അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജോസഫൈൻ; ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിച്ചിട്ടുണ്ടാകും, ഞങ്ങളും പച്ചയായ മനുഷ്യരാണ്
ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. കാരണം, നിങ്ങള്‍ക്ക് അറിയില്ല, അതിനുംവേണ്ടി സ്ത്രീകളാണ് വിളിക്കുന്നത്. ചില സ്ത്രീകളോട് അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ തയ്യാറാകില്ല.
എന്നാൽ പിന്നെ അനുഭവിച്ചോ എന്ന രീതിയിൽ മോശം പ്രതികരണം താൻ നടത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. കൊല്ലത്ത് ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ വീട്ടുകാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസഫൈൻ. പൊലീസിൽ പരാതി കൊടുക്കാനും അനുഭവിച്ചോ എന്ന രീതിയിൽ പരാതി പറഞ്ഞ യുവതിയോട് പെരുമാറിയല്ലോ എന്നുളള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് താന്‍ പറഞ്ഞിട്ടില്ലെന്ന് മറുപടി നൽകിയത്. വീഡിയോ ഉണ്ടെന്ന് മാധ്യമപ്രവർത്തകർ വ്യക്തമാക്കിയപ്പോൾ അങ്ങനെ വീഡിയോ ഉണ്ടെങ്കില്‍ പല വീഡിയോകളും വരും. അതൊക്കെ നിങ്ങള്‍ ഈ സമയത്ത് ഏറ്റെടുത്ത് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുക അല്ലാ വേണ്ടത് താനത് നിഷേധിക്കുന്നു എന്നും ജോസഫൈൻ പറഞ്ഞു.
ജോസഫൈന്റെ വാക്കുകൾ ഇങ്ങനെ
അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. വീഡിയോ ഉണ്ട്. അങ്ങനെ വീഡിയോ ഉണ്ടെങ്കില്‍ പല വീഡിയോകളും വരും. അതൊക്കെ നിങ്ങള്‍ ഈ സമയത്ത് ഏറ്റെടുത്ത് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുക അല്ലാ വേണ്ടത്. ഞാന്‍ നിഷേധിക്കുന്നു. ഞങ്ങള്‍ മനുഷ്യരാണ്. പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. കാരണം, നിങ്ങള്‍ക്ക് അറിയില്ല, അതിനുംവേണ്ടി സ്ത്രീകളാണ് വിളിക്കുന്നത്. ചില സ്ത്രീകളോട് അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ തയ്യാറാകില്ല. തീര്‍ച്ചയായിട്ടും ഒരു സ്ത്രീയ്ക്ക് അസഹനീയമായ അനുഭവം ഭർത്താവിൽ നിന്നോ ആരില്‍ നിന്നോ ഉണ്ടായാലും പെട്ടെന്ന് വനിതാ കമ്മിഷനിലേക്ക് ഓടി എത്താന്‍ കഴിയില്ല. അതുകൊണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയും. പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ അതിന് അതിന്റേതായ ഒരു ബലമുണ്ടാകും. അതിനാണ് അങ്ങനെ ചെയ്യാന്‍ പറയുന്നത്. അത് എല്ലാവരോടും പറയുന്നതാണ്. സാധാരണക്കാര്‍ ആണേലും. ഒരു യഥാവിധിയല്ല, കാര്യങ്ങള്‍ കേട്ട് മനസിലാക്കുന്നതും ഉള്‍ക്കൊളളുന്നതും തിരിച്ച് പറയുന്നതും. മനസിലായോ, അപ്പോള്‍ ചിലപ്പോ ഉറച്ച ഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകും. അങ്ങനെ ബോള്‍ഡായ ഭാഷയില്‍ സംസാരിക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ വരും. അത്രയേ ഞാന്‍ പറയുന്നുളളൂ.
ഗാർഹിക പീഡനം നേരിടുന്നവർക്ക് പരാതി പറയാനായി മനോരമ ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു വിവാദമായ സംഭവം. ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന പരാതി പറയാനായി വിളിച്ച യുവതിയോടാണ് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ മോശമായി സംസാരിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പ്രതിഷേധമാണ് നേരത്തെയും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുളള ജോസഫൈനെതിരെ ഉയരുന്നത്. യുവതി പരാതി പറഞ്ഞുതുടങ്ങിയപ്പോൾ മുതൽ വളരെ തിടുക്കത്തോടെ ആയിരുന്നു ജോസഫൈന്റെ മറുപടികൾ. യുവതി നിശബ്ദയായപ്പോള്‍ ഇവര്‍ ദേഷ്യപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നത് വ്യക്തമായി കേൾക്കാം. 2014ല്‍ ആണ് വിവാഹം കഴിഞ്ഞതെന്ന് യുവതി പറഞ്ഞ് തുടങ്ങുമ്പോൾ എംസി ജോസഫൈന് അസ്വസ്ഥതയോടെയാണ് കേള്‍ക്കുന്നത്.
ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടോ എന്ന ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് യുവതി മറുപടി നല്കി. അമ്മായിയമ്മയോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പേ എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന മറുചോദ്യമായിരുന്നു ജോസഫൈന്റേത്. തുടര്‍ന്ന് താന്‍ ആരെയും അറിയിച്ചില്ലെന്ന് യുവതി പറഞ്ഞു. ‘എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടാ’ എന്നായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷയുടെ മറുപടി. തുടര്‍ന്ന് ‘കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീല്‍ വഴി കുടുംബക്കോടതി വഴി പോവുക. വനിതാ കമ്മീഷനിലേക്ക് വേണമെങ്കില്‍ പരാതി അയച്ചോ. പക്ഷേ, അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ?’ എന്നിങ്ങനെയാണ് യുവതിയോട് പറഞ്ഞതും.
