ഫിറ്റ്നെസോ, 15 വർഷമോ? വാഹന പൊളിക്കൽ നയം ആശങ്കയാകുമ്പോൾ
ഗുജറാത്തിൽ നടന്ന നിക്ഷേപക സംഗമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഹന പൊളിക്കല്‍ നയം (scrappage policy) പ്രഖ്യാപിച്ചത്. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച വാഹന പൊളിക്കൽ നയം വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് വാഹന ഉടമകൾ. സ്വകാര്യ വാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും നിശ്ചയിച്ചിരിക്കുന്നതിലൂടെ സ്കൂൾ ബസ് ഡ്രൈവർമാർ അടക്കമുളളവരെയും ആറ്റുനോറ്റ് സ്വന്തമായി ഒരു വാഹനം വാങ്ങിയവരെയും വലിയ പ്രതിസന്ധിയിലേക്കാണ് സർക്കാർ തളളിവിട്ടിരിക്കുന്നത്. വാണിജ്യവാഹനങ്ങൾ 15 വർഷത്തിൽ അധികം സർവീസ് നടത്താൻ പാടില്ല എന്ന നിയമം നിർബന്ധമായും നടപ്പിലാക്കേണ്ടി വന്നാൽ കൊവിഡ് മൂലം സാമ്പത്തികമായി തകർന്നവർക്ക് ഇരുട്ടടി കൂടിയാകും ഇതെന്നും വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നു.
കിലോമീറ്റർ കണക്ക് നോക്കിയാൽ ഞങ്ങളുടെ സ്കൂൾ ബസ് വളരെ കുറച്ച് മാത്രമായിരിക്കും ഇത്രയും വർഷത്തിനുളളിൽ ഓടിയിട്ടുണ്ടാകുക. ഇപ്പോൾ തന്നെ കൊവിഡ് കാരണം ഈ രണ്ട് വർഷം സ്കൂളില്ലാതെ വണ്ടി കിടന്നുപോയി. കാഴ്ചയിലും ഓടിച്ചുനോക്കുന്നവർക്കും ഒരു കുറ്റവും പറയാൻ കാണില്ല. വണ്ടി പഴയതാണെങ്കിലും പെർഫോമൻസിന് ഒരു വിധത്തിലുളള പാകപ്പിഴകളുമില്ല. ഇപ്പോഴത്തെ കണ്ടീഷനിൽ ഇനിയും കുറഞ്ഞത് ഒരു അഞ്ച് വർഷം കൂടി ഓടിക്കാൻ സാധിക്കും. അന്നേരം ആരെങ്കിലും പൊളിച്ച് വിൽക്കാൻ കൊടുക്കുമോ? ആലപ്പുഴയിലെ ടിഡി സ്കൂളിലെ ഡ്രൈവറായ നാരായണൻ പറയുന്നു. ഫിറ്റ്നസ് പരിശോധനയൊക്കെ എളുപ്പത്തിൽ കടക്കും, അങ്ങനെ പാസായാലും അധിക നികുതി ഈടാക്കുമെന്നാണ് പറയുന്നത്, അതൊട്ടും ശരിയല്ല. കുറെ നാളത്തെ സ്വപ്നത്തിനൊടുവിലാണ് ഓരോരുത്തരും വാഹനങ്ങൾ സ്വന്തമാക്കുന്നത്. പത്തോ, പതിനഞ്ചോ വർഷമായും ഒരേ വാഹനത്തിൽ തന്നെ തുടരണമെങ്കിൽ അതുമായി അവർക്കൊരു ആത്മബന്ധവും ഉണ്ടാകും. അത് എല്ലാവർക്കും മനസിലാകണമെന്നില്ലെന്നും നാരായണൻ പറഞ്ഞു.

ഗുജറാത്തിൽ നടന്ന നിക്ഷേപക സംഗമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഹന പൊളിക്കല്‍ നയം (scrappage policy) പ്രഖ്യാപിച്ചത്. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുതിയ പൊളിക്കല്‍ നയം പരിസ്ഥിതിക്കുള്ള ആഘാതം തടയാനും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും വേണ്ടിയാണെന്ന് കേന്ദ്ര ഉപരിതല റോഡ് ഗതാഗതവകുപ്പ് നിതിന്‍ ഗഡ്കരിയും പറയുന്നു. പൊളിക്കല്‍ നയം പൊതുജനങ്ങള്‍ക്ക് ഗുണപ്രദമായിരിക്കും. പ്രധാനമായും പഴയ വാഹനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് രജിസ്ട്രേഷന് ചാര്‍ജുകള്‍ സൗജന്യമായിരിക്കും.
ഇതിനൊപ്പം റോഡ് നികുതിയും ഇളവ് നല്‍കുന്നുണ്ട്. വാണിജ്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും റോഡ് നികുതി ഇളവും ഒരുക്കിയേക്കും. പരിപാലന ചെലവ്, റിപ്പയറിനും മറ്റുമുള്ള തുക, ഉയര്‍ന്ന ഇന്ധനക്ഷമത തുടങ്ങിയ നേട്ടങ്ങളുണ്ടാകും എന്നൊക്കെയാണ് ഇതിനെക്കുറിച്ചുളള സർക്കാർ വിലയിരുത്തലുകൾ. ഫിറ്റല്ലാത്ത ഒരു കോടിയോളം വാഹനങ്ങള്‍ ഇന്ത്യയില്‍ ഓടുന്നുണ്ടെന്നാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ പൊളിക്കുന്നത് കാലപ്പഴക്കം പരിഗണിച്ച് ആയിരിക്കില്ല. മറിച്ച് വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധിച്ച് അതില്‍ പരാജയപ്പെടുന്ന വാഹനങ്ങളായിരിക്കും പൊളിക്കുക എന്നാണ് കേന്ദ്രം അറിയിച്ചത്.
സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലീകരിക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിന് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനയമെന്നാണ് ഇതിനെക്കുറിച്ച് കേരളത്തിന്റെ ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്. കേന്ദ്ര നയം വന്‍കിട വാഹന നിര്‍മ്മാതാക്കളെ സഹായിക്കാന്‍ വേണ്ടിയാണ്. സംസ്ഥാനത്ത് 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനാരംഭിച്ചാല് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. കേന്ദ്ര നയത്തെ എതിർത്ത് സംസ്ഥാനം കത്ത് അയക്കും. വാഹനങ്ങളുടെ കാലപ്പഴക്കമല്ല നോക്കേണ്ടത്. കാര്യക്ഷമത പരിശോധിച്ചാണ് തീരുമാനം എടുക്കേണ്ടത്. മലിനീകരണം കുറയ്ക്കാനെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ശരിയല്ല. മലിനീകരണം കുറയ്ക്കാനാണെങ്കില്‍ സിഎന്‍ജി/എല്‍എന്‍ജി, ഇലക്ട്രിക് എന്നിവയിലേയ്ക്ക് വാഹനം മാറ്റാനാണ് അവസരം നല്‍കേണ്ടത്. അല്ലാതെ പൊളിക്കുകയല്ല. നോട്ട് നിരോധനം പോലെ വാഹന നിരോധനമാണ് കേന്ദ്രം നടപ്പാക്കുന്നത്. പുതിയ വാഹന പൊളിക്കല്‍ നയം എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണമെന്നാണ് ഇതിൽ കേരളത്തിന്റെ നിലപാട്.

സംസ്ഥാനത്തെ മലയോര മേഖലയ്ക്ക് പ്രത്യേകിച്ച് ഇടുക്കി, വയനാട് പോലുളള ജില്ലകളിലെ ജീപ്പുകളിൽ ഭൂരിഭാഗവും വാഹന പൊളിക്കൽ നയം വന്നാൽ ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് ഇടുക്കി രാജക്കാട് സ്വദേശിയായ രഞ്ജിത്ത് പറയുന്നു. എറണാകുളത്ത് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രഞ്ജിത്തിന്റെ വീട്ടിൽ മഹീന്ദ്രയുടെ പഴയ ജീപ്പ് ഇപ്പോഴും ഓടുന്നുണ്ട്. ഇത്തരം ജീപ്പിനെ ആശ്രയിച്ച് മലയോരത്ത് നിരവധി പേരാണ് ജീവിക്കുന്നത്. കൂടാതെ അവിടുത്തെ ഭൂപ്രകൃതിയിൽ കുന്നും കാടും മലയും കല്ല് നിറഞ്ഞ വഴിയുമൊക്കെ കടക്കാൻ സാധാരണക്കാരുടെ വലിയ ആശ്രയം ഇത്തരം ജീപ്പുകളാണ്. ഫിറ്റ്നസ് ടെസ്റ്റ് നടത്തിയാലും അതിനുളള വലിയ ഫീസും നികുതി വർധിപ്പിക്കുന്നതുമൊക്കെ ഇത്തരം ജീപ്പുകൾ ഉളളവർക്ക് വലിയ സാമ്പത്തിക ബാധ്യത കൂടി ഉണ്ടാക്കുന്നതാണെന്നും രഞ്ജിത്ത് പറഞ്ഞു.
ഇന്ത്യൻ റോഡുകളിൽ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 51 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 17 ലക്ഷത്തോളം വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും എന്നാൽ വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 34 ലക്ഷം വാഹനങ്ങളും ഉണ്ട്. ഈ വാഹനങ്ങൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ പഴയ വാഹനങ്ങൾ പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ മലിനീകരണം സൃഷ്ടിക്കാനുളള സാധ്യത കൂടുതലാണെന്നും പറയുന്നു.
20 വര്‍ഷത്തിലേറെ പഴകിയ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടയുന്ന നയം നടപ്പായാല്‍ കേരളത്തിൽ 35 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് കണക്കുകൾ. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. ഇതില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്ത് കാറുകളും. നിലവില്‍ കേരളത്തില്‍ 1,41,84,184 വാഹനങ്ങളുണ്ട്. 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന നിലയിലാണ് കേരളത്തിലെ വാഹനപ്പെരുപ്പം. രാജ്യത്ത് ഏറ്റവും വാഹന സാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബാഴ്സലോണ സ്റ്റൈല്‍ ഗ്രീന്‍ സോണ്‍: കൊവിഡിന് ശേഷമുള്ള സുസ്ഥിരനഗരത്തിന് ഉത്തരമോ?