നാലാം ക്ലാസ് പഠനം, ഭിന്നശേഷി, 2700 പുസ്തകങ്ങള്: സതി എഴുതിക്കയറുന്ന ലോകം വലുതാണ്
ഭിന്നശേഷിമൂലം പഠനം മുടങ്ങിയപ്പോൾ സതിയുടെ അച്ഛനാണ് ലൈബ്രറി മെമ്പർഷിപ്പ് എടുത്ത് നൽകിയത്. നിലവിൽ 360 ബാലസാഹിത്യ ഗ്രന്ഥങ്ങൾ അടക്കം 2700 പുസ്തകങ്ങൾ എംവി സതി വായിച്ചു തീർത്തിട്ടുണ്ട്.
"നൂൽപാലം" എന്ന കഥയാണ് എംവി സതി ആദ്യമായി പ്രസിദ്ധീകരിച്ചത്. ശേഷം തുളുനാട്, സാന്ത്വനം, പൈതൃകം, തുടങ്ങിയ മാസികകളിലും എഴുതി. യുറീക്ക, മാധ്യമം, ബാലമംഗലം, ചന്ദ്രിക എന്നിവയിലും കഥകൾ എഴുതി. എയർ ഇന്ത്യ റേഡിയോ കണ്ണൂർ സ്റ്റേഷൻ സതിയുടെ കഥകളും കവിതകളും സംപ്രേഷണം ചെയ്തു. 2011 ൽ "ഗുളിക വരച്ച ചിത്രങ്ങൾ" എന്ന പേരിൽ 14 കഥകളുടെ സമാഹാരം പുറത്തിറക്കി. 2008 -2013 വർഷത്തെ മൂന്നാം ക്ലാസ് മലയാളം- കന്നഡ പാഠപുസ്തകത്തിൽ സതിയുടെ അനുഭവങ്ങളെക്കുറിച്ച് ഒരു പാഠം ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ലക്ഷ്യത്തിനായി സതിയെ ബ്രാൻഡ് അംബാസഡറായി (ജില്ലാ ഐക്കൺ) ജില്ലാ കളക്ടർ തിരഞ്ഞെടുത്തിരുന്നു. നിലവിൽ മൊബിലിറ്റി ഇൻ ഡിസ്ട്രോഫി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗവും, ഇടം, ചിറക്, ഇതൾ എന്നീ മാസികകളുടെ എഡിറ്റോറിയൽ ബോർഡ് അംഗം കൂടിയാണ് സതി.

1. സതിയുടെ കുട്ടിക്കാലത്തെ കുറിച്ച് പറയാമോ ? മസ്കുലാർ ഡിസ്ട്രോഫി ഉണ്ടെന്ന് എപ്പോഴാണ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത് ?
കുട്ടിക്കാലത്ത് ഞാൻ സാധാരണ കുട്ടിയെ പോലെ ആയിരുന്നു. നല്ല തടിയൊക്കെ ഉള്ള, കണ്ടാൽ സാധാരണ ഒരു കുഴപ്പവും ഇല്ലാത്ത ഒരു കുട്ടിയായിരുന്നു. മുട്ടിൽ ഇഴയേണ്ട പ്രായത്തിൽ ചെയ്യാതിരിക്കുകയോ ഇരിക്കേണ്ട സമയത്ത് ഇരിക്കാതിരിക്കുകയോ ചെയ്തപ്പോഴാണ് എന്നെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നാണ് എന്റെ അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുള്ളത്. കുട്ടികൾ വളരെ വൈകി മാത്രമേ നടന്ന് തുടങ്ങുകയുള്ളൂ, ചില കുട്ടികൾ വേഗം നടക്കും ചില കുട്ടികൾ സമയമെടുത്ത് മാത്രമേ ചെയ്യുകയുള്ളൂ എന്നൊക്കെ ചിലർ പറയുമായിരുന്നു. അങ്ങനെ ഓരോ സമയം മാതാപിതാക്കൾ കാത്തു നിന്നു. പിന്നീട് ഒന്നര വയസ്സിലാണ് എന്നെ ആദ്യമായി ഡോക്ടറെ കാണിക്കുന്നത്.തുടർന്നങ്ങോട്ട് ഒരുപാട് ചികിത്സകൾ ചെയ്തു, ആയുർവേദം ,അലോപ്പതി, ഹോമിയോപ്പതി തുടങ്ങിയെല്ലാം. ഒന്നിലും മാറ്റമുണ്ടായില്ല. പിന്നീട് മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ വെച്ചാണ് എൻറെ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. അന്ന് അവർ പറഞ്ഞത് പ്രായം കൂടുന്തോറും ഇത് ശരിയാകും എന്നാണ്. പക്ഷേ എനിക്ക് ഓരോ വർഷവും അവശത കൂടുകയാണ് ചെയ്തത്. കുട്ടിക്കാലത്ത് ഞാൻ ചുമര് പിടിച്ച് പിടിച്ച് പതുക്കെ നടക്കുമായിരുന്നു. സമയമെടുത്ത് ആയാലും ഞാൻ എന്റെ കാര്യങ്ങൾ സ്വയം ചെയ്തു തീർക്കുമായിരുന്നു. 2007 ഇൽ ബാത്റൂമിൽ പോയപ്പോൾ കാൽ ഒടിഞ്ഞു വീണു തീരെ വയ്യാണ്ടായി, ഇപ്പോൾ അമ്മയാണ് എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത്.
2. പുസ്തകങ്ങളും വായനയും എങ്ങനെയാണ് സതിയുടെ ജീവിതത്തെ സ്വാധീനിച്ചത് ?
നാലാം ക്ലാസ് വരെ മാത്രമേ എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടുള്ളൂ. എന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ഞാൻ പഠിച്ചത്. എന്റെ അച്ഛൻ അവിടെ അധ്യാപകനായിരുന്നു. അച്ഛൻ എന്നെ സ്കൂൾ വരെ എടുത്തു കൊണ്ടു പോയി പ്രത്യേകം ബഞ്ചിലിരുത്തിയാണ് എന്നെ പഠിപ്പിച്ചിരുന്നത്. വേറെ കുട്ടികൾ ആരെങ്കിലും എന്നെ തൊട്ടാൽ ഞാൻ താഴെ വീണു പോകുമായിരുന്നു. അങ്ങനെ ഉണ്ടാവാതിരിക്കാൻ അധ്യാപകരും കുട്ടികളും പ്രത്യേകം കെയർ ചെയ്തതിനാൽ പഠനം തുടർന്നു. പക്ഷെ എനിക്ക് നാലാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. യുപി സ്കൂൾ ദൂരെ ആയിരുന്നതിനാലും വേറെ കുട്ടികൾ അടുത്തെങ്ങും ഇല്ല എന്നാലും ഞാൻ ഒറ്റയ്ക്കായി, അത് ഒഴിവാക്കാൻ അച്ഛൻ പറഞ്ഞുതന്ന വഴിയായിരുന്നു വായന.
അങ്ങനെ വീടിനടുത്തുള്ള ഗ്രന്ഥാലയത്തിൽ അച്ഛൻ എനിക്ക് മെമ്പർഷിപ്പ് എടുത്തു തന്നു. അങ്ങനെ പുസ്തകങ്ങളെ എന്റെ കൂട്ടുകാർ ആക്കി ഞാൻ മാറ്റി. അങ്ങനെ 360 ബാലസാഹിത്യ ഗ്രന്ഥങ്ങൾ അടക്കം 2700 പുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ട്. ഈ പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ എല്ലാം എഴുതിവെച്ചിട്ടുണ്ട്. പല കഥകളും എഴുതിയിട്ടുണ്ട്. ഒരു കഥാസമാഹാരവും ഒരു കവിതാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. അതിലൂടെ എന്റെ മനസ്സിലെ വേദനകളും ഒരു പരിധിവരെ അടക്കാൻ എനിക്ക് കഴിയുന്നുണ്ട്.
3. ഭിന്നശേഷിയുള്ളവരുടെ കഥകൾ സമൂഹത്തിന്റെ മുൻനിരയിൽ ഇടം പിടിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ ?
മുമ്പ് ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ഉണ്ട്. പണ്ടൊക്കെ ഈ ഭിന്നശേഷിയുള്ളവർ വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ പെട്ടുപോകാൻ വിധിക്കപ്പെട്ടവരായിരുന്നു അല്ലെങ്കിൽ ഒതുങ്ങി കഴിയാൻ വിധിക്കപ്പെട്ടവരായിരുന്നു. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. 90 ശതമാനം പേരും വീട്ടിനു പുറത്തു പോകാൻ കഴിയുന്നവരാണ്. സ്വന്തം കാലിൽ നിൽക്കാൻ എനിക്കും പറ്റും എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് പലരും. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈ എന്ന കൂട്ടായ്മ 2009 ഇൽ പുറത്തിറക്കിയ ഒരു മാഗസിൻ ആയിരുന്നു ചിറക്. അതിൽ ഭിന്നശേഷിക്കാർ മടിച്ചുമടിച്ചാണെങ്കിലും എഴുതിത്തുടങ്ങി. ഇന്ന് അതിൽ പലരും നല്ല എഴുത്തുകാർ ആയി മാറിയിട്ടുണ്ട് .അവരുടെ ഉള്ളിൽ ഇനിയും നല്ല കലാകാരന്മാർ ഉണ്ടെന്നുള്ളത് ചിറക് മാഗസിൻ ഓരോവർഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൻറെ തുടർച്ചയെന്നോണം ഇടം എന്ന ഒരു മാഗസിൻ തുടങ്ങിയിട്ടുണ്ട് അതിൽ ഭിന്നശേഷിക്കാരാണ് കൂടുതലും എഴുതുന്നത്. അത് മാത്രമല്ല സമൂഹത്തിലെ ഏറ്റവും പ്രഗൽഭരായ എഴുത്തുകാർ ഈ മാഗസിനിൽ അവരുടെ സൃഷ്ടികകൾ കൊടുക്കുന്നുണ്ട്. ഭിന്നശേഷിയുള്ള ആൾക്കാരുടെ സൃഷ്ടികളും മറ്റ് പ്രഗത്ഭരോടൊപ്പം ഈ മാഗസിനിൽ അച്ചടിച്ചു വരുന്നത് അവർക്കും നല്ല അഭിമാനമാണ്. ഭിന്നശേഷിക്കാർക്ക് മറ്റുള്ളവരോടൊപ്പം ഏത് മേഖലയിലും മുന്നോട്ട് എത്താൻ കഴിയും. അതിന് അവർ ഏറെ പരിശ്രമിക്കേണ്ടതാണ്.
4. എഴുത്തിലൂടെ സമൂഹം നിശ്ചയിക്കുന്ന അതിർവരമ്പുകളെ ഭിന്നശേഷിയുള്ളവർക്ക് എങ്ങനെ മറികടക്കാനാകും?
എഴുത്തിൻറെ കാര്യത്തിൽ സാധാരണക്കാർ ഭിന്നശേഷിക്കാർ എന്നൊന്നും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. സമൂഹത്തോട് പറയേണ്ട കാര്യങ്ങൾ തുറന്നെഴുത്തുക അത്രതന്നെ. പ്രതികരിക്കേണ്ടത്, ചൂണ്ടി കാണിക്കേണ്ടത് കവിതയിലൂടെ ആകട്ടെ, കഥയിലൂടെ ആകട്ടെ അത് ചെയ്യുക തന്നെ വേണം. നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്തുകൊണ്ടിരിക്കുക. അതുവഴി സമൂഹത്തിൻറെ കണ്ണുതുറപ്പിക്കാൻ കഴിയും എന്നാണ് വിശ്വാസം. ഭിന്നശേഷിക്കാർ എന്ന് പറയുന്നത് തന്നെ വിഭിന്നമായ ശേഷിയുള്ളവർ എന്നാണ്. അത് നമ്മൾ പരമാവധി പ്രയോജനപ്പെടുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്.
5. ഏറ്റവും സ്വാധീനിച്ചിട്ടുള്ള പുസ്തകവും എഴുത്തുകാരൻ/ എഴുത്തുകാരി ആരാണ് ?
അങ്ങനെ ഒരാളെ എടുത്തു പറയാൻ ഇല്ല. എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എഴുതുന്നവരെ എനിക്ക് ഇഷ്ടമാണ്. ഏതു സാഹിത്യകാരനെ എടുത്തു നോക്കിയാലും അവർക്ക് നല്ലകൃതികൾ ഉണ്ടായിരിക്കും. ആരെയും പ്രത്യേകിച്ച് എടുത്തുപറയാൻ ഇല്ല. എല്ലാവരെയും ഞാൻ ഇഷ്ടപ്പെടുന്നു. എം ടിയുടെ നാലുകെട്ട്, തകഴിയുടെ കയർ, ബഷീറിൻറെ പാത്തുമ്മയുടെ ആട്, ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ, സുഭാഷ് ചന്ദ്രന്റെ മനുഷ്യനൊരാമുഖം, മാക്സിം ഗോർക്കിയുടെ അമ്മ, എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിൻറെ കഥ അങ്ങനെ ഒരുപാട് പുസ്തകങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു
6. ഒട്ടേറെ പ്രമുഖർക്ക് സതി കത്തെഴുതുമായിരുന്നു എന്ന് വായിക്കാനിടയായി. എങ്ങനെയാണ് ആ എഴുത്തുകൾ സതിയെ സ്വാധീനിച്ചത് ?
അതെ. സി രാധാകൃഷ്ണൻ ,പെരുമ്പടം ശ്രീധരൻ ,ഈച്ചരവാരിയർ ,അക്ബർ കക്കട്ടിൽ, ചെമ്മനം ചാക്കോ ,എം പി വീരേന്ദ്രകുമാർ, മാടമ്പ് കുഞ്ഞുക്കുട്ടൻ ,വേളൂർ കൃഷ്ണൻകുട്ടി ,എൻപി മുഹമ്മദ്, സാറാ തോമസ്, പി വത്സല, സി വി ബാലകൃഷ്ണൻ ,പ്രസന്നൻ ചമ്പക്കര, തുടങ്ങി മുപ്പതോളം സാഹിത്യകാരന്മാരും ആയി എനിക്ക് തൂലികാ സൗഹൃദം ഉണ്ട്. ആദ്യമായി ഒരു കത്തെഴുതിയത് പെരുമ്പടവം ശ്രീധരൻ സാറിന് ആയിരുന്നു. ഞാൻ മറുപടി പ്രതീക്ഷിച്ചുകൊണ്ടല്ല കത്തെഴുതിയത്. പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോൾ അതിൽ അഡ്രസ്സ് കണ്ടപ്പോൾ വെറുതെ എഴുതി നോക്കിയതാണ്. പക്ഷേ പ്രതീക്ഷിക്കാതെ സാറിന്റെ മറുപടി വന്നപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി.
പിന്നെ അതെനിക്കൊരു പ്രചോദനമായി. അങ്ങനെയാണ് ഞാൻ മറ്റ് പ്രമുഖ സാഹിത്യകാരന്മാർക്കും ലെറ്റർ എഴുതി തുടങ്ങിയത്. ഞാൻ അയച്ചതിന് മറുപടികൾ കിട്ടിതുടങ്ങിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. സാഹിത്യകാരന്മാരുടെ മറുപടികൾ എനിക്ക് വീണ്ടും വീണ്ടും എഴുതാൻ പ്രചോദനം ആയി കൊണ്ടിരിക്കുകയാണ് അവരിൽ നിന്ന് കിട്ടിയ പ്രോത്സാഹനങ്ങളും മറുപടികളും ഞാൻ ഒരു ആൽബമായി സൂക്ഷിക്കുന്നുണ്ട്. അത് വളരെയധികം ഒരു ഭാഗ്യം ആയിട്ടാണ് കണക്കാക്കുന്നത്.
7. ഭിന്നശേഷി ഒരു കടമ്പയാണ് എന്ന് വിശ്വസിക്കുന്ന സമൂഹത്തോട് സതിക്ക് എന്താണ് പറയാനുള്ളത്?
സാധാരണയുള്ള ആളെ പോലെ തന്നെയാണ് ഭിന്ന ശേഷിയുള്ള ആളും. ശരീരം മാത്രമേ പരിമിതികൾ നേരിടുന്നുള്ളു പക്ഷേ വികാരങ്ങളും വിചാരങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ഉള്ള ഒരു വിശാല ലോകത്തേക്ക് അവരുടെ മനസ്സ് ചലിക്കുന്നുണ്ട്. അതുകൊണ്ട് അവരെ അംഗീകരിക്കുക. അവരെ കേൾക്കാതെയും വിലകൽപ്പിക്കാതെയും ചെയ്യുന്ന സമൂഹം നമുക്ക് ഉണ്ടായിട്ടുണ്ട്. അത് ഏറെക്കുറെ മാറിവരുന്നുണ്ട്. കടമ്പകൾ കടക്കുക അതാണ് നമ്മുടെ ലക്ഷ്യം.
8. സതി എഴുതാൻ തയ്യാറെടുത്ത കാലത്ത് നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
എനിക്ക് അങ്ങനെ ഒരു വെല്ലുവിളി നേരിട്ടിട്ടേ ഇല്ല. എന്റെ അച്ഛൻറെ പ്രോത്സാഹനം മൂലമാണ് എനിക്ക് ഇന്ന് ഇത്രയെങ്കിലും വളരാൻ കഴിഞ്ഞത്. എന്റെ അച്ഛൻ അമ്മ സഹോദരങ്ങൾ എന്നിവരാരും എന്റെ ആഗ്രഹങ്ങൾക്ക് എതിർപ്പ് പറഞ്ഞിട്ടില്ല. എന്നെ അറിയുന്ന എന്റെ നാട്ടുകാരും എന്റെ വീട്ടുകാരും എല്ലാവരും എനിക്ക് ഇന്നും വളരെയധികം പ്രോത്സാഹനം നല്കിക്കൊണ്ടിരിക്കുന്നു. നീ അങ്ങനെ ചെയ്യാമോ അല്ലെങ്കിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ എന്ന് ആരും പറഞ്ഞിട്ടില്ല. എല്ലാവരും 'മുന്നോട്ട്' എന്നാണ് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നത്.
9. പുസ്തക ലോകത്ത് / എഴുത്തിന്റെ ലോകത്ത് ഭിന്നശേഷിയുള്ളവരെ കൂടി ഉൾപ്പെടുത്താൻ ഇനിയും വരേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വിശ്വസിക്കുന്നു ?
എഴുത്തിനു പ്രധാനമായി വേണ്ടത് വായന തന്നെയാണ്. അതുകൊണ്ട് നമുക്ക് വായനാശീലം അത്യാവശ്യമാണ്. ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വീട്ടിലേക്ക് എത്തിച്ചു കൊടുക്കാനോ അല്ലെങ്കിൽ ഒരു ഹോം ലൈബ്രറി നിർമിച്ചാലോ അത് വളരെയധികം സഹായകരമാകും. കാരണം നമ്മളെ പോലുള്ളവർക്ക് പുറത്തുപോയി പുസ്തകം വാങ്ങുവാൻ അല്ലെങ്കിൽ ലൈബ്രറിയിൽ പോയി ഏതെങ്കിലും ബുക്ക് യഥേഷ്ടം തിരഞ്ഞെടുത്തു കൊണ്ടുവരാൻ സാധിക്കില്ല. സ്വന്തമായി എഴുതിയ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കാൻ എല്ലാവർക്കും സാമ്പത്തികമായി കഴിഞ്ഞെന്ന് വരില്ല. ഭിന്നശേഷിക്കാരുടെ സൃഷ്ടികൾ പുറംലോകത്ത് എത്തിക്കാൻ സ്പോൺസർമാരെയോ അല്ലെങ്കിൽ സുമനസ്സുള്ളവരുടെ സഹായമോ കിട്ടിയാൽ അത് ഞങ്ങൾക്ക് വളരെയധികം സഹായകരമാകും.
10. പുസ്തകങ്ങളെ സ്നേഹിക്കുന്ന ഭിന്നശേഷിയുള്ളവർക്ക്, എഴുതാൻ ആഗ്രഹിക്കുന്നവർക്ക്, സതി എന്ത് ഉപദേശം നൽകും ?
എന്തുതോന്നുന്നു മനസ്സിൽ അത് തുറന്നെഴുതുക. എഴുതി ചുരുട്ടിക്കൂട്ടി മൂലക്കിടരുത്. ഒന്നും രണ്ടും തവണ വായിച്ച് അത് തിരുത്തി എടുക്കാൻ ശ്രമിക്കണം. നമുക്കൊരു സംതൃപ്തി തോന്നിയാൽ അത് പ്രസിദ്ധീകരിക്കാൻ കൊടുക്കാം .പരാജയപ്പെടാം പക്ഷേ അതൊന്നും നോക്കണ്ട. പരാജയം ആണല്ലോ വിജയത്തിൻറെ ചവിട്ടുപടി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഭിന്നശേഷിയുള്ള കുട്ടികളുടെ ഓണ്ലൈന് പഠനം നടക്കുന്നുണ്ടോ?
കാഴ്ചയില്ലെങ്കിലും ഡിജിറ്റൽ ലോകം കാണാം
ഭിന്നശേഷി കുട്ടികൾക്കുള്ള സർക്കാർ സേവനങ്ങളും പദ്ധതികളും
ഭിന്നശേഷി കുട്ടികള് എന്തുകൊണ്ട് കളിയടങ്ങള്ക്ക് പുറത്താകുന്നു? | പദ്മിനി ചെന്നപ്രഗഡ അഭിമുഖം