കെടിഎസ് പടന്നയിൽ: അരനൂറ്റാണ്ടിലേറെ നാടകത്തിൽ, പിന്നെ സിനിമയിലെ ചിരിപ്പിക്കുന്ന അപ്പൂപ്പൻ
സിനിമാ നാടകരംഗത്ത് സജീവമായിരുന്ന സമയത്തും അല്ലാത്തപ്പോഴും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ സ്റ്റേഷനറി കട നടത്തുന്ന പടന്നയിലിനെ കണ്ട് പലരും ഞെട്ടിയിട്ടുണ്ട്.
നാടകത്തിൽ നിന്ന് മലയാള സിനിമയിൽ എത്തിയ നടന്മാരിൽ ഒരാൾ കൂടിയാണ് വിടവാങ്ങിയത്. നടനാകാനുളള രൂപമില്ല എന്ന് പറഞ്ഞവർക്ക് മറുപടി കൊടുക്കാനായി വാശിക്ക് നാടകം പഠിച്ച് അരങ്ങത്തേക്ക് എത്തി, അന്‍പതിലേറെ കൊല്ലം നാടകത്തില്‍, തുടർന്ന് മലയാളികൾ ഇഷ്ടപ്പെടുന്ന വേഷങ്ങളിലൂടെ രണ്ട് പതിറ്റാണ്ടോളം പ്രേക്ഷകരിൽ ചിരിയുണർത്തിയ കെടിഎസ് പടന്നയിൽ. സിനിമാ നാടകരംഗത്ത് സജീവമായിരുന്ന സമയത്തും അല്ലാത്തപ്പോഴും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ സ്റ്റേഷനറി കട നടത്തുന്ന പടന്നയിലിനെ കണ്ട് പലരും ഞെട്ടിയിട്ടുണ്ട്. നടനെന്ന ലേബലിനൊപ്പം സാധാരണക്കാരിൽ സാധാരണക്കാരനായിട്ട് കൂടിയായിരുന്നു പടന്നയിലിന്റെ ജീവിതവും. കലയെ സ്ഥിരമായ ജീവിത മാർഗമായി കണ്ടാൽ ജീവിക്കാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നും അതിനാൽ കട കൂടിയുളളത് കൊണ്ടാണ് താൻ പച്ചപിടിച്ചതെന്നുമായിരുന്നു ഇതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിരുന്നത്.
സാമ്പത്തിക പരാധീനതകള്‍ മൂലം ഏഴാം ക്ലാസില്‍ വെച്ച് പഠനം മുടങ്ങിയ പടന്നയിൽ കുട്ടിക്കാലത്തെ കലാതത്പരനായിരുന്നു. കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് നാടകത്തിൽ നടനാകാനായി ഏറെ അലഞ്ഞുതിരിഞ്ഞിരുന്നു കെടിഎസ് പടന്നയിൽ. പലരെയും സമീപിക്കുകയും ചെയ്തു. എന്നാൽ രൂപഭംഗിയാണ് നടന് വേണ്ടതെന്ന് മറുപടി നൽകി അയച്ചവരോട് മറുപടി നൽകിയത് ജീവിതം കൊണ്ടായിരുന്നു.

തൃപ്പൂണിത്തുറ ഊട്ടുപുര ഹാളില്‍ ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. അവിടുത്തെ വാർഷികാഘോഷത്തിൽ അവതരിപ്പിച്ച വിവാഹദല്ലാൾ എന്ന നാടകത്തിൽ ദല്ലാളായി പടന്നയിൽ അരങ്ങേറ്റം കുറിച്ചു. 65 വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്. പിന്നീട് കേരളം രൂപീകൃതമായപ്പോൾ സ്വയം രചിച്ച കേരളപ്പിറവി എന്ന നാടകം 1957ൽ തൃപ്പൂണിത്തുറയിൽ അവതരിപ്പിച്ചു. ശേഷം അമച്വർ നാടകങ്ങളിലും അവിടുന്ന് പ്രൊഫഷണൽ നാടക രംഗത്തേക്കും. തന്റെ അഭിനയത്തിന്റെ അമ്പത് പതിറ്റാണ്ടിൽ വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന എന്നിങ്ങനെ നിരവധി സമിതികളിലൂടെ കടന്നുപോയി പടന്നയിൽ.
തിരുവനന്തപുരത്ത് യാദൃശ്ചികമായി സംവിധായകൻ രാജസേനൻ കണ്ടൊരു നാടകത്തിൽ നിന്നാണ് കെ.ടി.എസ് പടന്നയിലിന്റെ അഭിനയം സിനിമയിലേക്ക് എത്തുന്നത്. രാജസേനന്റെ 'അനിയന് ബാവ, ചേട്ടന് ബാവ ആയിരുന്നു ആദ്യ ചിത്രം. ആ സിനിമയിലെ വേഷം ഹിറ്റായതോടെ പടന്നയിലിനെ തേടി നിരവധി കോമഡി വേഷങ്ങൾ എത്തി. വൃദ്ധന്മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണണപുരത്തെ നക്ഷത്രത്തിളക്കം എന്നി ചിത്രങ്ങളിലെ വേഷങ്ങളും നർമ്മ രംഗങ്ങളും പടന്നയിലിന് ഏറെ കയ്യടി നേടിക്കൊടുത്തു.

1990കൾ മുതൽ സിനിമയിൽ സജീവമായ പടന്നയിൽ140ൽ അധികം മലയാള സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മാനം തെളിഞ്ഞു, അവരുടെ വീട്, ജമീലാന്റെ പൂവന്‍കോഴി എന്നി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുളളത്. ഭാര്യ രമണി മരിച്ച് ഒരു മാസം ആകുന്നതിനിടെയാണ് കെടിഎസ് പടന്നയിലിന്റെ വിയോഗവും. ശ്യാം, സ്വപ്ന, സന്നന്‍, സാജന് എന്നിവരാണ് മക്കൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!