മുല്ലപ്പെരിയാര്‍: പരിഹാരം പുതിയ അണക്കെട്ടോ? വിയോജിപ്പ് ശക്തമാകുന്നു; ഭാഗിക ഡീ കമ്മീഷനിങും പരിഗണനയില്‍
1886 ഒക്ടോബര്‍ 29 നാണ് തിരുവിതാംകൂറും ബ്രീട്ടിഷ് ഭരണകൂടവും പെരിയാര്‍ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കരാറിലേര്‍പ്പെട്ടത്.
മുല്ലപ്പെരിയാറിന്റെ ബലവും വെളളം പങ്കിടലുമെല്ലാം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയാവുകയാണ്. അണക്കെട്ടില്‍ ജല നിരപ്പ് ഉയര്‍ന്നതോടെയാണ് സംസ്ഥാനത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. അണക്കെട്ട് ഡീ കമ്മീഷന് ചെയ്യണമെന്ന ആവശ്യവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയപ്പോള്‍, കേരളം നേരത്തെ സുപ്രീം കോടതിയില്‍ സ്വീകരിച്ച സമീപനം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുഖ്യമന്ത്രി വീണ്ടും ആവര്‍ത്തിച്ചത്. തമിഴ്നാടുമായി ചര്‍ച്ച ചെയ്ത് പുതിയ അണക്കെട്ട് യാഥാര്‍ത്ഥ്യമാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നിലപാട് സ്വീകരിച്ചു.അതേ സമയം അണക്കെട്ടിന് തല്ക്കാലം സുരക്ഷാ ഭീഷണിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടെയുളളവ അപകടാവസ്ഥയിലാണെന്ന യുഎന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. യുണൈറ്റഡ് നാഷണ്‍സ് യുണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍, എന്‍വയണ്‍മെന്റ് ആന്റ് ഹെല്‍ത്ത് എന്ന് ഐക്യരാഷ്ട്ര സഭയുടെ അക്കാദമിക്ക് വിഭാഗമാണ് ഈ പഠനം നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് കേരളത്തില്‍ അന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അണക്കെട്ടിന്റെ ബലക്ഷയമുണ്ടെന്നും പുതിയ അണക്കെട്ട് വേണമെന്നുമുള്ള വാദം ഉന്നയിക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്
വലിയ അണക്കെട്ടുകളുടെ കാലവധി 50 വര്‍ഷമാണെന്ന കണക്കാക്കിയാണ് മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് യു എന്‍ റിപ്പോര്‍ട്ട് കണക്കാക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 125 വര്‍ഷത്തെ പഴക്കമുണ്ട്. ഈ റിപ്പോര്‍ട്ട് കേരളത്തിന്റെ നിലപാടിനുള്ള സാധൂകരണം ആയാണ് കേരളത്തിലെ മിക്ക രാഷ്ട്രീയക്കാരും കാണുന്നത്.
മുല്ലപ്പെരിയാറിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് അവിടെനിന്ന് പുറത്തുവിടുന്നതിനെക്കാള്‍ കൂടുതലായതുകൊണ്ട് തന്നെ അനുവദിക്കപ്പെട്ട സംഭരണ പരിധിയായ 142 അടിയിലേക്ക് വെള്ളം എത്തുമെന്നുമുള്ളതാണ് ആശങ്ക. ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍ നിലനില്‍ക്കുന്ന കാലപഴക്കം ചെന്ന അണക്കെട്ടിന്റെ ബലക്ഷയം ഇത് വര്‍ധിപ്പിക്കുമെന്നുമുള്ള ആശങ്കയാണ് ഉയര്‍ത്തപ്പെടുന്നത്. അതേ സമയം പുതിയ അണക്കെട്ട് എന്ന നിലപാടിനെ എതിര്‍ക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകരും ചില ശാസ്ത്രകാരന്മാരും.
പുതിയ അണക്കെട്ട് എന്നതിലേക്ക് മാത്രമായി പ്രശ്നപരിഹാര ചര്‍ച്ചകള്‍ മാറുന്നത് ഗുണം ചെയ്യില്ലെന്ന് ഫ്ളഡ് ആന്റ് ഫ്യൂറി, ഇക്കോളജിക്കല്‍ ഡവാസ്റ്റേഷന് ഇന്‍ വെസ്റ്റേണ്‍ഘട്ട് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ വിജു ബി പറയുന്നു. ' മുല്ലപ്പെരിയാര്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുവെന്നത് വസ്തുതയാണ്. അതേ പോലെ തന്നെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലേക്ക് ഇതില്‍നിന്ന് വെള്ളം ലഭ്യമാക്കണമെന്നതും ഒരു ആവശ്യമാണ്. അതുകൊണ്ട് തന്നെ സസ്റ്റൈനബിള്‍ ആയ പരിഹാരമാണ് ആലോചിക്കേണ്ട് പുതിയ അണക്കെട്ട്, ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ ഉണ്ടാക്കുന്നത് പ്രശ്നത്തെ പരിഹരിക്കുകയല്ല ചെയ്യുക. അതുകൊണ്ട് തന്നെ അണക്കെട്ട് പൂര്‍ണമായി ഡീ കമ്മീഷന് ചെയ്യുന്നതിന് പകരം ഭാഗീകമായി ചെയ്ത് സംഭരിക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തുക, ടണല്‍ ഉപയോഗിച്ച് വെള്ളം എത്തിക്കുക, തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളാണ് ആരായേണ്ടത്. വെള്ളത്തിന്റെ അളവ് കുറയുന്നതോടെ അണക്കെട്ടിന്റെ ബലക്ഷയമെന്ന ആശങ്കയ്ക്ക് പരിഹാരമാകേണ്ടതാണഅ. അല്ലാതെ അണക്കെട്ട് നിര്‍മ്മാണ ലോബിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയല്ല. അണക്കെട്ടുകളെ കുറിച്ച് തന്നെ ഇപ്പോള്‍ വികസിത രാജ്യങ്ങളില്‍ പുനര്ചിന്തകള് ആണ് നടക്കുന്നത്. പുതിയ, സ്സ്റ്റെനബിള് ആയ മാര്‍ഗം ശാസ്ത്രീയമായി ആരായുകയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചെയ്യേണ്ടത്' വിജു കൂട്ടി ചേര്‍ത്തു
ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ അണക്കെട്ട് പണിതതു കൊണ്ട് കാര്യമില്ലെന്ന് കരുതുന്നുവരുമുണ്ട്. പഴയ കരാര്‍ നിലനിര്‍ത്തിക്കൊണ്ട് പുതിയ അണക്കെട്ട് പണിയുക അസാധ്യമാണെന്നാണ് പറയുന്നു പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടന്ന കേസുകളില്‍ നേരത്തെ കേരളം ശരിയായ രീതിയില്‍ അല്ല ഇടപെട്ടതെന്നും അതിന്റെ കൂടി ഫലമായാണ് ആശങ്ക ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പുതിയ അണക്കെട്ടിന് പരിഹാരമായുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആരായണമെന്ന് അദ്ദേഹവും ആവശ്യപ്പെടുന്നു
1886 ഒക്ടോബര്‍ 29 നാണ് തിരുവിതാംകൂറും ബ്രീട്ടിഷ് ഭരണകൂടവും പെരിയാര്‍ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കരാറിലേര്‍പ്പെട്ടത്. അതായത് കൃത്യം 135 വര്‍ഷം മുമ്പ്. 999 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇന്ത്യ സ്വതന്ത്രമായതോടെ നാട്ടുരാജ്യങ്ങളും ബ്രീട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി. മദ്രാസ് ഭരിച്ച ബ്രിട്ടീഷ് സര്‍ക്കാറുമായുള്ള തിരുവിതാംകൂറിന്റെ പാട്ടക്കരാറിന് നിയമസാധുത നഷ്ടമായി. പക്ഷെ, 1970ല്‍ പഴയകരാര്‍ നിലനിര്‍ത്തിക്കൊണ്ടാണ് വൈദ്യുതി ഉല്പാദനത്തിനു കൂടി അനുമതിനല്‍കി കരാര്‍ പുതിക്കി. ഇതാണ് കേരളത്തിന് പിന്നീട് തിരിച്ചടിയായത്.
നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു പുതിയ കരാര്‍ എന്ന ആരോപണവും നിലനില്ക്കുന്നു. ഓരോ 30 വര്‍ഷത്തിലും കരാര്‍ പുതുക്കണമെന്ന വ്യവസ്ഥ കരാറിലുണ്ട്. 2000ല്‍ ആയിരുന്നു കരാര്‍ പുതുക്കേണ്ടിയിരുന്നത്. എന്നാല്‍ തമിഴ്നാടുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കരാര്‍ പുതുക്കിയിട്ടില്ല.
നേരത്തെ തന്നെ പുതിയ അണക്കെട്ട് എന്ന ആവശ്യം സജീവമായി ഉയര്‍ന്നുവന്നിരുന്നു. അതിന് കാരണമായത് അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു.
മുല്ലപ്പെരിയാറില്‍ ഇപ്പോഴുള്ള അണക്കെട്ടില്‍നിന്ന് 336 മീറ്റര്‍ താഴെ കണ്ടെത്തിയ സ്ഥലത്താണ് 507 മീറ്റര്‍ നീളത്തിലും 158 മീറ്റര്‍ ഉയരത്തിലും രണ്ട് ഭാഗങ്ങളുള്ള അണക്കെട്ടിനായിരുന്നു പഠനങ്ങള്‍ നടന്നത്. അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി 1979-ല്‍ കേരളവും തമിഴ്നാടും സംയുക്തമായി സര്‍വ്വേ നടത്തി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. 1980-ല്‍ കേന്ദ്രം പുതിയ വനനിയമം നടപ്പാക്കിയതോടെയാണ് അന്ന് തുടര്‍നടപടികള്‍ മുടങ്ങിയത്. എന്നാല്‍, പാട്ടഭൂമിയുടെ വെളിയിലാണു പുതിയ അണക്കെട്ട് എന്നു മനസ്സിലാക്കിയ തമിഴ്നാട് പിന്നീട് പുതിയ അണക്കെട്ട് എന്നതിനെ എതിര്‍ക്കുകായിരുന്നു. കേരളം 2010ല്‍ പുതിയ ഡാം നിര്‍മ്മാണത്തിന് പ്രാഥമിക സര്‍വെ നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതിയും തേടിയിരുന്നു.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2010 ഫെബ്രുവരിയില്‍ മുല്ലപ്പെരിയാര്‍ വിഷയങ്ങള്‍ പഠിക്കാനായി ജസ്റ്റിസ് എ.എസ്.ആനന്ദ് ചെയര്‍മാനായ അഞ്ചംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. സമിതി കേരളത്തിന്റെ എതിര്‍പ്പ് മറികടന്ന ്മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്കി. ഇതോടെ 2014ല്‍ ജലനിരപ്പ് 142 അടിയാക്കി. പിന്നീട് 2018 ഓഗസ്റ്റ് 15ന് ജലനിരപ്പ് 142 അടി പിന്നിട്ടു.
കഴിഞ്ഞ 23 നാണ് അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതായി തമിഴ്നാട ആദ്യ മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടിലേക്കുള്ള ജല ഒഴുക്ക് 3608 ക്യുബിക്ക് ഫീറ്റ് പെര് സെക്കന്റ് ആവുകയും 2150 സിഎഫ്എസ് വെള്ളം തമിഴ്നാട് എടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുമെന്നായിരുന്നു ആശങ്ക. ഇതിന് സമാന്തരമായി വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്ന പുതിയ അണക്കെട്ടെന്ന ആശയത്തോടാണ് പരിസ്ഥിതി പ്രവര്‍ത്തകരും ചില ശാസ്ത്രകാരന്മാരും വിയോജിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പമ്പയിലെ ആശങ്ക ഒഴിയുന്നു, കുട്ടനാട്ടില്‍ വെളളപ്പൊക്കം
വിവാദവും വിസ്മയവും തീർത്ത മുല്ലപ്പെരിയാർ അണക്കെട്ടിന് 125 വയസ്സ്
വന്യജീവി ആക്രമണം, വേണ്ടത് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയുള്ള ഇടപെടലെന്ന് വിദഗ്ധര്‍