'അവസാനം വിളിച്ചപ്പോൾ ചോദിച്ചത് 1,000 രൂപ, ആ രണ്ട് മണിക്കൂറിൽ എന്ത് സംഭവിച്ചു?'; കിരൺ സൈക്കോയാണെന്ന് വിസ്മയയുടെ സഹോദരൻ
സ്വന്തം ഇഷ്ടപ്രകാരം പോയത് കൊണ്ടാകും അവൾ പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്. എന്റെയും അച്ഛന്റെയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഞാൻ വാങ്ങിക്കൊടുത്ത ഫോൺ എറിഞ്ഞുപൊട്ടിച്ചു.
എന്റെ പെങ്ങൾക്ക് വന്നത് ഇനി ആർക്കും വരരുത്, അവൻ ഒരു സൈക്കോയാണ്, നീതി വേണം... കൊല്ലത്ത് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത് വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വാക്കുകളാണിത്. മനോരമ ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് വിജിത് വീങ്ങിപ്പൊട്ടിക്കൊണ്ട് ഇക്കാര്യങ്ങൾ പറയുന്നത്. 2019 മെയ് 31നാണ് കൊല്ലം നിലമേൽ ത്രിവിക്രമന് നായരുടെയും സജിതയുടെയും മകൾ വിസ്മയയെ ശൂരനാട് ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങൾ വിസ്മയ്ക്ക് ഏൽക്കേണ്ടതായി വന്നുവെന്നാണ് ബന്ധുക്കൾ മെസേജുകൾ അടക്കം നിരത്തി വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹത്തിൽ ആത്മഹത്യയുടെ ലക്ഷണങ്ങൾ ഇല്ലെന്നും തന്റെ കുട്ടിയെ കൊന്നതാണെന്നുമാണ് വിസ്മയയുടെ പിതാവ് പറയുന്നത്. ഭർത്താവ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിസ്മയയെ മർദ്ദിച്ച കാര്യം കിരൺ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഗാർഹിക പീഡന നിയമം അടക്കമുളള വകുപ്പുകൾ കിരണിന് മേൽ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വാക്കുകൾ
‘ഒരു ദിവസം രാത്രി കാർ വീട്ടിൽ കൊണ്ടുവന്ന ശേഷം എന്റെ പെങ്ങളെ കിരൺ വീടിന്റെ മുന്നിലിട്ട് തല്ലി. ചോദിക്കാൻ ചെന്ന എന്നെയും തല്ലി. അതു പൊലീസ് കേസായി. സ്ഥലത്തെത്തിയ എസ്ഐയെയും തല്ലാൻ പോയി. അദ്ദേഹത്തിന്റെ ഷർട്ട് ഇവൻ വലിച്ചുപൊട്ടിച്ചു. പിന്നെ മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. പിറ്റേന്ന് സ്റ്റേഷനിലെത്തിയപ്പോൾ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ഇടപെട്ട് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു.
പെങ്ങളുടെ ഭാവിയാണ്, ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ലെന്ന് എഴുതി തന്നു. അതിൽ ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്. പിന്നീട് എന്റെ പെങ്ങൾ രണ്ടുമാസം വീട്ടിൽ തന്നെ നിന്നു. പരീക്ഷയ്ക്ക് പോയി തുടങ്ങിയപ്പോൾ അവൻ ഫോൺ വിളിച്ച് അവളെ വീണ്ടും മയക്കി. കോളജിൽ ചെന്ന് അവളെ കൂട്ടിക്കൊണ്ടുപോയി.
പിന്നെ അവൾ എന്നെയോ അച്ഛനെയോ വിളിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോയത് കൊണ്ടാകും അവൾ പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്. എന്റെയും അച്ഛന്റെയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഞാൻ വാങ്ങിക്കൊടുത്ത ഫോൺ എറിഞ്ഞുപൊട്ടിച്ചു. അമ്മയെ മാത്രം വിളിക്കും. അവസാനം വിളിച്ചപ്പോൾ പരീക്ഷയെഴുതാൻ സമ്മതിക്കുന്നില്ലെന്നും ആയിരം രൂപ അയച്ചുതരുമോ എന്നും അവൾ ചോദിച്ചതായി അമ്മ ഇപ്പോഴാണ് പറയുന്നത്.
എത്ര കിട്ടിയാലും പഠിക്കാത്തവരാണ്. ഇനി ആർക്കും ഈ ഗതി വരരുത്. തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്കാണ് അവിടെനിന്ന് വിളിച്ചിട്ട് ആശുപത്രിയിലെത്താൻ പറയുന്നത്. ആശുപത്രിയിൽ വിളിച്ച് ചോദിച്ചപ്പോൾ പെങ്ങൾ മരിച്ചെന്നും രണ്ടു മണിക്കൂർ ആയെന്നും പറഞ്ഞു. ആ രണ്ടു മണിക്കൂറിൽ എന്ത് സംഭവിച്ചു. അവൾ ആത്മഹത്യ ചെയ്യില്ല. കൊന്നതാണ് അവൻ. നീതി വേണം.. കേരളം ഒപ്പം വേണം. സർക്കാർ ജോലിക്കാരെ മാത്രം തേടി പോകുന്ന എല്ലാവരോടുമാണ് ഞാൻ ഈ പറയുന്നേ. ദയവായി കേൾക്കണം’.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!