നേരത്തെ വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററും വീടുകൾക്ക് മൂന്നുമീറ്ററുമായിരുന്നു അകലം നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ തിരുത്തിയത്. ആഗസ്റ്റ് ആദ്യം പൊതുമരാമത്ത് വകുപ്പിന് ഇത് സംബന്ധിച്ച് ദേശീയ പാത അതോറ്റിയുടെ നിർദേശവും ലഭിച്ചു.
ആലപ്പുഴയിൽ ദേശീയപാത 66ന്റെ വികസനത്തിനായി ഭൂമി അളന്ന് തിരിച്ചപ്പോൾ ഇപ്പോഴുളള കട നഷ്ടമാകുമെന്ന് കണ്ട് തൊട്ടുപിറകിലെ കുറച്ച് സ്ഥലം കൂടി വാങ്ങി പുതിയ കടമുറി നിർമ്മിച്ചയാളാണ് ബിനു. പുതിയ പാത വന്നാലും ഇനി പേടിക്കേണ്ടെന്ന് കരുതിയ ബിനു അടക്കം നിരവധി പേരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. ഇതിന് കാരണമാകട്ടെ ദേശീയപാത അതോറിറ്റിയുടെ പുതിയ നിർദേശമാണ്. ദേശീയപാതയോരത്ത് നിർമ്മാണം നടത്താനുളള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററായിട്ടാണ് അതോറിറ്റി ഉയർത്തിയിരിക്കുന്നത്. നേരത്തെ വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററും വീടുകൾക്ക് മൂന്നുമീറ്ററുമായിരുന്നു അകലം നിശ്ചയിച്ചിരുന്നത്. വികസനത്തിനായി നേരത്തെ തന്നെ വീടും സ്ഥലവും കടമുറികളും അടക്കം വിട്ടുനൽകി മിച്ചമുളള തുണ്ടുഭൂമിയിൽ കഴിയുന്ന നിരവധി പേർക്കാണ് പുതിയ ഉത്തരവ് തിരിച്ചടിയാകുന്നത്. വണ്ടാനത്ത് ദേശീയപാതയ്ക്ക് സമീപം പലചരക്ക് കട നടത്തുന്ന ഭാസി, വളഞ്ഞവഴിയിൽ നേരത്തെ തീരുമാനിച്ച ആറ് മീറ്റർ പരിധി ഒഴിച്ചിട്ട് വലിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം തുടങ്ങിയ സാദിഖ് എന്നിവരൊക്കെ ഇവരിൽ ചിലർ മാത്രമാണ്.
ആലപ്പുഴയിൽ തുറവൂർ-പറവൂർ (37.9 കി.മീ), പറവൂർ-കായംകുളം, കൊറ്റംകുളങ്ങര (37.5 കി.മീ) എന്നിങ്ങനെ രണ്ട് റീച്ചുകളായിട്ടാണ് ദേശീയപാത വികസനം നടപ്പാക്കുന്നത്. തുറവൂർ-കൊറ്റംകുളങ്ങര ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുളള ടെൻഡർ നടപടികൾ സെപ്റ്റംബറിൽ ഉണ്ടാകും. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകാത്തതിനാലാണ് ടെൻഡർ തിയതി നീണ്ടുപോകുന്നത്. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ ഉടൻ ഈ ഭാഗത്ത് നിർമ്മാണം നടക്കും. തുറവൂർ-പറവൂർ റീച്ചിന്റെ നിർമ്മാണത്തിന് 1248.08 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കുന്നത്. പറവൂർ-കായംകുളം കൊറ്റംകുളങ്ങര റീച്ചിന്റെ നിർമ്മാണത്തിന് 1,310. 52 കോടി രൂപയാണ് എസ്റ്റിമേറ്റ്.

ഏഴരമീറ്ററില് അനുമതി കര്‍ശന ഉപാധികളോടെ മാത്രം
ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്ററിൽ ഉപാധികളോടെ നിർമ്മാണത്തിന് അനുമതി നൽകും. ഇതിന് ഭൂവുടമ ദേശീയപാത അതോറിറ്റിക്ക് സത്യവാങ്മൂലം നൽകണം. ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി പ്രസ്തുത ഭൂമി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ച് മാറ്റാമെന്നതാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടത്. ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും എല്ലായിടത്തും നടന്നുവരുകയാണ്. അതിനാൽ ആയിരക്കണക്കിന് കുടുംബങ്ങളെ ഈ പുതിയ ദൂരപരിധി ഉയർത്തൽ ബാധിക്കും. പലർക്കും സ്ഥലം വെറുതെയിടേണ്ടി വരും. ദേശീയപാതയ്ക്കായി ഏറ്റെടുത്തതിനുശേഷം മിച്ചമുളള സ്ഥലത്തു ദൂരപരിധി പാലിച്ച് പുതിയവീട് നിർമിക്കാൻ കഴിയാതെ വരുന്നവർ നിരവധി പേരുണ്ടാകും. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കേണ്ടതാണെങ്കിലും നിലവിൽ അതിന് തീരുമാനമില്ലെന്നാണ് ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.
ഇത് അന്യായമാണ്. പ്രഥമദൃഷ്ട്യാ തന്നെ നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഈ ദൂരപരിധി ഉത്തരവെന്ന് ദേശീയപാത സമരസമിതി അംഗമായ ഹാഷിം ചേന്നാമ്പിളളി ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു. ഇവര്‍ ഇപ്പോള്‍ ഒരു സൈഡില്‍ നിന്ന് ഏഴര മീറ്റര്‍ എടുക്കണമെന്നാണ് പറയുന്നത്. അപ്പോള്‍ ആ സൈഡില്‍ ഏഴര മീറ്റര്‍ കൂടി ഫ്രീസ് ചെയ്യുന്നതോട് കൂടി, പൈസ കൊടുക്കാതെ ഏഴര മീറ്റർ പിടിച്ച് എടുക്കുകയാണ്. ഇത് അന്യായമാണ്, അക്രമമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ആരും ചെയ്യാന്‍ പാടില്ലാത്തതാണിത്. നമ്മൾ ഇപ്പോൾ ഇടപ്പളളി-മുത്തകുന്നം വരെയുളള ഭാഗം പരിഗണിച്ചാല്‍ 30 മീറ്ററിന് വേണ്ടി ജനങ്ങളെ അവിടെ കുടിയൊഴിപ്പിച്ചതാണ്. അന്ന് വിട്ടുകൊടുത്തതിന് ശേഷമുളള അവശിഷ്ട ഭൂമിയില്‍ അവർ വീട് വെച്ച് അവര്‍ താമസിച്ച് വരുമ്പോഴാണ് ഇപ്പോള്‍ 45 മീറ്ററില്‍ നിന്നും കുടിയിറക്കുന്നത്. അപ്പോൾ ഒരു വികസന പദ്ധതിക്ക് വേണ്ടി രണ്ട് തവണ കുടിയൊഴിപ്പിക്കേണ്ടി വരുന്ന, അതിന്റെ ദുരിതങ്ങള്‍ പേറേണ്ടി വരുന്നൊരു ജനതയായി കേരളത്തിലെ ആയിരക്കണക്കിന് ജനങ്ങൾ മാറുകയാണ്. ഞങ്ങൾ അതിനെതിരെ ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ഹാഷിം പറഞ്ഞു.
ദേശീയപാതയ്ക്കായി അളന്നുതിരിച്ച സ്ഥലം കഴിഞ്ഞ് മിച്ചമുളള സ്ഥലത്ത് കടമുറി നിർമ്മിച്ച് അതിൽ പലചരക്ക് കച്ചവടം ചെയ്യുന്ന ഭാസി പുതിയ നിയമപ്രകാരം ഇപ്പോഴുളള കടമുറി പോകുമോ എന്ന പേടിയിലാണ്. ഈ പ്രായത്തിൽ ഇത് കൂടി ഹൈവേക്കായി കൊടുത്തിട്ട് പുതിയൊരെണ്ണം ഇനിയും ഉണ്ടാക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ എന്നാണ് ഭാസിയുടെ ചോദ്യം. നാലുവരിയും ആറുവരിയുമൊക്കെ വരുമെന്ന് പറഞ്ഞിട്ട് നാളുകളേറെ ആയില്ലേ. ഇനിയും ഇതുപോലെ കുറെവർഷം ഇതിനായി പിടിക്കുമായിരിക്കുമല്ലേ? ഓരോ സമയത്തും ഓരോ ദൂരപരിധി ഇവർ ഇങ്ങനെ പറഞ്ഞാൽ സാധാരണക്കാർ ആകെ കുഴഞ്ഞുപോകും. ഇനിയിത് ഹൈവേക്കാർക്ക് അല്ലാതെ ആർക്കും വിറ്റൊഴിയാൻ കഴിയാത്ത അവസ്ഥയായിരിക്കുമെന്നും ഭാസി സങ്കടപ്പെട്ടു.

ദൂരപരിധി വിനയാകുമ്പോൾ
ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്ക് രണ്ട് തരത്തിലാണ് ദൂരപരിധി വ്യവസ്ഥ വിനയാകുന്നത്. ഒന്ന്, ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുപൊളിച്ചു നീക്കേണ്ടിവരും, രണ്ട് ബാക്കിഭൂമിയിൽ പുതിയ വീട് നിർമിക്കുമ്പോഴും ദൂരപരിധി വ്യവസ്ഥ പാലിക്കേണ്ടിവരും. അതേസമയം ഭാഗികമായി പൊളിക്കുന്ന വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്ന് പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാൽ തുടർന്നും ഉപയോഗിക്കാവുന്നതാണ്.
വാണിജ്യ നിർമ്മിതികൾക്ക് ആറുമീറ്റർ എന്ന ദൂരപരിധി നിലനിർത്തിയാണ് വലിയ തുക ലോണെടുത്ത് സാദിഖ് വളഞ്ഞവഴിയിൽ ഹൈവേയ്ക്ക് കിഴക്ക് വശത്തായി ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം ആരംഭിച്ചത്. സമീപത്തുളള കച്ചവടക്കാർ പറഞ്ഞാണ് ഇപ്പോഴുളള ഏഴര മീറ്റർ എന്ന നിബന്ധനയെക്കുറിച്ച് അറിഞ്ഞത്. ഇനിയിപ്പോൾ ഇളവുകൾ ചെയ്ത് തരുമോ അതോ വീണ്ടും എന്തെങ്കിലും പൊളിച്ച് മാറ്റേണ്ടി വരുമോ എന്ന് നോക്കാം. ഹൈവേയ്ക്ക് അടുത്തുളള സ്ഥലം എന്ന രീതിയിൽ ഏറെ ഗുണങ്ങൾ ഉണ്ടെങ്കിലും ദേശീയപാത വികസനത്തിനായി ഇങ്ങനെയുളള നടപടികളും ഉത്തരവും വരുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും സാദിഖ് പറഞ്ഞു.
സംസ്ഥാന സർക്കാർ ടോൾ വിഷയത്തിലേത് പോലെ തന്നെ ഇക്കാര്യത്തിലും മൗനം സമ്മതമെന്ന നിലപാട് തുടരുകയാണെന്നും 2103ലെ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഒരു കുടുംബത്തെ പോലും പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ഹാഷിം വ്യക്തമാക്കുന്നു. ഇരുവശത്തും 7.5 മീറ്റർ ഒഴിച്ചിടണമെന്ന ഈ ദുർവ്യവസ്ഥ മൂലം അനേകായിരം കുടുംബങ്ങൾക്ക് സ്വന്തം നാടും ബന്ധങ്ങളും ജീവിത പരിസരവും ആവാസ വ്യവസ്ഥയും പൂർവ്വികരുടെ ഓർമ്മകൾ നെഞ്ചോട് ചേർത്ത മണ്ണും വരുമാന മാർഗങ്ങളും എല്ലാം വിട്ടെറിഞ്ഞ് പോകേണ്ടി വരും. കൊവിഡിന്റെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും ഇടക്ക് ഈ ദുരവസ്ഥ പലരെയും ആത്മഹത്യയിലേക്കെത്തിക്കും. വീടും കടകളും പൂട്ടി താക്കോൽ ഓഫീസിൽ ഏൽപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാര തുക പോലും നൽകൂ എന്ന് കളക്ടർമാർ നോട്ടീസിലൂടെ അറിയിക്കുമ്പോഴാണ് ജനങ്ങളുടെ ബാക്കി പ്രതീക്ഷകളെല്ലാം തകർക്കുന്ന പുതിയ തീരുമാനം വരുന്നത്. ദേശീയപാത വികസനത്തിന്റെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് അവശേഷിക്കുന്ന ഭൂമിയിൽ കെട്ടിട നിർമ്മാണത്തിന് ദൂരപരിധിയിൽ പ്രത്യക ഇളവ് അനുവദിച്ച് ഉത്തരവിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കൂടാതെ കുടിയൊഴിപ്പിക്കപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും മുൻകൂറായി പുനരധിവാസം ഉറപ്പാക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. അതിനായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഹാഷിം ആവശ്യപ്പെട്ടു.

അധിക ധനസഹായവും പ്രവേശന ഫീസ് ഒഴിവാക്കലും
നിലവിൽ ദേശീയപാതാ വികസനത്തിന്റെ ഫലമായി ഭൂമി ഏറ്റെടുക്കുമ്പോൾ വീട് നഷ്ടമാകുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അധിക ധനസഹായം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത നിയമത്തിന്റെ രണ്ടാം ഷെഡ്യൂളിൽ നിർദേശിച്ചിരിക്കുന്നത് പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന വീട് പൂർണമായി പൊളിക്കുകയോ, തുടർന്ന് താമസിക്കാൻ കഴിയാത്ത വിധം ഭാഗികമായി പൊളിക്കുകയോ ചെയ്യുന്നവർക്ക് ധനസഹായം ലഭിക്കും. എന്നാൽ ഏറ്റെടുത്തതിന്റെ ബാക്കി ഭൂമിയിൽ വേറെ വീട് വെയ്ക്കാനുളള സ്ഥലസൗകര്യം ഉണ്ടെങ്കിൽ ഈ ധനസഹായം ലഭിക്കില്ല. ഇത്തരത്തിൽ അർഹരായ ഭൂ ഉടമകളെ കണ്ടെത്തുന്നതിന് സ്പെഷ്യൽ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരമാവധി 2.36 ലക്ഷം രൂപയാണ് അർഹരായവർക്ക് അധികമായി ലഭിക്കുന്ന ധനസഹായം.
ഇതിന് പുറമെ വീടുകൾക്കും വാണിജ്യാവശ്യങ്ങൾക്കുള്ള ചെറിയ കെട്ടിടങ്ങൾക്കും ദേശീയപാതയിലേക്ക് പ്രവേശനാനുമതിക്കുള്ള ഫീസും (ആക്സസ് ഫീസ്) ദേശീയപാത അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്. വീടുകൾക്ക് 10,000 രൂപയും വാണിജ്യ കെട്ടിടങ്ങൾക്ക് വലുപ്പംനോക്കാതെ 2.85 ലക്ഷം രൂപയുമായിരുന്നു ഫീസ്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം എത്ര ചെറുതായാലും 2.85 ലക്ഷം രൂപ ഫീസ് അടയ്ക്കണമെന്ന നിയമം സാധാരണക്കാർക്ക് ബാധ്യതയായിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിൽ 1,300 ചതുരശ്രയടി വരെയുള്ളവയ്ക്ക് ആയിരിക്കും ഇളവ് ലഭിക്കുക എന്നാണ് വിവരം. ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി കിട്ടാൻ ദേശീയപാത അതോറിറ്റിയുടെ എതിർപ്പില്ലാരേഖ ആവശ്യമാണ്. ഇത് ലഭിക്കാൻ പ്രവേശനാനുമതിക്കുള്ള ഫീസ് നിർബന്ധമായിരുന്നു. ഇത്തരം പ്രവേശനാനുമതി വാങ്ങിയ കെട്ടിടങ്ങൾ അടക്കം പുതിയ ദൂരപരിധിക്ക് അകത്താണ്.
2014 ഏപ്രിൽ ഒന്നുമുതലാണ് പ്രവേശനഫീസ് ഈടാക്കാൻ നടപടി തുടങ്ങിയത്. എങ്കിലും വീടുകൾക്ക് ഫീസ് ചുമത്തിയിരുന്നില്ല. 2020 ഏപ്രിൽ ഒന്നുമുതൽ നിയമം കർശനമായി നടപ്പാക്കാൻ ദേശീയപാത അതോറിറ്റി, സംസ്ഥാനത്ത് ദേശീയപാതയുടെ മേൽനോട്ടംവഹിക്കുന്ന പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് ദേശീയപാതയ്ക്ക് അരികിലെ വീടുനിർമാണ അനുമതിക്കായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പൊതുമരാമത്ത് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. ഇവർക്കെല്ലാം പുതിയ നിർദേശം സഹായകരമാകും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പ്രവാസികൾക്ക് പെയ്ഡ് ക്വാറന്റൈൻ: 169 ഹോട്ടലുകൾ, 4617 മുറികൾ
ആലപ്പുഴ ബൈപ്പാസ്: കൊമ്മാടിയിൽ ട്രാക്ക് മാറുന്ന വാഹനങ്ങൾ
എസി റോഡില്‍ പൊളിക്കുന്നത് 13 പാലങ്ങള്‍, പലയിടത്തും സമാന്തര പാതയില്ല; ഗതാഗത കുരുക്കില്‍ വലഞ്ഞ് ജനം
ഗർത്തങ്ങളും കുഴികളും; അമ്പലപ്പുഴ- ആലപ്പുഴ ദേശീയ പാതയിലെ അപകട യാത്ര