സാമ്പത്തിക കേന്ദ്രീകരണ സമയത്തെ സിഎജിയുടെ കിഫ്ബി വിമര്‍ശനം: ഇരട്ടത്താപ്പ് വിശദീകരിച്ച് ഇടതുപക്ഷം
അഞ്ച് വര്‍ഷത്തിനുള്ളില്‍ 64,338 കോടിയുടെ 918 പദ്ധതികള്‍ക്കാണ് നാളിതുവരെ കിഫ്ബി വഴി സര്‍ക്കാര്‍ ധനാനുമതി നല്‍കിയിരിക്കുന്നത്. പക്ഷേ, വികസന പ്രചാരണങ്ങള്ക്കെല്ലാമിടയിലും കിഫ്ബി നേരിട്ട വിവാദങ്ങളും നിരവധിയാണ്.
സംസ്ഥാന സര്‍ക്കാരും സിഎജിയും തമ്മില്‍ കിഫ്ബിയെ ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ രണ്ടാം വര്‍ഷവും തുടരുന്നു. കിഫ്ബിയുടെ വായ്പ സംബന്ധിച്ച് സാങ്കേതികത്വങ്ങളിലൂന്നിയാണ് കിഫ്ബിക്കെതിരെ സിഎജി വിമര്‍ശനം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തെ തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുകയാണ് സിഎജി ചെയ്യുന്നതെന്നാണ് കേരള സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. സംസ്ഥാനത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കവുമായി ഇതിനെ സര്‍ക്കാറിനെ അനുകൂലിക്കുന്നവര്‍ കാണുന്നു. അതേസമയം സിഎജിയുടെ പരാമര്‍ശങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ചില സാമ്പത്തിക വിദഗ്ദര്‍.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലാണ് കിഫ്ബിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ സിഎജി നടത്തിയത്. കിഫ്ബിയെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ സിഎജി റിപ്പോര്‍ട്ടില്‍ തള്ളി കളയുന്നു. ഓഡിറ്റിലെ പരാമര്‍ശങ്ങള്‍ക്ക് നല്കിയ സര്‍ക്കാരിന്റെ മറുപടി സ്വീകാര്യമല്ലെന്നാണ് സിഎജിയുടെ വാദം. കിഫ്ബിയുടെത് ബജറ്റിന് പുറത്തുള്ള വായ്പയല്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമസഭയില്‍ വെയ്ക്കുന്നതിനാല്‍ കിഫ്ബിയുടെ വായ്പകള്‍ക്ക് അംഗീകാരമുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ സിഎജിയ്ക്ക് നല്കിയ മറുപടി. എന്നാല്‍ ഈ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതും സിഎജിയുമായി കൊമ്പുകോര്‍ക്കാന്‍ ഇടയാക്കിയതും
സംസ്ഥാന സര്‍ക്കാര്‍ ബജറ്റിന്പുറത്തുനിന്ന് എടുക്കുന്ന ( ഓഫ് ബജറ്റ് ബോറോയിങ്സ്)താണ് കിഫ്ബിയ്ക്ക് വേണ്ടിയുളള വായ്പയെന്നാണ് സി എ ജി ആവര്‍ത്തിക്കുന്നത്. വായ്പയുടെ തിരിച്ചടവുകള്‍ മോട്ടോര്‍ വാഹന സെസ്സും പെട്രോളിയും സെസ്സില്‍നിന്നുമാണ്. തിരിച്ചടവും വായ്പയുടെ പലിശയും സര്‍ക്കാറിന്റെ വരുമാനത്തില്‍നിന്നാണ് ചെലവഴിക്കുന്നതെങ്കിലും സര്‍ക്കാരിന്റെ ധനകാര്യ രേഖകളില്‍ ഇത് ഉള്‍പ്പെടുത്തുന്നില്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. അതുപോലെ കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകള്‍ നിയമസഭയില്‍ വെയ്ക്കുന്നതിനാല്‍ കിഫ്ബിയുടെ വായ്പകള്‍ക്ക് സഭയുടെ അംഗീകാരം ഉണ്ടെന്നുമാണ് സര്‍ക്കാര്‍ സിഎജിയോട് വിശദീകരിച്ചത്.
എന്നാല്‍ ഈ മറുപടി നിലനില്‍ക്കുന്നതെല്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയ്ക്ക് സ്വന്തം നിലയില്‍ വരുമാനമില്ല. സര്‍ക്കാരിന് അതിന്റെ തന്നെ വരുമാനത്തില്‍നിന്നുവേണം കിഫ്ബിയുടെ കിഫ്ബിയുടെ കടബാധ്യതകള്‍
നേരിടാന്‍. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ ബാധ്യതയാണ് എന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ബജറ്റ് രേഖകളില്‍ കിഫ്ബിയുടെ വായ്പകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും പരമാര്ശിക്കാത്തതിനാല് അതിന് നിയമസഭയുടെ അംഗീകാരമുണ്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്നും സിഎജി പറയുന്നു. സിഎജിയുടെ ആവര്‍ത്തിച്ചുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നേരത്തെയും സിഎജി സംസ്ഥാന സര്‍ക്കാരിനെതിരെ ഇതേ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് ശേഷം നിയമസഭ പ്രമേയം വഴി സിഎജിയുെട വിമര്‍ശനങ്ങള്‍ തള്ളികളയുകയായിരുന്നു.
സിഎജിയുടെ റിപ്പോര്‍ട്ടില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിന് പിന്നില്‍ ചില പ്രത്യേക താല്പര്യങ്ങളുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ' സിഎജി ഉന്നയിച്ച കാര്യങ്ങള്‍ നിയമസഭ പ്രത്യേക പ്രമേയം വഴി തളളിയതാണ്. അതുകൊണ്ട് തന്നെ ഇനി വീണ്ടും അത്തരത്തിലൊരു സമീപനം സ്വീകരിക്കേണ്ടതില്ല. വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ കാരണങ്ങള്‍ എന്താണെന്ന് എല്ലാവര്ക്കും അറിയാം' മന്ത്രി കൂട്ടിചേര്‍ത്തു.
എന്നാല്‍ കിഫ്ബിക്ക് സമാനമായ പരിപാടികള്‍ കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാനങ്ങളും നടപ്പിലാക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ രണ്ട് സമീപനങ്ങളാണ് സിഎജി സ്വീകരിക്കുന്നതെന്നും മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആനുവിറ്റി മാതൃകയില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താറുളള പദ്ധതികള്‍ കിഫ്ബിക്ക് സമാനമാണെന്നാണ് ഐസക്ക് ചൂണ്ടിക്കാട്ടുന്നത്.
'2019 അവസാനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇത്തരത്തില്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയ്ക്കുള്ള 93 പദ്ധതികള്‍ ഉണ്ടായിരുന്നു .എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൂടി പതിനായിരത്തില്‍ പരം കോടി രൂപയുടെ ഇത്തരം പദ്ധതികള്‍ ഉണ്ടായിരുന്നു. കിഫ്ബിയുടെ കാര്യത്തില്‍ എന്ന പോലെ ഈ പദ്ധതികളില്‍ ഏതെങ്കിലും ഒന്നിനെ കുറിച്ച് സി എ ജി ഇത് വരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടോ എന്നും ഐസക്ക് ചോദിക്കുന്നു.
കിഫബിയും ഒരു ആനുവിറ്റി മാതൃകയില്‍ ഉള്ള പരിപാടിയാണ്. ബഡ്ജറ്റ് പ്രസംഗങ്ങളില്‍ പ്രഖ്യാപിച്ച 70000 കോടിയോളം രൂപ വരുന്ന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കിഫ്ബി യെ ചുമതലപ്പെടുത്തുകയും . ഇതിനു ആനുവിറ്റി പേയ്മെന്റ് ആയി കിഫബിക്ക് മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോള്‍ സെസ്സ് തുകയും നല്‍കുമെന്ന് സര്‍ക്കാര്‍ നിയമം മൂലം ഉറപ്പ് നല്‍കുകയാണെന്നും ഐസക്ക് വിശദീകരിച്ചു. കിഫ്ബിക്കെതിരെ ഉന്നയിച്ച എല്ലാ ചോദ്യങ്ങളും സ്വകാര്യ ആനുവിറ്റി സ്കീമുകള്‍ക്കും ബാധകമാണെന്നാണ് ഐസക്കിന്റെ നിലപാട്. ഇക്കാര്യത്തോടുള്ള സമീപനത്തില്‍ സിഎജി എന്ന ഭരണഘടനാ സ്ഥാപനം ഭിന്ന സമീപനം സ്വീകരിക്കുന്നു എന്നും അദ്ദേഹം ആരോപിക്കുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ വിദഗ്ദരും സര്‍ക്കാരിന്റെ നിലപാടിനെ അംഗീകരിക്കുന്നില്ല. കേരളത്തിനുള്ള വായ്പ പരിധിക്ക് പുറത്തല്ല കിഫ്ബി എന്നുപറയുന്നു ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനിലെ മുന്‍ അധ്യാപകനും സാമ്പത്തിക വിദഗ്ദനുമായ ജോസ് സെബാസ്റ്റിയന്. ഭാവിയില്‍ കേരളത്തിന്റെ വായ്പ എടുക്കാനുളള സാധ്യതയെ തന്നെ ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിയന്ത്രണങ്ങങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമാനമായ പദ്ധതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി നടപ്പിലാക്കുന്നതുകൊണ്ടാവണം കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് പൗരസമൂഹം ഗൗരവത്തിലുള്ള ചര്‍ച്ചകളാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമയബന്ധിതമായും നിലവാരമുറപ്പാക്കിയും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കിഫ്ബി എന്ന വികസന സമീപനത്തിന് കേരളം രൂപം നല്‍കിയത്. കിഫ്ബി രൂപീകരിച്ച് ഇരുപത്തിരണ്ട് വര്‍ഷമായെങ്കിലും ഈ നിലയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത് 2016-ലെ ഭേദഗതി ആക്ടിലൂടെയാണ്. പല വകുപ്പുകള്‍ക്കും വേണ്ടി പൊതുമരാമത്ത് വകുപ്പ് നടത്തിയ പദ്ധതികള്‍ ഇതോടെ ബജറ്റിന് പുറത്തായി നടപ്പിലാക്കാന്‍ പറ്റി.
മസാല ബോണ്ടുള്‍പ്പെടെയുള്ള വായ്പകളിലൂടെയായിരുന്നു കിഫ്ബിയുടെ ധനസമാഹരണം. ലണ്ടന്‍ സ്റ്റോക്ക് എക്സേചേഞ്ചില്‍ മസാല ബോണ്ടിറക്കിയപ്പോള് തന്നെ വലിയ വിവാദങ്ങളും ഉയര്‍ന്നു. അന്ന് ബോണ്ടുകള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കുന്നുവെന്നതായിരുന്നു വിമര്‍ശനം. ഇന്ധനത്തില്‍ നിന്നുള്ള പ്രത്യേക സെസും, മോട്ടോര്‍ വാഹന നികുതി വരുമാനത്തിലെ വിഹിതവുമായിരുന്ന തിരിച്ചടവിന് സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍. ഇതുകൊണ്ട് സ്വഭാവികമായി ബാധ്യതകള്‍ നേരിടാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിന് പുറമെ കിഫ്ബിയുടെ ചില പദ്ധതികളിലൂടെ വരുമാനം ലഭിക്കുമെന്നും സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ കണക്കുകൂട്ടുന്നു. പ്രത്യേകിച്ചും വൈദ്യുതി ബോര്‍ഡിനും കെ ഫോണ്‍ പദ്ധതിയില്നിന്നുമൊക്കെ വരുമാനം ലഭിക്കുമെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ അവകാശപ്പെടുന്നു. അസറ്റ് ലയബിലിറ്റി മാച്ചിങ് മോഡല്‍ വഴി കിഫ്ബിയുടെ പദ്ധതി നടത്തിപ്പ് ക്രമീകരിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് തന്നെ ഒരിക്കലും കടക്കെണിയില്‍ പോകില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.
എന്നാല്‍ സംസ്ഥാനം നേരിടുന്ന കടുത്ത കടബാധ്യതയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ കിഫ്ബി വിമര്‍ശനം കൂടുതല്‍ ശ്രദ്ധ നേടിയത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നേരത്തെ ധനമന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു.
8,500 കോടിയാണ് ഈ വര്‍ഷം ഇതുവരെ കടമെടുത്തത്. ഇതോടെ സംസ്ഥാനത്തിന്റെ മൊത്തം പൊതുകടം നാലു ലക്ഷം കോടിക്ക് മുകളിലായി. ആളോഹരി കടം ഒരു ലക്ഷത്തിന് മുകളില്‍. അതായത് ഒരാള്‍ക്ക് ഒരു ലക്ഷത്തിനു മുകളില്‍ ബാധ്യത. സംസ്ഥാന ആസൂത്രണ കമ്മിഷന് പറയുന്നത് അനുസരിച്ച് 2019-20 കാലയളവിലെ പൊതുകടം 2,60,311 കോടിയാണ്. കടവും ജി.എസ്.ഡി.പിയും (സംസ്ഥാന ആഭ്യന്തര ഉത്പാദനം) തമ്മിലുള്ള അനുപാതം 25 ശതമാനത്തില്‍നിന്ന് 30 ശതമാനമായി ഉയര്‍ന്നു.
മൂന്നു കാരണങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു. ഒന്ന്, കൊവിഡും ലോക്ക്ഡൗണും. രണ്ട്, ജി.എസ്.ടി നഷ്ടപരിഹാരം വൈകിയത്. മൂന്ന് ഡിവിസീവ് പൂളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള
വിഹിതത്തില്‍ കുറവുണ്ടായത്. കൊവിഡ് പ്രതിസന്ധിയും ജി.എസ്.ടി നഷ്ടപരിഹാരം സമീപകാലത്തൊന്നും പരിഹരിക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളല്ല. പെട്രോളിയം ഉല്പന്നങ്ങള്ക്ക് വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരാകട്ടെ സാമ്പത്തിക കേന്ദ്രീകരണത്തിനുള്ള നടപടികള്‍ തുടരുകയും ചെയ്യുന്നു. ഇങ്ങനെ സാമ്പത്തിക സ്ഥിതി മോശമാകുകയും സംസ്ഥാനത്തിന്റെ വരുമാന സാധ്യതകളില്‍ കേന്ദ്രം കൈവെയ്ക്കുന്ന സാഹചര്യത്തിലാണ് കിഫ്ബി ചര്‍ച്ചകളും സജീവമാകുന്നത്. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അധികാരത്തില്‍ വന്നാല്‍ കിഫ്ബി തുടുരുമെന്ന് പ്രഖ്യാപിച്ചവരായിരുന്നു പ്രതിപക്ഷം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 64,338 കോടിയുടെ 918 പദ്ധതികള്‍ക്കാണ് നാളിതുവരെ കിഫ്ബി വഴി സര്‍ക്കാര്‍ ധനാനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 15000 കോടി രൂപയാണ് ഇതുവരെ വിനിയോഗിച്ചത്. സെപ്റ്റംബര്‍ മാസം വരെ ഉള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 3000 കോടി രൂപയുടെ 201 പദ്ധതികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. പൊതുജനാരോഗ്യ രംഗത്തെയും പൊതുവിദ്യാഭ്യാസ രംഗത്തെയും കിഫ്ബിയുടെ സഹായത്തോടെ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായിരുന്നു.
പക്ഷേ, വികസന പ്രചാരണങ്ങള്ക്കെല്ലാമിടയിലും കിഫ്ബി നേരിട്ട വിവാദങ്ങളും നിരവധിയാണ്.
കിഫ്ബി വായ്പകളുടെ വിശദാംശങ്ങള്‍ ബജറ്റിലും അക്കൗണ്ടിലും ഉള്‍പ്പെടുത്തണമെന്നാണ് സിഎജിയുടെ ആവര്‍ത്തിക്കുന്ന നിര്‍ദ്ദേശം. ഇതുവരെ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്ക് ചെലവഴിച്ചതിനെക്കാള്‍ വരുമാനം ഇന്ധന സെസിലൂടെയും മോട്ടോര്നികുതിയിലൂടെയും എത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ മറ്റ് ഇടപെടലുകള്‍ നടത്തിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ തങ്ങളുടെ സ്വപ്ന പദ്ധതികള്‍ക്കായി കിഫ്ബിയുമായി മുന്നോട്ടുപോകുമെന്ന് കാര്യം ഉറപ്പാണ്. അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ക്ക് മുന്‍തൂക്കം നല്കുന്ന സര്‍ക്കാരിന് മുന്നില്‍ മറ്റ് സാമ്പത്തിക മാര്‍ഗങ്ങള്‍ ഇല്ലെന്നതു തന്നെ കാരണം
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!