വാഹന പരിശോധനയ്ക്കിടെ മൊബൈൽ പിടിച്ചുവാങ്ങാൻ പൊലീസിന് അധികാരമുണ്ടോ? നിയമം ഇങ്ങനെ
ഡ്രൈവിംഗ് ലൈസന്‍സ് പ്രായപരിധി, രജിസ്ട്രേഷന് എന്നിവ സംബന്ധിച്ച് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വാഹനം ഉപയോഗിക്കുമ്പോള്‍ മോട്ടോര്‍ വാഹന നിയമം 3,4,39 എന്നി വകുപ്പുകൾ പ്രകാരം വാഹനം തടഞ്ഞുവെക്കാനും പിടിച്ചുവെക്കാനും പൊലീസിന് അധികാരമുണ്ട്.
വാഹനപരിശോധനയ്ക്കിടെ പൊലീസ്, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന് ജനങ്ങളുടെ ഫോൺ പിടിച്ചുവെക്കാനുളള അധികാരമുണ്ടോ? മലപ്പുറം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ യുവാവിന്റെ വീഡിയോ പിടിച്ചുവാങ്ങിയതും നാട്ടുകാർ വളഞ്ഞിട്ട് ചോദ്യങ്ങൾ ചോദിച്ചതുമായ വീഡിയോ വൈറലാകുമ്പോൾ ഉയരുന്ന ചോദ്യമാണ്. സാധാരണ ഗതിയിൽ, ഒരു തരത്തിലുമുളള ക്രിമിനൽ സാഹചര്യമോ, അത്തരം സംഭവങ്ങളോ നടക്കാത്ത പക്ഷം മൊബൈൽ പിടിച്ചുവെക്കാനോ, ചോദിച്ച് വാങ്ങാനോ പൊലീസ്, ട്രാഫിക് ഉദ്യോഗസ്ഥർക്ക് അധികാരമില്ല.
മോട്ടോര്‍ വാഹനനിയമം 158ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുളള യൂണിഫോം ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന് പൊതുസ്ഥലത്ത് മോട്ടോര്‍ വാഹനം ഓടിക്കുന്ന ഒരാളില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സിന് പുറമെ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കെറ്റ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കെറ്റ്, ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ആക്റ്റിന്റെ 56ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന വാഹനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ഫിറ്റ്നസ് സര്‍ട്ടിഫിക്കെറ്റും പെര്‍മിറ്റും എന്നി കാര്യങ്ങൾ മാത്രമാണ് ആവശ്യപ്പെടാൻ അധികാരമുളളത്. കേന്ദ്ര ചട്ടങ്ങളിലെ 139ാം നിയമം അനുസരിച്ചും മേല്‍പ്പറഞ്ഞ രേഖകളെല്ലാം തന്നെ യൂണിഫോം ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പെടാവുന്നതാണ്. വാഹനപരിശോധനയുടെ പേരിൽ കൈ കാണിച്ച് വാഹനം നിർത്തിക്കുകയും, അവരെ പുറത്തിറക്കി ജീപ്പ് കിടക്കുന്ന സ്ഥലത്തേക്ക് വരാൻ പറയുകയും പിന്നീട് മൊബൈൽ അടക്കം അവരോട് ആവശ്യപ്പെടുകയും ചെയ്യുന്ന രീതി നിയമപരമായി ശരിയല്ലെന്നാണ് ഹൈക്കോടതിയിലെ അഭിഭാഷകരായ ബോബി തോമസ്, നീരജ് നാരായണൻ എന്നിവരും വ്യക്തമാക്കുന്നത്.
പേപ്പറുകൾ പരിശോധിക്കുക അല്ലെങ്കിൽ അതിന് ഫൈൻ ഈടാക്കുക എന്നതിന് അപ്പുറം മറ്റൊരാളുടെ ഒരു സാധനവും പൊലീസിന് കസ്റ്റഡിയിൽ എടുക്കാൻ അധികാരമില്ല. അതിൽ നിരോധിത വസ്തുക്കൾ ഉണ്ടെങ്കിൽ മാത്രമാണ് വാഹനം കസ്റ്റഡിയിൽ എടുക്കാൻ സാധിക്കുക, അത് രേഖപ്പെടുത്തുകയും വേണം. പൊലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ മൊബൈൽ പിടിച്ചുവെക്കുന്ന അവസ്ഥ ഉണ്ടായാൽ എസ്പിക്കോ, പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കോ പരാതി നൽകാം. കൂടാതെ മൗലികാവകാശങ്ങളെ ഹനിക്കുന്ന രീതിയിലുളള പെരുമാറ്റം ഉണ്ടായാൽ ഹൈക്കോടതിയെയും സമീപിക്കാമെന്നാണ് അഡ്വ. ബോബി തോമസ് ഇതിനെക്കുറിച്ച് പറഞ്ഞത്.

പൊലീസ് ആക്റ്റ് പ്രകാരം സാധാരണഗതിയിൽ വാഹന പരിശോധനയിൽ ഫൈൻ ഈടാക്കാം. വേറെ ഒന്നും അവർക്ക് ചെയ്യാൻ അധികാരമില്ലെന്ന് അഡ്വ. നീരജ് നാരായണനും വ്യക്തമാക്കുന്നു. ബുക്കും പേപ്പറുമെല്ലാം വെരിഫൈ ചെയ്തശേഷം തിരികെ ഹാജരാക്കുകയോ, പിടിച്ചെടുക്കാൻ തക്കതായ കാരണമുണ്ടേൽ കോടതിയിൽ ഹാജരാക്കുകയോ വേണം. മൊബൈൽ ഒന്നും പിടിച്ചെടുക്കാൻ പൊലീസിന് അധികാരമില്ല. മുൻപ് ഇക്കാര്യങ്ങൾ വിശദീകരിച്ചൊരു സർക്കുലർ പുറത്ത് ഇറക്കിയിരുന്നു. കേരള പൊലീസ് ആക്റ്റ് 118 പ്രകാരം അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്താൽ, അല്ലേൽ ഒരു കൈം നടന്നിട്ടുണ്ടേൽ മാത്രമാണ് വാഹനം അടക്കമുളള വസ്തുക്കൾ സിസി ചെയ്യാൻ സാധിക്കൂ. ഇതിമായി മഹസർ ഒക്കെ തയ്യാറാക്കുകയും വേണമെന്നും നീരജ് പറഞ്ഞു.
മോട്ടോര്‍ വാഹന നിയമം 206(1) വകുപ്പ് പ്രകാരം ഒരു പൊലീസ് ഉദ്യോഗസ്ഥന് ഒരു മോട്ടോര്‍ വാഹനത്തിന്റെ തിരിച്ചറിയല്‍ അടയാളമോ, വാഹനത്തിന്റെ ഡ്രൈവര്‍ ഹാജരാക്കുന്ന ലൈസന്‍സോ, പെര്‍മിറ്റോ, രജിസ്ട്രേഷന് സര്ട്ടിഫിക്കെറ്റോ, ഇന്‍ഷ്വറന്‍സ് സര്ട്ടിഫിക്കെറ്റോ, മറ്റ് രേഖകളോ, ഇന്ത്യന്‍ ശിക്ഷാനിയമം 464ാം വകുപ്പിന് കീഴില്‍ വ്യാജ നിര്‍മ്മിതമാണെന്ന് വിശ്വസിക്കുവാന്‍ കാരണമാകുന്ന പക്ഷം പ്രസ്തുത അടയാളമോ, രേഖയോ പിടിച്ചെടുത്ത് വാഹന ഉടമ, അല്ലെങ്കില്‍ ഡ്രൈവര്‍ ഇവരില്‍ ഉചിതമെന്ന് തോന്നുന്ന ആളിനെ വിളിച്ചുവരുത്തി സംശയ നിവാരണം അല്ലെങ്കില്‍ സ്ഥിരീകരണം നടത്താവുന്നതാണ്.
വാഹനം പിടിച്ചുവെക്കൽ
ഡ്രൈവിംഗ് ലൈസന്‍സ് പ്രായപരിധി, രജിസ്ട്രേഷന് എന്നിവ സംബന്ധിച്ച് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വാഹനം ഉപയോഗിക്കുമ്പോള്‍ മോട്ടോര്‍ വാഹന നിയമം 3,4,39 എന്നി വകുപ്പുകൾ പ്രകാരം വാഹനം തടഞ്ഞുവെക്കാനും പിടിച്ചുവെക്കാനും പൊലീസിന് അധികാരമുണ്ട്. കൂടാതെ മോട്ടോര്‍ വാഹനനിയമം 66(1)ാം വകുപ്പ് പ്രകാരം പെര്‍മിറ്റില്ലാതെ വാഹനം ഉപയോഗിക്കുമ്പോഴും പെര്‍മിറ്റിലെ റൂട്ടിനെയും സ്ഥലത്തെയും വാഹന ഉപയോഗിക്കുന്ന ഉദ്ദേശങ്ങളെയും സംബന്ധിച്ചുളള വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വാഹനം ഉപയോഗിക്കുമ്പോഴും പിടിച്ചെടുക്കാൻ പൊലീസിന് സാധിക്കും.
1973ലെ ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 102ാം വകുപ്പ് പ്രകാരം ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് കളവ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുകയോ, സംശയിക്കപ്പെടുകയോ ചെയ്യുന്നതോ, ഏതെങ്കിലും കുറ്റം സംഭവിച്ചതായി സംശയിക്കപ്പെടുകയോ ചെയ്യുന്നതോ, അത്തരം പരിതസ്ഥിതികളില്‍ കണ്ടെത്തുന്നതോ ആയ ഏത് വസ്തുവും പിടിച്ചെടുക്കാവുന്നതാണ്. ഇത്തരത്തില്‍ പിടിച്ചെടുക്കാവുന്ന വസ്തുക്കളില്‍ മോട്ടോര്‍ വാഹനങ്ങളും ഉള്‍പ്പെടും. ക്രിമിനല്‍ നടപടി ക്രമം പാലിച്ചുകൊണ്ടുളള തുടര്‍നടപടികള്‍ ഇതില്‍ ഉണ്ടാകുകയും വേണം.

ലൈസൻസ് പരിശോധിക്കുമ്പോൾ
1988ലെ മോട്ടോര്‍ വാഹന നിയമം 130ാം വകുപ്പ് പ്രകാരം പൊതുസ്ഥലത്തുളള ഒരു മോട്ടോര്‍ വാഹനത്തിന്റെ ഡ്രൈവര്‍ തന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെ അസല്‍ രേഖ യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്നതിന് അനുസരിച്ച് പരിശോധനയ്ക്കായി ഹാജരാക്കണം. ലൈസന്‍സ് നിയമപ്രകാരം മറ്റ് ഏതെങ്കിലും ആവശ്യത്തിനായി എവിടെയെങ്കിലും ഹാജരാക്കിയിരിക്കുന്നതാണെങ്കിൽ, അല്ലേൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരിക്കുക ആണെങ്കിലും അവിടെ നിന്നുളള രസീതിന്റെ ഒറിജിനല്‍ ലൈസന്‍സിന് പകരമായി ഹാജരാക്കണം. പിന്നീട് നിശ്ചിത സമയപരിധിക്കുളളില്‍ ആവശ്യം ഉന്നയിച്ച പൊലീസ് ഉദ്യോഗസ്ഥന് മുന്‍പാകെ അസല്‍ ഹാജരാക്കേണ്ടതുമാണ്. ഈ രണ്ട് സാഹചര്യങ്ങളില്‍ അല്ലാതെ അസല്‍ ഡ്രൈവിംഗ് ലൈസന്‍സിന് പകരമായി യാതൊരു രേഖയും പരിശോധിക്കാവുന്നതോ, ഹാജരാക്കാവുന്നതോ അല്ല.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 139ാം ചട്ട പ്രകാരം ഒരു മോട്ടോര്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് അസല്‍ രേഖകള്‍ കൈവശമില്ലാത്ത പക്ഷം മറ്റ് രേഖകള്‍ പോലെ തന്നെ ഡ്രൈവിംഗ് ലൈസന്‍സിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യം ഉന്നയിച്ച ഉദ്യോഗസ്ഥന് മുന്‍പാകെ നേരിട്ട് ഹാജരാക്കുകയോ, അയച്ച് കൊടുക്കുകയോ ചെയ്യാവുന്നതാണ്
പൊലീസ് ഉദ്യോഗസ്ഥന് ഒരു മോട്ടോര്‍ വാഹനത്തിന്റെ ഡ്രൈവറില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുളള ഏതെങ്കിലും കുറ്റം ആരോപിക്കപ്പെട്ടതായോ, ഡ്രൈവര്‍ ഒളിവില്‍ പോകാനോ, സമന്‍സ് കൈപ്പറ്റാതിരിക്കാനോ സാദ്ധ്യതയുളളതായോ വിശ്വസിക്കുവാന്‍ കാരണമാകുന്ന പക്ഷം പ്രസ്തുത ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്ത് 206(2)ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട കോടതിക്ക് സമര്‍പ്പിക്കേണ്ടതാണ്.
ഇത്തരത്തില്‍ ലൈസന്‍സ് പിടിച്ചെടുക്കുമ്പോള്‍ താല്‍ക്കാലികമായി ഒരു കൈപ്പറ്റ് രസീത് ലൈസന്‍സ് സമര്‍പ്പിക്കുന്ന ആള്‍ക്ക് നിര്‍ബന്ധമായും പൊലീസ് നൽകേണ്ടതാണ്. ഇതുപയോഗിച്ച് രസീതില്‍ പറഞ്ഞിരിക്കുന്ന കാലാവധി വരെ വാഹനം ഓടിക്കാവുന്നതാണെന്നും 206(3)ാം വകുപ്പ് നിഷ്കർഷിക്കുന്നു. കുറ്റാരോപിതന്റേതല്ലാത്ത കാരണത്താല്‍ രസീതിന്റെ കാലാവധി കഴിഞ്ഞിട്ടും കേസ് തീര്‍പ്പാക്കാന്‍ കഴിയാതെ പോയാല്‍ രസീത് കാലാവധി രേഖാമൂലം നീട്ടി നല്കുവാനും 206(3)ാം വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മൊബൈലും വാച്ചും കൈയിലുണ്ടേല്‍ അയോഗ്യരാക്കും, പിഎസ്സി പരീക്ഷകള്‍ക്ക് ഇനി കര്‍ശന നിയന്ത്രണം
'ഇന്ത്യാ ഗവണ്മെന്റ് കൊളോണിയല്‍ ശക്തിയെ പോലെ പെരുമാറുന്നു| മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജാ മുഫ്തി
കൊവിഡ് രോഗികളുടെ ഫോണ്‍ ചോര്‍ത്തല്‍: പൊലീസിനെതിരെ ചെന്നിത്തല ഹൈക്കോടതിയില്‍, നീക്കം കത്തിന് പിന്നാലെ
വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്, എസ്ഐക്കെതിരെ മുൻ ഡിജിപി ജേക്കബ് പുന്നൂസ്