പ്രഖ്യാപനങ്ങള്‍ തുടരുന്നു, അപകടങ്ങളും: മുതലപ്പൊഴിയില്‍ ആശങ്ക അകലുന്നില്ല
മുതലപ്പൊഴി തുറമുഖ നിര്‍മാണം ആരംഭിച്ചതുമുതല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നിര്‍മാണവൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്തെ തീര പ്രദേശങ്ങള്‍ വാസയോഗ്യമല്ലാതായി മാറുന്നുവെന്ന വിലയിരുത്തലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ ഉണ്ടാകുമ്പോള്‍ മല്‍സ്യബന്ധനം പോലും അപകടകരമാകുന്ന അവസ്ഥയിലുള്ള തീരദേശമാണ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിലെ പൊഴിമുഖം. നിരവധി ആളുകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി മരിച്ചിട്ടും വിഷയം നിയമസഭയില്‍ ചര്‍ച്ചയായിട്ടും മല്‍സ്യത്തൊഴിലാളികളുടെ ആശങ്ക ഒഴിയുന്നില്ല. നടപടികള്‍ എടുക്കേണ്ടവര്‍ തുടര്‍ച്ചായായി നിസ്സംഗത പുലര്‍ത്തുകയാണെന്ന ആക്ഷേപമാണ് തൊഴിലാളികള്‍ക്ക്
രണ്ട് മാസം മുമ്പാണ് മത്സ്യബന്ധനം കഴിഞ്ഞു തീരമണയുന്നതിനിടെ മൂന്ന് മത്സ്യത്തൊഴിലാളികള്‍ കയറിയ ബോട്ട് പൊഴിമുഖത്തു കടല്‍ച്ചുഴിയില്‍പെട്ടു മറിയുകയും അഞ്ചുതെങ്ങ് കേട്ടുപുരയ്ക്കു സമീപം എണ്ണക്കിടങ്ങ് വീട്ടില്‍ ജോണ്‍പോള്‍(45) മരിക്കുകയും ചെയ്തതാണ് പൊഴിമുഖ ദുരന്തങ്ങളില്‍ അവസാനത്തേത്. ഒപ്പമുണ്ടായിരുന്ന ആര്‍തര്‍, രാജു എന്നിവര്‍ ഗുരുതര പരുക്കുകളോടെ ചികില്‍സയിലുമായിരുന്നു.
മൂന്നുമാസത്തിനിടെ മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ ഷാജി, സതീഷ്, ഷാജു, വിന്‍സെന്റ്, കഠിനംകുളം സ്വദേശി ക്രിസ്റ്റിന്‍രാജ് എന്നിവരാണു ബോട്ടപകടങ്ങളില്‍ മരിച്ചവര്‍. ഇതില്‍ ജൂണ്‍ 18നു നടന്ന അപകടത്തില്‍ കാണാതായ ക്രിസ്റ്റിന്രാജിനെയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19നുണ്ടായ അപകടത്തിലെ ചവറ സ്വദേശി സജിനേയും ഇനിയും കണ്ടെത്താനായിട്ടുമില്ല.
അപകടങ്ങള്‍ വര്‍ധിക്കുകയും കാര്യമായ നടപടികള്‍ ഇല്ലാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയം നിയമസഭയിലെത്തിയത്. സര്‍്ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച്തെങ്ങ് മുതല്‍ വേളിവരെയുള്ള ഭാഗങ്ങളില്‍ ഉണ്ടായ നിരവധി അപകടങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 58 മരണങ്ങള് ആണ് സംഭവിച്ചിട്ടുള്ളത്. മുതലപ്പൊഴി ഹാര്‍ബര്‍ ഭാഗത്തുമാത്രം അഞ്ച് വര്‍ഷത്തിനുള്ളില്‍ 11 മല്‍സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.
അശാസ്ത്രീയമായ വികസനമാണ് മുതലപ്പൊഴിയുടെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തീര ഭൂസംരക്ഷണ വേദി ചെയര്‍പേഴ്സണ്‍ മാഗ്ലിന്‍ ഫിലോമിന പറഞ്ഞു. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മല്‍സ്യത്തൊഴിലാളികളുടെ ജീവനെടുക്കുമ്പോഴും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഇടപെടലോ, മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള സൗമനസ്യമോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അവര്‍ പറയുന്നു.
അഴിമുഖത്ത് മണ്ണ് അടിയുന്നത് മൂലമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. സമീപകാലത്ത് അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മണ്ണ് ഡ്രഡ്ജിങ് നടത്തി നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിനായി അദാനി ഗ്രൂപ്പുമായി നിലവിലുള്ള ധാരണ പത്ര പ്രകാരം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സജീ ചെറിയാന് പറഞ്ഞു. ഇതിന് പുറമെ മണ്ണിടിയുന്നതിന് ശാശ്വത പരിഹാരമായി തെക്കുഭാഗത്ത് അടിയുന്ന മണ്ണ് വടക്കുഭാഗത്ത് നിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്ഥിരമായി സാന്റ് ബൈപാസ്സിങ്ങ് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള പരിസ്ഥിത ആഘാത പഠനം നടക്കുകയാണ്. അതിന്റെ റിപോര്‍ട്ട് ഉടന്‍ ലഭ്യമായാല്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മന്ത്രി പ്രകടിപ്പിക്കുന്നത്. ഇത് കൂടാതെ മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
എന്നാല്‍ ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ എടുത്തില്ലെന്ന് ആക്ഷേപമാണ് മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്നത്. ഒരു മത്സ്യത്തൊഴിലാളി അപകടത്തില്‍പ്പെടുമ്പോള്‍ അവരെ പെട്ടെന്ന് രക്ഷപ്പെടുത്തുന്നതിന് റെസ്ക്യൂ ഓപ്പറേഷനുവേണ്ടി റെസ്ക്യൂ ടീമിനെ ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞിരുന്നതും ഒന്നുമായില്ല. നാച്വറല്‍ സാന്‍ഡ് ബൈപ്പാസിംഗ് നടക്കാത്തതുകൊണ്ട് അഞ്ചുതെങ്ങ് മുതല്‍ വടക്കോട്ടുള്ള പ്രദേശം തന്നെ ഇല്ലാതാകുമെന്ന് ആശങ്കയാണ് മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ പ്രകടിപ്പിക്കുന്നത്. .
കേരളത്തില്‍ ഇക്കഴിഞ്ഞ ആറ് മാസത്തെ തീരപ്രദേശത്തെ അപകടങ്ങളെപ്പറ്റി പരിശോധിച്ചപ്പോള്‍ തീരത്ത് നിന്ന് 5 നോട്ടിക്കല്‍ മൈല്‍ ഉള്ളിലാണ് എല്ലാ അപകടങ്ങളും നടന്നിരിക്കുന്നക കേരളത്തിലെ ഹാര്‍ബറുകളായ കാസര്‍ഗോഡ്, മുതലപ്പൊഴി, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് സമീപകാലത്ത് അപകടം ഉണ്ടായത്.
മുതലപ്പൊഴി തുറമുഖ നിര്‍മാണം ആരംഭിച്ചതുമുതല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നിര്‍മാണവൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തുറമുഖ വകുപ്പ് ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിലാണു നിര്മാണമെന്നറിയിച്ചു പൂര്‍ത്തീകരിച്ചെങ്കിലും മുതലപ്പൊഴി തുറമുഖത്തിന്റെ പൊഴിമുഖം മത്സ്യബന്ധനബോട്ടുകളുടെ അപകടത്തുരുത്തായി മാറുകയാണുണ്ടായത്. മാത്രമല്ല അഞ്ചുതെങ്ങിന്റെ കടല്‍ത്തീരങ്ങള്‍ കടലെടുക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
പലപ്പോഴായി ബോട്ടപകടങ്ങളില്പെട്ടു ഗുരുതരപരുക്കേറ്റു വീടുകളില്‍ വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്നവര്‍ അഞ്ചുതെങ്ങ് മേഖലയില്‍ മാത്രം 200ന് ഏറെയുണ്ടെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. തുറമുഖ കേന്ദ്രത്തിലെ പൊഴിമുഖം വഴി പുറംകടലിലേക്കും തിരിച്ചു കരയിലേക്കും കയറുന്നതിനിടെയാണു ബോട്ടുകള്‍ അപകടത്തില്‍ പെടുന്നത്.
പുലിമുട്ടുകളും കരിങ്കല്‍പാളികളും തുറമുഖതീരത്തു നിക്ഷേപിച്ചതിലെ വൈകല്യങ്ങളും പൊഴിമുഖത്തു അപകടകരമാംവിധം അടിഞ്ഞുകൂടുന്ന മണല്‍ക്കൂനകളും മുതലപ്പൊഴിയെ മരണതീരമാക്കി മാറ്റിയതായി മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു.
2018 ഏപ്രിലിലാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും കൂടി ഒപ്പുവെച്ച ധാരണപത്രം അനുസരിച്ചു മുതലപ്പൊഴി ഹാര്‍ബറില്‍ നിന്നും കടലിലേക്ക് ഇറങ്ങുന്ന അപ്രോച് ചാനലില്‍ അടിഞ്ഞുകിടക്കുന്ന കല്ലുകളും മണലും നീക്കം ചെയ്യാമെന്നും ആഴം കൂട്ടാമെന്നും കരാറായിരുന്നു. ഇതാണ് ഇപ്പോഴും നടക്കാതെ പോയത്. ഇങ്ങനെ ചെയ്തു കൊടുക്കുന്നതിനു പകരമായി കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ 21 ക്വറികളില്നിന്നും റോഡുമാര്‍ഗം എത്തിക്കുന്ന കല്ലുകള്‍ സംഭരിച്ചുവെക്കാന്‍ സ്റ്റോക്ക് യാര്‍ഡും കയറ്റിക്കൊണ്ടുപോകാന്‍ അപ്രോച് റോഡുകളും ബാര്‍ജ് അടുപ്പിക്കാന്‍ വാര്‍ഫും പണിയാന്‍ ധാരണയായി.
തീരശോഷണമോ തീരത്തിന് മറ്റേതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളോ ഉണ്ടായാല്‍ അവ പരിഹരിക്കണം, പൊതു ഗതാഗതത്തിനുള്ള റോഡുകള്‍, കല്ല് കയറ്റിവരുന്ന ടിപ്പറുകളുടെ സഞ്ചാരം മൂലം തകര്‍ന്നാല്‍ അവ നന്നാക്കണമെന്നും ജലവിതരണ സംവ ിധാനം, വൈദ്യുതി വിതരണം തുടങ്ങിയവക്ക് കേടുവന്നാല്‍ നന്നാക്കണമെന്നും ധാരണപത്രത്തിലുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ പുലിമുട്ടുകള്ക്കകത്തു കൂടി ആവശ്യമായ വിളക്കുകള്‍ സ്ഥാപിക്കണം, മത്സ്യബന്ധനബോട്ടുകള്‍ക്ക് ആവശ്യമായ സിഗ്നലുകള്‍ നല്‍കണം എന്നുമുണ്ട്. ഇക്കാര്യങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും പരിഹാര നടപടികളും വൈകുന്നതാണ് മല്‍സ്യത്തൊഴിലാളികളെ വിഷമത്തിലാക്കുന്നത്
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!