'പണം തരും കടലാസ് പൂക്കള്‍'; വര്‍ഷം രണ്ട് ലക്ഷം രൂപ വരുമാനം നല്കുന്ന പൂച്ചെടി കൃഷിയുമായി ബിന്ദു ടീച്ചര്‍
വയനാട്ടുകാരിയാണ് ബിന്ദു. കര്‍ഷകന്റെ മകളാണെങ്കിലും പേരാമ്പ്രയിലെ വീട്ടിലേക്ക് വിവാഹം കഴിഞ്ഞെത്തിയ ശേഷമാണ് കൃഷിക്കാര്യങ്ങളിലേക്ക് കടക്കുന്നത്.
സ്വന്തമായൊരു വീടുണ്ടാക്കണമെന്ന സ്വപ്നം കണ്ടു തുടങ്ങുന്നതിനൊപ്പം പൂന്തോട്ടത്തെക്കുറിച്ചും ചിന്തിക്കുന്നവരുണ്ട്. ഓര്‍ക്കിഡും റോസും ആന്തുറിയവും ചെമ്പരത്തിയും ചെത്തിയും മന്ദാരവുമൊക്കെയായി വീട്ടുമുറ്റത്ത് കിടിലന്‍ പൂന്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ. പൂന്തോട്ടമൊരുക്കാനും ചെടികള്‍ വാങ്ങാനുമൊക്കെ കാശ് ചെലവാക്കാനും പലര്‍ക്കും മടിയില്ല.
കാശ് മുടക്കി കുറേയേറെ ചെടികളൊക്കെ നട്ടുപിടിപ്പിച്ച് വീടു പരിസരവും മോടിക്കൂട്ടുന്നവര്ക്കിടയില് വ്യത്യസ്തരായ ചിലരുണ്ട്. പൂന്തോട്ടത്തിലെ ചെടികളിലൂടെ മികച്ച വരുമാനം നേടുന്നവരാണത്. വീട്ടുകാര്യങ്ങള്‍ മാത്രം നോക്കിയിരുന്നവര് മാത്രമല്ല പ്രൊഫഷണലുകളും പൂന്തോട്ട കൃഷിയിലൂടെ നല്ല വരുമാനം നേടുന്നവരായി മാറിയിട്ടുണ്ട്.

അങ്ങനെ ഒരാളെയാണ് പരിചയപ്പെടുത്തുന്നത്. പൂച്ചെടി കൃഷി മാത്രമല്ല ഈ കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിന്ദു ജോസഫിന്. ആള്് സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപികയാണ്. മോട്ടിവേഷണല്‍ സ്പീക്കര്‍, യൂട്യൂബര്‍, കര്‍ഷക... ഇങ്ങനെയൊക്കെ ചിലതു കൂടിയുണ്ട് ഈ ടീച്ചര്‍ക്ക്. സ്കൂളിലെ അധ്യാപനത്തിരക്കുകള്ക്കിടയില് എം എസ് എസി കൗണ്‍സിലിങ് പഠിക്കുന്നുമുണ്ട്.
എന്നാല്‍ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. ബിന്ദു ടീച്ചറുടെ വീട്ടുമുറ്റത്തും വീടിന്റെ ടെറസിലുമായി ധാരാളം കടലാസ് പൂച്ചെടികളുണ്ട്. സിനിമാക്കാരുടെ വരെ മനം കവര്‍ന്ന ആ പൂച്ചെടികളില്‍ നിന്ന് വര്‍ഷം രണ്ട് ലക്ഷം രൂപ വരുമാനം നേടുന്നുണ്ട് ഇവര്‍. പൂക്കള്‍ മാത്രമല്ല പഴങ്ങളും തെങ്ങും കവുങ്ങും കുരുമുളകും ജാതിയും ഇഞ്ചിയും മഞ്ഞളും ഫലവൃക്ഷങ്ങളുമൊക്കെയുണ്ട് ബിന്ദുവിന്റെ 36 സെന്റ് ഭൂമിയില്‍. ഇതിനൊപ്പം രണ്ടുപ്ലാക്കല്‍ കാര്‍ഷിക നഴ്സറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
വയനാട്ടുകാരിയാണ് ബിന്ദു. കര്‍ഷകന്റെ മകളാണെങ്കിലും പേരാമ്പ്രയിലെ വീട്ടിലേക്ക് വിവാഹം കഴിഞ്ഞെത്തിയ ശേഷമാണ് കൃഷിക്കാര്യങ്ങളിലേക്ക് കടക്കുന്നത്. ഭര്‍ത്താവ് ജോജോയില്‍ നിന്നും അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നുമൊക്കെ കൃഷിക്കാര്യങ്ങള് പഠിച്ചെടുത്തത്. വീടിരിക്കുന്ന പറമ്പിലാണ് കൃഷി ചെയ്യുന്നത്. ഓരോ ഇഞ്ച് സ്ഥലവും പ്രയോജനപ്പെടുത്തുന്നുണ്ട് ഈ കര്‍ഷക ദമ്പതികള്‍.
40 നിറങ്ങളിലുള്ള കടലാസ് പൂക്കള്‍
വീടിന്റെ ടെറസില്‍ വര്‍ഷത്തില്‍ മൂന്നു കൃഷിയാണ് ചെയ്യുന്നത്. ഇഞ്ചിയും മഞ്ഞളും കടലാസ് പൂച്ചെടികളുമാണത്. കൂട്ടത്തില്‍ മികച്ച വരുമാനം നല്കുന്ന ബൊഗെയ്ന്‍വില്ല കൃഷിയെക്കുറിച്ച് ബിന്ദു പറയുന്നു. 'ഗ്രോ ബാഗിലാണ് മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്യുന്നത്. സീസണില്‍ ഇവ വീടിന്റെ മുകളില്‍ നടും. ആ സമയം ബൊഗെയ്ന്‍വില്ലകള്‍ ടെറസില്‍ നിന്ന് വീട്ടുമുറ്റത്തേക്ക് മാറ്റും. മഞ്ഞളും ഇഞ്ചിയും വിളവെടുത്ത ശേഷം വീണ്ടും കടലാസ് പൂച്ചെടികള്‍ വീടിന്റെ മുകളിലേക്ക് മാറ്റും. പിന്നീട് ആറു മാസം ടെറസില്‍ കടലാസ് പൂക്കളായിരിക്കും. ബൊഗെയ്ന് വില്ലയുടെ തൈകള്‍ വിറ്റാണ് വര്‍ഷം രണ്ട് ലക്ഷം രൂപ സ്വന്തമാക്കുന്നത്.
'ബൊഗെയ്ന് വില്ല തൈകളും ഇവിടെയാണുണ്ടാക്കുന്നത്. ചെടിയുടെ തണ്ട് മുറിച്ച് നട്ടാല്‍ ചെറിയ തൈയാണ് മുളച്ച് കിട്ടുന്നത്. എന്നാല്‍ ലെയറിങ് ചെയ്താല്‍ വലിയ തൈ കിട്ടും. പൂക്കള്‍ കളഞ്ഞ ശേഷം ലെയര്‍ ചെയ്തു തൈയുണ്ടാക്കുന്നതാണ് ഞങ്ങളുടെ പതിവ്. ഇങ്ങനെ ലെയറിങ്ങിലൂടെ വേര് പിടിപ്പിച്ചുണ്ടാക്കുന്ന വലിയ തൈകള്‍ക്ക് 600 രൂപ വരെ വില ലഭിക്കും.
'മഴക്കാലം കഴിഞ്ഞാല്‍ കടലാസ് ചെടികളില്‍ നിറയെ പൂക്കളായിരിക്കും. അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ നട്ടു തുടങ്ങുന്നത്. 40 നിറങ്ങളിലുള്ള പൂക്കളുണ്ടായിരുന്നു. അതൊക്കെയും നാടന്‍ ബൊഗെയ്ന്വില്ലകളായിരുന്നു. പക്ഷേ നാടന്‍ ചെടികള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ പൂക്കുകയുള്ളൂ. ബാക്കി സയമങ്ങളില്‍ പൂവില്ലാതെ ഇല മാത്രമായിരിക്കും.' ആ ചെടികളെ പരിചരിക്കുന്നത് സമയം നഷ്ടമാണെന്നു തോന്നിയെന്നും ടീച്ചര്‍.
പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ വരുമാനം
അതുകൊണ്ട് ബിന്ദു ടീച്ചര്‍ നാടന്‍ ബൊഗെയ്ന്‍വില്ലയെ ഒഴിവാക്കി ഹൈബ്രിഡ് ചെടികള്‍ നട്ടു തുടങ്ങി. പൂര്‍ണമായും ഹൈബ്രിഡ് പൂനെ വെറൈറ്റിയാണ് നട്ടിരിക്കുന്നത്. ആറുമാസം പൂര്‍ണമായും ഈ ഹൈബ്രിഡ് ചെടികളില്‍ പൂക്കളുണ്ടാകും. നല്ല ഉയരത്തില്‍ വളരുന്നവയാണ്. ഒന്നര ആള്‍പ്പൊക്കത്തില്‍ വളരുന്ന ചെടിയുണ്ട്. ഇതൊക്കെയും പല പല ആകൃതികളിലാക്കി വെട്ടിനിറുത്തിയിട്ടുണ്ട്. ഈ പൂക്കളും ചെടികളും കാണാനും തൈകള്‍ വാങ്ങുന്നതിനും നിരവധിപ്പേര്‍ ഈ വീട്ടിലേക്ക് വരുന്നുണ്ട്. കൂട്ടത്തില്‍ നടന് സൗബിന് ഷാഹിറും വന്നിട്ടുണ്ട്. വൈറസ് സിനിമയുടെ ചിത്രീകരണവേളയിലാണ് സൗബിന് വന്നത്. ബൊഗെയ്ന്‍വില്ലയുടെ തൈയും വാങ്ങിയാണ് സൗബിന് മടങ്ങിയത്.
സാധാരണ പൂച്ചെടികള്‍ക്ക് കീടബാധയൊക്കെ വേഗത്തില്‍ പിടിപ്പെടാം. എന്നാല്‍ ബൊഗെയ്ന്‍വില്ലയ്ക്ക് അത്തരം പ്രശ്നങ്ങള്‍ കുറവാണ്. റോസിനും ആന്തൂറിയത്തിനും നല്കുന്നതുപോലുള്ള പരിചരണമൊന്നും ബൊഗെയ്ന്‍വില്ലയ്ക്ക് ആവശ്യമില്ല. ഇവയ്ക്ക് കുറച്ചു സമയം മതി, പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ വരുമാനവും കിട്ടുന്നുണ്ടെന്നും ബിന്ദു ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ബൊഗെയ്ന്‍വില്ല ചെടിയിലൂടെ മാത്രമല്ല കുറ്റ്യാടി തെങ്ങിന് തൈകള്‍, ഫലവൃക്ഷങ്ങള്‍, കുറ്റിക്കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, അലങ്കാരപ്പന ഇവയിലൂടെയും ബിന്ദുവും കുടുംബവും വരുമാനം നേടുന്നുണ്ട്. ബുഷ് പെപ്പറും ബോള്‍ അരേളിയ പോലുള്ള അലങ്കാരചെടിയുടെ തൈയും വില്‍ക്കുന്നുണ്ട്.

കൃഷിക്കാര്യങ്ങള് പഠിപ്പിച്ചത് ഭര്‍ത്താവിന്റെ അമ്മ
കൃഷിക്കാര്യങ്ങളൊന്നും അറിയാതെയാണ് കൃഷിയിലേക്ക് എത്തിയതെന്നു ബിന്ദു ടീച്ചര്‍. 'ഭര്‍ത്താവ് ജോജോയുടേത് വലിയ തോതില്‍ കൃഷിയൊക്കെയുള്ള കുടുംബമാണ്. 12 ഏക്കറില്‍ പച്ചക്കറി കൃഷിയും അലങ്കാരപക്ഷി വളര്‍ത്തലും പന്നി ഫാമുമൊക്കെയുള്ള വലിയ കര്‍ഷക കുടുംബമായിരുന്നു.
'എന്റേതും കൃഷിയൊക്കെയുള്ള കുടുംബമാണ്. എന്നാല്‍ പത്താം ക്ലാസിന് ശേഷം കോളെജ് പഠനമൊക്കെയായി ഹോസ്റ്റലിലായിരുന്നു ജീവിതം. പഠനശേഷം ബെംഗളൂരുവില്‍ ജോലി കിട്ടിയതോടെ വീട്ടില്‍ നില്ക്കാന് സാധിച്ചില്ല. വിവാഹം കഴിഞ്ഞ് ഇവിടേക്ക് വന്നതോടെയാണ് കൃഷിയിലേക്ക് കടന്നത്. ഭര്‍ത്താവിന്റെ അമ്മച്ചി ത്രേസ്യയാണ് കൃഷിയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.
'മക്കള്‍ വലുതായി സ്കൂളില്‍ പോയി തുടങ്ങിയതിന് ശേഷമാണ് ജോലിക്ക് പോകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി പേരാമ്പ്രയിലെ സെന്റ് മീരാസ് പബ്ലിക് സ്കൂളിലാണ് പഠിപ്പിക്കുന്നത്. ഇപ്പോ ഓണ്‍ലൈന്‍ ക്ലാസുകളാണ്. എന്നാല്‍ അതിന് മുന്‍പ് സ്കൂളില്‍ നിന്നു മടങ്ങിയെത്തിയ ശേഷമാണ് കൃഷിക്കാര്യങ്ങള് നോക്കുന്നത്. വൈകുന്നേരങ്ങളിലൊക്കെ തോട്ടത്തിലായിരിക്കും. അവധിയുള്ള ശനിയും ഞായറും മുഴുവന്‍ സമയവും കൃഷിപ്പണി ചെയ്യു. ചിലപ്പോളൊക്കെ രാത്രി പത്തി മണി വരെയൊക്കെ തോട്ടത്തില്‍ പണിയിലായിരിക്കും.' എന്ന് ബിന്ദു ജോസഫ്.
ഏതാനും വര്‍ഷം മുന്‍പാണ് തറവാട് വീട്ടില്‍ നിന്നു കുറച്ചകലെയുള്ള പന്തീരാങ്കാവില്‍ 36 സെന്റ് സ്ഥലം വാങ്ങി ബിന്ദുവും കുടുംബവും താമസം തുടങ്ങുന്നത്. എന്നാല്‍ സ്വത്ത് ഭാഗം വച്ചപ്പോള്‍ കിട്ടിയ തറവാടിനോട് ചേര്‍ന്നുള്ള ഭൂമിയിലാണ് ഇപ്പോഴും തെങ്ങിന് തൈയും കവുങ്ങിന് തൈയുമൊക്കെ മുളപ്പിക്കുന്നത്. തൈയായതിന് ശേഷം വീട്ടിലെ നഴ്സറിയിലേക്ക് കൊണ്ടുവരികയാണ് ടീച്ചറിന്റെ പതിവ്. കുറ്റിക്കുരുമുളക് മാത്രമല്ല മരത്തില്‍ പടര്‍ത്തുന്ന കുരുമുളക് കൊടിയും പറമ്പിലുണ്ടെന്നു ബിന്ദു പറയുന്നു. കുരുമുളകിന്റെ മുകള്‍ഭാഗത്തെ തണ്ട് മുറിച്ചെടുത്തുണ്ടാക്കുന്ന തൈ നട്ടാല്‍ ആദ്യ വര്‍ഷം തന്നെ വിള കിട്ടും. മരത്തില്‍ തന്നെ നടണമെന്നും ഇല്ല. ഗ്രോ ബാഗിലോ ചട്ടിയിലോ പിവിസി പൈപ്പിലോ നടാം. പിവിസി പൈപ്പില്‍ നടന്നാല്‍ അഞ്ചെട്ട് വര്‍ഷമൊക്കെ കൃഷി ചെയ്യാം.
ഇവരുടെ തന്നെ തെങ്ങിന് തോപ്പില്‍ നിന്നു ലഭിക്കുന്ന തേങ്ങയാണ് തൈയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കുറ്റ്യാടി തെങ്ങിന് തൈകള്‍ വര്‍ഷം പതിനായിരത്തോളം എണ്ണം ഉണ്ടാക്കുന്നുമുണ്ട്. അത്രയും എണ്ണം തന്നെ കുരുമുളക് തൈയും തയാറാക്കുന്നുണ്ട്. കൃഷി വിജ്ഞാന് കേന്ദ്രത്തിന്റെ മാതൃകാത്തോട്ടമായതിനാല് എല്ല മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടെ തൈയുണ്ടാക്കുന്നത്.
കൃഷി നല്കുന്ന സന്തോഷം
ആറുമാസം കൊണ്ട് വിളവെടുക്കുന്ന പ്രഗതി മഞ്ഞളും വരദ ഇഞ്ചിയും കൃഷി ചെയ്യുന്നുണ്ടെന്നു ടീച്ചര്‍ പറയുന്നു. 30 ഗ്രാം ചാക്കില്‍ നട്ടാല്‍ ഏകദേശം മൂന്നര കിലോ മഞ്ഞള്‍ വരെ ലഭിക്കും. വരദയും നല്ല വിളവ് നല്‍കുന്നതാണ്. റംമ്പൂട്ടാനും തായ്വാന് ആപ്പിള്‍ ചാമ്പയും സപ്പോട്ടയും പ്ലാവും മാവുമൊക്കെ ഗ്രോബാഗിലാണ് നട്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗ്രോബാഗില്‍ നട്ട റംമ്പൂട്ടാനില്‍ നിന്ന് ഇവര്‍ക്ക് 125 കിലോ പഴം ലഭിച്ച അവസരമുണ്ട്.
സ്ഥലപരിമിതിയുടെ പേരില്‍ കൃഷി ചെയ്യാതിരിക്കുന്നവര്‍ ഗ്രോബാഗില്‍ തൈകള്‍ നടണമെന്നാണ് ഈ ടീച്ചര്‍ പറയുന്നത്. പൂര്‍ണമായും ജൈവവളമാണ് ഇവിടെ ഉപയോഗിക്കുന്നത്. മണ്ണിര കംപോസ്റ്റ് ഉണ്ടാക്കുന്നുണ്ട്. പശുവളര്‍ത്തലുമുണ്ട്. ചാണകവും വീട്ടില്‍ തന്നെ കിട്ടുന്ന സാഹചര്യമാണ്.
ബിന്ദുവിന്റെയും ജോജോയുടെയും കൃഷിത്തോട്ടം മികച്ച മാതൃക കൃഷിയിടമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനത്തിനെത്തുന്ന കര്‍ഷകര്‍ ഇവരുടെ തോട്ടവും ഹോര്‍ട്ടിക്കള്‍ച്ചറല്‍ നഴ്സറിയും പ്രയോജനപ്പെടുത്താറുണ്ട്. തോട്ടം കാണാനെത്തുന്നവര്‍ക്ക് ബഡ്ഡിങ്ങും ലെയറിങ്ങും വളമുണ്ടാക്കല്‍ രീതിയൊക്കെ ടീച്ചറും ഭര്‍ത്താവും പറഞ്ഞുകൊടുക്കാറുണ്ട്.
ടെക്ഫ്ലോറ എന്ന പേരില്‍ യൂട്യൂബ് ചാനലുമുണ്ട് ബിന്ദു ടീച്ചര്‍ക്ക്. ഒരു ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്. തൈ ഉണ്ടാക്കലും വളമിടലുമൊക്കെ ചാനലിലൂടെ പറഞ്ഞുകൊടുക്കുന്നുമുണ്ട് ബിന്ദു ടീച്ചര്‍. 2008-ല്‍ മികച്ച കര്‍ഷകനുള്ള അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദേശീയ പ്രൊഗസീവ് ഫാര്‍മര്‍ അവാര്‍ഡ്, 2002-ല്‍ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡ് ജോജോ നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം കെവികെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നഴ്സറി നടത്തി വിജയിച്ച യുവസംരംഭകരെന്നതില് ഇവര്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ സാധിച്ചതു വലിയ നേട്ടമായി കാണുന്നുവെന്നു ബിന്ദു ജോസഫ് പറയുന്നു.
പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് കോച്ചിങ്ങ് പരിശീലിക്കുന്ന ഇഷാന് ജോജോയും പത്താം ക്ലാസ് വിദ്യാര്‍ഥി എമിലിയോ ജോജോയുമാണ് മക്കള്‍. 'ഭര്‍ത്താവും ഞാനും കൂടിയാണ് കൃഷിക്കാര്യങ്ങള് നോക്കുന്നത്. പണിക്കാരൊന്നും സഹായത്തിനില്ല. അത്ര എളുപ്പമല്ല കൃഷിപ്പണികള്‍. എന്നാല്‍ തിരക്കുകള്‍ക്കിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുകയാണ്. നല്ല വരുമാനം കിട്ടുന്നുണ്ട്. എന്നാല്‍ അതിനെക്കാള്‍ കൃഷി തരുന്ന മാനസികസന്തോഷവും വലുതാണ്' ബിന്ദു പറഞ്ഞവസാനിപ്പിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!