മൂന്നാര്‍ ഗ്യാപ് റോഡ്: തുരന്നെടുക്കുന്ന മല, ദുരന്തത്തിന്റെ താഴ്വരയില് നിസ്സഹായരായി ജനം
2018 മഹാപ്രളയകാലം മുതല്‍ രണ്ട് ഡസനിലധികം മണ്ണിടിച്ചില്‍ ഗ്യാപ് റോഡില്‍ ഉണ്ടായി.
പാറക്കെട്ടുകള്‍ തുരന്നുണ്ടാക്കിയ ഒരു പാത. ഒരു വണ്ടിക്ക് കഷ്ടിച്ച് കടന്നുപോവാം. അതിന്റെ ഒരു വശത്ത് മലയും ഉയര്ന്നുനില്ക്കുന്ന പാറക്കെട്ടുകളും. മറുവശത്ത് താഴ്ചയാണ്. ആകാശത്തിന്റെയും ഭൂമിയുടേയും അതിരുകള്‍ ഏതെന്ന് നിശ്ചയിക്കാന്‍ കഴിയാത്ത വിധം നീണ്ടുകിടക്കുന്ന താഴ്വര, ബൈസണ്‍വാലി. മൂന്നാറില്‍ നിന്നും തേക്കടിയിലേക്കുള്ള യാത്രയില്‍ പൂപ്പാറക്കും മൂന്നാറിനും ഇടയില്‍ വളരെ ഇടുങ്ങിയ ഗ്യാപ് റോഡ് ഈ മനോഹര കാഴ്ചകളുടെ ഇടമായിരുന്നു.
ആനമുടി കഴിഞ്ഞാല്‍ മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ ചക്രമുടി. ഏകദേശം 7000 അടി ഉയരത്തിലുള്ള ഈ മലയെ കീറിമുറിച്ചാണ് മൂന്നാര്‍- ബോടിമെട്ട് ഗ്യാപ് റോഡ് കടന്നു പോവുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ പാതകളിലൊന്നായി കണക്കാക്കിയിരുന്ന, സ്വര്‍ഗീയ പാത എന്ന് സഞ്ചാരികള്‍ വിശേഷിച്ചിരുന്ന മലമ്പാത. നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകള്ക്കരികിലൂടെയുള്ള യാത്ര ആസ്വദിക്കാനും തേയിലക്കാടുകളും വെള്ളച്ചാട്ടവും ആനയിറങ്ങള്‍ ഡാമും കണ്കുളിര്ക്കെക്കാണാനുമായി എത്തുന്ന സഞ്ചാരികള്‍ ഗ്യാപ്റോഡിനെ പ്രത്യേകതയുള്ളതാക്കി.
ബൈസണ്‍വാലി സ്വദേശിയായ സുഭാഷ്ചന്ദ്രന്റെ ഓര്‍മ്മയില്‍ അതിങ്ങനെയാണ്:
'ബൈസണ്‍വാലി മുട്ടുകാട് പ്രദേശങ്ങളിലെ ആദ്യകാല കുടിയേറ്റകര്‍ഷകരും മറ്റും ടാര്‍ റോഡിന്റെ മണവും ഗുണവുമൊക്കെ അറിഞ്ഞ ആദ്യ റോഡ്. കൊച്ചിയേയും മധുരയേയും കൂട്ടിയിണക്കി ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മ്മിച്ച ഈ റോഡ് നിരവധി തലമുറകളുടെ കിതപ്പും കുതിപ്പും നേരിട്ടറിഞ്ഞ റോഡ് കൂടിയാണ്. ഇരുട്ടുകാനത്തും രണ്ടാം മൈലിലുമെത്തിയാല് മാത്രം യാത്ര ബസ് ലഭിച്ചിരുന്ന പോയ്പോയ കാലഘട്ടത്തില്‍ പഴയ ഗ്യാപ് റോഡിന്റെ പ്രസക്തി ഏറെ വലുതായിരുന്നു. ഇതര ജില്ലക്കാരായ താഴ്വാരഭൂമിയിലെ കുടിയേറ്റ കര്‍ഷകര്‍ മലയുടെ നെറുകയിലുള്ള ഈ റോഡിനെ മാത്രം ആശ്രയിച്ചു യാത്ര ചെയ്തിരുന്ന കാലമുണ്ടായിരുന്നു. കെട്ടും കിടക്കയും കുട്ടികളെയുമൊക്കെ ചുമന്ന് ഈ മല കയറാത്ത ആദ്യകാല കുടിയേറ്റ കര്‍ഷകര്‍ മേഖലയില്‍ ഇല്ലായിരുന്നെന്നു പറയാം. വിയര്‍ത്തു കുളിച്ചു മലകയറ്റം നടത്തിയിരുന്നവര്‍ തലയിലെ ചുമടിനൊപ്പം കൈകള്‍ കൊണ്ട് തെരുവ പുല്ലും കറാച്ചി പുല്ലുമൊക്കെ വകഞ്ഞു മാറ്റിയാണ് നടപ്പ് വഴിയും ജീവിത വഴിയും തെളിച്ചിരുന്നത്. താണ നിലത്ത് നിന്നും ആരംഭിക്കുന്ന ആ യാത്ര മലയുടെ നെറുകയില്‍ എത്താന്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ വേണ്ടി വന്നിരുന്നു. സഞ്ചാരികളുടെ മനസ്സില്‍ അച്ചു കുത്തിയിട്ടുള്ള ഈ റോഡിലൂടെ കടന്നു വരുന്ന വാഹനങ്ങള്‍ പിന്നീട് ഇരു വശങ്ങളിലേക്കും മറഞ്ഞു പോകുന്ന കാഴ്ച്ച ഡസന്‍ കണക്കിന് സ്ഥലങ്ങളിലുള്ളവരുടെ കൗതുക കാഴ്ച കൂടിയാണ് 7700 അടി ഉയരത്തിലുള്ള ഇത്തരത്തിലെ ദൃശ്യവിസ്മയം സംസ്ഥാനത്ത് മറ്റൊരിടത്തുമില്ല.ഇവിടെ നിന്നും തിരികെ മറ്റിടങ്ങളിലേക്കുള്ള കാഴ്ച്ച പരപ്പ് നീളുന്നത് അങ്ങ് അനന്തതയിലേക്കുമാണ്.'

സന്തോഷവും അത്ഭുതവും മാത്രം നിറഞ്ഞിരുന്ന ഗ്യാപ് റോഡ് ഓര്‍മ്മകള്‍ ദുരിതത്തിന്റെ, ദുരന്തത്തിന്റെ, ഭയത്തിന്റെ, നാശത്തിന്റെ അനുഭവങ്ങള്‍ പങ്കുവക്കുന്ന തരത്തിലേക്ക് മാറിയിട്ട് അധികകാലമായില്ല. പഴയ ഗ്യാപ് റോഡ് ഇപ്പോള്‍ ഇല്ല. പകരം വികസനത്തിന്റെ ഭാഗമായി കൂടുതല്‍ പള്ള കീറിയ ഒരു മലയുടെ അരികുപറ്റി പൊട്ടിപ്പൊളിഞ്ഞ, പൊടിയും ചെളിയും നിറഞ്ഞ വഴിയായി അത് മാറി. സദാസമയും പാറപൊട്ടിക്കുന്ന, മല ചെത്തിയൊരുക്കുന്ന ശബ്ദം മാത്രം അവിടെ നിന്നും കേള്‍ക്കാം. കല്ലുകളും, മറ്റ് നിര്‍മ്മാണ വസ്തുക്കളും കൊണ്ടുവരികയും തിരികെപ്പോവുകയും ചെയ്യുന്ന ലോറികളുടെ ഇരമ്പല്‍, കൂട്ടത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളും, പാറപൊടിക്കല്‍ യന്തങ്ങളുടേയും കലമ്പലും കിലോമീറ്ററുകള്‍ക്കിപ്പുറവും കേള്‍ക്കാം. മല പൊട്ടിയൊലിച്ച പാടുകള്‍, മലയില്‍ നിന്ന് ഇടിഞ്ഞ് പോരുന്ന വലിയ പാറക്കഷ്ണങ്ങള്‍ വേറെ. 'മലയുടെ വയര്‍ കീറിയത് പോലെയുള്ള ആ റോഡിലൂടെ വളരെ സാവധാനം എത്തിയിരുന്ന വാഹനങ്ങളുടെ ഇരമ്പലും കയറ്റം കയറി ചെല്ലുന്ന സാധാരണക്കാരന്റെ കിതപ്പും ഒരേ നിലയില്‍ അറിഞ്ഞ ആ പഴയ റോഡാണിപ്പോള്‍ വിസ്മൃതിയിലായത്. ലാഭക്കൊതിയര് ഇവിടെ അരങ്ങുവാണപ്പോള്‍ നഷ്ടമായത് പൈതൃക കാഴ്ചവട്ടവും പ്രകൃതിയുടെ താളക്രമവുമാണ്. കൊണ്ടൂര്‍ നിര്‍മ്മാണ രീതി വിട്ട് മല വെട്ടിനിരത്തിയത് നാടിന്റെ വേദനയും പ്രകൃതിയുടെ ഉണങ്ങാത്ത മുറിവുമാകുകയായിരുന്നു.' സുഭാഷ്ചന്ദ്രന് തുടര്‍ന്നു.
മല ഈ രൂപത്തില്‍ മാറുമെന്നോ, മലയെ പേടിച്ച് ജീവിക്കേണ്ടി വരുമെന്നോ താഴ്വാരത്തുള്ളവരാരും കരുതിയിരുന്നില്ല. എന്നാല്‍ ജീവനും സ്വത്തിനും എല്ലാം ഭീഷണിയായി മാറിയ ഗ്യാപ്റോഡിനും അതിനോട് ചേര്‍ന്ന പാറക്കെട്ടുകള്‍ക്കും താഴെ പേടിച്ച് വിറങ്ങലിച്ച് നില്‍ക്കുകയാണ് താഴ്വാരത്തുള്ളവര്‍. 'റോഡാണോ ക്വാറിയാണോ എന്ന് സംശയം തോന്നും. മനുഷ്യരുടെ മരണം ഉള്‍പ്പെടെ ഈ റോഡ് വികസനം ഉണ്ടായതിന് ശേഷം ഉണ്ടായിട്ടുള്ള ദുരന്തങ്ങള്‍ ഏറെയാണ്. എന്നാല്‍ അതൊന്നും ബാധിക്കാതെ മല പിന്നെയും ഇടിച്ച് നിരത്തുകയാണ് ഒരു വശത്ത്. വേറെ വശത്ത് മല ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു.' മുട്ടുകാട് സ്വദേശിയായ അര്ജ്ജുന് പറയുന്നു.

കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഗ്യാപ്റോഡിന്റെ വീതി കൂട്ടല്‍ ആരംഭിച്ചത്. 2017 ഓഗസ്റ്റിലായിരുന്നു ദേശീയപാതയിലെ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ടൂറിസ്റ്റുകളുടേതടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന കൊച്ചി- ധനുഷ്ക്കോടി ദേശീയപാതയിലെ അപകട മേഖലയായാണ് മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗം കണക്കാക്കിയിരുന്നത്. നൂറ് കണക്കിന് അടി താഴ്ചയില്‍ ചെങ്കുത്തായ കൊക്കയുള്ള ഈ ഭാഗത്തെ റോഡിന്റെ വീതി നാലുമീറ്ററിലും താഴെയായിരുന്നു. തിരക്ക് സമയങ്ങളില്‍ ബസ്സുകളുള്‍പ്പെടെ എതിരേ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കണമെങ്കില്‍ കിലോമീറ്ററുകള്‍ പിന്നോട്ട് പോകണം. ഈ അപകടം ഒഴിവാക്കാനായിരുന്നു റോഡിന്റെ മുകളിലെ ഒരു കി.മീറ്റര്‍ വലിയ പാറകള്‍ പൊട്ടിച്ച് വീതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 268.2 കോടി ചെലവിട്ട് 12 മീറ്റര്‍ വീതിയിലാണ് റോഡു നിര്‍മ്മിക്കുന്നത്. 'റോഡിന് വീതി കൂട്ടണം. അത് വേണ്ട എന്ന് ഞങ്ങള്‍ പറയില്ല. പക്ഷെ റോഡ് പണിയുന്നതിനേക്കാള്‍ പാറപൊട്ടിക്കലാണ് അവിടെ നടക്കുന്നത്. വര്‍ഷങ്ങളായി മല പൊട്ടുമ്പോഴും ഉരുളു പൊട്ടി റോഡ് തന്നെ തകര്‍ന്നപ്പോഴും മല പിന്നേയും പൊട്ടിക്കുകയാണ്. ഇവിടെ താഴെ കുഞ്ഞുങ്ങളുമായി കഴിയുന്ന ഞങ്ങള്‍ എങ്ങോട്ട് ഓടണമെന്ന് പോലും അറിയാതെ ജീവിക്കുകയാണ്. ഒരിക്കല്‍ ഉരുള്‍ പൊട്ടിയപ്പോള്‍ ഞങ്ങളുടെ വീട്ടിന് അടുത്തുകൂടിയാണ് വലിയ പാറകളും മണ്ണും ഒലിച്ച് പോയത്. ഒരു പാറക്കഷ്ണം വീടിന് അടുത്ത് വരെ വന്ന് എന്തിലോ തടഞ്ഞു നിന്നു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് സംസാരിക്കാന്‍ ഞാനോ കുടുംബമോ ഉണ്ടാവില്ലായിരുന്നു.' 25 വര്‍ഷമായി ഗ്യാപ് റോഡിന്റെ താഴ്വാരത്ത് താമസമാക്കിയ കര്‍ഷകത്തൊഴിലാളിയായ തമിഴ്നാട് സ്വദേശി മുത്തയ്യ പറയുന്നു.
ഇവരുടെ ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതല്ല എന്ന് തെളിയിക്കുന്നതാണ് ഗ്യാപ് റോഡ് വീതികൂട്ടല്‍ ആരംഭിച്ചത് മുതല്‍ക്ക് തുടരുന്ന ദുരന്തങ്ങള്‍. റോഡ്് നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ തുടങ്ങിയ മണ്ണിടിച്ചിലുകള്‍ ഇപ്പോഴും തുടരുന്നു. 2018 മഹാപ്രളയകാലം മുതല്‍ രണ്ട് ഡസനിലധികം മണ്ണിടിച്ചില്‍ ഗ്യാപ് റോഡില്‍ ഉണ്ടായി. രണ്ട് വര്‍ഷത്തിനിടെ മാത്രം 25 ഇടത്ത് മണ്ണിടിഞ്ഞു. 2019ല്‍ വലിയ രണ്ട് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. ഇതില്‍ താഴ് വാരത്തെ നൂറ് ഏക്കറോളം ഏലകൃഷി നശിച്ചു. 70 ഏക്കറോളം കൃഷിസ്ഥലം തന്നെയില്ലാതായി. ഒരു കാലത്ത് നല്ല വിളവ് ലഭിച്ചിരുന്ന കൃഷി ഭൂമികള്‍ ഇന്ന് വലിയ പാറക്കഷ്ണങ്ങളും മണ്ണും നിറഞ്ഞ് മലയ്ക്ക് സമാനമായിരിക്കുന്നു. താഴ വാരത്തുള്ള അരുവികളും നീര്‍ച്ചാലുകളും പുഴയുള്പ്പെടെയും മണ്ണടിഞ്ഞ് ആഴവും വീതിയും കുറഞ്ഞു. കഴിഞ്ഞ മാസം ഇതേ സ്ഥാനത്ത് വീണ്ടും വലിയ ഉരുള്‍പൊട്ടലുണ്ടായി. കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ റോഡിലേക്ക് പതിച്ച് റോഡ് അടഞ്ഞു. 'റോഡില്‍ തടഞ്ഞു നിന്നതുകൊണ്ട് എങ്ങനെയോ ഞങ്ങള്‍ രക്ഷപെട്ടു. ഇല്ലെങ്കല്‍ ബാക്കിയായ കൃഷിസ്ഥലങ്ങളും ആ പ്രദേശത്തുള്ള വീടുകളും നശിച്ചേനേ. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈസണ്‍വാലിയില്‍ താമസമാക്കിയാണ് എന്റെ കുടുംബം. എന്നാല്‍ ഇതുപോലൊരു അവസ്ഥ ഇന്നേവരെ കുടുംബത്തിലെ ആരും കണ്ടിട്ടില്ല. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഞങ്ങള്‍ക്ക് പരിചിതവുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് മാത്രമേയുള്ളൂ. കൃഷിയും ഭൂമിയും ഇല്ലാതായിട്ടും നഷ്ടപരിഹാരം പോലും ഇതേവരെ ലഭിച്ചിട്ടില്ല.' അര്ജുന് തുടര്‍ന്നു.
തങ്ങളുടെ സ്ഥലം ഏതെന്ന് പോലും മനസ്സിലാവാത്ത തരത്തില്‍ മല വന്ന് വീണപ്പോള്‍ ഇരുപതിലധികം കര്‍ഷകരുടെ ജീവിതവും തകര്‍ന്നു. പലരും കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്. പലരുടേയും കൃഷിസ്ഥലങ്ങള്‍ കൃഷിയോഗ്യമല്ലാതായി. വീടുകളില്‍ താമസിക്കാന്‍ കഴിയാതായി. ജീവിതം സുരക്ഷിതമല്ലെന്ന് കണ്ട് ചിലര്‍ താമസം മാറ്റി. മറ്റുചിലര്‍ ഇപ്പോഴും പേടിച്ച് ഈ താഴ് വരയില്‍ കഴിയുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ രണ്ട് റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ മണ്ണിടിച്ചിലില്‍ പെട്ടു മരിച്ചു. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. 2018 മുതല്‍ എല്ലാ മഴക്കാലത്തും മണ്ണിടിച്ചില്‍ തുടരുകയാണെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മ്മാണമല്ല, പാറപൊട്ടിക്കലാണ് തങ്ങളുടെ ജീവിതം ഇല്ലാതാക്കിയതെന്നും ഇവര്‍ പറയുന്നു. 2019ലെ ഉരുള്‍ പൊട്ടലിന് ശേഷം റവന്യൂവകുപ്പിന്റെ കണക്ക് പ്രകാരം 2.5 ലക്ഷം ക്യുബിക് മീറ്റര്‍ പാറപൊട്ടിച്ചു. റോഡ് നിര്‍മ്മാണത്തിനിടെ കണക്കിലധികം പാറപൊട്ടിച്ചതായി ദേവികുളം സബ്കളക്ടറുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ യഥാര്‍ഥ കണക്ക് ഇതിലുമധികം വരുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ അളവിലുമധികം പാറപൊട്ടിക്കുന്നതായായിരുന്നു സബ് കളക്ടറുടെ റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും ക്രമക്കേടും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നും കാര്യമായ നടപടികള്‍ ഉണ്ടായില്ല. കൂടുതല്‍ പാറ പൊട്ടിക്കില്ലെന്ന് റവന്യൂ അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കലും ഇപ്പോഴും പാറപൊട്ടിക്കല്‍ നിര്‍ബാധം തുടരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
ഉരുള്‍പൊട്ടലില്‍ 200 മീറ്ററോളം ഗ്യാപ് റോഡും തകര്‍ന്നു. ഒന്നരവര്‍ഷത്തോളം ഗതാഗതം നിലച്ച ഗ്യാപ് റോഡ് ഈയിടെ തുറന്നു. എന്നാല്‍ തുടര്‍ച്ചയായ മണ്ണിടിച്ചിലില്‍ പലപ്പോഴും ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നു. ചെന്നൈ ഐഐടി വിദഗ്ദ്ധര്‍ പരിശോധിച്ച് തയ്യാറാക്കിയ രൂപരേഖയനുസരിച്ചാണ് റോഡിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. 60 മീറ്റര്‍ താഴെ നിന്ന് പല തട്ടുകളിലായി കരിങ്കല്‍ കെട്ടുകള്‍ നിര്‍മ്മിച്ച് റോഡ് സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. ദേവികുളത്ത് അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കൂടി കഴിഞ്ഞാല്‍ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാര്‍-ബോടിമെട്ട് ഗ്യാപ്റോഡ് പൂര്‍ത്തിയാവും. എന്നാല്‍ നിര്‍മ്മിക്കുന്നതിനനുസരിച്ച് മണ്ണിടിച്ചിലില്‍ റോഡ് തകരുന്നത് കരാറുകാരനും അധികൃതര്‍ക്കും തലവേദനയാവുന്നു. റോഡിന്റെ സുരക്ഷയും താഴ്വരയിലുള്ളവരുടേയും റോഡിലൂടെ യാത്ര ചെയ്യുന്നവരുടേയും സുരക്ഷിതത്വവും ഇപ്പോഴും ആശങ്കയായി നിലനില്ക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കാലാവസ്ഥാമാറ്റം വനിലക്കൃഷിയെയും ബാധിച്ചിട്ടുണ്ട്. എന്നിട്ടും ലോകത്താവശ്യമായ വനില എങ്ങനെ ഉണ്ടാക്കുന്നു?
നേപാളിന്റെ മോട്ടോർസൈക്കിള്‍ വാട്ടര്മൊവെര്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ നികുതി ചുമത്തി ബ്രിട്ടീഷ് മാതൃക
പ്രീതാഷാജിയുടെ 25 കൊല്ലത്തെ ജീവിതം അഥവാ രണ്ടുലക്ഷം രൂപയുടെ ജാമ്യം നിന്ന കഥ