എല്ലാ പിന്തുണയ്ക്കും നന്ദി, ലീഗ് മികച്ച സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ
മൂന്ന് മത്സരങ്ങൾ മാത്രം തോറ്റ ഹൈദരാബാദും നാലാം സ്ഥാനത്തുള്ള എഫ്സി ഗോവയും തമ്മിൽ പ്ലേ ഓഫ് യോഗ്യതയ്ക്കായി കടുത്ത മത്സരമാണ് നടക്കുന്നത്.
പ്രതിസന്ധിഘട്ടത്തിലും ക്ലബ്ബിന്റെ കൂടെ നിന്ന് ആരാധകർക്ക് നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന. നിരുപാധികമായ സ്നേഹവും പിന്തുണയുമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ അറിയിക്കുന്നതെന്നും മോശം സീസണിലൂടെ കടന്നുപോകുന്ന പരിശീലകൻ പറഞ്ഞു.
"അവർക്ക് വേണ്ടിയാണ് നമ്മൾ കളിക്കുന്നത്. ലീഗിൽ സാധിക്കുന്ന ഏറ്റവും മികച്ച സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ശ്രമിക്കും. ആദ്യ നാല് സ്ഥാനങ്ങളിലെത്തി പ്ലേ ഓഫ് ഉറപ്പിക്കാനുള്ള സാധ്യത ഇനിയും അടഞ്ഞിട്ടില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളേയും ഒരേ വാശിയോടെ തന്നെ കാണും. ഏറ്റവും കൂടുതൽ പോയിന്റ് നേടാനായിരിക്കും ശ്രമിക്കുക. എല്ലാ പിന്തുണയ്ക്കും നന്ദി." ഹൈദരാബാദ് എഫ്സിക്ക് എതിരായുള്ള മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കണ്ട സ്പെയിനിൽ നിന്നുള്ള പരിശീലകൻ പറഞ്ഞു.
ബാലൻസ് കണ്ടെത്താൻ സാധിക്കുന്നില്ല എന്നത് ബ്ലാസ്റ്റേഴ്സ് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണെന്ന് കിബു വികൂന വിലയിരുത്തി. രണ്ടാമത്തെ റൗണ്ട് മുതൽ എതിരാളികളേക്കാൾ അവസരം സൃഷ്ടിക്കുന്നുണ്ട് എങ്കിലും അത് പോയിന്റായി മാറ്റാൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഈയൊരു കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. തെറ്റുകൾ പഠിക്കുകയും അത് ആവർത്തിക്കാതിരിക്കാൻ പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ ഇതിന്റെ മാറ്റം പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കിബു വികൂന വിലയിരുത്തി.
ചൊവ്വാഴ്ച്ച നടക്കുന്ന മത്സരത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. മൂന്ന് മത്സരങ്ങൾ മാത്രം തോറ്റ ഹൈദരാബാദും നാലാം സ്ഥാനത്തുള്ള എഫ്സി ഗോവയും തമ്മിൽ പ്ലേ ഓഫ് യോഗ്യതയ്ക്കായി കടുത്ത മത്സരമാണ് നടക്കുന്നത്. പോയിന്റ് നിലയിൽ ഒരുപോലെയാണെങ്കിലും അടിച്ച ഗോളുകളുടെ എണ്ണത്തിന്റെ പേരിലാണ് ഗോവ ഒരു സ്ഥാനം മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും നിസാമുകൾ പരാജയമറിഞ്ഞിട്ടില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!