ഉമ്മര്‍കോയയുടെ നായകത്വം മുല്ലപ്പള്ളിയുടെ രോഷം: 'വിപ്ലവം' താണ്ടിയ കനല്ചീളുകള് | Media Roots 32
തായാട്ട് ശങ്കരന്, പിപി ഉമ്മര്‍കോയ, മൂടാടി ദാമോദരൻ, മുഷ്താഖ്, മുല്ലപ്പള്ളി രാമചന്ദ്രന്, ടി ശോഭീന്ദ്രന്, എബ്രഹാം മാനുവല്‍. വിപ്ലവത്തിന്റെ ന്യൂസ്റൂമിലെ ഒട്ടും നിനച്ചിരിക്കാതെ കടന്നുപോയ ഉദ്വേഗജനകമായ സംഭവങ്ങളാണ് ഇത്തവണ ജോഷി ജോര്‍ജ് മീഡീയ റൂട്ട്സില്‍ വിവരിക്കുന്നത്.
അങ്ങനെ 'വിപ്ലവം' എന്ന പത്രം മികച്ച രീതിയില്‍ മുന്നേറുന്ന കാലം. കൂടുതലും കോണ്‍ഗ്രസുകാരാണ് വരിക്കാര്‍. പത്രഏജന്റുമാരില് ഒട്ടുമിക്കവരും കോണ്‍ഗ്രസ് അനുഭാവികള്‍ തന്നെ. ഇതിന് കാരണം ഏജന്സികാര്യങ്ങളുളുടെ മേല്‍ നോട്ടം വഹിച്ചിരുന്നത് ഉണ്ണീരിക്കുട്ടിയുടെ ഭാര്യസഹോദരനായ കോണ്‍ഗ്രസ് നേതാവ് മാടമ്പത്ത് നാരായണനായിരുന്നു. മറ്റൊരാള്‍ ഉണ്ണീരിക്കുട്ടിയുടെതന്നെ ബന്ധു പ്രഭാകരനും. കണക്കുകാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്നത് പാച്ചുക്കുട്ടിയും ഗോപാലനുമായിരുന്നു. ഇവരെപ്പോഴും ഒന്നിച്ചേ നടക്കാറുള്ളു. അതിനാല്‍ ഇവരെ എഡിറ്റോറിയല്‍ ഡെസ്ക്കിലുള്ളവര്‍ പാച്ചുവും കോവാലനും എന്നാണ് വിളിച്ചിരുന്നത്. (പി. കെ മന്ത്രിയുടെ പാച്ചുവും ഗോപാലനും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന കാലം.)
Also Read: ഉണ്ണീരിക്കുട്ടി തിരികൊളുത്തിയ വിപ്ലവം!| Media Roots 31

ഇങ്ങനെയിരിക്കെയാണ് 1970 ഫെബ്രുവരി 18ാം തിയതി നക്സല്‍ നേതാവ് വര്‍ഗീസിനെ പിടികൂടുന്നത്. മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തിരുനെല്ലിയിലേക്കു തന്നെ തിരികെ കൊണ്ടു പോകുകയായിരുന്നു. തിരുനെല്ലിയില്‍ നിന്ന് വര്‍ഗീസിനെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നാലു കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ചു. ഈ വിവരം തായാട്ടുശങ്കരന്റെ ചെവിയിലുമെത്തിയിരുന്നു. പിന്നീട് കേട്ടത് വര്‍ഗീസ് കൊല്ലപ്പെട്ടു എന്നാണ്. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പ്രചരിപ്പിക്കുകയും ചെയ്തു.
നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ പൊലീസ് വെടിവെച്ച് കൊന്ന വാര്‍ത്ത അന്ന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെപ്പറ്റി മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ തോമസ് ജേക്കബ്ബ് അടുത്തകാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ അഭിമുഖത്തില്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയായിരുന്നില്ല.

തോമസ് ജേക്കബ്ബ് പറഞ്ഞതിലെ പിശക് ഒരു വായനക്കാരന് തന്നെ അടുത്തലക്കം ആഴ്ചപ്പതിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേശാഭിമാനി ലേഖകനും പിന്നീട് പബ്ളിക്ക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന എ. വി ആലിക്കോയ തുടര്‍ന്നുവന്ന മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ ഇക്കാര്യം പറയുന്നതിങ്ങനെ:
'നക്സല്‍ നേതാവ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ട സംഭവം ഓര്‍മിക്കുമ്പോള്‍ ഏറ്റുമുട്ടല്‍ മരണം എന്ന പൊലീസ് കഥ അപ്പാടെ വിഴുങ്ങുകയായിരുന്നു പത്രലോകം എന്ന് തോമസ് ജേക്കബ് പറയുന്നു. ഈ പ്രസ്താവം ശരിയല്ല. ആ ക്രൂരസത്യം അപ്പോള്‍ തന്നെ ജനങ്ങളെ അറിയിച്ച പത്രമായിരുന്നു ദേശാഭിമാനി എന്ന് ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. വര്‍ഗ്ഗീസിനെ പൊലീസ് വെടിവെച്ചുകൊന്നു എന്ന തലക്കെട്ടോടെയാണ് ദേശാഭിമാനി ഒന്നാം പേജില്‍ ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായിരുന്ന പട്ടുവം രാഘവന്റെ പേര് വെച്ചാണ് ദേശാഭിമാനി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വസ്തുതകള്‍ കൂടുതല്‍ വിശദമാക്കിക്കൊണ്ടും ഈ നെറികേടിനെ ചോദ്യം ചെയ്തുകൊണ്ടും സി പി അച്യുതന് തയ്യാറാക്കിയ മുഖ്യലേഖനം അടുത്ത ആഴ്ചയില്‍ ചിന്ത പ്രസിദ്ധീകരിക്കുകയുണ്ടായി. കാലങ്ങള്‍ കഴിഞ്ഞാണ് ഒരു പൊലീസുകാരന് സത്യാവസ്ഥയുമായി രംഗത്തുവരുന്നത്.''

എന്നാല്‍ തോമസ് ജേക്കബ് മാത്രനല്ല ആലിക്കോയയും മനപൂര്‍വമോ അല്ലാതെയോ വിട്ടുകളഞ്ഞ മറ്റൊരു സത്യം കൂടി ഉണ്ട്. വിപ്ലവം പത്രത്തില്‍ തായാട്ടു ശങ്കരന് വയനാട്ടിലെ നക്സല്‍ നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്നെന്നും കണ്ണുകള്‍ ചൂഴ്ന്നെടുത്തിരുന്നുവെന്നും മറ്റും ശക്തമായ ഭാഷയില്‍ 'നിയന്ത്രണംവേണം' എന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ എഴുതിയിരുന്നു. ഉണ്ണീരിക്കുട്ടി രാവിലെ തന്നെ ഈ എഡിറ്റോറിയലിനെ അഭിനന്ദിക്കുകകൂടി ചെയ്തിരുന്നുവത്രെ..!
കേന്ദ്ര കേരള ബജറ്റുകള്‍ പുറത്തുവന്ന ദിവസമായിരുന്നു അന്ന്. മറ്റുപത്രങ്ങളെല്ലാം ബജറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങളാണ് മുഖപ്രസംഗമായി വന്നത്. അതിനിടെ വിപ്ലവത്തിലെ മുഖപ്രസംഗം സംസാരവിഷയമായി. കോണ്‍ഗ്രസ് നേതാക്കള്‍ പലരും ജില്ലാനേതാവുകൂടിയായ മാടമ്പത്ത് നാരായണനേയും ഉണ്ണീരിക്കുട്ടിയെയും ഫോണില്‍ വിളിക്കാന്‍ തുടങ്ങി. തിരുവനന്തപുരത്തുനിന്ന് വിളിവന്നു. ഒന്നുമയപ്പെടുത്തിക്കൂടെ എന്നായിരുന്നുചോദ്യം..!
വിപ്ലവം പത്രത്തില്‍ എല്ലാദിവസവും വൈകീട്ട് ആറുമണിക്ക് ഒരു എഡിറ്റോറിയല്‍ മീറ്റിംഗ് പതിവുണ്ട്. പത്രം ഓഫീസിലെ പ്രൈം ടൈം ആണെന്നതൊന്നും ഉണ്ണീരിക്കുട്ടിക്ക് പ്രശ്നമല്ല. അന്നും പതിവുയോഗം ചേര്‍ന്നു. കാലത്തുകണ്ട ആളായിരുന്നില്ല ഉണ്ണീരിക്കുട്ടി. എന്തുകൊണ്ടാണ് ബജറ്റിനെക്കുറിച്ച് മുഖപ്രസംഗം എഴുതാതിരുന്നതെന്ന് ശങ്കരനോട് ഉണ്ണീരിക്കുട്ടി കര്‍ക്കശ സ്വരത്തില്‍ ചോദിച്ചു.
അത് പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലായി ശങ്കരന് തോന്നി. അദ്ദേഹം അത് ശക്തമായരീതിയില്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇരുവരും അത് പറഞ്ഞ് മുഷിഞ്ഞു. മുഷ്താഖും മുല്ലപ്പള്ളി രാമചന്ദ്രനുമുക്കെ തായാട്ടിന്റെ പക്ഷത്തുനിന്നു സംസാരിച്ചുനോക്കി. അതൊന്നും ഫലം കണ്ടില്ല. സംഗതി പ്രശ്നമായി. തായാട്ടുശങ്കരനെ പത്രാധിപരാക്കാന് നിര്‍ദ്ദേശിച്ച തെരുവത്തു രാമനെ ഉണ്ണീരിക്കുട്ടി രാത്രി തന്നെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. അല്പം കഴിഞ്ഞപ്പോള്‍ ശങ്കരന് രാമനെ തേടിയെത്തി. താന്‍ അല്പം നിയന്ത്രണം വിട്ട് മാനേജിംഗ് എഡിറ്ററോടു സംസാരിച്ചുപോയെന്ന് തായാട്ടു ശങ്കരന് സമ്മതിച്ചു.
'എന്താണ് ബജറ്റിനെക്കുറിച്ച് എഴുതാതിരുന്നത?' എന്ന് രാമനും ചോദിച്ചു.
എനിക്ക് ബജറ്റിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പിന്നെ എന്ത് എഴുതാനാണ്..? ഇതായിരുന്നു ശങ്കരന്റെ മറുപടി.
'ഞാന്‍ നാളെ ഉണ്ണീരിക്കുട്ടിയുമായി സംസാരിക്കാം.' ഇങ്ങനെ പറഞ്ഞ് ശങ്കരനെ മടക്കി അയച്ചു.
തെരുവത്തു രാമന് പിറ്റേ ദിവസം രാവിലെ തന്നെ ഉണ്ണീരിക്കുട്ടിയെ ഫോണില്‍ വിളിച്ചു. അപ്പോഴേക്കും ചീഫ് എഡിറ്ററുടെ താല്‍ക്കാലിക നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഉണ്ണീരിക്കുട്ടി അയച്ചുകഴിഞ്ഞിരുന്നു.

അതോടെ തായാട്ടുശങ്കരനും വാശിയിലായി. തനിക്കു പണമുണ്ട്. എനിക്ക് വിവരമുണ്ട് ഇതുരണ്ടും ഒരുമിച്ചുപോകുകയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിപ്പോയി. അങ്ങനെ അല്പകാലത്തെ പത്രാധിപത്യത്തിനു ശേഷം അദ്ദേഹം പഴയ ലാവണത്തിലേക്ക് തന്നെ മടങ്ങി.
പിന്നീട് വിപ്ലവത്തിന്റെ മുഖ്യപത്രാധിപരായി വന്നത് പി. പി ഉമ്മര്‍ കോയ ആയിരുന്നു.
പരപ്പില്‍ പുതിയപുരയില്‍ ഉമ്മര്‍കോയ
പരപ്പില്‍ പുതിയപുരയില്‍ ഉമ്മര്‍കോയ എന്ന പി.പി. ഉമ്മര്‍കോയ, ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ ഇദ്ദേഹം പൊതുപ്രവര്ത്തനങ്ങളില് സജീവമായിരുന്നു. 1954-ല്‍ മദ്രാസ് നിയമസഭയിലേക്ക് ഉമ്മര്‍ കോയ തിരഞ്ഞെടുക്കപ്പെട്ടു. 1960 ല്‍ പട്ടം താണുപിള്ള മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായും, പിന്നീട് ആര്. ശങ്കര്‍ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി ഉപാധ്യക്ഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന് അംഗം എന്നീ നിലകളിലും ഉമ്മര്‍കോയ പ്രവര്‍ത്തിച്ചതിനുശേഷമാണ് വിപ്ലവത്തിലെത്തുന്നത്.

പി. എ മുഹമ്മദ് കോയ എന്ന മുഷ്താഖും മുല്ലപ്പള്ളി രാമചന്ദ്രനുമായിരുന്നു അതുവരെ എഡിറ്റോറിയല്‍ ഡെസ്ക്കിലെ ദൈനംദിനകാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്നത്. തെറമ്മല് കൃഷ്ണന് വഴിയാണ് മുല്ലപ്പള്ളി രമചന്ദ്രന് വിപ്ലവത്തിലേക്ക് വരുന്നത്. കൃഷ്ണന്റെ ഉറ്റ സുഹൃത്തായ മുല്ലപ്പള്ളി ഗോപാലന് എന്ന സ്വതന്ത്യ സമരസേനാനിയുടെ മകനാണ് മുല്ലപ്പള്ളി രാമചന്ദ്രന്. വടകര-ചോമ്പാല പ്രദേശത്തെ മാതൃഭൂമിയുടെ സ്വന്തം ലേഖകന്‍ കൂടിയാണ് ഗോപാലന്. പലപ്പോഴും റിപ്പോര്‍ട്ടുകള്‍ എടുക്കാന്‍ അയക്കുന്നത് രാമചന്ദ്രനെയാണ്. അന്നുമുതലെ പത്രപ്രവര്‍ത്തനത്തില്‍ ഏറെ തല്പരനായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്. 'വിപ്ലവ'ത്തില്‍ ചേരുമ്പോള്‍ തന്നെ കക്ഷി ഒരു നിബന്ധന വച്ചിരുന്നു. രാത്രി സ്ഥിരമായി പത്രമോഫീസിലുണ്ടാകും. പിന്നെ ശനി, ഞായര്‍ ദിവസങ്ങളില്‍ ഫുള്‍ടൈം കാണും. അത് ഉണ്ണീരിക്കുട്ടി അംഗീകരിക്കുകയും ചെയ്തു. ശോഭീന്ദ്രനും എബ്രഹാം മാനുവലും മിക്കവാറും രാത്രികളില്‍ മുല്ലപ്പള്ളിയോടൊപ്പം കാണും. ചിലപ്പോഴൊക്കെ ബാബുരാജും കൂടും. ആ നാളുകളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളെന്ന് മുല്ലപ്പള്ളിയും ശോഭിന്ദ്രനും ബാബുരാജും ഒരേ സ്വരത്തില്‍ പറയുന്നു.

രാഷ്ട്രീയ തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ രാം മനോഹര്‍ ലോഹ്യയുടെ വലിയ ആരാധകനായിരുന്നു എബ്രഹാം മാനുവല്‍. സോഷ്യലിസ്റ്റായ ലോഹ്യ എഴുതിയ പുസ്തകങ്ങള്‍ ആരേയും ആവേശം കൊള്ളിക്കുന്നതാണ്. ആ പുസ്തകങ്ങളൊക്കെ വായിച്ചുപഠിച്ചിരുന്നു എബ്രഹാം മാനുവല്‍. പ്രസംഗമാണ് കക്ഷിയുടെ ഇഷ്ട വിഷയം. പത്രമോഫീസിലെ പണികളെല്ലാം കഴിഞ്ഞാല്‍ എബ്രഹാം മാനുവല്‍ പ്രസംഗത്തിന്റെ റിഹേഴ്സല്‍ തുടങ്ങുകയായി. എഡിറ്റോറിയല്‍ ഡെസ്ക്കിന്റെ മുകളില്‍ കയറിനിന്ന് ശബ്ദമുയര്‍ത്തിയുള്ള പ്രസംഗം. ശ്രോതാക്കളായി മുല്ലപ്പള്ളിയും ശോഭിന്ദ്രനും. ഇടക്ക് ചില വിഷയങ്ങളില്‍ കൊണ്ടുപിടിച്ച തര്‍ക്കമുണ്ടാകും. ശോഭിന്ദ്രന്റെ ചില രസകരമായ കമന്റുകള്‍ വരുന്നതോടെ അതൊരു കൂട്ടച്ചിരിയില്‍ കലാശിക്കും. പിന്നെ സംഘം ചേര്‍ന്ന് പാതിരാത്രിക്ക് നടന്നുപോയുള്ള കട്ടന്‍ചായ കുടി.

അക്കാലത്ത് മുല്ലപ്പള്ളിയുടെ സ്നേഹവും കരുതലും സംരക്ഷണവും തനിക്ക് ഒരു മുതിര്‍ന്ന സഹോദരനില്‍ നിന്നെന്നപോലെ ആയിരുന്നെന്ന് ശോഭിന്ദ്രന്‍ പറയുന്നു. കോഴിക്കോട് പാരഗണിനടുത്ത് ഒരു കുടുസുമുറി മുല്ലപ്പള്ളി വാടകയ്ക്ക് എടുത്തിട്ടുണ്ടായിരുന്നെങ്കിലും പത്രമോഫീസില്‍ ന്യൂസ് പ്രിന്റ് വിരിച്ച് എല്ലാവരുംകൂടി ഒന്നിച്ചുള്ള ഉറക്കം മറക്കാന്‍ കഴിയില്ല എന്നാണ് മുല്ലപ്പള്ളി പറയുന്നത്.

ഇതിനിടെ എറണാകുളത്തുനിന്ന് മറ്റൊരാള്‍ കൂടി വിപ്ലവത്തില്‍ എത്തി. പി. ഐ ശങ്കരനാരാണന്‍. ജോണ്‍ മാമ്പിള്ളിയുടെ 'മലബാര്‍ ഹെറാള്‍ഡ്' എന്ന ഇംഗ്ലീഷ് വീക്കിലിയില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെരുന്ന കെ. എന്‍ നായര്‍ വിപ്ലവം പത്രത്തിലൊരു ഒഴിവുണ്ടെന്നുപറയുന്നത്. അങ്ങിനെയാണ് ശങ്കരനാരായണന് വിപ്ലവത്തിലെത്തുന്നത്. ആദ്യദിവസങ്ങളില്‍ രാത്രി തങ്ങിയിരുന്നത് മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം കോഴിക്കോട്ടങ്ങാടിയിലെ ഉണ്ണീരിക്കുട്ടിയുടെ കൊപ്രക്കളത്തിന്റെ മച്ചിന് മുകളിലായിരുന്നു. ഒന്നുറങ്ങിവരുമ്പോഴേക്കും കാലില്‍ എലി കരണ്ടിരിക്കും. അങ്ങിനെഎലിക്കൂട്ടങ്ങളോട് മല്ലടിച്ച് അല്പദിവസം കഴിച്ചുകൂട്ടിയത് ഒരിക്കലുംമറക്കാനാകില്ലെന്നാണ് ശങ്കരനാരായണനും മുല്ലപ്പള്ളിയും പറയുന്നത്. പിന്നെ ശങ്കരനായണന്‍ മാവൂര്‍ റോഡിനടുത്തുള്ള പ്രിന്‍സ് ഹോസ്റ്റലിലേക്ക് മാറി.

വിപ്ലവത്തിന്റെ വാരാന്തപ്പതിപ്പിലാണ് ശങ്കരനാരായണന് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. കുമാരനാശാന്റെ 'കരുണയിലെ ചില അപാകതകള്‍' എന്നൊരു ലേഖനപരമ്പര തുടങ്ങിയിരുന്നു. ഏറെയൊന്നും സംസാരിക്കാത്ത ഫോട്ടോഗ്രാഫര്‍ ബാലന്റെ മനോഹരമായ ഫോട്ടോ, കാര്‍ട്ടൂണിസ്റ്റ് ബി. എം ഗഫൂറിന്റെ കാര്‍ട്ടൂണ്‍ സ്ക്കെച്ചുകള്‍(ആദ്യ പേജില്‍ ഇടയ്ക്കൊക്കെ രാഷ്ട്രീയ കാര്‍ട്ടൂണുകളും വരച്ചിരുന്നു) വാരാന്ത്യപ്പതിപ്പിന് ശോഭകൂട്ടുന്ന വിഭവങ്ങളായിരന്നു അവയെല്ലാണെന്ന് ശങ്കരനാരായണന് ഓര്‍ക്കുന്നു.
രത്നാസിംഗ്, ബാബുരാജ്, പി. എ കൃഷ്ണന് കുട്ടി, രാമചന്ദ്രന് തുടങ്ങിയവരായിരുന്നു റിപ്പോര്‍ട്ടര്‍മാര്‍. ആദ്യപേജില്‍ പോക്കറ്റ് കാര്‍ട്ടൂണുമുണ്ടായിരുന്നു. കോടിയേരിക്കാരന്‍ പി. ഗംഗാധരനായിരുന്നു വരച്ചിരുന്നത്. അക്കാലത്ത് പ്രസിദ്ധീകരണങ്ങളില്‍ കഥകളും ലേഖനങ്ങളും ധാരാളമായി എഴുതിക്കൂട്ടിയിരുന്ന കുട്ടികൃഷണന് നാരായണനഗരമാണ് പ്രധാന പ്രൂഫ് റീഡര്‍.
വിപ്ലവത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പത്രപ്രവര്‍ത്തകര്‍ക്ക് ഒരു സംഘടനയും അന്നുണ്ടായിരുന്നു- വിപ്ലവം എഡിറ്റോറിയല്‍ സ്റ്റാഫ് അസോസിയേഷന്. അതിന് പ്രത്യേക ഭരണഘടനയുമൊക്കെ അച്ചടിച്ചിരുന്നു.

പുതിയ വാര്‍ത്തകള്‍ക്കുവേണ്ടിയുള്ള നിതാന്ത ജാഗ്രത കോണ്ടുമാത്രമാണ് ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു ഗമാല്‍ അബ്ദുന്നാസറിന്റെ വൈകിവന്ന മരണം വിപ്ലവത്തിന്റെ ഒടുവിലത്തെ എഡിഷനില്‍ ചേര്ക്കാനായതെന്നും മുല്ലപ്പള്ളി ഓര്‍മിക്കുന്നു. മറ്റൊരു മലയാളപത്രത്തിലും ആ വാര്‍ത്ത അന്ന് വന്നില്ല. 1970ല്‍ അറബ് ലീഗ് സമ്മിറ്റിനെത്തുടര്‍ന്ന് അദ്ദേഹം ഹൃദയാഘാതം മൂലം 52ാം വയസ്സില്‍ മരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ തിളങ്ങുന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ചരമവാര്‍ത്ത ചൂടാറും മുമ്പ് കൊടുക്കാനായതോടെ 'വിപ്ലവ'സംഘത്തിന് എന്തെന്നില്ലാത്ത അഭിനിവേശമായി..!
വിപ്ലവത്തിന്റെ 'എക്സ്ക്ലൂസീവ്' വാര്‍ത്തകള്‍
പിന്നീടൊരിക്കല്‍ വിപ്ലവം പത്രം ഒന്നാം പേജില്‍ കിടിലന്‍ എക്സ്ക്ലൂസീവ് വാര്‍ത്ത കൊടുത്ത് മറ്റുപത്രക്കാരെയൊക്കെ ഞെട്ടിച്ചുകളഞ്ഞു. ഉഗാണ്ടയില്‍ ഇദിഅമീന്‍ ഭീകരവാഴ്ച നടത്തിയിരുന്ന കാലം. ഇദിഅമീനെക്കുറിച്ചുള്ള അതിഭയങ്കരകഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പാശ്ചാത്യപത്രങ്ങള്‍ അവയൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് തട്ടിവിടുന്നുമുണ്ട്. അങ്ങനെയിരിക്കെയാണ് വിപ്ലവം പത്രത്തില്‍ അന്നുവരെ മറ്റാരും കേട്ടിട്ടില്ലാത്ത ഒരുഗ്രന്‍ വാര്‍ത്ത വരുന്നത്. ഇദിയുടെ കുശിനിക്കാരന് പാലക്കാട്ടുകാരന് പട്ടര്!' ഒപ്പം ഇദിഅമീന്റെ ഗംഭീരമായൊരു ഫോട്ടോയുമുണ്ട്. ഒരു ഇന്ത്യന്‍ പത്രപ്രവര്ത്തകന് ഇദിഅമീനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഉഗാണ്ടയിലെത്തിയ സംഭവമായിരുന്നു വാര്‍ത്ത. എന്നാല്‍ ഉഗാണ്ടയിലെത്തിയപ്പോഴാണറിയുന്നത്, തന്റെ നിലവാരത്തിലുള്ളവര്ക്കുമാത്രമാണ് അമീന് ഇന്റര്‍വ്യൂവിന് അനുമതി നല്കു. അതുകേട്ടതോടെ പത്രപ്രവര്ത്തകന് നിരാശയായി. ഇനി എന്താണ് ചെയ്യാന്‍ കഴിയുക..? പത്രപ്രവര്‍ത്തകന്റെ പ്രയാസം മനസിലാക്കിയ ഇദിഅമീന്റെ സെക്രട്ടറി പറഞ്ഞു: താങ്കള്‍ വിഷമിക്കേണ്ട, ഒരു വഴിയുണ്ട്. കുറച്ചുദിവസം കാത്തിരിക്കണമെന്നുമാത്രം. പത്രക്കാരന് പൂര്‍ണ്ണ സമ്മതം. പക്ഷേ അതിനായി മറ്റുചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.
- കാര്യമെന്താണെന്ന് തെളിച്ചുപറയു. അമീനെ ഇന്റര്‍വ്യൂ ചെയ്യാനായിട്ട് എന്ത് ത്യാഗം ചെയ്യാനും ഞാനൊരുക്കമാണ്! ശരി . താങ്കളെ ഇന്നുതന്നെ ഉഗാണ്ടയിലെ പട്ടാളത്തില്‍ ലഫ്റ്റനന്റയി നിയമിക്കുന്നു. നാളെ മേജറായി പ്രമോഷന് നല്‍കാം. അതിനടുത്ത ദിവസം താങ്കള്‍ ലഫ്. കേണലാകുന്നു. പിന്നെ ബ്രിഗേഡിയര്‍. അവസാനം ലഫ്. ജനറലുമാവുന്നു. അതോടെ ഇദിഅമീന്റെ ഒപ്പമിരിക്കാനുള്ള പദവിയിലെത്തുകയായി താങ്കള്‍. ഒട്ടും വൈകാതെതന്നെ ആ നടപടികളെല്ലാം പൂര്‍ത്തിയാക്കി പത്രപ്രവര്ത്തകന് ലഫ. ജനറലാകുന്നു. അതോടെ ഇന്റര്‍വ്യൂവിന് അവസരമൊരുങ്ങി.
ഇദിഅമീന്റെ ഔദ്യോഗിക വസതിയിലൊരു വൈകുന്നേരം അഭിമുഖത്തിനൊരുങ്ങി ' ലഫ. ജനറല്‍ പത്രപ്രവര്ത്തകന്' എത്തി. മുന്നിലെ സിംഹാസനത്തില്‍ സര്‍വാഭരണവിഭൂഷിതനായി സാക്ഷാല്‍ ഇദിഅമീന്‍! ശരീരത്തിലെ ഏക വെളുപ്പെന്നുപറയാന് പല്ലുകള്‍ മാത്രം. അത് മുപ്പത്തിരണ്ടും കാണിച്ചുകൊണ്ടുള്ള ചിരിക്കുശേഷം അമീന് ചോദിച്ചു. ചായയോ കാപ്പിയോ..?
ചായ. നിമിഷനേരത്തിനുള്ളില്‍ ചായയുമായി പാചകക്കാരനെത്തി. തനി പാലക്കാടന്‍ ശൈലിയില്‍ കുശലം ചോദിക്കുന്നു. അതേ, ഒരു പാലക്കാടന്‍ പട്ടര്തന്നെ..!
പിന്നെ ആ വിസ്മയത്തിന്റെ ചായക്കാഴ്ചയിലേക്കായി പത്രപ്രവര്‍ത്തകന്റെ മുഴുവന്‍ ശ്രദ്ധയും.
ഇദിഅമീന്റെ അടുക്കളയിലേക്ക് ഈ പാലക്കാട്ടുകാരന് എങ്ങിനെ എത്തി എന്നോര്‍ത്ത് അത്ഭുതപ്പെട്ടിരുന്നുപോയി..!
മറ്റൊരുദിവസം ഇതിനേക്കാള്‍ വിചിത്രവും കൗതുകകരവുമായൊരു വാര്‍ത്ത പുറത്തുകൊണ്ടുവന്ന് മറ്റു മലയാള പത്രങ്ങളെ അപ്പാടെ ഞെട്ടിച്ചുകളഞ്ഞു വിപ്ലവം പത്രം!
നിക്സന് ആണ് അക്കാലത്തെ അമേരിക്കന്‍ പ്രസിഡന്റ്, കിസിഞ്ജര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും. അമേരിക്കയും ചൈനയും നിതാന്തശത്രുക്കള്. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ഒരു സുപ്രധാന ചര്‍ച്ചക്ക് കിസിഞ്ജര്‍ ന്യൂഡല്‍ഹിയിലെത്തിയിരുന്നു. ചര്‍ച്ചകഴിഞ്ഞ് നേരെ പോയത് പാകിസ്ഥാനിലേക്കാണ്. അവിടേയും പ്രധാനമന്ത്രിയോടൊപ്പം ചര്‍ച്ച. തുടര്‍ന്ന് അമേരിക്കയിലേക്ക് എന്നുപറഞ്ഞ് വിമാനം കയറിയത് ചൈനയിലേക്ക്. പ്രസിഡന്റ് നിക്സന് ചൈന സന്ദര്‍ശിക്കാനുള്ള പശ്ചാത്തലം ഒരുക്കാനായിരുന്നു ആ രഹസ്യസന്ദര്‍ശനം. ചൈനയില്‍ നിന്ന് യാത്രതിരിച്ച ഉടന്‍ കിസിഞ്ജര്‍ നാടകീയമായി പ്രഖ്യാപിക്കുന്നു: പ്രിസിഡന്റ് നിക്സന് അടുത്തുതന്നെ ചൈന സന്ദര്‍ശിക്കുന്നു..! ആജന്മശത്രക്കള് പരസ്പരം അടുക്കുന്നു എന്ന വാര്‍ത്ത ലോകത്തുള്ള പത്രങ്ങളെല്ലാം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു.
പിറ്റേ ആഴ്ചയിലാണ് രണ്ടാമത്തെ മഹത്തായ 'വിപ്ലവം' അരങ്ങേറിയത്. 'അമേരിക്കന്‍ സാങ്കേതികതയുടെ കുതിച്ചുചാട്ടം' എന്ന ശീര്‍ഷകത്തില്‍. അമേരിക്കയില്‍തന്നെ ചെയ്തുതീര്‍ക്കാനാകാത്ത വിധത്തില്‍ തിരക്കുള്ള കിസിഞ്ജര്‍ക്ക് എങ്ങനെ ഇന്ത്യാ-പാക്-ചൈന സന്ദര്‍ശനങ്ങള്‍ നടത്താന്‍ കഴിഞ്ഞു എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു അന്നത്തെ വിപ്ലവത്തിലെ 'എക്സ്ക്ലൂസീവ്' സ്റ്റോറി.
ആ വാര്‍ത്ത ആധികാരികമായി വ്യക്തമാക്കിയത് ഇതായിരുന്നു: അമേരിക്കന്‍ സാങ്കേതികത കൊണ്ട് ഒരുപോലെയുള്ള ഒന്നിലേറെ ആളുകളെ ഉണ്ടാക്കാന്‍ കഴിയും. അങ്ങനെയുണ്ടായ രണ്ട് കിസിഞ്ജര്മാരില് ഒരാള്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയപ്പോള്‍ മറ്റേ കിസിഞ്ജര്‍ ചൈനയിലേക്ക് പോകുകയായിരുന്നു..!
സത്യത്തില്‍ ഈ രണ്ടു ഭയങ്കര സ്റ്റോറികള്‍ വിപ്ലവത്തില്‍ വരാനിടയിയത് എങ്ങനെയെന്നോ?
വാഷിംഗ്ടണ്‍ പോസ്റ്റില്‍ നര്മ്മരസപ്രധാനമായോരു പംക്തിയുണ്ട്. പുലിറ്റ്സര്‍ പുരസ്കാരം നേടിയ അമേരിക്കന്‍ എഴുത്തുകാരനും കോളമിസ്റ്റുമായ ആര്‍ട്ട് ബുക്ക് വാള്‍ഡ് ആണ് അത് കൈകാര്യം ചെയ്യുന്നത്. നര്‍മ്മം ചേര്‍ത്ത് വിശ്വസിനീയമായ രീതിയില്‍ എന്തും എഴുതാനുള്ള അനുഗ്രഹീതമായൊരു കഴിവ് അദ്ദേഹത്തിനുണ്ട്. ഇത് അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞതാണെന്നു മനസിലാക്കാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു വിപ്ലവം ചെയ്തത്.

500-ലധികം പത്രങ്ങളില്‍ ഒരു സിന്‍ഡിക്കേറ്റഡ് കോളമായി രാജ്യവ്യാപകമായി പ്രസിദ്ധീകരിച്ചിരുന്ന ആ കോളം അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയിലും ഉണ്ടായിരുന്നു. വിപ്ലവത്തിലെ ആ വര്‍ത്തകളെക്കുറിച്ച് തോമസ് ജേക്കബ് മനോരമ ആഴ്ചപ്പതിപ്പിലെ കഥക്കൂട്ടില്‍ ഒന്നല്ല, രണ്ടുവട്ടും എരുവും പുളിയും ചേരുംപടി ചേര്‍ത്ത് എഴുതിയിരുന്നു.
ഉമ്മര്‍കോയ മുഖ്യപത്രാധിപരായതോടെ മുഖപ്രസംഗത്തിലെ തീപ്പൊരി സ്വഭാവം മാറി, തനിഗാന്ധിയന് രീതിയിലായി. വായനക്കാരുടെ എണ്ണം കുറയാന്‍ തുടങ്ങി. നാളുകളായിട്ടും ആര്‍ക്കും ശമ്പള വര്‍ദ്ധനവില്ല. തൊഴിലാളികള്‍ക്കിടയില്‍ മുറുമുറുപ്പേറി. ഒടുവില്‍ അവര്‍ സമരത്തിനൊരുങ്ങി. അതിന്റെ നേതൃനിരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനുമുണ്ടായിരുന്നു. അവര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു.

ഒരുദിവസം വൈകീട്ട് ഉണ്ണീരിക്കുട്ടി വീട്ടില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ പ്രസ്സില്‍നിന്ന് മാനേജര്‍ ഫോണില്‍ വിളിച്ചുപറഞ്ഞു: 'മുതലാളി ഇങ്ങോട്ട് വരരുത്, ആകെ കുഴപ്പമാണ്.'
'എന്റെ സ്ഥാപനത്തില്‍ വരരുതെന്നുപറയാന് ആര്‍ക്ക് എന്തവകാശം..? '
ചാടിഎഴുന്നേറ്റ് ആയിടെ കോയമ്പത്തൂരില്‍ നിന്നും വാങ്ങിയ ബെന്‍സുകാറില്‍ പ്രസ്സിലേക്ക് പാഞ്ഞുപോയി. ഉണ്ണീരിക്കുട്ടി അവിടെ എത്തിയതോടെ മുദ്രവാക്യം വിളിയുടെ ശക്തി ഏറി. പിന്തിരിപ്പന് മുതലാളി..ഇക്കളി തീക്കളി.. സുക്ഷിച്ചോ..!
ഉടന്‍തന്നെ കാറിനുമുന്നില്‍ മുല്ലപ്പള്ളിയും സംഘവും ചാടിവീണു. പിന്നെ കാറിനുകുറുകെ റോഡില്‍ കിടന്നു. കാറില്‍ നിന്നിറങ്ങി ക്ഷുഭിതനായി ഉണ്ണീരിക്കുട്ടി ചോദിച്ചു: ആരോടാണ് നിങ്ങളിങ്ങനെ സംസാരിക്കുന്നതെന്നറിയാമോ..?
നന്നായി അറിയാം... എം. എ ഉണ്ണീരിക്കുട്ടിയോട് തന്നെ..! മുല്ലപ്പള്ളിയാണത് പറഞ്ഞത്.
'പണമെനനിക്കൊരു പ്രശ്നമല്ല. നിങ്ങള്‍ പിന്മാറിയില്ലെങ്കില് പത്രം ഞാന്‍ അടച്ചുപൂട്ടും. '
'ശമ്പളം വര്‍ദ്ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ല..!'
ജീവനക്കാര്‍ക്കും വാശിയേറി. അവര്‍ ഉണ്ണീരിക്കുട്ടിയെ ഘേരാവോ ചെയ്തു. ഇതിനിടെ ഭാര്യ പാഞ്ചാലി സുഹൃത്തുക്കളോടും ബന്ധുക്കളോടും സംഗതി വിളിച്ചുപറഞ്ഞു. അവവര്‍ നേരിട്ട് ചെന്നുകാണുകയും ചെയ്തു. ഒട്ടേറെ ആളുകള്‍ തടിച്ചുകൂടി. വിട്ടുവീഴ്ചക്ക് ആരും തയ്യാറായില്ല. അന്ന് പത്രം ഇറങ്ങില്ലെന്ന് ഉറപ്പാക്കിയ ശേഷം രാത്രി ഒരുമണിയോടെ ഘേരാവോ അവസാനിപ്പിച്ചു. അതിനുശേഷം ഒട്ടും മടിക്കാതെ ഉണ്ണീരിക്കുട്ടി പത്രം ഓഫിസ് അടച്ചുപൂട്ടി. വിപ്ലവത്തില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് കോമ്പന്‍സേഷന്‍ കൊടുത്ത് പിരിച്ചുവിട്ടു.
ഉണ്ണീരിക്കുട്ടിയുടെ മനസ്സില്‍ പത്രം എന്ന ആവേശം എന്നിട്ടും പൂര്‍ണ്ണമായും കെട്ടടങ്ങിയിരുന്നില്ല. ചെറിയൊരു ഇടവേളയ്ക്കുശേഷം കോഴിക്കോട് നാലാം ഗേറ്റിന് സമീപത്തുള്ള മറ്റൊരു കെട്ടിടത്തില്‍ നിന്ന് സായ്ഹാനപത്രമായി വിപ്ലവം ഇറക്കി. രണ്ടുവര്‍ഷത്തെ ആയുസ്സേ ഇതിനുമുണ്ടായിരുന്നുള്ളു.

എന്തുതന്നെ ആയാലും പിപ്ലവം എന്ന പത്രം ഉണ്ണീരിക്കുട്ടിയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുതന്നെയായിരുന്നു. അതോടുകൂടിയാണ് കോഴിക്കോട്ടെ സാമൂഹ്യ സേവനരംഗത്ത് അദ്ദേഹം ശ്രദ്ധേയനായിത്തീര്‍ന്നത്. വ്യാപാരികളുടേയും വ്യവസായികളുടേയും സംഘടനയായ മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴിസിനെ ജനങ്ങളുടെ ഇടയിലേക്ക് ഇറക്കിക്കൊണ്ടുവന്നത് ഉണ്ണീരിക്കുട്ടി അതിന്റെ സാരഥ്യം വഹിച്ചപ്പോഴായിരുന്നു. എസ്. എന്‍ ട്രെസ്റ്റ് ചെയര്‍മാനായിരിക്കെ അധ്യാപകനിയമനത്തിന് ഡയറക്ടര്‍മാര്‍ കോഴവാങ്ങിയതിനെ ശക്തമായി എതിര്‍ത്ത് രാജിവച്ചവനാണ് ഉണ്ണീരിക്കുട്ടി.
ചെലപ്രത്തുള്ള വീട്ടില്‍നിന്ന് അദ്ദേഹം നഗരത്തിലേക്ക് താമസം മാറ്റിയപ്പോള്‍ ആ വീട് പ്രകൃതി ചികിത്സയ്ക്കുള്ള ആശുപത്രിയാക്കി. മാതാപിതാക്കളുടെ ഓര്‍മ്മ നിലനിര്‍ത്താനായി സഹോദരന് മനോജിനോടൊപ്പം ചേര്‍ന്ന് രാമാശ്രമം സ്ഥാപിച്ചു. സാഹിത്യകാരന്മാര്ക്കും ചിന്തകര്‍ക്കും നഗരത്തിന്റെ ബഹളത്തില്‍ നിന്നെല്ലാം മാറി ശാന്തമായിരുന്ന് എഴുതാനും വായിക്കാനുമുള്ള സൗകര്യമൊരുക്കി. ഈ സേവനങ്ങളെല്ലാം തികച്ചും സൗജന്യമായിരുന്നുവെന്നുകൂടി ഓര്‍ക്കണം. അവിടെ ധ്യാനത്തിലിരിക്കാനായി ഒരു ഗുഹതന്നെ സജ്ജീകരിച്ചിരുന്നു. അങ്ങനെ വ്യവസായപ്രമുഖന് എന്നതിലുപരി സാമൂഹിക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്നു ഉണ്ണീരിക്കുട്ടി. 2006ല്‍ 73മത്തെ വയസ്സില്‍ ഉണ്ണീരിക്കുട്ടി ഈ ലോകത്തോട് എന്നന്നേക്കുമായി യാത്രപറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!