'ഇവിടം സ്വര്‍ഗമാണ്'; മൊട്ടക്കുന്നില്‍ വനം നിര്‍മിച്ച സ്വര്‍ണക്കട മുതലാളി
ചിലര്‍ അസാധാരണമാം വിധം അത്ഭുതപ്പെടുത്തും. മരം വെട്ടി കാടുവെളുപ്പിക്കാന്‍ ആര്ത്തികാണിക്കുന്നവരുള്ള സമൂഹത്തില്‍ ഒരാള്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു വഴി കാണിച്ചുതരുന്നു.
''നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്ക്കുന്ന നീര്‍മാതളം ഒരു നോക്കുകൂടി കാണാന്‍.''
മാധവിക്കുട്ടിയുടെ ഈ വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ വേനലില്‍ മാത്രം പൂവിടുന്ന ഇളം മഞ്ഞ കലര്‍ന്ന വെള്ള നിറമുള്ള, മത്തു പിടിപ്പിക്കുന്ന ഗന്ധമുള്ള ആ നീര്‍മാതളപൂക്കള്‍ കാണണമെന്നു തോന്നിയിട്ടില്ലേ... നീര്‍മാതളം മാത്രമല്ല കഥയായും കവിതകളായും നമ്മുടെ അരികിലേക്കെത്തിയ ഗുല്‍മോഹറും ചെസ് നട്ടും ഇലഞ്ഞിയും അശോകവും രാജമല്ലിയും ശിംശിപയുമൊക്കെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്നു വെറുതേയെങ്കിലും തോന്നാത്തവരുണ്ടാകില്ല. അങ്ങനെയൊരു കൊച്ചു സ്വപ്നം മനസിലുള്ളവര്ക്കായി ഒരു കാട് കാത്തിരിപ്പുണ്ട്.

പ്രണയവും വിരഹവുമൊക്കെ ഓര്മകളിലേക്കെത്തിക്കുന്ന നീര്‍മാതളവും ഗുല്‍മോഹറും ഇലഞ്ഞിയും മാത്രമല്ല വേറെയും ഒരുപാട് മരങ്ങള്‍ നട്ട് പിടിപ്പിച്ചൊരു കാട്. 20 വര്‍ഷം കൊണ്ട് മൂന്ന് ഏക്കറില്‍ 250ലേറെ വ്യത്യസ്ത ഇനം കാട്ടുമരങ്ങള്‍ കൊണ്ടൊരു കാട് സൃഷ്ടിച്ച കാവല്‍ക്കാരനെയും ഇവിടെ കാണാം. പഴയൊരു പ്രവാസിയാണ് ആ കാടിന്റെ ഉടമ. കോഴിക്കോട് കൊടുവള്ളി ആരമ്പ്രം വനശ്രീ വീട്ടില്‍ വി മുഹമ്മദ് കോയ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഭാര്യയെയും കടിഞ്ഞൂല്‍ പുത്രനെയും അകന്നിരിക്കാനുള്ള സങ്കടത്തില്‍ മൂന്നു വര്‍ഷം മാത്രം പ്രായുള്ള പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വിമാനം കയറിയയാളാണ് മുഹമ്മദ് കോയ.
പിന്നീട് നാട്ടില്‍ കൊടുവള്ളിയില്‍ ആലിക്കുഞ്ഞ് എന്ന ജ്വല്ലറി ഉടമയുടെ വേഷം. ബിസിനസ് കാര്യങ്ങള്‍ക്കിടയിലാണ് വി എം കെ ബൊട്ടാനിക്കല്‍ ഗാര്ഡന് എന്ന പേരിലറിയപ്പെടുന്ന കാട് ഈ മനുഷ്യന് ഉണ്ടാക്കിയെടുത്തത്. ബിസിനസുകാരന് മാത്രമല്ല ഈ പ്രകൃതി സ്നേഹി. എഴുത്തും കൂടെയുണ്ട്. കാടും അക്ഷരങ്ങളുമൊക്കെ നിറയുന്ന ജീവിതത്തെക്കുറിച്ച് മുഹമ്മദ് കോയ പറയുകയാണ്.
തെങ്ങുകള്‍ വെട്ടി ഏഴിലംപാല നട്ടു
കൊടുവള്ളി ആരമ്പ്രയിലാണ് വി എം കെ ബൊട്ടാനിക്കല്‍ ഗാര്ഡന് എന്ന കാടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഹമ്മദ് കോയയ്ക്ക് ഉമ്മ പാത്തുവിന്റെ പാരമ്പര്യസ്വത്തായി ലഭിച്ച ഭൂമിയാണിത്. 50 സെന്റ് ഭൂമിയാണ് പാരമ്പര്യസ്വത്തായി ലഭിച്ചതെങ്കിലും പിന്നീട് അതിനോടു ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ കൂടി ഇദ്ദേഹം വാങ്ങിക്കുകയായിരുന്നു. അന്നാളില്‍ ജലദൗര്‍ലഭ്യമുള്ള, മരങ്ങളൊന്നും ഇല്ലാത്ത മൊട്ടക്കുന്നായിരുന്നു ഇവിടം. മുഹമ്മദ് കോയയുടെ ഉപ്പ നട്ട കുറച്ച് തെങ്ങിന് തൈകളും ഏതാനും കശുമാവും പനയും മാത്രമേ പറമ്പിലുണ്ടായിരുന്നുള്ളൂ. ഉപ്പ നട്ട 17 തെങ്ങിന് തൈകള്‍ വെട്ടിക്കളഞ്ഞാണ് പറമ്പില്‍ മുഹമ്മദ് കോയ വനവൃക്ഷങ്ങള്‍ നട്ടു തുടങ്ങുന്നത്.

1999-ലെ ജൂണ്‍ മാസത്തിലെ മഴയുള്ളൊരു ദിവസം ഏഴിലംപാല നട്ട് കൊണ്ടു തുടക്കം കുറിച്ചു. മഴക്കാലമായിരുന്നുവെങ്കിലും ചെടികള്‍ നനയ്ക്കാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നു മുഹമ്മദ് കോയ പറയുന്നു. 'കിണര്‍ പോലും ഈ പറമ്പില്‍ ഇല്ലായിരുന്നു. മഴക്കാലം മാറിയതോടെ ജലക്ഷാമമവും വന്നു. കാട് എന്ന സ്വപ്നം മറക്കുക അല്ലെങ്കില്‍ തൈകള്‍ നനയ്ക്കാന്‍ എങ്ങനെയും വഴി കണ്ടെത്തുക.. ഇതല്ലാതെ വേറൊന്നും മനസില്‍ ഇല്ലായിരുന്നു. വൃക്ഷത്തണലൊന്നും ഇല്ലാത്ത ഈ മണ്ണില്‍ എന്റെ ബൈക്ക് വെയിലേല്‍ക്കാതെ വയ്ക്കാനുള്ള ഇടം പോലും ഇല്ലായിരുന്നു. പക്ഷേ കാട് എന്ന സ്വപ്നം സഫലമാക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനു വേണ്ടി കഷ്ടപ്പെടാനും ഒരുക്കമായിരുന്നു. സമീപത്ത് സഹോദരന്റെ വീടുണ്ട്. കുന്നിന് മുകളിലേക്ക് കയറുന്നതു പോലെ നടന്നു വേണം ഈ പറമ്പിലേക്കെത്താന്‍. താഴെയാണ് സഹോദരന്റെ വീടും.
'ദിവസവും രാവിലെ ആറു മണിക്ക് ആ ഇക്കയുടെ വീട്ടിലേക്ക് പോകും. അവരുടെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നു വെള്ളം കോരി എന്റെ പറമ്പിലേക്ക് നടക്കും. അങ്ങനെ ആറുവര്‍ഷത്തോളം കഷ്ടപ്പെട്ടിട്ടാണ് ഈ കാട്ടില്‍ കാണുന്ന ഓരോ മരങ്ങളെയും നനച്ചു വളര്‍ത്തിയെടുത്തത്. ജലക്ഷാമമുള്ള പ്രദേശമായിരുന്നു ഇവിടം. കിണര്‍ കുഴിച്ചിട്ടും വെള്ളം പ്രശ്നം മാറിയില്ല. വീണ്ടും കിണര്‍ കുഴിക്കേണ്ടി വന്നിട്ടുമുണ്ട്.' എന്നാല്‍ കാട് വളര്‍ന്നപ്പോള്‍ പതിയെ വെള്ളക്ഷാമമവും മാറിയെന്നു അദ്ദേഹം.
മൂന്നേക്കറില്‍ 250 ഇനം കാട്ടുമരങ്ങള്‍
പശ്ചിമഘട്ട മലനിരകളിലെ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന് മുഹമ്മദ് കോയ പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു. വൃക്ഷതൈകള്‍ക്ക് വേണ്ടി കേരളത്തിന്റെ വിവിധ ഇടങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. നാട്ടില്‍ കാണുന്ന മരങ്ങളെക്കാള്‍ കൂടുതല്‍ കാട്ടുമരങ്ങള്‍ ഉപയോഗിച്ചാണ് കാട് ഉണ്ടാക്കേണ്ടതെന്ന നിര്‍ബന്ധവും ഇദ്ദേഹത്തിനുണ്ടായിരുന്നു. വയനാട് കല്‍പ്പറ്റയിലെ സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനും കേരള റിസര്‍ച്ച് ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ധാരാളം വൃക്ഷ തൈകള്‍ നല്‍കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും സസ്യങ്ങള്‍ കൊണ്ടുവന്നു നട്ടിട്ടുണ്ട്. തൈകളൊക്കെയും നട്ടതും നനച്ചും വളമിട്ടതുമൊക്കെ മുഹമ്മദ് തന്നെയാണ്.
30- ഓളം ഇനങ്ങളിലുള്ള മുളകള്‍, നന്മേനി വാക, മഞ്ചാടി, ഇലഞ്ഞി, കുരുട്ടുപാല, ഏഴിലംപാല, കുടകപാല, മഹാഗണി, തേങ്കുറിഞ്ഞി, ആറ്റുവഞ്ചി, നീര്‍വാളം, കടപ്ലാവ്, ഇത്തി, വെള്ളൂരം, ഈറ്റ, കള്ളന് മുള, കൂവളം, ആവല്, കരിങ്ങോട്ട, പാതിരി, വാളന്‍പുളി, നരിവേങ്ങ, അശോകം, മരവുരി, ഇരുമ്പകം, മഞ്ഞക്കടമ്പ ഇങ്ങനെ നീളുന്നൂ മൂന്നേക്കറിലെ മനുഷ്യനിര്‍മിത മരങ്ങളുടെ പേരുകള്‍. വിഎംകെ ബൊട്ടാനിക്കല്‍ ഗൗര്ഡന് സമീപ പ്രദേശങ്ങളിലെ ജലക്ഷാമവും പരിഹരിക്കപ്പെട്ടുവെന്നാണ് മുഹമ്മദ് അവകാശപ്പെടുന്നത്. വെള്ളത്തിന് ക്ഷാമമുണ്ടായിരുന്നു.

'ജലക്ഷാമം മാത്രമല്ല പരിഹരിക്കപ്പെട്ടത്. കാറ്റിലൂടെയും പക്ഷികളിലൂടെയും വൃക്ഷങ്ങളുടെ വിത്തുകള്‍ പലയിടത്തും എത്തി. ഈ കാടിന് സമീപമുള്ള വീടുകളിലും പറമ്പുകളിലുമൊക്കെ വനവൃക്ഷങ്ങള്‍ മുളച്ചു വന്നിട്ടുണ്ട്. ചെടികളും തൈകളുമൊക്കെ നട്ടുപിടിപ്പിച്ചാല്‍ മാത്രം മതിയല്ലോ.. ബാക്കിയെല്ലാം പ്രകൃതി ഏറ്റെടുക്കും. ഇതു പോലൊരു കാടുണ്ടാക്കണമെന്ന ആഗ്രഹം പലരും പങ്കുവച്ചിട്ടുണ്ട്. അവരോടൊക്കെ ഒറ്റ ദിവസം കൊണ്ട് കാട് നിര്‍മിക്കാനാകില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു ആഗ്രഹം ശക്തമായി മനസിലുണ്ടെങ്കില്‍ നടക്കും. സ്വന്തമായി ഭൂമി വേണമെന്നുമില്ല.' ഏതു പറമ്പിലും കാടുണ്ടാക്കാമെന്നാണ് മുഹമ്മദ് കോയ പറയുന്നത്.
രണ്ട് പതിറ്റാണ്ട് മുന്‍പ് കാട് ഉണ്ടാക്കിയെടുക്കുക എന്നൊരു ദൗത്യവുമായി ഇറങ്ങുമ്പോള്‍ മുഹമ്മദ് കോയയ്ക്ക് നിരവധി പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. പേരിന് പോലും തണല്‍ ഇല്ലാതിരുന്ന മൊട്ടക്കുന്നില്‍ ജലക്ഷാമം മാത്രമായിരുന്നില്ല. ബന്ധുക്കളില്‍ നിന്നും സൃഹൃത്തുക്കളില്‍ നിന്നുമൊക്കെ എതിര് സ്വരങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദായം നല്കുന്ന റബറോ ജാതി നട്ടു പിടിപ്പിക്കാനായിരുന്നു പലരും ഉപദേശിച്ചത്. വട്ടാണെന്നു വരെ പറഞ്ഞിട്ടുണ്ട്. പക്ഷേ കാട് എന്ന സ്വപ്നം മനസിലുള്ള മുഹമ്മദ് കോയയെ പിന്തിരിപ്പിക്കാന് ആര്‍ക്കും സാധിച്ചില്ല. മുഹമ്മദ് മരം നട്ടു തുടങ്ങുന്ന 90-കളില്‍ കാടുണ്ടാക്കലും മരം നടല്‍ ചര്‍ച്ചകളൊന്നും സജീവവുമായിരുന്നില്ല. പരിസ്ഥിതിദിനത്തില്‍ മാത്രമായി പ്രകൃതി സ്നേഹം ഒതുങ്ങിപ്പോകുന്ന നാളുകളില്‍ മുഹമ്മദിന്റേത് ഒറ്റയാള്‍ പോരാട്ടം തന്നെയായിരുന്നു.
'നല്ല കാശ് ചെലവ് ഉണ്ട്. സാമ്പത്തിക പ്രതിസന്ധിയൊക്കെ നേരിട്ടാണ് ഇവിടെ വരെയെത്തി നില്‍ക്കുന്നത്. ഇനി പ്രശ്നങ്ങളൊന്നും ഇല്ല, മരങ്ങളൊക്കെ വളര്‍ന്നില്ലേ. അത്ര വലിയ ചെലവുകളൊന്നും വരില്ല. ഇനി എല്ലാം പ്രകൃതി നോക്കിക്കോളൂം. . ഇപ്പോഴും മരങ്ങള്‍ നടുന്നുണ്ട്. വര്‍ഷം രണ്ടോ മൂന്നോ ഇനം പ്രകൃതി തന്നെ ഉണക്കാറുണ്ട്. അതിനൊപ്പം പുതിയ വൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുന്നുമുണ്ട്.' എന്ന് മുഹമ്മദ് കോയ.
സ്വന്തം കൈയില്‍ നിന്ന് കാശെടുത്താണ് മുഹമ്മദ് കാട് നിര്‍മിച്ചത്. യാത്രകളിലൊക്കെ പുതിയ മരങ്ങളെയാണ് മുഹമ്മദ് തേടിയിരുന്നത്. അന്വേഷണങ്ങളില്‍ കണ്ടെത്തുന്ന തൈകളും വിത്തുകളുമൊക്കെ ശേഖരിച്ച് പറമ്പില്‍ കൊണ്ടു വന്നു നടുന്നതും ഇദ്ദേഹത്തിന്റെ ശീലമായിരുന്നു. അങ്ങനെ 250-ലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള മരങ്ങള്‍ നിറയുന്ന കേരളത്തിലെ ഒരേയൊരു സ്വകാര്യ ബൊട്ടാനിക്കല്‍ ഗാര്ഡന് എന്ന ബഹുമതിയും മുഹമ്മദ് കോയയുടെ വനത്തിന് സ്വന്തമാണ്.
പ്രകൃതി സ്നേഹിയായ എഴുത്തുകാരന്
കാടിനുള്ളില്‍ നാലു ചെറിയ ഗേറ്റുകളുണ്ട്. ഭാര്യയുടെ പേരടക്കം ഓരോന്നിനും ഓരോ പേരും നല്‍കിയിട്ടുണ്ട്. ഷേക്സ്പിയര് ഗേറ്റ്, ഷെര്‍ലക് ഹോംസ് ഗേറ്റ്, മഹാഭാരത ഗേറ്റ്, പഥേര്‍ പഞ്ചാലി ഗേറ്റ്, ലൈല ഗേറ്റ് എന്നിങ്ങനെയാണ് പേരുകള്‍. ലൈല എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. കുട്ടികളുടെ പാര്‍ക്ക് കാടിനോട് ചേര്‍ന്നുണ്ടാക്കിയിട്ടുണ്ട്. ലൈല പാര്‍ക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. വനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്ക്കിന് ചെറിയൊരു ഫീസ് ഈടാക്കുന്നുണ്ട്. കാട് സന്ദര്‍ശിക്കാനും അവസരമുണ്ട്.

സന്ദര്‍ശകര്‍ക്കായി ഓരോ വൃക്ഷത്തിന്റെയും പേര്, ശാസ്ത്രീയനാമം, ഗുണങ്ങള്‍ ഇതൊക്കെ ബോര്‍ഡില്‍ എഴുതി മരത്തില്‍ തൂക്കിയിട്ടിട്ടുണ്ട്. ഇതിനൊപ്പം മരത്തെക്കുറിച്ച് കഥയിലോ കവിതയിലോ പറഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യവും കുറിച്ചിട്ടുണ്ട്. അങ്ങനെ സാഹിത്യങ്ങളിലെ മരങ്ങളെയും സസ്യങ്ങളെയുമൊക്കെ മുഹമ്മദ് പരിചയപ്പെടുത്തുകയാണ്. അതുകൊണ്ടു തന്നെ ഈ വനം ബൊട്ടാനിക്കല്‍ ഗാര്ഡന് മാത്രമല്ല ലിറ്ററസി ഗാര്ഡന് കൂടിയാണ്. മാധവിക്കുട്ടിയുടെ നീര്‍മാതളം, വൈക്കം മുഹമ്മദ് ബഷീറിന്റെ മാങ്കോസ്റ്റിന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഏഴിലംപാല, കുമാരനാശാന്റെ കവിതകളിലെ വാകയും ഇലഞ്ഞിയും രാജമല്ലിയും രാമായണത്തിലെ ശിംശിപയുമൊക്കെ ഈ കാട്ടിലുണ്ട്. പുസ്തകങ്ങളോടുള്ള കമ്പം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നു മുഹമ്മദ് കോയ കൂട്ടിച്ചേര്‍ത്തു.
വനം വളര്‍ന്നതിന് അനുസരിച്ച് നിരവധി പക്ഷികളും വന്യജീവികളുമൊക്കെ ഇവിടെ താമസമാക്കിയിട്ടുണ്ട്. മുള്ളന്‍ പന്നി, കുറുക്കന്, ഉടുമ്പ്, പാമ്പുകള്‍, കീരി, ചിത്രശലഭങ്ങള്‍ ഇവയൊക്കെ ധാരാളമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 2019- 2020-ലെ ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഹരിത പുരസ്കാരം, 2014-ലെ വനമിത്ര, വനബന്ധു, വനം വകുപ്പിന്റെ പരിസ്ഥിതി സൗഹാര്‍ദ പുരസ്കാരം എന്നിവ മുഹമ്മദ് കോയയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രകൃതിയെയും സാഹിത്യവുമൊക്കെ ഇഷ്ടപ്പെടുന്ന മുഹമ്മദ് കോയ എഴുത്തുകാരന് കൂടിയാണ്. കുട്ടിക്കാലം മുതല്‍ എഴുത്തിനോട് ഇഷ്ടമുണ്ടായിരുന്നുവെന്നും ബാലസാഹിത്യമൊക്ക എഴുതിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നോവലും ചെറുകഥ സമാഹാരവും നാടകവും അടക്കം ഒമ്പത് പുസ്തകങ്ങളെഴുതിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പുതിയ നോവല്‍ പ്രസിദ്ധീകരിക്കും. സ്വര്‍ണ്ണവല എന്നാണ് നോവലിന്റെ പേര്. കംസ്റ്റംസ്, സ്വര്‍ണക്കടത്ത്, പിടിച്ചുപറി ഇതൊക്കെ പ്രമേയമായി വരുന്ന നോവലാണിത്. മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരണം. ഷാര്‍ജയിലെ ദു:ഖപുത്രി, വാസവദത്ത, മരുഭൂമിയിലെ കറുത്ത പക്ഷികള്‍, ഇഹ്ദ്മല പറയുന്നത്, കര്‍ബലയിലെ ദുരന്തനായകന്, ചില്ലുകൊട്ടാരങ്ങള്‍ എന്നിവയാണ് മുഹമ്മദ് കോയ എഴുതിയ പുസ്തകങ്ങള്‍. 'വാപ്പയാണ് പുസ്തകലോകത്തിലേക്കെത്തിച്ചതെന്നു മുഹമ്മദ് കോയ.-- സി.എം.കുഞ്ഞാമുട്ടി എന്നാണ് വാപ്പയുടെ പേര്. ഞങ്ങളുടെ നാട്ടിലെ ഐക്യകേരളം വായനയശാലയുണ്ടാക്കിയത് വാപ്പയായിരുന്നു.' അദ്ദേഹം പറഞ്ഞു.
'കാടും മരങ്ങളുമൊക്കെ നിറയുന്ന ഇവിടം വിട്ടു പോകാന്‍ ഇഷ്ടമില്ല. രാവിലെ വീട്ടില്‍ നിന്നു ഇവിടേക്ക് വരും.. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വീട്ടിലേക്ക് പോകും. പിന്നെയും ഇവിടേക്ക് വരും. രാത്രി തിരിച്ചു മടങ്ങും. വീടും കാടും തമ്മില്‍ വലിയ അകലമില്ല. എന്നും കാടിന്റെ പരിസരങ്ങളിലായിരിക്കാനാണ് താത്പ്പര്യം. മൊട്ടക്കുന്നില്‍ നിര്‍മിച്ചെടുത്ത ഈ കാട്ടില്‍ തന്നെ എന്റെ മരണശേഷം ഭൗതികദേഹം മറവു ചെയ്യണമെന്നാണ് ആഗ്രഹം.' ഇക്കാര്യം എല്ലാവരോടും പറഞ്ഞു ഏല്‍പ്പിച്ചിട്ടുണ്ട്. മുഹമ്മദ് കോയ പറഞ്ഞുനിറുത്തി
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കാലാവസ്ഥാമാറ്റം വനിലക്കൃഷിയെയും ബാധിച്ചിട്ടുണ്ട്. എന്നിട്ടും ലോകത്താവശ്യമായ വനില എങ്ങനെ ഉണ്ടാക്കുന്നു?
നേപാളിന്റെ മോട്ടോർസൈക്കിള്‍ വാട്ടര്മൊവെര്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ നികുതി ചുമത്തി ബ്രിട്ടീഷ് മാതൃക
കാണാം, ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ സ്നോ മൂൺ