഠനം നടത്തുന്നതിനായിരുന്നു സ്കോളര്‍ഷിപ്പ് നല്‍കിയത്. പിന്നീട് ഇത് 600 ആക്കി. ഇത് യഥാര്‍ത്ഥത്തില്‍ അക്കാദമിക്ക് മികവ് ലക്ഷ്യമിട്ട് വിദേശത്ത് പോകുന്നവരെക്കാള്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ മൈഗ്രേഷന്‍ ലക്ഷ്യമിട്ട് പോകുന്നവര്‍ക്കാണ് സഹായമായതെന്നും ആരോപിച്ചു.
രണ്ട് പിജിയുളളതും വരുമാനവും ചുണ്ടിക്കാട്ടിയാണ് ഹഫീഷയുടെ അപേക്ഷ തള്ളിയത്. 60,000 രൂപയാണ് ഇവരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം. രണ്ട് പിജി ഉള്ളവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കില്ലെന്ന കാര്യം നോട്ടിഫിക്കേഷനില്‍ ഇല്ലാത്ത കാര്യമാണെന്ന്് ഹഫീഷ ചൂണ്ടിക്കാട്ടുന്നു. ഇത് അധികാരികള്‍ തങ്ങള്‍ക്ക് താല്പര്യമുളളവര്ക്ക് വേണ്ടി നടത്തിയ ഇടപെടലാണെന്നും അതിനാണ് മാനദണ്ഡങ്ങള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം മാറ്റിയതെന്നും ഇവര്‍ ആരോപിച്ചു.
പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം മന്ത്രി കെ രാധാകൃഷ്ണന്, എ സി മൊയ്തീന് എംഎല്‍എ എന്നിവരുമായി ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്കി. എന്നാല്‍ വിചിത്രമായ മറുപടിയാണ് രാധാകൃഷ്ണന്റെ ഓഫീസില്‍നിന്ന് ലഭിച്ചതെന്ന് ഹഫീഷ പറഞ്ഞു. ഇത്തവണ ചില തെറ്റുകള്‍ പറ്റിയെന്നും അടുത്ത തവണ തിരുത്താമെന്നും മന്ത്രിയുടെ ഓഫീസില്‍നിന്ന് പറഞ്ഞതായി ഇവര്‍ ആരോപിക്കുന്നു. മന്ത്രി പരിശോധിച്ച് മറുപടി പറയാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോണ്‍ പോലും എടുക്കാറില്ലെന്നും ഹഫീഷ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കഴിഞ്ഞയാഴ്ച പരാതിയ്ക്ക് മറുപടി കിട്ടി. രണ്ട് പിജി ഉള്ളതു കൊണ്ടും വരുമാന പരിധിയും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചതെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചത്.

മറ്റിടങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍, ഗവേഷണ രംഗത്ത മികവ്, അധ്യാപന മേഖലകളില്‍ അടക്കമുള്ള പരിചയം എന്നിവ ഇത്തരം കാര്യങ്ങള്‍ക്ക് മാനദണ്ഡമാക്കുമ്പോള്‍ കേരളത്തില്‍ ഇതൊക്കെ അശാസ്ത്രീയമായാണ് നടക്കുന്നതെന്നും ഇവര്‍ പറയുന്നു.
തായ്ലണ്ടിലെ ബ്രീട്ടിഷ് കൗണ്‍സില്‍ ഹഫീഷയുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആദിവാസി മേഖലയിലെ ഗോത്രബന്ധു എന്ന വിദ്യാഭ്യാസ പരിപാടിയെക്കുറിച്ചായിരുന്നു ഹഫീഷയുടെ പ്രബന്ധം. പദ്ധതികൊണ്ട് ആദിവാസികള്‍ക്ക് ഒരു പ്രയോജനവും ഇല്ലെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഈ പ്രബന്ധം വിദേശത്തും ഇന്ത്യയിലും സെമിനാറുകളില്‍ അവതരിപ്പിച്ചിട്ടുമുണ്ട്്.
'കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ പലരുമായും ബന്ധപ്പെട്ടു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതികരിച്ചില്ല. ചില ചാരിറ്റി സംഘടനകളുമായും ബന്ധപ്പെട്ടു.' എങ്ങനെയാണ് പഠനം മുന്നോട്ട് കൊണ്ട് പോവുക എന്ന ആശങ്കയാണ് ഹഫീഷയ്ക്ക്്. തനിക്ക് അനുകൂലമായി എന്തെങ്കിലും ഇടപെടല്‍ സര്‍ക്കാരിന്റെയോ മറ്റ് സംഘടനകളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ ഇപ്പോഴും പഠനത്തില്‍ മുഴുകകുയാണ് ഹഫീഷ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!