കാട് കയറുന്ന ഗവേഷകന്; സ്വന്തം പേരിലും മകളുടെ പേരിലും സസ്യമുള്ള വയനാട്ടുകാരന്
വയനാട് എം എസ് സ്വാമിനാഥന് ഗവേഷണ കേന്ദ്രം ജീവനക്കാരനായ സലിം സസ്യങ്ങളെക്കുറിച്ച് നാലു പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്.
''ഏത് പാതിരാത്രിയിലും കാട്ടിലൂടെ സഞ്ചരിക്കാന്‍ എനിക്ക് പേടിയൊന്നും ഇല്ല. കാനനയാത്രകള്‍ അത്രയേറെ ഇഷ്ടമാണ്. വയനാടന്‍ കാടുകളിലൂടെ പലതവണ സഞ്ചരിച്ചിട്ടുണ്ട്. ഒരിക്കല്‍ വയനാട്ടിലെ നീലിമലയ്ക്ക്പ്പുറത്തെ താഴ്വാരത്തെ ചാലിയാറിയിലേക്കുള്ള കൈവരികള്‍ കടന്നു പോകുന്ന കാട്ടിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ആ രാത്രി സഞ്ചാരത്തില്‍ പറപ്പന്പ്പാറയ്ക്ക് സമീപത്തെ ഗുഹയിലാണ് കിടന്നുറങ്ങുയത്. നേരം പുലര്‍ന്നതിന് ശേഷമാണ് ഗുഹയില്‍ നിന്നെഴുന്നേറ്റ് പോയത്.''
കാടനുഭവങ്ങള്‍ സലിം പിച്ചന് പറയുന്നത് കേട്ടാല്‍ ആരും അമ്പരന്നു പോകും.
കാടിനോട് മാത്രമല്ല കാട്ടുസസ്യങ്ങളോടും പൂക്കളോടും ശലഭങ്ങളോടുമൊക്കെയാണ് ഈ വയനാട്ടുകാരന് കമ്പം. അപൂര്‍വ ഇനം ചെടികളെയും പൂക്കളെയും പൂമ്പാറ്റകളെയുമൊക്കെ തേടിയുള്ളതാണ് ഈ സലിമിന്റെ കാനനയാത്രകള്‍. ഓര്‍ക്കിഡുകള്‍ കുറേയുള്ള അരണമല, പാമ്പും പാറ, വണ്ണാത്തിമലയിലെ പുല്‍മേടുകള്‍, വന്യമൃഗങ്ങളേറെയുള്ള കുറിച്യര്‍മല, ബാണാസുരയിലെ കൊടുമുടി, പക്ഷിപാതാളം, ബ്രഹ്മഗിരിയുടെ അതിര്‍ത്തിയിലെ മലനിരകള്‍ ഇവിടങ്ങളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുണ്ട് ഇദ്ദേഹം.
കഴിഞ്ഞ 20 വര്‍ഷങ്ങളായി വ്യത്യസ്തങ്ങളായ ചെടികളെ തേടിയുള്ള യാത്രകളില്‍ അപൂര്‍വസസ്യങ്ങളെ മാത്രമല്ല പണ്ടുകാലത്ത് വിദേശികള്‍ ഉപേക്ഷിച്ചു പോയ ടെന്നീസ് കോര്‍ട്ട്, കുതിരപ്പന്തി ഇങ്ങനെ ചിലതൊക്കെ കാണാനും സലിമിനു സാധിച്ചിട്ടുണ്ട്. അത്രയേറെ സുപരിചിതമല്ലാത്ത ചെടികളുടെ പേരും പ്രാദേശിക നാമവും ഗുണങ്ങളും ശാസ്ത്രനാമമവുമൊക്കെ സലിമിന് മന:പ്പാഠവുമാണ്. എന്നാല്‍ ഇത് മാത്രമല്ല കാടിന്റെ തോഴനായ സലിം പിച്ചനെ ശ്രദ്ധേയനാക്കുന്നത്. കാടും മലയും കുന്നുമൊക്കെ കയറിയിറങ്ങി സസ്യങ്ങളെ തേടിയുള്ള യാത്രകളിലൂടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് സലിം. കേരളത്തില്‍ നിന്ന് കണ്ടെത്തിയ രണ്ട് സസ്യങ്ങള്‍ക്ക് സലിമിന്റെയും മകളുടെയും പേരാണിട്ടിരിക്കുന്നതെന്ന ബഹുമതിയും സലിം പിച്ചന് സ്വന്തമാണ്.

വീട്ടുമുറ്റത്തെ കാട്ടു ഓര്‍ക്കിഡുകള്‍
വയനാട്ടിലെ സസ്യ സമ്പത്തിനെക്കുറിച്ച് സലിം നടത്തിയ പഠനങ്ങളും പുതിയ കണ്ടെത്തലുകളും പരിഗണിച്ച്, കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒരു സസ്യത്തിനാണ് സലീമിന്റെ പേര് നല്‍കിയിരിക്കുന്നത്. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന വന ഓര്‍ക്കിഡ് വര്‍ഗത്തില്‍പ്പെട്ട സസ്യത്തിനാണ് ഇദ്ദേഹത്തിന്റെ പേരുള്ളത്. സ്വീഡന് ഫെഡിനില്ലാ സലിമീ എന്നാണ് ആ സസ്യത്തിന് പേരിട്ടത്. ഓര്‍ക്കിഡ് വര്‍ഗത്തില്‍പ്പെട്ട സസ്യത്തിനാണ് മോളുടെ പേരിട്ടതെന്നു സലിം പറയുന്നു, ലിപ്പാരിസ് സന മലബാറിക്ക എന്നാണ് പേര്.
വയനാട് എം എസ് സ്വാമിനാഥന് ഗവേഷണ കേന്ദ്രം ജീവനക്കാരനായ സലിം സസ്യങ്ങളെക്കുറിച്ച് നാലു പുസ്തകങ്ങളുമെഴുതിയിട്ടുണ്ട്. സസ്യശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് സലിം വലിയ സഹായമാണ്. സസ്യങ്ങളെക്കുറിച്ചുള്ള സലിമിന്റെ അറിവ് അവര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കാര്‍ഷിക കുടുംബമായിരുന്നു ഞങ്ങളുടേതെന്ന് സലിം പറയുന്നു. ''പത്രവിതരണമായിരുന്നു ഒരുകാലത്ത് പ്രധാന വരുമാനം. അതുകഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും പശുക്കളുടെ കാര്യങ്ങളൊക്കെ നോക്കും. ഇന്നിപ്പോള്‍ കുറേയധികം കൃഷിയൊന്നും ചെയ്യുന്നില്ല. പക്ഷേ വീടിനോടുള്ള ചേര്‍ന്നുള്ള മണ്ണില്‍ സസ്യങ്ങളൊക്കെ നട്ടിട്ടുണ്ട്. യാത്രകള്‍ക്കിടെ ലഭിച്ച ഓര്‍ക്കിഡുകളാണ് നട്ടിട്ടുള്ളത്. അത്തരത്തിലുള്ള 120-ല്‍ പരം കാട്ടു ഓര്‍ക്കിഡുകളാണ് വീട്ടുമുറ്റത്ത് സംരക്ഷിക്കുന്നത്.
''കഥയും കവിതയുമൊക്കെ എഴുതുന്നൊരു കാലമുണ്ടായിരുന്നു. അതൊക്കെ അവസാനിപ്പിച്ചാണ് കാടുകളിലേക്കും സസ്യങ്ങളുടെ ലോകത്തിലേക്കും സഞ്ചരിക്കുന്നത്. 1995- ലാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ജനശിക്ഷണന് പ്രേരക്, പഞ്ചായത്തിലെ സാക്ഷരത കോഡിനേറ്റര്‍, സാമൂഹികപ്രവര്‍ത്തനം, മൃഗസംരക്ഷണ ഉദ്യോഗസ്ഥന് തുടങ്ങി പല ജോലികളും ചെയ്തിട്ടുണ്ട്. ഇതിനൊക്കെ ശേഷമാണ് കല്‍പ്പറ്റയിലെ എം എസ് സ്വാമിനാഥന് ഗവേഷണകേന്ദ്രത്തിലേക്കെത്തുന്നത്. അന്നാളിലാണ് സ്ഥാപനത്തിന്റെ മേധാവി ഡോ.അനില്‍ കുമാര്‍ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് സസ്യങ്ങളുടെ ശാസ്ത്രലോകത്തിനെക്കുറിച്ചുള്ള ആധികാരികമായ മാര്‍ഗനിര്‍ദേശം നല്‍കുന്നത്. 1997-ല്‍ സാമൂഹിക പ്രവര്‍ത്തകനുള്ള ഒരു പുരസ്കാരം ലഭിച്ചിരുന്നു. അതേ തുടര്‍ന്ന് വയനാട്ടിലെ സാമൂഹിക പ്രവര്ത്തകന് പി എ റഷീദിനെ പരിചയപ്പെടുന്നത്. റഷീദുമായുള്ള പരിചയമാണ് സസ്യവര്‍ഗീകരണത്തില്‍ താത്പ്പര്യം തോന്നിപ്പിക്കുന്നത്. അങ്ങനെയാണ് കാട്ടിലെയും നാട്ടിലെയും സസ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുന്നത്. ഒരാഴ്ച കൊണ്ടാണ് ആദ്യമായി ഒരു ചെടിയുടെ ശാസ്ത്രീയ നാമം പഠിച്ചെടുത്തത്. പിന്നീട് അതൊക്കെ പഠിക്കാനും അറിയാനും ആവേശമായിരുന്നു.'' വര്‍ഷങ്ങള്‍ക്കിപ്പുറം 2000-ലേറെ സസ്യങ്ങളുടെ പേരും ശാസ്ത്രനാമവും ഗുണവുമൊക്കെ സലിമിന് കാണാപാഠമാണ്. അക്കാഡമിക് തലത്തില്‍ ഡ്രോപ്പ് ഔട്ട് ആയ ശാസ്ത്ര നിരീക്ഷകനാണ് ഇദ്ദേഹമെന്നതും ശ്രദ്ധേയം.

കാട്ടിലൂടെയുള്ള സഞ്ചാരത്തില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടിട്ടുണ്ട് സലിം. വന്യമൃഗങ്ങളെ കണ്ടിട്ടുണ്ട്, പാമ്പിനെ ചവിട്ടിയിട്ടുമൊക്കെയുണ്ട്. പക്ഷേ കാനനയാത്ര ഹരമാണ് പേടിയൊന്നും ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കാട്ടില്‍ ഒറ്റപ്പെട്ടു പോയാലും പേടിക്കേണ്ട കാര്യമില്ല. മൃഗങ്ങളെ നമ്മള് ശല്യം ചെയ്യാതിരുന്നാല്‍ മതി, അവയും ഉപദ്രവിക്കില്ലെന്നാണ് തന്റെ അനുഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ''യാത്ര പോകുമ്പോഴൊക്കെയും ക്യാമറയും കൂടെ കരുതും. ഓരോ യാത്രകളിലും കാണുന്ന സസ്യങ്ങളെയും ശ്രദ്ധിക്കും. കൂട്ടത്തില്‍ ആദ്യമായി കാണുന്ന ചെടിയെ കൂടുതല്‍ പരിശോധിക്കും, അവയുടെ ചിത്രമെടുക്കും. കാടിറങ്ങിയ ശേഷം ആ സസ്യങ്ങളെക്കുറിച്ച് അന്വേഷിക്കും. പിന്നീട് ആ സസ്യത്തെ കണ്ട വഴികളിലൂടെ വീണ്ടും സഞ്ചരിക്കും. ഇതുപോലുള്ള തുടര്‍ യാത്രകളിലൂടെയാണ് സസ്യങ്ങളെ തിരിച്ചറിയുന്നത്. സസ്യങ്ങളിലെ വൈവിധ്യങ്ങളെ കണ്ടെത്തുന്നതിനും അവയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായി വനസംരക്ഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരോടൊപ്പം നിരവധി പഠനങ്ങള്‍ നടത്തിയിട്ടുമുണ്ട്.'' സലിം പറഞ്ഞു.
ഇത്തരം യാത്രകളിലൂടെ അപൂര്‍വഇനം സസ്യങ്ങളെ കണ്ടെത്തുകയും കണ്ടെത്തുന്നതിന് ഗവേഷകരെ സഹായിക്കുകയും ചെയ്തിട്ടുണ്ട് സലിം. ഷോലവനപ്രദേശത്ത് നിന്ന് കണ്ടെത്തിയ വള്ളിപ്പാല വര്‍ഗത്തില്‍പ്പെട്ട ടൈലോഫോറ ബാലകൃഷ്ണാനീ, സൊണറില്ല സുല്‍ഫി, ലിപ്പാരിസ് സന മലബാറിക്ക, ലിപ്പാരിസ് ടൊര്‍റ്റിലിസ്, ചോലവനങ്ങളില്‍ മാത്രമുള്ള ഓര്‍ക്കിഡ് ഡെന്‍ഡ്രോബിയം അനിലി, ഇരപിടിയന്‍ സസ്യമായ സെറോപ്പീജിയ മനോഹരി, പാറകളില്‍ പറ്റിപ്പിടിച്ച് വളരുന്ന സൊണറില്ല ഇപെടുന്ഗുല, കക്കടാംപെയിയില് നിന്ന് കണ്ടെത്തിയ കിലോകിസ്റ്റ കണ്ഫ്യൂസ, പെരിസ്റ്റൈലസ് പാരിഷി എന്ന പുതിയ ഇനം ഓര്‍ക്കിഡ് തുടങ്ങിയ സസ്യങ്ങളെയൊക്കെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്.
ഇതിനൊപ്പം ഹോര്‍ത്തുസ് മലബാറിക്കസില്‍ പറയുന്ന 1679ന് ശേഷം വംശനാശം സംഭവിച്ചെന്നു കരുതിയ വെള്ളപ്പൂക്കളോടു കൂടിയ ഹൈഗ്രോഫില്ല ഓറിക്കുലേറ്റ വെറൈറ്റി ആല്‍ബയും കണ്ടെത്തിയിട്ടുണ്ട്. ചൈന, വിയറ്റ്നാം പോലുള്ള നാടുകളില്‍ മാത്രം കാണുന്ന ലിപ്പാരിസ് ചാങ്ങ്ഗി എന്ന ഓര്‍ക്കിഡിനെ വയനാടന്‍ മലനിരകളില്‍ നിന്നു കണ്ടെത്തിയവരുടെ കൂട്ടത്തിലും സലീമുണ്ട്. വീട്ടുമുറ്റത്ത് ഓര്‍ക്കിഡുകള്‍ മാത്രമല്ല സലിം പിച്ചന് സംരക്ഷിക്കുന്നത്. 12-ലേറെ സെറോപിജിയ സസ്യ ഇനങ്ങള്‍, എട്ടോളം കുറിഞ്ഞികള്‍, പെപ്പറോമിയ വര്‍ഗത്തിലെ ഏഴിലധികം ഇനങ്ങളുടെ ജനിതകശേഖരം, 55-ലേറെ കാട്ടുപഴങ്ങള്‍, വ്യത്യസ്ത കാട്ടു കിഴങ്ങുകള്‍, ഇല്ലാതായി കൊണ്ടിരിക്കുന്ന 52 ഇനം അപൂര്‍വസസ്യങ്ങള്‍ ഇതൊക്കെ വീടിനോടു ചേര്‍ന്നുള്ള 20 സെന്റിലുണ്ട്. ഇതിനൊപ്പം നിരവധി സസ്യങ്ങളുടെയും പ്രകൃതികാഴ്ചകളുടെയും ഫോട്ടോകളും സലിമിന്റെ ശേഖരത്തിലുണ്ട്.
പഞ്ചായത്ത് ഉദ്യോഗസ്ഥ ഷബ്നയാണ് ഭാര്യ. സനയും അയാനയുമാണ് മക്കള്‍. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നാട്ടുശാസ്ത്രജ്ഞന്‍ പുരസ്കാരം, 2020-ലെ ബയോ ഡൈവേഴ്സിറ്റി കോണ്‍ക്ലേവ് ഒഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രഫര്‍ അവാര്‍ഡ്, 2015ലെ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാരം, 2012-ലെ വനമിത്ര പുരസ്കാരം, 2009-ല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് ഇന്‍ഡ്യയുടെ എക്സലന്‍സ് സര്‍ട്ടിഫിക്കറ്റ്, നെഹറു യുവകേന്ദ്രയുടെ യൂത്ത് അവര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!