കോഹ്ലിയും, രഹാനയുമല്ല, ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിൽ ചർച്ചയാകുന്ന യുവതാരം ആര്? വിഎസ് ലക്ഷ്മണ് പറയുന്നു
മത്സരഫലങ്ങൾ എല്ലായ്പ്പോഴും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ആകണമെന്നില്ല. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി നമ്മൾ എങ്ങനെ തയ്യാറാകുന്നു, ഏത് രീതിയിൽ സമീപിക്കുന്നു എന്നത് പ്രധാനമാണെന്നും ലക്ഷ്മണ് പറയുന്നു.
ഇന്ത്യയുടെ ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനം അവസാനിച്ചെങ്കിലും കായികലോകത്ത് അതുയർത്തിയ ചർച്ചകൾ ഇനിയും നിലച്ചിട്ടില്ല. പരിക്കിന്റെ പിടിയിൽ ടീം അമരുകയും ആദ്യ ടെസ്റ്റ് ദയനീയമായി തോൽക്കുകയും ചെയ്തതിന് ശേഷം 2-1ന് ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി സ്വന്തമാക്കിയത് യുവതാരങ്ങളുടെ കരുത്തിലാണ്. മുഹമ്മദ് സിറാജ് മുതൽ വാഷിങ് ടൺ സുന്ദർ, ഋഷഭ് പന്ത് എന്നിങ്ങനെ നിരവധി പേരാണ് ഇതോടെ താരങ്ങളായത്. കോഹ്ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച് കിരീടം നേടിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ മികവും എടുത്ത് പറയേണ്ടതാണ്.

ഓസ്ട്രേലിയൻ പര്യടനത്തിന് പിന്നാലെ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടുമായാണ്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും നാല് ടെസ്റ്റുമാണ് ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് കളിക്കുക. ക്യാപ്റ്റനായി കോഹ്ലി തിരിച്ചെത്തുകയും ചെയ്തു. ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരം ആരായിരിക്കും എന്നാണ് കായികപ്രേമികളുടെ ആകാംക്ഷയോടെ നോക്കുന്നത്. ജന്മനാട്ടിലായത് കൊണ്ട് തന്നെ കോഹ്ലിയുടെ പേരാണ് ആദ്യം, രഹാനെയും ചർച്ചയിൽ സജീവമായുണ്ട്. ഇന്ത്യയുടെ വെറ്ററൻ താരമായ വി.വിഎസ് ലക്ഷ്മണിന്റെ അഭിപ്രായത്തിൽ ഇവരാരും ആയിരിക്കില്ല ഈ പരമ്പരയിൽ ചർച്ചയാകുക.

ടെസ്റ്റ്, ട്വന്റി-20, ഏകദിനം ഈ മൂന്ന് ഫോർമാറ്റുകളിലും ഏറ്റവും കൂടുതൽ ചർച്ചയാകുക ശുഭ്മാൻ ഗില്ലായിരിക്കുമെന്നാണ് ലക്ഷ്മൺ വ്യക്തമാക്കുന്നത്. കൂടെ കളിച്ചവർ നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും തന്റെ അവസരത്തിനായി കാത്തിരുന്ന സ്ഥിരത പുലർത്തുന്ന കളിക്കാരനാണ് ശുഭ്മാൻ ഗില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ താരമായിരിക്കും അദ്ദേഹമെന്നുമാണ് ലക്ഷ്മണിന്റെ അഭിപ്രായം. സ്പോർട്സ് ടുഡേയോട് ആയിരുന്നു ലക്ഷ്മൺ ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഎൽ, ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ച മത്സരങ്ങൾ, പഞ്ചാബിന് വേണ്ടി കളിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ എന്നിവയും ഓസ്ട്രേലിയയിലെ പ്രകടനവും മുൻനിർത്തിയാണ് ലക്ഷ്മണിന്റെ അഭിപ്രായം.

മത്സരഫലങ്ങൾ എല്ലായ്പ്പോഴും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ആകണമെന്നില്ല. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി നമ്മൾ എങ്ങനെ തയ്യാറാകുന്നു, ഏത് രീതിയിൽ സമീപിക്കുന്നു എന്നത് പ്രധാനമാണ്. ശുഭ്മൻ ഗിൽ ബാറ്റ് ചെയ്ത രീതി താൻ ശ്രദ്ധിച്ചിരുന്നുവെന്നും ലക്ഷ്മൺ വ്യക്തമാക്കുന്നു. മെൽബണിൽ ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലാണ് ശുഭ്മാൻ ഗിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ ഇന്നിങ്സും രണ്ട് അർദ്ധ സെഞ്ച്വുറികളും അടക്കം 259 റൺസാണ് ഗിൽ നേടിയത്. മൂന്ന് ടെസ്റ്റിലായ ആറ് ഇന്നിങ്സുകൾ കളിച്ച ഈ ഇരുപത്തിയൊന്നുകാരന്റെ ആവറേജ് 51.80 ആണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!