കുട്ടനാട്ടിലെ നെല്ലും പതിരും # 01: നഷ്ടങ്ങളുടെ കൊയ്ത്തുകാലം
മണ്ണിനെയും മണ്ണിൽ പൊന്നിൻ നെൽക്കതിർ വിളയിച്ചിരുന്ന കുട്ടനാട്ടിലെ കർഷകരെയും മനസ്സിലാക്കാത്ത സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥാധിപത്യവും എന്നും കർഷകന്റെ ശത്രുവാണെന്ന് വിദർഭ മുതൽ കുട്ടനാട് വരെ നീളുന്ന ഇന്ത്യൻ അനുഭവങ്ങളാണ്..
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന ഭൂമിശാസ്ത്രപരമായി ഒരേ സവിശേഷതകളുള്ള കൃഷി ഭൂമിയാണ് കുട്ടനാട്. ടൂറിസം കലണ്ടറിൽ കേരളത്തോടൊപ്പം ചേർത്തുവയ്ക്കുന്നു ആ നാടിന്റെ ചിത്രത്തിലെ മനോഹാരിതയ്ക്ക് പിന്നിലായി സാമൂഹിക ജീവിയെന്ന നിലയിൽ മനുഷ്യനുണ്ടായ പരിണാമത്തിന്റെ അത്യുജ്വലമായ അതിജീവനത്തിന്റെ ഒരു കഥയുണ്ട്. കേരളത്തിന്റെ സമുദ്രനിരപ്പിന് താഴെനിൽക്കുന്ന കുട്ടനാട്ടുകാർ കായൽ കുത്തിയെടുത്ത് നെല്ല് വിളയിക്കുവാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളേറെയായിരിക്കുന്നു.
കെട്ടുവള്ളങ്ങളുടെ തിരയിളക്കങ്ങൾ ചെന്നൊടുങ്ങുന്ന പാടങ്ങൾക്കും അത് കൊയ്യുന്ന കൈകൾക്കും ജീവിതമെന്നാൽ അവർ ശീലമാക്കിയ ദുരന്തങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിലുള്ള വള്ളപ്പാടകലത്തിന്റെ വ്യാപ്തിയാണ്. ഓരോ കൊയ്ത്തിനുമൊടുവിൽ കർഷകന്റെ കണക്കുപുസ്തകത്തിലെ ഉത്കണ്ഠകളുടെ ആകെ തുകയാണ് ആ വള്ളപ്പാടകലത്തിന്റെ വ്യാപ്തി.
കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന കുട്ടനാട് എന്നുമില്ലാത്തവിധം ഉത്കണ്ഠകളിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. കാർഷിക പ്രതിസന്ധിയും പതിവായി കൊണ്ടിരിക്കുന്ന പ്രളയത്തിനുമൊടുവിൽ കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള പ്രതിസന്ധിയും കുട്ടനാട്ടുകാരെ ആശങ്കപ്പെടുത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി.
64 പഞ്ചായത്തുകളായി പരന്നു കിടക്കുന്ന 1,10,000 ഹെക്ടർ ഭൂമിയാണ് കുട്ടനാട്. ഇതിൽ പകുതിയിലേറെ പഞ്ചായത്തുകൾ ആലപ്പുഴ ജില്ലയുടെ ഭാഗമാണ്. ലോവർ കുട്ടനാട്, അപ്പർ കുട്ടനാട്, നോർത്ത് കുട്ടനാട് എന്നിങ്ങനെ കുട്ടനാടിനെ മൂന്നായി തിരിക്കാം.
ആലപ്പുഴ ജില്ലയുടെ ഭാഗമായ അമ്പലപ്പുഴ, നെടുമുടി, കാർത്തികപ്പള്ളി താലൂക്കിന്റെ വടക്കേയറ്റം എന്നിങ്ങനെയുള്ള പ്രദേശമാണ് ലോവർ കുട്ടനാട്.
ആലപ്പുഴ ജില്ലയിലെ തന്നെ കാർത്തികപ്പള്ളി താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളായ വീയപുരം, പള്ളിപ്പാട്, കുട്ടനാട് താലൂക്കിലെ എടത്വ, തലവാടി കിടങ്ങ, മുട്ടാർ. മാവേലിക്കര താലൂക്കിലെ തൃപ്പെരുംതറ, ചെന്നിത്തല. ചെങ്ങന്നൂർ താലൂക്കിലെ ബുദ്ധനൂർ, എന്നക്കാട്. പത്തനംതിട്ട ജില്ലയുടെ ഭാഗമായ പാറുമല, കടപ്ര, നിരണം, നെടുമ്പുറം, ചാത്തങ്കരി പെരിങ്ങാറ, കാവുംഭാഗം തുടങ്ങിയ പ്രദേശങ്ങളെല്ലാം ചേരുന്നതാണ് അപ്പർ കുട്ടനാട്.
കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക്, കോട്ടയം താലൂക്കിന്റെയും ചങ്ങനാശേരി താലൂക്കിന്റെയും പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവ അടങ്ങുന്നതാണ് നോർത്ത് കുട്ടനാട്.
നഷ്ടങ്ങളുടെ കൊയ്ത്തുകാലം
ഇരുപത്തി രണ്ടാം നൂറ്റാണ്ടോട് കൂടി സമുദ്രനിരപ്പ് രണ്ടടി മുതൽ ഏഴടി വരെയായി ഉയരുമെന്നാണ് യുഎസിലെ ക്ലൈമറ്റ് സെന്റർ നടത്തിയ പഠനത്തിൽ പറയുന്നത്. അങ്ങനെയാണെങ്കിൽ മൂന്ന് ദശാബ്ദത്തിനുള്ളിൽ കുട്ടനാട് പൂർണമായും വെള്ളത്തിനടിയിലാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓരോ മഴക്കാലവും കുട്ടനാട്ടുകാർക്കുമേൽ പെയ്തിറങ്ങുന്നത് ദുരിതമായാണ്. രണ്ടു ദിവസം തോരാതെ പെയ്യുന്ന മഴയ്ക്ക് പതിവ് അകമ്പടിയാണ് വെള്ളപ്പൊക്കങ്ങൾ. തുടർക്കഥയായ ഈ പ്രകൃതി ദുരന്തങ്ങളെ പിൻപറ്റി ഒട്ടനവധി പദ്ധതികളും പാക്കേജുകളുമാണ് കക്ഷിഭേദമില്ലാതെ സർക്കാരുകൾ ആവിഷ്കരിച്ചിട്ടുള്ളത്.

എന്നാൽ കുട്ടനാടിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതും കാർഷിക മേഖലയിലെ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതുമായ ഒരു ഉത്തരത്തിലേക്ക് ഇതൊന്നും എത്തിച്ചേർന്നിട്ടില്ല എന്ന് വേണം വിലയിരുത്താൻ. ഏറെ പ്രതീക്ഷ നൽകിയ സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് അടക്കം കടലാസിൽ മാത്രം ഒതുങ്ങി എന്നാണ് കുട്ടനാട്ടുകാർ പറയുന്നത്. വർഷാവർഷം കായൽനിലങ്ങളുടെ ഭാഗങ്ങളിൽ നടത്തുന്ന ബണ്ടു നിർമാണം മാത്രമാണ് കാഴ്ചയിലുള്ള പദ്ധതി നടത്തിപ്പെന്ന് കുട്ടനാട്ടുകാർ അടക്കം പറയുന്നു.
ദുരന്തങ്ങളുടെആവർത്തനത്തിന്പുറമെ ദീർഘവീക്ഷണമില്ലാത്ത പദ്ധതികളും സർക്കാർ സംവിധാനങ്ങളുടെ പിടിപ്പുകേടും നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥവൃന്ദത്തിന്റെ പിടിപ്പുകേടും ആസന്നമായ ഒരു ദുരന്തത്തിലേക്കുള്ള ദൈർഘ്യം കുറക്കുന്നു.
2018ലെ ചരിത്രത്തിലെ ഏറ്റവും വലിയ വെളളപ്പൊക്കം കുട്ടനാട്ടിലെ 35 പഞ്ചായത്തുകളെയാണ് ബാധിച്ചത്. പ്രദേശത്തെ 95 ശതമാനം വീടുകളും അന്ന് വെള്ളത്തിന്റെ അടിയിലായി. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമായി 10,495 ഹെക്റ്റർ ഭൂമിയാണ് അന്ന് നശിച്ചത്. 28 പഞ്ചായത്തുകളില്‍ ഒറ്റനെല്വയല് പോലും ബാക്കിയില്ലാത്തവിധം വെളളം കൊണ്ടുപോയിരുന്നു. അന്ന് ഒരുമാസത്തിലേറെ വെളളക്കെട്ട് തുടർന്ന കേരളത്തിലെ ഒരേയൊരു സ്ഥലം കൂടിയായിരുന്നു കുട്ടനാട്. എന്നാൽ ആ വെല്ലുവിളികള്‍ക്കിടയിലും പുതിയ കൃഷിയിറക്കിയ കുട്ടനാടന്‍ ജനതയ്ക്ക് നിരാശരാകേണ്ടി വന്നില്ല.
27 വര്‍ഷത്തിനുളളിലെ ഏറ്റവും മികച്ച വിളവായിരുന്നു അന്ന് ലഭിച്ചത്. കൊയ്ത്ത് സമയമായപ്പോള്‍ മഴയും പെയ്യാതിരിക്കുകയും പ്രകൃതി ഗുണപ്പെടുകയും ചെയ്തതിരുന്നതായി പട്ടാളക്കളം പാടശേഖരം സെക്രട്ടറി ആന്റണി ചാക്കോ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു. എന്നാൽ ആ പ്രതീക്ഷകൾ തെറ്റിച്ച് ആകാശം കറുത്തു. കൊയ്ത്തിന് പാകമായ നെൽച്ചെടികൾക്കൊപ്പം രണ്ടാം കൃഷിയും വെള്ളത്തിലായി.
വർഷത്തിൽ രണ്ടു തവണയാണ് കുട്ടനാട്ടിൽ കൃഷിയിറക്കുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെ നീളുന്ന ആദ്യ സീസണിനെ വിരിപ്പ് എന്നും ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീളുന്ന രണ്ടാമത്തെ സീസണെ പുഞ്ച എന്നും പറയുന്നു. കുട്ടനാട്ടിലെ നെൽകൃഷിയുടെ വിളവ് പ്രതിവർഷം കുറഞ്ഞുവരുന്നതായി കാണാവുന്നതാണ്.
2018ൽ ആദ്യ വെള്ളപ്പൊക്കം വന്നു. അന്ന് വിതച്ച വിരിപ്പ് പൂർണമായും നശിച്ചു. സാധാരണ കർഷകർ ചെലവാക്കുന്നതിന്റെ 40 ശതമാനത്തോളം പൂർത്തിയായ ശേഷമാണ് വെള്ളപ്പൊക്കമുണ്ടായത്. എന്നാൽ ആ വർഷത്തെ പുഞ്ച നല്ല വിളവായിരുന്നു. ശരാശരി 22 ക്വിൻഡൽ ഒക്കെ വച്ച് വിളവ് ലഭിച്ചതായി അപ്പർ കുട്ടനാട്ടിലെ കർഷകൻ ടോമി വൈക്കം ഏഷ്യാവില്ലിനോട് പറഞ്ഞു.
2019ൽ ഇത് ആവർത്തിച്ചു. ആ വർഷവും കർഷകർ പതിവുപോലെ വിരിപ്പ് ചെയ്തു. അത് പൂർണമായും നശിച്ചു. പിന്നെ പുഞ്ച ചെയ്തു. ആ വർഷത്തെ പുഞ്ചകൃഷിയിൽ ശരാശരി 18 ക്വിൻഡലോക്കെ വച്ച് കിട്ടി. അതിന് ശേഷം 2020ലെ വിരിപ്പ് കാലത്തും വെള്ളപ്പൊക്കം ആവർത്തിച്ചു. വിരിപ്പിനായി മാറ്റിവച്ച തുകയുടെ 30 ശതമാനത്തോളം ചെലവിട്ട ശേഷമാണ് വിളനാശം സംഭവിച്ചത്.
2020ലെ പുഞ്ചയുടെ വിളവ് ഇപ്പോൾ എടുത്തോകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ വിളവിൽ ഈട് വളരെ മോശമാണ്. ശരാശരി 16 ക്വിൻഡലൊക്കെയായി വിളവ് ചുരുങ്ങി. ആദ്യ വെള്ളപ്പൊക്കം മുതൽ തുടർച്ചയായി എല്ലാ വർഷവും വിരിപ്പ് നഷ്ടപ്പെടുന്നു. അതിന് മുടക്കിയ കാശ് മൊത്തം പോകുന്നു. പിന്നെ പുഞ്ചയുടെ ഈട് കുറഞ്ഞു കുറഞ്ഞുവരുന്നതുമായ സാഹചര്യമാണുള്ളതെന്ന് ടോമി പറഞ്ഞു.
എല്ലാവർഷവും മഴയോടപ്പം നശിക്കുന്ന ആദായത്തിന്റെയും അതിന് ചെലവിടുന്ന വളവും തൊഴിൽദിനങ്ങളും മറ്റും വാർഷിക ഉത്പാദനത്തിന്റെ കണക്കുപുസ്തകത്തിൽ കയറിപ്പറ്റാറില്ല. നല്ല വിളവെന്ന വിളംബരത്തോടൊപ്പം സൗകര്യപൂർവ്വം മറക്കുന്ന ഒന്നായാണ് ഭരണകൂടം ഈ നഷ്ടങ്ങളെ നേരിട്ടുപോരുന്നത്. മണ്ണിനോടും കാലാവസ്ഥയോടും പടവെട്ടുന്ന കുട്ടനാട്ടിലെ കര്‍ഷകന്റെ ഉത്സാഹത്തെ തന്നെ തല്ലിക്കെടുത്തുന്ന ഉപകരണമായി ചില പദ്ധതിനടത്തിപ്പുകാർ പരിണമിക്കുന്നതായും അവർ പരാതിപ്പെടുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണവും പൊതുവിതരണ സംബ്രദായമായ സപ്ലൈകോ വഴി സർക്കാർ നടത്തുന്ന നെല്ല് സംഭരണം..
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!