ഒന്നുകിൽ വേതനം കുറയ്ക്കണം, അല്ലെങ്കിൽ ക്ലബ്ബ് വിടണം; ബാഴ്സയിൽ മെസിയുടെ ഭാവി
വരുന്ന സീസൺ മുൻനിർത്തി സെർജിയോ അഗ്വേരോ, മെംഫിസ് ഡീപ്പെ തുടങ്ങിയ മുന്നേറ്റനിര താരങ്ങളെ ബാഴ്സ ഇതിനോടകം തന്നെ ടീമിലെത്തിയിട്ടുണ്ട്.
ബാഴ്സലോണ നായകനായ ലയണൽ മെസിയുടെ ക്ലബ്ബുമായുള്ള കരാർ അവസാനിച്ചിരിക്കുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ മെസി ഇപ്പോൾ രേഖകളിൽ ബാഴ്സാ താരമല്ല. കൊറോണ വൈറസ് വരുത്തിവച്ച കടുത്ത സാമ്പത്തിക ബാധ്യതയ്ക്കിടയിൽ അർജന്റീനൻ സൂപ്പർതാരവുമായുള്ള കരാർ പുതുക്കാൻ ബാഴ്സ ഇതുവരെ തയാറായിട്ടുമില്ല.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ തന്നെയാണ് ക്ലബ്ബ് ഇതിഹാസവുമായുള്ള കരാർ പുതുക്കുന്ന കാര്യം വൈകിപ്പിക്കുന്നതെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോൻ ലപോർട്ട പറയുന്നു. ലാ ലീഗയിൽ നിലനിൽക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങളും ബാഴ്സയ്ക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. കോപ്പാ അമേരിക്ക തീരുന്നതോട് കൂടി എങ്ങനെ കരാർ പുതുക്കാമെന്ന കാര്യത്തിൽ താരവുമായി ചർച്ച നടത്തുമെന്നാണ് ക്ലബ്ബ് നൽകുന്ന സൂചന.
"മെസി ഇവിടെത്തന്നെ തുടരണമെന്നാണ് ക്ലബ്ബ് ആഗ്രഹിക്കുന്നത്. എന്നാൽ വരുമാനമനുസരിച്ച് മാത്രമേ കളിക്കാർക്ക് വേതനം നൽകാവൂ എന്ന ലാ ലീഗ ചട്ടമാണ് കരാർ പുതുക്കാൻ തടസമാകുന്നത്. ഇത് മെസിയുമായി ചർച്ച ചെയ്തു വരികയാണ്," ലപോർട്ട പറഞ്ഞു.
പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങി ചുരുക്കം ചില ക്ലബ്ബുകൾക്ക് മാത്രമേ നിലവിൽ മെസിയെ സൈൻ ചെയ്യാനുള്ള സാമ്പത്തിക ഭദ്രതയുള്ളൂ. മെസി തങ്ങളുടെ പരിഗണനയിലില്ലെന്ന് ബാഴ്സലോണ ഇതിഹാസം കൂടിയായ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗ്വാർഡിയോള നേരത്തെ .വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണുകളിൽ വലിയ സിനിങ്ങുകൾ നടത്തിയ ചെൽസിയും അതിന് മുതിർന്നേക്കില്ല. ഇതിനോടകം തന്നെ ജിനി വൈനാൽഡം, സെർജിയോ റാമോസ് എന്നീ താരങ്ങളെ വരുന്ന സീസണിലേക്കായി സൈൻ ചെയ്ത പിഎസ്ജിയും വലിയ ട്രാൻസ്ഫറുകൾക്ക് മുതിർന്നേക്കില്ല.
ഈയൊരു അവസരത്തിൽ മെസിയുടേയും ട്രാൻസ്ഫർ സാധ്യത അടയുകയാണ്. ബാഴ്സയിൽ തുടരാൻ തന്നെയാണ് മെസി ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും. എന്നാൽ വേതനം വെട്ടിക്കുറച്ചാൽ മാത്രമേ താരത്തിന് ബാഴ്സയിൽ തുടരാനാകൂ. ഇതിന് തയാറായില്ലെങ്കിൽ മെസിയെ അനുയായിപ്പിക്കാൻ ലപോർട്ടെ മറ്റെന്ത് മാർഗ്ഗം തേടും എന്നതാണ് നിർണായകം. വരുന്ന സീസൺ മുൻനിർത്തി സെർജിയോ അഗ്വേരോ, മെംഫിസ് ഡീപ്പെ തുടങ്ങിയ മുന്നേറ്റനിര താരങ്ങളെ ബാഴ്സ ഇതിനോടകം തന്നെ ടീമിലെത്തിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!