‘എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടാ’, പരാതി പറയാൻ വിളിച്ച യുവതിയെ അപമാനിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ, പ്രതിഷേധം ശക്തം
ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടോ എന്ന ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് യുവതി മറുപടി നല്കി. അമ്മായിയമ്മയോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പേ എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന മറുചോദ്യമായിരുന്നു ജോസഫൈന്റേത്.
സംസ്ഥാനത്ത് വർധിച്ച് വരുന്ന ഗാർഹിക പീഡന പരാതികൾ സജീവ ചർച്ചയാകുമ്പോൾ പരാതി പറയാൻ വിളിച്ച യുവതിയെ അപമാനിച്ച് സംസാരിച്ച വനിത കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന പരാതി പറയാനായി വിളിച്ച യുവതിയോടാണ് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ മോശമായി സംസാരിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പ്രതിഷേധമാണ് നേരത്തെയും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുളള ജോസഫൈനെതിരെ ഉയരുന്നത്.
ഗാർഹിക പീഡനം നേരിടുന്നവർക്ക് പരാതി പറയാനായി മനോരമ ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു സംഭവം. യുവതി പരാതി പറഞ്ഞുതുടങ്ങിയപ്പോൾ മുതൽ വളരെ തിടുക്കത്തോടെ ആയിരുന്നു ജോസഫൈന്റെ മറുപടികൾ. യുവതി നിശബ്ദയായപ്പോള്‍ ഇവര്‍ ദേഷ്യപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നത് വ്യക്തമായി കേൾക്കാം. 2014ല്‍ ആണ് വിവാഹം കഴിഞ്ഞതെന്ന് യുവതി പറഞ്ഞ് തുടങ്ങുമ്പോൾ എംസി ജോസഫൈന് അസ്വസ്ഥതയോടെയാണ് കേള്‍ക്കുന്നത്.
"2014ലാണ് എന്റെ കല്യാണം കഴിഞ്ഞത്. പിറ്റേ മാസം തന്നെ ഭര്‍ത്താവ് ദുബായ്ക്ക് പോയി. പിന്നീട് അമ്മായിയമ്മയും ഭര്‍ത്താവിൻ്റെ സഹോദരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവ് പോയതിൽ പിന്നെ അമ്മായിയമ്മയുടെ സ്വഭാവം മാറി." യുവതി വിവരിച്ചു. എന്നാൽ ശബ്ദം വ്യക്തമാകാതെ വന്നതോടെ "കേള്‍ക്കുന്നില്ല", "എന്താണ് അവിടെ ഒരു സൗണ്ട്" എന്നിങ്ങനെ എംസി ജോസഫൈൻ ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു. യുവതിയ്ക്ക് കുട്ടികളുണ്ടോ എന്ന ചോദ്യവും അവര്‍ക്ക് ആവര്‍ത്തിക്കേണ്ടി വന്നു.
ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടോ എന്ന ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് യുവതി മറുപടി നല്കി. അമ്മായിയമ്മയോ എന്ന ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പേ എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലെന്ന മറുചോദ്യമായിരുന്നു ജോസഫൈന്റേത്. തുടര്‍ന്ന് താന്‍ ആരെയും അറിയിച്ചില്ലെന്ന് യുവതി പറഞ്ഞു. ‘ആഹ് എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടോ’ എന്നായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷയുടെ മറുപടി. തുടര്‍ന്ന് ‘കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീല്‍ വഴി കുടുംബക്കോടതി വഴി പോവുക. വനിതാ കമ്മീഷനിലേക്ക് വേണമെങ്കില്‍ പരാതി അയച്ചോ. പക്ഷേ, അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ?’ എന്നിങ്ങനെയാണ് യുവതിയോട് പറഞ്ഞതും.
ഭര്‍തൃപീഡനം പരാതിപ്പെടാന്‍ യുവതിയോട് മോശമായി പെരുമാറിയ എം.സി ജോസഫൈൻ വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയണമെന്നാണ് സോഷ്യൽമീഡിയയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഭര്‍തൃഗൃഹമോ, വനിതാ കമ്മീഷനോ ഭേദം? എന്നാണ് എഴുത്തുകാരി ശാരദക്കുട്ടി വീഡിയോ കണ്ട് പ്രതികരിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!