ഉണ്ണീരിക്കുട്ടി തിരികൊളുത്തിയ വിപ്ലവം!| Media Roots 31
മലയാള മാധ്യമരംഗത്തെ ഒരു ചെറുവിപ്ലവമായിരുന്നു കോഴിക്കോട് നിന്ന് പുറത്തിറങ്ങിയ 'വിപ്ലവം' പത്രം. അതിന്റെ പിറവിയെ കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുമാണ് ഇത്തവണ മീഡിയ റൂട്ട്സ്.
'വിപ്ലവം' എന്ന ദിനപത്രത്തിന് ആയുസ് കുറവായിരുന്നുവെങ്കിലും മലയാള പത്രരംഗത്ത് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന നഗരമായിരുന്ന കോഴിക്കോട്ടുനിന്നാണ് 'വിപ്ലവം' പൊട്ടിപ്പുറപ്പെട്ടത്. നഗരത്തിലെ പ്രമുഖ വ്യവസായിയായ എം. എ ഉണ്ണീരിക്കുട്ടിയാണ് ഇങ്ങനെയൊരു പത്രം തുടങ്ങുന്നത്. സത്യത്തില്‍ ഒരു വാശിപ്പുറത്താണ് വിപ്ലവത്തിന്റെ തുടക്കം..!

വ്യാപാരി-വ്യവസായികളുടെ ഭാരവാഹിയായിരുന്ന ഉണ്ണീരിക്കുട്ടിയുടെ ചില പ്രസ്താവനകള്‍ മാതൃഭൂമി പത്രത്തിന് കൊടുത്തു. അവരത് ചവറ്റുകുട്ടയിലെറിഞ്ഞു എന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ രോഷം, വാശി..! എന്നാല്‍പ്പിന്നെ ഇതോക്കെ അച്ചടിക്കാന്‍ ഒരു പത്രം തുടങ്ങുകതന്നെ. പല പേരുകള്‍ ആലോചിച്ചു. അടുത്ത സുഹൃത്ത് തെരുവത്ത് രാമന് ഉള്‍പ്പടെ പലരോടും പത്രത്തിനു പറ്റിയ പേര് നിര്‍ദ്ദേശിക്കാന്‍ പറഞ്ഞു. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു പേരുണ്ടായിരുന്നു. ആരെങ്കിലും ആ പേര് പറയുമോ എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു പേരു ചോദിക്കല്‍.

1969 ജനുവരിയില്‍ ഒരു ദിവസം രാവിലെ തെരുവത്ത് രാമനെ ഉണ്ണീരിക്കുട്ടി അത്യാവശ്യമായി തന്റെ വീട്ടിലേക്ക് ക്ഷിണിച്ചു. കക്കോടിക്കടുത്ത് ചേലപ്രത്തുള്ള ഉണ്ണീരിക്കുട്ടിയുടെ വീട്ടിലേക്ക് രാമന് രവിലെ തന്നെ എത്തി.
അദ്ദേഹത്തെ കണ്ട ഉടന്‍ ഉണ്ണീരിക്കുട്ടി പറഞ്ഞു: 'പത്രം തുടങ്ങാന്‍ തന്നെ തീര്‍ച്ചയാക്കി. കുറച്ചു നഷ്ടമൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാം. സാരമില്ല. കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റുമോ..?
രാമന് എന്തെങ്കിലും പറയും മുമ്പ് ഉണ്ണീരിക്കുട്ടി വീണ്ടും പറഞ്ഞു: പത്രത്തിന് 'വിപ്ലവം' എന്ന് പേരിടാമെന്ന് കരുതുന്നു.
അതോരു തമാശയായി കരുതിയ രാമന് പറഞ്ഞു: ഒന്നുകൂടി ആലോചിച്ചിട്ടുപോരെ പത്രം തുടങ്ങാന്‍..! ഒരു ചെറിയ പത്രമായ പ്രദീപം നടത്തിക്കൊണ്ടുപോകാന്‍ താന്‍ പെടുന്ന പങ്കപ്പാടുകളെക്കുറിച്ചു വിവരിച്ചു. അതൊന്നും തെല്ലും ഏശിയില്ല.
'വിപ്ലവത്തിനൊരു പത്രാധിപരെ വേണം. രാമേട്ടന് തന്നെ പറ്റിയ ഒരാളെ കണ്ടുപിടിച്ചു തരണം.'
നോക്കട്ടെ എന്ന രാമന്റെ മറുപടി ഉണ്ണീരിക്കുട്ടിക്ക് തൃപ്തിയായില്ല. നോക്കിയാല്‍ പോര. കണ്ടുപിടിച്ച് തരണം. എനിക്ക് മുഴുവന്‍ സമയവും പത്രത്തിനു വേണ്ടി കളയാനില്ല. അതുകൊണ്ട് നല്ല കാര്യപ്രാപ്തിയുള്ള ഒരു മാനേജരേയും വേണം. രാമന് എല്ലാം സമ്മതിച്ചവിടെ നിന്നുമിറങ്ങി. പെട്ടെന്നൊരാളെ കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനായില്ല.

ഇതിനിടെ കോഴിക്കോട് ഇംഗ്ലീഷ് പള്ളിക്കുസമീപം വയനാട് റോഡില്‍ കെട്ടിടം പണി തുടങ്ങി. 1966ല്‍ മനോരമയുടെ കോഴിക്കോട് എഡിഷന് തുടങ്ങിയത് വിപ്ലവം പത്രം ഓഫീസ് പണിയുന്നതിന് ഏതാണ്ട് എതിര്‍വശത്തായിരുന്നു.
കോഴിക്കോട്ടെ പ്രമുഖനായ സ്വാതന്ത്ര്യ സമരസേനാനി തറമ്മല്‍ കൃഷ്ണന്. നവകേരളം വാരികയുടേയും പത്രത്തിന്റെയും ഉടമയുൂം പത്രാധിപരുമായിരുന്നു അദ്ദേഹം. ഏറെ സാമ്പത്തീക നഷ്ടം സംഭവിച്ചതിനാല്‍ അത് നിന്നുപോയി. അങ്ങനെയിരിക്കെയാണ് ഉണ്ണീരിക്കുട്ടി വിപ്ലവത്തിലേക്ക് ക്ഷണിച്ച് മാനേജരും പത്രാധിപരുമായി നിയമിക്കുന്നത്. ഇതിനിടെ തറമേല്‍ കൃഷ്ണന്റ മകന് രാജേന്ദ്രന് തറമ്മലും ഉണ്ണീരിക്കുട്ടിയുടെ ഓയില്‍ മില്ലിലെ മാനേജറും കൂടി മദ്രാസില്‍ പോയി ഡബിള്‍ സിലിണ്ടര്‍ പ്രസ് വാങ്ങിക്കൊണ്ടുവന്നു. 'വിപ്ലവം' എന്ന പേരുള്‍പ്പടെ മൂന്നുപേരുകള്‍ ന്യൂസ് പേപ്പര്‍ രജിസ്റ്റാര്‍ക്ക് കളക്ടറേറ്റ് വഴി അയച്ചിരുന്നു. കുന്നിക്കല്‍ നാരായണനുമായുള്ള അടുപ്പത്തില്‍ നിന്നാണ് വിപ്ലവം എന്ന പേര് ഉണ്ണീരിക്കുട്ടിയുടെ മനസ്സില്‍ പതിഞ്ഞത്. ആറുമാസമെടുത്തു ലൈസന്‍സ് ലഭിക്കാന്‍.

അപ്പോഴേക്കും തറമ്മല്‍ കൃഷ്ണന് ഉണ്ണീരക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തിലായി. 'നിങ്ങള്‍ കൊപ്രയുടെ കാര്യം നോക്കുന്നതുപോലെയല്ല പത്രത്തിന്റെ കാര്യം...പത്രത്തിന് ചില ധര്‍മ്മങ്ങളുണ്ട്.' തുടര്‍ന്നുണ്ടായ നീരസത്താല്‍ വിപ്ലവത്തോട് സലാം പറഞ്ഞിരുന്നു. അങ്ങനെ പത്രം പുറത്തിറങ്ങും മുമ്പ് പുറത്താക്കപ്പെട്ട പത്രാധിപര്‍ എന്ന റെക്കാര്ഡിനുടമയായി തറമ്മല്‍ കൃഷ്ണന്.
മറ്റൊരു പത്രാധിപര്‍ക്കുവേണ്ടി വീണ്ടും തെരുവത്തുരാമന്റെ സഹായം തേടി ഉണ്ണീരിക്കുട്ടി. രാമന് വിപ്ലവത്തിന്റെ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ ഒരു ഫോട്ടോഗ്രാഫറും ചിത്രകാരനായ വാസുപ്രദീപുമുണ്ട്. പരസ്യനിരക്കുകളെക്കുറിച്ചുള്ള താരിഫിന്റെ പുറം ചട്ട ഡിസൈന്‍ ചെയ്യുന്ന തിരക്കിലാണ്. പത്രത്തിന്റെ മാസ്റ്റ്ഹെഡ് വടിവൊത്ത അക്ഷരത്തില്‍ വാസുപ്രദീപ് ചെയ്തുകഴിഞ്ഞിരുന്നു. ഉണ്ണീരിക്കുട്ടിയുടെ മകള്‍ ജലജ അന്ന് കൊച്ചുകുട്ടിയാണ്. ആ കുഞ്ഞിന്റെ ചിത്രമാണ് പുറം ചട്ടയുടെ പശ്ചാത്തലം.
ഇവിടെ നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ വാസുപ്രദീപ് എന്ന ഭാവനാശാലിയെക്കുറിച്ച് അല്പം പറയേണ്ടതുണ്ട്.
കോഴിക്കോടിന്റെ സാംസ്കാരിക കലാരംഗത്തേക്ക് പടര്‍ന്നു പന്തലിച്ചുനിന്നിരുന്നു വസുപ്രദീപ്. 1951ല്‍ കോഴിക്കോട് മിഠായിത്തെരുവില്‍ പ്രദീപ് ആര്‍ട്സ് എന്ന ചിത്രകലാസ്ഥാപനം തുടങ്ങി. മാതൃഭൂമി ജനറല്‍ മാനേജര്‍ കൃഷ്ണന് നായരുടെയും എന്‍.വി കൃഷ്ണവാര്യരുടേയും നേതൃത്വത്തില്‍ ലിപി പരിഷ്ക്കരണത്തിനൊരുങ്ങി. അന്നത്തെ സുപ്പര്‍വൈസര്‍ രാജേന്ദ്രന് തറമ്മലും വാസുപ്രദീപും കുഞ്ഞാണ്ടിയും ചേര്‍ന്ന സംഘം രാപകല്‍ ഏറെ ബുദ്ധിമുട്ടി. മലയാള അക്ഷരങ്ങള്‍ 56 ല്‍ നിന്ന് 52 അയി ചുരുക്കിയപ്പോള്‍ വാസുപ്രദീപാണ് ലിപി പരിഷ്ക്കരണത്തിനായി മുഴുവന്‍ അക്ഷരങ്ങളും എഴുതിയുണ്ടാക്കിയതെന്ന് അറിയുന്നവര്‍ ചുരുക്കം. എസ്.കെ നായരാണ് വാസുപ്രദീപിന്റെ ലിപിയോടെയുള്ള മോണോടൈപ്പ് മെഷ്യന് മാതൃഭൂമിക്ക് കൊടുത്തത്. മിഠായ് ത്തെരുവിലെ 'പ്രദീപ് ആര്‍ട്സ്' ഒരുകാലത്ത് കോഴിക്കോടിന്റെ പ്രധാന ബിംബങ്ങളിലൊന്നായിരുന്നു എന്ന് പഴമക്കാര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും.

ഇനി വിപ്ലവത്തിന്റെ പത്രാധിപര്‍ ആരായിരിക്കണം എന്നതിനെക്കുറിച്ച് തെരുവത്തു രാമന് തലപുകഞ്ഞാലോചിച്ചു. പല പേരുകളും തെളിഞ്ഞുവന്നു. ഉണ്ണീരിക്കുട്ടിയുമായി ഒത്തു പോകുന്ന വിപ്ലവചിന്താഗതിക്കാരന് വേണമല്ലോ..! ഇതിനിടയ്ക്ക് ഉണ്ണീരിക്കുട്ടിയുടെ ഫോണ്‍ പലപ്പോഴായി വന്നുകൊണ്ടിരുന്നു. ഒടുവില്‍ അങ്ങനെയൊരാളെ രാമന് കണ്ടേത്തി. തവന്നൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അധ്യാപകനായ തായാട്ട് ശങ്കരന്. അനുകാലിക രാഷ്ടീയ വിഷയങ്ങളില്‍ സാമാന്യം നല്ല അറിവ്. സ്വന്തമായൊരു ഭാഷാശൈലി. പ്രശ്നങ്ങള്‍ അപഗ്രഹിക്കാനുള്ള മിടുക്ക്. അറിയപ്പെടുന്ന സാഹിത്യകാരന് അദ്ദേഹത്തെതന്നെ ഉറപ്പിച്ചു.

അത്യാവശ്യമായൊരു കാര്യം സംസാരിക്കാനുണ്ട്. അടുത്ത ദിവസം പ്രദീപം ഓഫീസില്‍ എത്തിയാല്‍ കൊള്ളാമെന്ന് ശങ്കരനെ ഫോണില്‍ വിളിച്ചറിയിച്ചു രാമന്. പിറ്റേദിവസം തന്നെ ശങ്കരന് എത്തി. 'വിപ്ലവത്തിന്റെ പത്രാധിപരാകണം.'
ഇതുകേട്ടപ്പോല്‍ ശങ്കരന് വലിയ സന്തോഷം. തവന്നൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തല്ക്കാലം അവധി എടുത്താല്‍ മതി. ആ നിര്‍ദ്ദേശത്തോട് ശങ്കരന് യോജിച്ചു.
തെരുവത്ത് രാമന് ഉടന്‍ ഉണ്ണീരിക്കുട്ടിയെ ഫോണില്‍ വിവരം അറിയിച്ചു. കക്ഷി വേഗംതന്നെ പ്രദീപത്തിലെത്തി. ഇരുവരും പരസ്പരം പരിചയപ്പെട്ടു. രണ്ടാം ദിവസം വിപ്ലവത്തിന്റെ പത്രാധിപരായി തായാട്ടു ശങ്കരന് ചാര്‍ജ് എടുത്തു.
വിപ്ലവചിന്താഗതിക്കാരനായിരുന്നു തായാട്ട് ശങ്കരന്. ഒപ്പം തികഞ്ഞ ഗാന്ധിയനുമാണ്. അധ്യാപകനായാണ് ജീവിതത്തിന്റ ഏറിയ പങ്കും ചെലവിട്ടതെങ്കിലും രാഷ്ട്രീയത്തിലായിരുന്നു പ്രിയം. പത്രപ്രവര്‍ത്തനം എന്നത് അതിന്റെ പ്രകടിത മുഖം മാത്രമായിരുന്നു.
അതിനിടെ പ്രഗത്ഭരായ ഒരുപറ്റം ആളുകളേയും ഉണ്ണീരിക്കുട്ടി കണ്ടെത്തിയിരുന്നു. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു പി എ മുഹമ്മദ് കോയ എന്ന മുഷ്താഖ്.

1945ല്‍ പൗരശക്തി പത്രാധിപ സമിതിയിലാണ് പി എ മുഹമ്മദ് കോയ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.
എന്നാല്‍ അദ്ദേഹത്തിലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വികാസം പ്രാപിച്ചത് ചന്ദ്രികയിലെ പ്രവര്‍ത്തന കാലത്താണ്. ഇടതുപക്ഷ സഹയാത്രികനാണെന്നറിഞ്ഞിട്ടും പുതുതായി ആരംഭിക്കുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ചുമതല അദ്ദേഹത്തെയാണ് സി. എച്ച്മുഹമ്മദ് കോയ ഏല്‍പ്പിച്ചത്. ചരിത്രവും സാഹിത്യവും സ്പോര്‍ട്സും കലയും തുടങ്ങി ഒരു സമ്പൂര്‍ണ വാരികയ്ക്ക് വേണ്ട എല്ലാ വിഭവങ്ങളും മിക്കവാറും പല പേരുകളിലായി എഴുതിയിരുന്നത് പി.എ ആയിരുന്നു.
ചില ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ചന്ദ്രികയില്‍ നിന്ന് പിരിയേണ്ടിവന്നപ്പോഴാണ് വിപ്ലവത്തില്‍ അദ്ദേഹം ചേര്‍ന്നത്.
മൂടാടി ദാമോദരന്‍ , ടി. ശോഭിന്ദ്രന്‍, കൊടമന വേണു, ദയാനന്ദന്, ഹരിദാസന്, എബ്രാഹാം മാനുവല്‍, മലബാറിലെ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായി അറിയപ്പെട്ടിരുന്ന ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുള്ള മുല്ലപ്പള്ളി രാമചന്ദ്രന്,

അധ്യാപകരായ ബാലകൃഷ്ണക്കുറുപ്പും രാമചന്ദ്രനും പാര്‍ട്ട് ടൈം പ്രവര്‍ത്തകരായും എഡിറ്റോറിയല്‍ വിഭാഗത്തില്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. അല്പനാളുകള്ക്കു ശേഷമാണ് 'യുവകല' എന്ന മാസിക സ്വന്തമായി നടത്തിയിരുന്നു ബാബുരാജ് വിപ്ലവത്തിലെത്തുന്നത്. യുവകലമാസികയുടെ ഉപദേശകസമിതിയിലുണ്ടായിരുന്നു തായാട്ട് ശങ്കരന്. ആ പരിചയം വഴിയാണ് ബാബുരാജ് വരുന്നത്.
പുതിയ പത്രത്തിന്റെ പ്രകാശനോല്ഘാടന ചടങ്ങില്‍ കെ. പി കേശവമേനോന് അദ്ധ്യക്ഷനായിരുന്നു. കോഴിപ്പുറത്ത് മാധവമേനോനും തെരുവത്ത് രാമനും ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

തുടക്കത്തില്‍ വിപ്ലവം ഉന്നത നിലവാരം പുലര്‍ത്തി. പ്രതീക്ഷയില്‍ കവിഞ്ഞ പ്രചാരം. ഏതാണ്ട് 30,000 കോപ്പിയോളമുണ്ടായിരുന്നു. 13 ലക്ഷം രൂപ മുടക്കിയാണ് അരനൂറ്റാണ്ട് മുമ്പ് റോട്ടറി പ്രസ് ഓര്‍ഡര്‍ ചെയ്തത്. കോഴിക്കോട്ട് അന്ന് എവിടേയും റോട്ടറി പ്രസ്സ് ഇല്ല.
ചെറുപ്പത്തിലെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഉണ്ണീരിക്കുട്ടി പത്രത്തിന് ഒരു ഇടതുപക്ഷരാഷ്ട്രീയ മുഖം കൊടുക്കാനാണ് ശ്രമിച്ചത്. തായാട്ടു ശങ്കരന്റെ മുഖപ്രസംഗങ്ങള്‍ പലതും ശ്രദ്ധേയങ്ങളായി. അഴിമതിക്കാരും കൈക്കൂലിക്കാരും പേടിയോടെ വിപ്ലവത്തെ കാണാന്‍ തുടങ്ങി. ചെറുപ്പാക്കാര്‍ക്ക് പ്രിയപ്പെട്ട പത്രമായി വിപ്ലവം മാറിക്കഴിഞ്ഞു. അവധി പിന്‍വലിച്ച് ശങ്കരനെ ഉദ്യോഗത്തിലേക്ക് തിരിച്ചയക്കാന്‍ സര്‍ക്കാരില്‍ പല ഉന്നതരും സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ ഒരു പത്രാധിപരെന്ന നിലയില്‍ ദീര്‍ഘകാലത്തെ അനുഭവമുള്ള മന്ത്രി സി. എച്ച് മുഹമ്മദ് കോയ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല.

ഉണ്ണീരിക്കുട്ടിയെക്കുറിച്ച് അല്പം
നാളികേരക്കച്ചവടവും കൃഷിയുമൊക്കെയുള്ള കോഴിക്കോട്ട് വളരെ സമ്പന്നമായ മേലെഅടുവാട്ടില് തറവാട്. അവിടെ എം. എ രാരിച്ചന്‍ എന്ന കോണ്‍ഗ്രസ് അനുഭാവിയുടെ മകനായാണ് ഉണ്ണീരിക്കുട്ടിയുടെ ജനനം. തറവാട്ടിലെ പല വ്യാപാരങ്ങളിലുമായി മുന്നൂറോളം ജോലിക്കാരുണ്ടായിരുന്നു അക്കാലത്ത്. അച്ഛന് കോണ്‍ഗ്രസ് അനുഭാവിയാണെങ്കിലും ഉണ്ണീരിക്കുട്ടിക്ക് നന്നേ ചെറുപ്പം മുതല്‍ കമ്മ്യൂണിസത്തോടായിരുന്നു കമ്പം. ഇത് വീട്ടുകാര്‍ അറിയാനിടയായൊരു സംഭവം ഉണ്ടായി. ഒരുനാള്‍ കുട്ടിയായ ഉണ്ണീരി ലെനിന്റേയും സ്റ്റാലിന്റേയും വലിയ രണ്ട് ചിത്രങ്ങളുമായി വന്ന് വീടിന്റെ പൂമുഖത്ത് ചുമരില്‍ തൂക്കിയിട്ടു. പിറ്റേദിവസമാണ് പിതാവ് രാരിച്ചന്റെ ശ്രദ്ധയില്‍ അത് പെട്ടത്. മകനെ വിളിച്ച് വഴക്കുപറഞ്ഞു. പിന്നെ ചിത്രമെടുത്ത് മാറ്റാനും കല്പ്പിച്ചു.

ചുമരില്‍ നിന്നു മാത്രമേ ആ ചിത്രങ്ങള്‍ മാറ്റാന്‍ പിതാവിനായുള്ളു. അന്നുമുതല്‍ ആ രണ്ട് ചിത്രവും ഉണ്ണീരിക്കുട്ടി മനസ്സില്‍ പ്രതിഷ്ടിച്ചു.
19-ാം വയസ്സിലായിരുന്നു ഉണ്ണീരിക്കുട്ടിയുടെ വിവാഹം. കരുവിശ്ശേരി മാടമ്പത്ത് സാമിക്കുട്ടിയുടെ 13 വയസ്സു പ്രായമുള്ള പാഞ്ചാലിക്കുട്ടിയാണ് വധു. അക്കാലങ്ങളില്‍ ബിസിനസ്സില്‍ പിതാവിനെ സഹായിക്കുകമാത്രമായിരുന്നു ഉണ്ണീരിക്കുട്ടിയുടെ ജോലി. എന്നാല്‍ 25-ാം വയസ്സില്‍
രാരിച്ചന്‍ മകനെ വിളിച്ച് 10,000 രൂപ കൈയില്‍ കൊടുത്തുകൊണ്ടു പറഞ്ഞു: നിനക്ക് ഈ പണം കൊണ്ട് സ്വന്തമായി എന്തു ബിസിനസുവേണമെങ്കിലും ചെയ്യാം.
അങ്ങനെയാണ് ഉണ്ണീരിക്കുട്ടി കോഴിക്കോട്ട് ഓയില്‍ മില്‍ തുടങ്ങുന്നത്. കഠിനാദ്ധ്വാനവും ആദര്‍ശനിഷ്ഠയും കൊണ്ട് വച്ചടി വച്ചടി കയറ്റമായിരുന്നു. രാവിലെ ഏഴരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചെത്തുന്നത് രാത്രി ഏറെ വൈകിയായിരിക്കും. ചിലപ്പോള്‍ പലര്‍ച്ചെ മൂന്നുമണിക്കൊക്കെ കാറുമെടുത്ത് കൊപ്രക്കളത്തിലും ഓയില്‍ മില്ലിലുമൊക്കെ പരിശോധന നടത്തും.

ഒരിക്കലും അഹങ്കരിക്കരുതെന്നും വിനയം വിടരുതെന്നും ജീവിതത്തില്‍ കുറെയൊക്കെ ആദര്‍ശനിഷ്ഠ വേണമെന്നും ആ പിതാവ് ഉണ്ണീരിക്കുട്ടിയെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. അച്ഛന്റെ ഉപദേശം തെറ്റിനടക്കാന്‍ ഒരിക്കലും ഉണ്ണീരിക്കുട്ടി തയ്യാറുമല്ലായിരുന്നു. എന്നാല്‍ വാശി കറിയാല്‍ വിട്ടുകൊടുക്കുന്ന പ്രശ്നവുമില്ല.
പുതുതായി തുടങ്ങിയ പത്രത്തിന്റെ കാര്യത്തിലും ഈ വാശിയാണ് പ്രശ്നമായത്. കേരളത്തില്‍ നക്സലൈറ്റുകളുടെ വിളയാട്ടം കൊടുമ്പിരിക്കൊണ്ടിരുന്നകാലത്താണ് ഉണ്ണീരിക്കുട്ടി 'വിപ്ലവം' എന്ന പേരില്‍ പത്രം തുടങ്ങുന്നത്. വിപ്ലവാഹ്വാനങ്ങളുടെ വിളഭൂമിയായിരിക്കും ആ പത്രമെന്ന് ഒട്ടേറപ്പേര്‍ തെറ്റിദ്ധരിച്ചു. തായാട്ടുശങ്കരന്‍ പേരിന് ഉചിതമായ ആവേശത്തോടെ തന്നെ പത്രത്തെ നയിച്ചുവെന്നത് വേറെ കാര്യം..! അക്കാലത്താണ് നക്സലൈറ്റ് നേതാവ് വര്‍ഗീസ് കൊല്ലപ്പെട്ടത്. ആ വാര്‍ത്ത പത്രസ്ഥാപനത്തിലുണ്ടാക്കിയ വിപ്ലവത്തെക്കുറിച്ച് അടുത്ത ലക്കത്തില്‍ വിവരിക്കാം
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കപ്പല്‍ കുശിനിക്കാരന്റെ വേഷം; കടല്‍യാത്രാ രസം തേടി ടിജെഎസിന്റെ പരീക്ഷണങ്ങള്‍| Media Roots 15
ടി.ജെ.എസ് ജോര്‍ജ് കണ്ടെടുത്ത പോത്തന് ജോസഫിന്റെ ഇന്ത്യ| Media Roots 16
ടി.ജെ.എസ് ജോര്‍ജിന്റെ ജയില്‍വാസം; കെബി സഹായിയെ വിറപ്പിച്ച ചരിത്രം!| Media Roots 17
മഹാതിറിന്റെ മലയാളി ടച്ച്; ഹോങ്കോങില്നിന്ന് ടിജെഎസ് പകര്‍ത്തിയ ഏഷ്യ| Media Roots 18