നിര്‍ണ്ണയം: എംഎ ജോണ്‍ നയിച്ച പരിവര്‍ത്തനങ്ങള്‍| Media Roots 35
കേരള രാഷ്ട്രീയത്തിലും മാധ്യമ രംഗത്തും മറക്കാനാകാത്ത അടയാളങ്ങള്‍ ചേര്‍ത്തുവെച്ച എംഎ ജോണിന്റെ നിര്‍ണ്ണയം വാരികയെ കുറിച്ചാണ് ഇത്തവണ മീഡിയ റൂട്ട്സ്.
നിര്‍ണ്ണയം. ഇങ്ങനേയും ഒരു പ്രസിദ്ധീകരണം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എം. എ ജോണ്‍ പത്രാധിപരായ ഈ വാരിക എറണാകുളത്തുനിന്ന് 1970 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 35 പൈസമാത്രം വിലയിട്ട 16 പേജുള്ള 1/4 സൈസിലിറങ്ങിയ പ്രസിദ്ധീകരണത്തിന് സവിശേഷതകളേറെയുണ്ടായിരുന്നു.

നിര്‍ണ്ണയത്തിന് പതിവുരീതിയിലുള്ള മുഖചിത്രമൊന്നുമുണ്ടായിരുന്നില്ല. എഡിറ്റോറിയില്‍ പോലൊന്ന് ഏറ്റവും അവസാനപുറത്ത് അച്ചടിച്ചിരുന്നു. അദ്യലക്കത്തില് മുഖപ്രസംഗത്തില്‍ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു.:
അഭിലാഷങ്ങള്‍
അവകാശവാദങ്ങള്‍
നിരത്തുതോറും നിരന്നുതൂങ്ങുന്ന നിരവധി വാരികകളുടെ കൂട്ടത്തില്‍ വന്ന് തലനീട്ടി നിങ്ങളുടെ നോട്ടമിരക്കാനുള്ള മത്സരത്തിന് നിര്‍ണ്ണയമില്ല. ഞങ്ങളുടെ മത്സരം മറ്റൊരു രംഗത്താണ്.
മര്‍ദ്ദിതരായ ജനതയുടെ ചുമലില്‍ കയറിയിരിക്കുന്ന ഒരുപിടിയാളുകളുടെ ചൂഷണം തുടരാന്‍ അനുവദിക്കുന്ന ഏത് വ്യവസ്ഥയേയും ഞങ്ങള്‍ എതിര്‍ക്കും. അദ്ധ്വാനിക്കുന്നവന് അവകാശപ്പെട്ടതാണ് അഭിവൃദ്ധി എന്നു ഞങ്ങള്‍ കരുതുന്നു. അധികാരിവര്‍ഗവും ഭരണസംവിധാനവും നീതി ന്യായ വ്യവസ്ഥകളും സൈനീക ശക്തിയും സര്‍വകലാശാലകളും ഇവിടെ യാഥാസ്ഥിതകത്വത്തിന്റെ പരിരക്ഷകരായിരിക്കുകയാണ്. ഇതിനൊക്കെ സമൂലപരിവര്‍ത്തനം അടിയന്തിരമായി വരുത്താതെ പുരോഗതി സാധ്യമല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
സംതൃപ്തവും സമൃദ്ധവുമായ ജീവിതസാഹചര്യങ്ങളിലേക്ക് ഈ രാജ്യം കുതിച്ചെത്തമമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആരും ആരേയും ചൂഷ്ണം ചെയ്യരുതെന്ന് ഞങ്ങള്‍ എപ്പോഴും നിര്‍ബന്ധിക്കും.
നേതൃസ്ഥാനത്തിരിക്കുന്നവരുടെ താല്പര്യം കക്ഷിയുടെ താല്‍പ്പര്യമായും, കക്ഷിയുടെ താല്പത്യം രാജ്യതാല്പ്പര്യമായും ചിത്രീകരിക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. ചൂഷണരഹിതമായ സുഖജീവിതമാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതെന്തിനേയും 'നിര്‍ണ്ണയം' സ്വാഗതം ചെയ്യുന്നു. ലക്ഷ്യത്തില്‍ നിന്ന് അകലുന്നതാണ് ഞങ്ങെള സംബന്ധിച്ചിടത്തോളം അച്ചടക്കലംഘനം.

ലക്ഷ്യത്തിലെത്താനുള്ള വെമ്പലില്‍ ഞങ്ങളുടെ ശബ്ദത്തിന് ഇടര്‍ച്ച വന്നുവെന്ന് വരാം. എങ്കിലും അതൊരിക്കലും കലര്പ്പുള്ളതായിരിക്കുകയില്ല. പരസ്യത്തിന്റെ പിന്നിലുള്ള പണം ഞങ്ങളെ സ്വാധീനിക്കുകയുമില്ല.
നഷ്ടത്തെ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല പരസ്യം വേണ്ടെന്നുവച്ചത്. നിലനില്ക്കണമെങ്കില്, പതിനാറുപുറമുള്ള 'നിര്‍ണ്ണയ' ത്തിന് 35 പൈസ വീതം നിങ്ങള്‍ നല്‍കണം.
നിങ്ങളുടെ പണം ആരുടേയും സ്വകാര്യലാഭത്തിന് അല്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കാം. ഞങ്ങള്‍ക്ക് ലാഭവും വേണ്ട, നഷ്ടവും വേണ്ട.
'നിര്ണ്ണ'യത്തില്‍ കഥയും കവിതയും കാണുകയില്ല. ഞങ്ങള്‍ കലയുടെ ശത്രുക്കള്‍ ആയതുകൊണ്ടല്ല. കഥ പറയുന്നതിനേക്കാളേറെ പ്രാധാന്യം കാര്യം പറയുന്നതിന് കൊടുക്കേണ്ടിയിരിക്കുന്നു.
ആദ്യ ലക്കത്തിന്റെ അവസാനപുറമാണ് നിങ്ങള്‍ വായിക്കുന്നത്. ഞങ്ങള്‍ക്കു വേണ്ട ലേഖനം ഏതുതരത്തിലുള്ളതായിരിക്കണമെന്ന് നിങ്ങള്‍ ഇതിനകം മനസിലാക്കിയിരിക്കും. അങ്ങനെ മനസിലാക്കിയവര്‍ ലേഖനങ്ങള്‍ അയച്ചുതരണമെന്ന് അപേക്ഷിക്കുന്നു.
പ്രതിഫലമൊന്നും 'നിര്‍ണ്ണയം' നല്കുകയില്ല. 'നിര്‍ണ്ണയ'ത്തില്‍ നിങ്ങളും പങ്കാളികളാകുന്നുവെന്നതില് കവിഞ്ഞ് എന്തൊരു പ്രതിഫലമാണ് വേണ്ടത്.
ഇതൊക്കെയാണ് നിര്‍ണ്ണയത്തിന്റെ അഭിലാഷങ്ങളും അവകാശ വാദങ്ങളും. ഞങ്ങളുടെ അവകാശങ്ങളും നിങ്ങളുടെ ആഗ്രഹങ്ങളും ഒന്നായെങ്കില്‍......
ഞങ്ങളുടെ അവകാശവാദങ്ങള്‍ നിങ്ങളുടെ കൂടി അഭിപ്രായങ്ങളായിമാറിയെങ്കില്..... 1970 ഫെബ്രുവരി ഒന്ന് ഞായറാഴ്ച ഇറങ്ങിയ പ്രഥമ ലക്കത്തില്‍ ആദ്യപേജില്‍ തന്നെ കുറിപ്പുകള്‍ എന്ന ശീര്‍ഷകത്തില്‍ ബാദ്ഷാഖാന്റെ ഇന്ത്യാ സന്ദര്സനത്തെക്കുറിച്ചാണ് എഴുതിയിരുന്നത്.
ഖാന്അബ്ദുള് ഗാഫര്ഖാന് ഇന്ത്യയിലെത്തിയിട്ട് നാലരമാസമായി. രാജ്യമൊട്ടാകെ നടന്നു ആയിരിക്കണക്കിനാളുകളോട് അദ്ദേഹം പ്രസംഗിച്ചു. പ്രധാനമന്ത്രിക്ക് നല്കുന്ന രക്ഷാ ഏര്‍പ്പാടുകളും പോലീസ് സന്നാഹങ്ങളും വയര്‍ലസ്സും വളച്ചുകെട്ടലും ആയപ്പോള്‍ ആളുകൂടിയത് സ്വഭാവികമാണ്. പക്ഷെ, ബാദുഷാഖാനെ ക്ഷണിച്ചുവരുത്തിയവര്ക്കുതന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അസഹ്യമായിത്തുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ ആരും ഇന്ത്യാക്കാരനാണെന്നു ചിന്തിക്കുന്നില്ലെന്നു പരാതിപ്പെടുന്നുണ്ട് അദ്ദേഹം. അതേസമയം തന്നെ മുസ്ലീമുകള്‍ സ്വയം സംഘടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. പാകിസ്താനില്‍ ഹിന്ദുക്കള്‍ക്കു കിട്ടുന്ന പരിഗണനപോലും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്നില്ലെന്നുവരെ എത്തി, ബാദുഷാഖാന്റെ ആക്ഷേപം.
അതിര്‍ത്തിഗാന്ധി ഇന്ത്യയില്‍ വന്നിങ്ങനെ പറയാതിരുന്നെങ്കിലെ ഞങ്ങക്കത്ഭുതം തോന്നുമായിരുന്നുള്ളു. ബാദുഷാഖാന്‍ പറയുന്ന തരത്തില്‍ ഇവിടെ മുസ്ലീമുകള്‍ പീഡിപ്പിക്കപ്പെടുന്നതുകൊണ്ടോ ഇവിടെ വര്‍ഗീയത ഇല്ലാത്തതുകൊണ്ടോ അല്ലാ അത്. ഗാന്ധിശിഷ്യന്മാരെല്ലാം ബാദുഷാഖാനെപ്പോലെതന്നെ പ്രസംഗിക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് ഞങ്ങള്ക്കറിയാവുന്നതുകൊണ്ടാണ് അത്ഭുതമില്ലെന്നു പറഞ്ഞത്.
മതത്തെ മാറ്റിനിര്‍ത്തി വര്‍ഗിയതയെ കാണുന്ന ഗാന്ധിസരീതി ശുദ്ധകാപട്യമാണ്. മതമാണ് രോഗം. വര്‍ഗീയത രോഗലക്ഷണമാണ്. മതം അവസാനിക്കാതെ ഒരു വര്‍ഗ്ഗീയതയും അവസാനിക്കുകയില്ലെന്നതാണ്, യാഥാര്‍ത്ഥ്യം. എല്ലാ മതങ്ങളും ഒന്നാണ്. അവയൊക്കെ ഒരേസത്യത്തിലേക്ക് നയിക്കുന്നു, 'ഈശ്വര-അള്ളാ തോരേ നാം' എന്നൊക്കെപ്പാടിയും പ്രസംഗിച്ചും നടന്നാല്‍ വര്‍ഗീയത അവസാനിക്കുകയില്ല. മതസൗഹാര്‍ദ്ദമെന്നത് വെറും വഞ്ചനയാണ്; ഏറിവന്നാല്‍ അത് മതങ്ങളുടെ സഹവര്ത്തിത്വമേ ആകുന്നുള്ളു....''
ഇങ്ങനെപോകുന്നു അതിശ്കതമായ ഭാഷയിലുള്ള ആ ലേഖനം.
'ഹൈക്കോടതി ജനകീയാധികാരം തട്ടിപ്പറിക്കരുത്' എന്നാണ് കാഴ്ചപ്പാടുകള്‍ എന്ന പംക്തിയിലെ കറിപ്പിന്റെ രത്നച്ചുരുക്കം.
കള്‍ച്ചറല്‍ റവലൂഷന് ഇന്‍ ചൈന എന്ന പുസ്തകത്തെക്കുറിച്ചുള്ള നിരൂപണമാണ് സാഹിത്യം എന്ന പക്തിയിലുള്ളത്. പിന്നെ കത്തുകളാണ്. കല എന്ന തലവാചകത്തില്‍ മിണ്ടാപ്പെണ്ണിനെപ്പറ്റിയാണെഴുതിയിരിക്കുന്നത്. മലയാലളഭാഷയിലെന്നല്ല, ഇതരഭാഷകളില്പോലും അതുവരെ കണ്ടിട്ടില്ലാത്തൊരു പുതുമയാര്‍ന്ന പംക്തിയായിരുന്നു നിര്‍ണ്ണയം വാരികയിലെ എഴുതാപ്പുറം. പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവരുന്നവയുടെ വരികള്‍ക്കിടയില്‍ക്കൂടി വായിച്ചെടുക്കുന്ന കാര്യങ്ങള്‍ കലര്‍പ്പില്ലാതെ വായനക്കാരോട് തുറന്നുപറയുകയാണിവിടെ. അച്ചടിമാധ്യമനിരൂപണ കോളം.
തുടര്‍ന്നുവന്ന ലക്കങ്ങളിലൊന്നില്‍ നക്സല്‍ വര്‍ഗീസ് വധത്തെക്കുറിച്ച് മലയാലമനോരമ ദിനപത്രം റിപ്പോര്‍ട്ടുചെയ്തതിനെ കീറിമുറിച്ചുകൊണ്ടുള്ള എഴുതാപ്പുറം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഗതി ആയിരുന്നു. മുനി എന്ന തൂലികാനാമത്തില്‍ അത് എഴുതിയിരുന്നത് പി. രാജന് ആയിരുന്നു.
നിര്‍ണ്ണയത്തിലേക്ക് അയക്കുന്ന കത്തുകള്‍ എത്തരത്തിലുള്ളതായിരിക്കണമെന്നും പത്രാധിപര്‍ ഒരറിയിപ്പായി കൊടുത്തിരുന്നു. വായനക്കാരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടില്‍ വന്ന ആ കുറിപ്പിങ്ങനെ:

നന്നായി, ഒന്നാന്തരം എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന കത്തുകള്‍ കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിര്‍ണ്ണയത്തില്‍ വരുന്ന ലേഖനങ്ങളെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ കത്തുകളാണെഴുതേണ്ടത്. പൊതുപ്രാധന്യമുള്ള പ്രശ്നങ്ങളെക്കുറിച്ച് സുചിന്തിതമായ വിലയിരുത്തലുകള്‍ നടത്തിക്കൊണ്ടുള്ള കത്തുകളും സ്വാഗതാര്‍ഹമാണ്. എല്ലാ കത്തുകളിലും എഴുതുന്ന ആളിന്റെ പുര്‍ണ്ണ മേല്‍വിലാസം ഉണ്ടായിരിക്കണം.
പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തതാണെങ്കില്‍ അക്കാര്യം പ്രത്യേകം കാണിച്ചിരിക്കേണ്ടതാണ്.
പത്രാധിപര്‍.
കോളിളക്കം സൃഷ്ടിച്ച കാഴ്ചപ്പാടുകള്‍ എന്ന പംക്തി ആദ്യലക്കം തന്നെ കോടതിയുടെ ഇടനാഴികളില്‍ വലിയ ചര്‍ച്ചയായി മാറി. മന്ത്രിയായിരുന്ന പി. കെ കുഞ്ഞിനെതിരെ കൊണ്ടുവന്ന അഴിമതിആരോപണത്തെക്കുറിച്ച് ഹൈക്കോടതിയുമായി ബന്ധപ്പെടുത്തിയതിനെത്തുടര്ന്ന് കോടതി അലക്ഷ്യക്കേസിനെ നേരിടേണ്ടി വരുമെന്ന് അഭിഭാഷകര്‍ തന്നെ തറപ്പിച്ചുപറഞ്ഞെങ്കിലും അതൊന്നുമുണ്ടായില്ല. തുടര്‍ന്നുവന്ന ലക്കത്തില്‍ ഭൂപരിഷ്ക്കരണ നിയമം മണ്ണില്‍ പണിയെടുക്കുന്ന യഥാര്‍ത്ഥ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ആദ്യമായി എഴുതിയത് നിര്‍ണ്ണയം വാരികയായിരുന്നു. പാട്ടക്കാരെ ജന്മികളാക്കാന് മാത്രമേ അത് ഉപകരിച്ചുള്ളു. ഈ സത്യങ്ങലൊക്കെ ഇന്ന് ഹരിജനവിഭാഗങ്ങളിലെ വിദ്യാസമ്പന്നരായവരില് നിന്ന് ഉയര്‍ന്നു വന്നുതുടങ്ങിയിരിക്കുന്നു.
1000 കോപ്പികളാണ് ആദ്യലക്കം അച്ചടിച്ചത്. സുപ്രീം കോടതി വക്കീലായിരുന്ന എം. ആര് രാജേന്ദ്രന് നായരുടെ പിതാവിന് ഒരു പ്രസ്സ് ഉണ്ടായിരുന്നു. ഗോപാലപ്രഭു റോഡിലുള്ള എംപീസ് പ്രസ്സ്. അവിടെയായിരുന്നു നിര്‍ണ്ണയം വാരിക അച്ചടിച്ചിരുന്നത്. ഇപ്പോള്‍ കാണുന്ന ആബാദ് പ്ലാസ ഹോട്ടലിന് സമീപമുണ്ടായിരുന്ന എം എ ജോണിന്റെ സഹോദരന്റെ വീട് തന്നെയായിരുന്നു നിര്‍ണ്ണയത്തിന്റെ ഓഫീസ്. പ്രസിദ്ധീകരണം ഒരിക്കലും നഷ്ടത്തില്‍ പോയിരുന്നില്ലെന്ന് അതിന്റെ പിന്നിലെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്ന മുതിര്‍ന്ന പത്രപ്രവര്ത്തകന് പി. രാജന് ഓര്‍ക്കുന്നു. ആശയപരമായി ഏറെ വലിയൊരു ബന്ധമാണ് പി. രാജനും എം. എ ജോണും തമ്മിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുടക്കാരന് വട്ടപ്പറമ്പില്‍ നാരായണ മേനോന്റെ മകനാണ് രാജന്. 1947ല്‍ കുടുംബസമേതം മേനോന് എറണാകുളത്തേക്ക് താമസം മാറ്റി. മഹാരാജാസ് കോളേജിലും ലോക്കോളേജിലുമായി രാജന് പഠനം തുടര്‍ന്നു. ഇതിനിടെ എം. എ ജോണ്‍ എന്നൊരു വിദ്വാനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് പരിചയപ്പെടുന്നത് ഒരണാസമരത്തിനുശേഷമാണ്. എപ്പോഴും തത്വചിന്താപരമായി സംസാരിക്കുന്ന രാജന് ജോണിനോട് എന്തെന്നില്ലാത്ത ഒരടുപ്പം അത് വളര്‍ന്ന് വന്നതോടെ ഇണപിരിയാത്ത ചങ്ങാതികളായി മാറി. ഇരുവരുടേയും നിരന്തരമായ ചിന്തകളില്‍ നിന്നാണ് നിര്‍ണ്ണയം വാരിക ജന്മംകൊണ്ടത്.
പി. രാജന് 1962ല്‍ മാതൃഭൂമി ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്നിരുന്നു. അന്ന് ഒരു കോളേജ് അധ്യാപകന് കിട്ടുന്നതില്‍ കൂടുതല്‍ ശമ്പളം മാതൃഭൂമിയില്‍ നിന്ന് കിട്ടുമായിരുന്നു. മാതൃഭൂമിയിലെ ജോലിക്കിടയില്‍ തന്നെയാണ് നിര്‍ണ്ണയം രൂപകല്പന ചെയ്യാന്‍ സമയം കണ്ടെത്തിയത്.
ആരാണ് എം എ ജോണ്‍?

1936 ജൂണ്‍ 26-ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മറ്റത്തില്‍ കുളത്തനാനിയില്‍ എം.ജെ. എബ്രാഹാമിന്റെയും ഭാര്യ മറിയാമ്മ എബ്രാഹാമിന്റെയും ഏഴ് മക്കളില്‍ നാലാമനായി ജനിച്ചവനാണ് എ. എ ജോണ്‍. ആവേശകരമായ മുദ്രാവാക്യങ്ങള്‍ കൊണ്ട് കേരളത്തെ ഇളക്കിമറിച്ച കോണ്‍ഗ്രസിലെ പരിവര്‍ത്തനവാദികളുടെ ആദര്‍ശധീരനായ നേതാവായിരുന്നു ഒരുകാലത്തീ മനുഷ്യന്.
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സ്ഥാപക നേതാക്കളില്‍ ഒരാളായ ജോണ്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രംഗപ്രവേശം ചെയ്തത്. കെ.എസ്.യൂവില്‍ പ്രവര്‍ത്തിച്ച ശേഷം 1961-ല്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായും തുടര്‍ന്ന് 1963-ല്‍ ജനറല്‍ സെക്രട്ടറിയാകുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സിന് ദേശീയതലത്തില്‍ മാത്രം പ്രസിഡന്റുണ്ടയിരുന്ന അക്കാലത്ത് 1965-ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജ് എല്ലാ സംസ്ഥാന സമിതികളും പിരിച്ചുവിട്ടു. ഇതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് കെ. കാമരാജിന് ജോണ്‍ കത്തയയ്ക്കുകയുണ്ടായി. തുടര്‍ന്ന് ജോണിനെ രാജ്യവ്യാപകമായി, യൂത്ത് കോണ്‍ഗ്രസ് പുനസംഘടിപ്പിക്കാന്‍ രൂപവത്ക്കരിച്ച നാലംഗ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എങ്കിലും പിന്നീട് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പരിവര്‍ത്തന വാദി കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നല്കി. 1970 കാലഘട്ടങ്ങളില്‍ എം.എ. ജോണ്‍ നമ്മെ നയിക്കും എന്ന മുദ്രാവാക്യം ഏറെ പ്രശസ്തി നേടിയിരുന്നു.
അക്കാലത്ത് കേരളത്തിലെ ചുമരുകളായ ചുമരുകളിലെല്ലാം. രണ്ടുതരം പരസ്യമാണ് നിറഞ്ഞുനിന്നിരുന്നത്. അതില്‍ പരിവര്‍ത്തനവാദികളുടെ പരസ്യങ്ങള്‍ക്ക് ഏറ്റവും ചെലവുകുറഞ്ഞ രീതികളാണ് അവലംബിച്ചിരുന്നത്. ആ പരസ്യവാചകങ്ങളിങ്ങനെ:
'എം.എ.ജോണ്‍ നമ്മെ നയിക്കും
പരിവര്‍ത്തനവാദികള്‍ സിന്ദാബാദ്. '
'പരിപാടിയിലുള്ള പിടിവാശിയാണ്
പരിവര്‍ത്തനവാദികളുടെ പടവാള് '' അച്ചടക്കം അടിമത്തമല്ല'
കേരളം അന്നുവരെ കേട്ടിട്ടില്ലാത്ത പുതുമയുള്ള മുദ്രാവാക്യങ്ങള്‍. ഇത്രയേറെ ആവേശത്തോടെ എഴുതിയ മുദ്യാവാക്യങ്ങള്‍ അതിനുമുമ്പോ, പിമ്പോ കേരളം കണ്ടുകാണുകയില്ല.
രണ്ടാമത്തെ പരസ്യം ഇങ്ങനെയായിരുന്നു? വളം കടിക്കും പുഴുക്കടിക്കും ജാലിംലോഷന്‍ ഉപയോഗിക്കൂ എന്നതായിരുന്നു.

വയലാര്‍ രവിയാണ് ജോണിന് എറണാകുളത്ത് പ്രവര്‍ത്തനരംഗം ഒരുക്കിക്കൊടുത്തത്. ഇരുവരുടേയും കണ്ടുമുട്ടല്‍ ഏറെ രസകരമായിരുന്നു.
എം. എ ജോണ്‍ എന്നൊരു മിടുക്കന് കോട്ടയം സി. എം. എസ് കോളേജില്‍ ഉണ്ടെന്നറിഞ്ഞ്
സിംപ്സണ് എന്ന ഓമനപ്പേരില്‍ വീട്ടില്‍ അറിയപ്പെടുന്ന എം.കെ. രവീന്ദ്രന് എന്ന വയലാര്‍ രവി എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് യാത്ര തിരിച്ചു.
സി. എം. എസ് കോളേജിലെ ഗ്രേറ്റ് ഹാളിന്റെ വരാന്തയില്‍ വയലാര്‍ രവി എം.എ ജോണിനായി കാത്തിരുന്നു. കോളേജിന്റെ മുന്നിലുള്ള മെന്‍സ് ഹോസ്റ്റലില്‍ നന്നായി പ്രസംഗിക്കുന്ന ഒരു പ്രീ യൂണിവേഴ്സ്റ്റിക്കാരന് പയ്യന് ഉണ്ടന്ന് പറഞ്ഞത് രവിയുടെ അമ്മ ദേവകി കൃഷ്ണന് ആയിരുന്നു. അവര്‍ ആ വിവരം അറിഞ്ഞത് പി.ടി. ചാക്കോ എന്ന നേതാവില്‍ നിന്നാണ്.
എം.എ ജോണ്‍ പി.ടി ചാക്കോയ്ക്ക് വേണ്ടി സമ്മേളനങ്ങളില്‍ പ്രസംഗിച്ചു നടക്കുന്ന കാലം. ഹോസ്റ്റലിലെ എം.എ. ജോണിന്റെ കൂട്ടുകാര്‍ പറഞ്ഞു എന്തുതന്ന ആയാലും ജോണ്‍ വരും കാത്തിരിക്കുക.
സന്ധ്യകഴിഞ്ഞു..., രാത്രിയായി. വയലാര്‍ രവി സി.എം.എസ് കോളേജിലെ ചൂള മരങ്ങളുടെ കീഴില്‍ കാത്തിരുന്നു. അണ്ണാന് കുന്നില്‍ ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ഗ്രേറ്റ് ഹാളിന്റെ വരാന്തയില്‍ കയ്യിലിരുന്ന പത്രം നിലത്തുവിരിച്ചു നീണ്ടു നിവര്‍ന്നു കിടന്നു. യാത്രയുടെ ക്ഷീണവും, കാത്തിരിപ്പിന്റെ മടുപ്പും കൊണ്ട് പെട്ടെന്നുതന്നെ ഉറക്കത്തിലേക്ക് വഴുതിവീണു.
രാത്രി ഏറെ ചെന്ന് എം.എ.ജോണ്‍ എത്തിയപ്പോള്‍ സഹമുറിയന്മാര് ജോണിനെ അന്വേഷിച്ചു വന്ന ഒരു ചെറുപ്പക്കാരന് കോളേജ് ക്യാമ്പസില്‍ കാത്തിരിക്കുന്നതായി പറഞ്ഞു. ജോണ്‍ ക്യാമ്പസ്സില്‍ എത്തി. പൂര്‍ണ ചന്ദ്രന്റെ നിലാ വെളിച്ചത്തില്‍ അവര്‍ ആദ്യമായി കണ്ടു. വിദ്യാര്ത്ഥിരാഷ്ട്രീയത്തേയും ദേശീയ രാഷ്ട്രീയത്തേയും കുറിച്ച് അവര്‍ ആ രാത്രിയില്‍ ഏറെ ചര്‍ച്ച ചെയ്തു. തുടന്ന് ജോണിന്റെ പ്രവര്‍ത്തനങ്ങള്‍ എറണാകുളത്തേക്കും വ്യാപിപ്പിച്ചു.
(തുടരും)
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!