പരീക്ഷയിലേക്ക് നീങ്ങുമ്പോൾ, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പറയാനുളളത്
ഇപ്പോൾ പ്ലസ് ടുവിലേക്ക് പ്രവേശിച്ചിരിക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സെപ്റ്റംബർ ആറ് മുതൽ പരീക്ഷ എഴുതണമെന്നാണ് സർക്കാർ നിർദേശം. ക്ലാസുകൾ നേരാവണ്ണം ലഭിക്കാത്തതിനാൽ ഇപ്പോൾ പരീക്ഷ നടത്തുന്നത് ഭൂരിഭാഗം പേർക്കും തിരിച്ചടിയാകുമെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക.
ഇതുവരെ ഒരു ഓഫ് ലൈൻ ക്ലാസ് പോലും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ദിവസവുമുളള ഒരു ജി.ബി അല്ലേൽ 1.5 ജി.ബി കൊണ്ട് ചില ദിവസമുളള മുഴുവൻ ക്ലാസുകളും ആർക്കും അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൂടാതെ നോട്ട് എഴുതണമെന്ന് പറഞ്ഞ് ടീച്ചർമാർ തന്ന ഓരോ പിഡിഎഫുകളും പത്തും ഇരുപതും മുതൽ എൺപത് പേജുകൾ വരെയുളളതാണ്. മൊബൈലും ടാബുമൊക്കെ നോക്കി അത് മുഴുവൻ ബുക്കിലേക്ക് പകർത്തണമെങ്കിൽ തന്നെ വേണം മാസങ്ങൾ. ഇപ്പോഴാണേൽ പ്ലസ് ടുവിന്റെ ക്ലാസുകളാണ് നടക്കുന്നത്. സെപ്റ്റംബർ മുതൽ പരീക്ഷയാണെന്നാണ് പറയുന്നത്. ക്ലാസുകൾ നല്ല രീതിയിൽ ലഭിക്കാതെ മുഴുവൻ പാഠഭാഗങ്ങൾ പഠിക്കാൻ കഴിയാതെ എങ്ങനെയാണ് ഞങ്ങൾ പരീക്ഷ എഴുതുക? കണ്ണൂർ മയ്യിൽ സ്വദേശിയും മലപ്പട്ടം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിൽ കൊമേഴ്സ് വിദ്യാർത്ഥിയുമായ നവീതിന്റെ വാക്കുകളാണിത്.
സംസ്ഥാനത്തെ നാലരലക്ഷം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ ആദ്യം പൊതുപരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ വഴിയുളള പഠനത്തിലൂടെ സിലബസിന്റെ പത്ത് ശതമാനം പോലും ഇനിയും ഇതുവരെ ഗ്രഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ പരീക്ഷ എഴുതുമെന്നാണ് നവീതിനെപ്പോലെ നിരവധി വിദ്യാർത്ഥികളുടെ ആശങ്ക. സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിജിറ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ക്ലാസുകൾ നഷ്ടമാകുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുണ്ട് കേരളത്തിൽ. കൂടാതെ മൂന്നാം തരംഗത്തിനുളള സാഹചര്യം നിലനിൽക്കുമ്പോൾ ഇതുവരെ വാക്സിൻ ലഭിക്കാത്ത 18 വയസിൽ താഴെയുളള വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി എത്തുന്നതും.

നിലവിൽ 18 വയസിന് താഴെയുളളവർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് എപ്പോൾ, എങ്ങനെ എന്നതിനെക്കുറിച്ചൊന്നും ഇതുവരെ ധാരണയായിട്ടില്ല. ഇപ്പോൾ പ്ലസ് ടുവിലേക്ക് പ്രവേശിച്ചിരിക്കുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സെപ്റ്റംബർ ആറ് മുതൽ പരീക്ഷ എഴുതണമെന്നാണ് സർക്കാർ നിർദേശം. ക്ലാസുകൾ നേരാവണ്ണം ലഭിക്കാത്തതിനാൽ ഇപ്പോൾ പരീക്ഷ നടത്തുന്നത് ഭൂരിഭാഗം പേർക്കും തിരിച്ചടിയാകുമെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക. കേന്ദ്ര സിലബസ് തുടരുന്ന സ്കൂളുകൾ ചെയ്തത് പോലെ പ്ലസ് വൺ പരീക്ഷ ഒഴിവാക്കി ഗ്രേഡ് നൽകുക എന്ന രീതിയാകും ടിപിആർ നിരക്ക് ദിവസംതോറും ഉയരുന്ന ഈ സാഹചര്യത്തിൽ എടുക്കാവുന്ന മുൻകരുതൽ. കഴിഞ്ഞ ഒരുവർഷത്തെ ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് നേരിട്ട പ്രശ്നങ്ങൾ മുൻനിർത്തിയാണ് പരീക്ഷ നടത്താനുളള തീരുമാനത്തെ വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നതും. പ്ലസ് വണിൽ നിന്നും പ്ലസ് ടുവിലെത്തിയ വിവിധ ജില്ലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഏഷ്യാവില്ലിനോട് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്.
എഴുതിക്കൂട്ടേണ്ട പിഡിഎഫുകൾ, ഇന്റർനെറ്റ് അസൗകര്യങ്ങൾ
ഓൺലൈൻ ക്ലാസിനുളള സൗകര്യങ്ങൾ ഇല്ല എന്നതാണ് നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് കണ്ണൂർ മലപ്പട്ടം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ നവീത് പറയുന്നു. റീചാർജ് ചെയ്യാൻ അടക്കം ഞങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വായനശാലയിൽ ഫ്രീ വൈ ഫൈ ഉണ്ട്. എന്നാൽ നിശ്ചിത സമയത്ത് മാത്രമാണ് വായനശാല പ്രവർത്തിക്കുന്നത്. അവിടുത്തെ കാര്യങ്ങളൊക്കെ നടത്തുന്ന ആൾക്കാർ പറയുന്നത്, ആ സമയത്ത് നിങ്ങൾക്ക് ക്ലാസ് ഉണ്ടെങ്കിൽ കാണാം എന്നാണ്. അരമണിക്കൂർ മാത്രമാണ് അവർ തുറന്ന് തരാറുളളൂ. ആ സമയത്ത് കണ്ടില്ലെങ്കിൽ വേണ്ട എന്ന നിലപാടാണ് അവരുടേത്. ഇതടക്കം വലിയ ബുദ്ധിമുട്ടാണ് ഞങ്ങൾക്കുളളത്.
പിന്നെ ഓഫ് ലൈനായി ഞങ്ങൾക്ക് ഇതുവരെ ഒരു ക്ലാസ് പോലും ലഭിച്ചിട്ടില്ല. രണ്ടുമാസം എങ്കിലും ഓഫ് ലൈൻ ക്ലാസ് നടത്താമെന്ന് സർക്കാർ തന്നെ പറഞ്ഞിരുന്നു. എന്നാൽ രണ്ടുദിവസം പോലും ഇതുവരെ ഓഫ് ലൈൻ ക്ലാസ് ലഭിച്ചിട്ടില്ല. സംശയങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാൻ പോലും ഇടതരാതെയാണ് ഇപ്പോൾ പരീക്ഷ നടത്താൻ പോകുന്നത്. അതിന്റെ വലിയ പ്രശ്നങ്ങളുണ്ട്. കാരണം പ്ലസ് വൺ എന്താണ് സംഭവമെന്ന് ഞങ്ങൾക്ക് അറിയില്ല. ഒരേ സ്കൂളിൽ പഠിച്ചവരും നാട്ടുകാരും ഒഴികെയുളളവർ തമ്മിൽ കൂട്ടുകാരും ടീച്ചർമാരുമൊക്കെയായി ഓൺലൈനായുളള പരിചയമേ തമ്മിൽ ഉളളൂ. ഇപ്പോൾ പരീക്ഷ എഴുതാൻ പോകുമ്പോൾ നോക്കി എഴുതാൻ ആണേലും എടാ ഒന്ന് പറഞ്ഞുതാടാ എന്ന് ചോദിക്കാനുളള ബന്ധമൊന്നും ഒരാളുമായും ഈ കാലത്തിനിടയിൽ ഉണ്ടായിട്ടില്ല. പേര് പോലും അറിയാൻ വയ്യാത്ത അവസ്ഥയാണ്. കാരണം ക്ലാസ് ശരിക്കും തുടങ്ങിയത് സർക്കാർ ഫോക്കസ് ഏരിയ ഇറക്കിയ സമയത്താണ്. അന്ന് മുതലാണ് ശരിക്കും ഞങ്ങൾക്ക് പ്ലസ് വൺ ക്ലാസ് തുടങ്ങിയത്. ഒരു വാട്സാപ്പ് ഗ്രൂപ്പ് പോലും തുടങ്ങിയത് അന്നാണ്. അപ്പോൾ മനസിലാക്കണം, എത്ര മാസം ഞങ്ങൾക്ക് ക്ലാസ് കിട്ടിയിട്ടുണ്ട് എന്നത്.

നേരത്തെ ക്ലാസ് പരീക്ഷകൾ നടത്തിയിരുന്നു. ഇതിനായി ഗൂഗിൾ ഫോം തരും, അതിൽ ചോദ്യം ഉണ്ടാകും. അത് തന്നെ അപ്പുറവും ഇപ്പുറവും ചോദിച്ചോ, ഗൂഗിളിൽ സെർച്ച് ചെയ്തോ ആയിരിക്കും പരീക്ഷ എഴുതുക, കാരണം ടെക്സ്റ്റിൽ അത് എവിടെയാണെന്ന് നമുക്ക് ഇതുവരെ അറിയില്ല. ടീച്ചർമാർ ചെയ്യുന്ന പരിപാടി എല്ലാത്തിന്റെയും നോട്സ് പിഡിഎഫ് ആയി വാട്സാപ്പിൽ അയച്ച് തരും. ഓരോ പിഡിഎഫും ധാരാളം പേജുകൾ വരുന്നതാണ്. ചിലതൊക്കെ 80 പേജ് വരെയുളളതുണ്ട്. അത്രയും ബുക്കിലേക്ക് എഴുതണമെന്നാണ് ടീച്ചർമാർ പറയുന്നത്. അത് എഴുതണമെങ്കിൽ തന്നെ വേണം രണ്ടുമാസം. മൊബൈലിൽ നോക്കി എഴുതണേൽ ഫുൾ ബ്രൈറ്റ്നെസിൽ ഇടണം. അന്നേരം ചാർജ് തീർന്നുപോകും, അപ്പോൾ ചാർജ് ചെയ്തുകൊണ്ടാകും ചിലപ്പോ എഴുതുക. ഇതിനിടയിൽ ഓരോ ദിവസത്തെയും ക്ലാസ് തുടങ്ങുകയും ചെയ്യും. ചിലപ്പോ ഒരു ദിവസം നാലും അഞ്ചും മണിക്കൂർ ക്ലാസ് ഉണ്ടാകും. മാഷുമാർക്ക് സൗകര്യമായ സമയത്താണ് ക്ലാസുകൾ എടുക്കുന്നത്. ഈ ക്ലാസുകളൊക്കെ ഒരു ജിബിയോ, ഒന്നര ജിബിയോ കൊണ്ടാണ് നമ്മൾ കാണേണ്ടത്. ഉച്ചയാകുന്നേരം ഞങ്ങൾക്ക് ഒരു ജിബി തീരും, വൈകുന്നേരത്തേക്ക് വീണ്ടും ജിബി വേണ്ട അവസ്ഥയാണ്. റേഞ്ച് പ്രശ്നമുളള സ്ഥലത്താണേൽ പിന്നെ കറങ്ങി കറങ്ങി ഇരിക്കും ചിലപ്പോൾ.
രണ്ട് വിദ്യാർത്ഥികളും ഒരു മൊബൈലും
ഒരു ദിവസം രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് നേരമാണ് കൂടുതൽ സമയവും പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ നടന്നിരുന്നതെന്ന് ആലപ്പുഴ ജില്ലയിലെ അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അനന്തകൃഷ്ണൻ പറയുന്നു. എല്ലാ ക്ലാസുകളും അറ്റൻഡ് ചെയ്യാൻ ആർക്കും ഇതുവരെ സാധിച്ച് കാണില്ല. അത്രയ്ക്ക് ഉളളിലേക്കുളള പ്രദേശമല്ലാതിരുന്നിട്ടും നെറ്റിന് സ്പീഡ് ഇല്ല, കണക്ഷന് റേഞ്ചുമില്ല. വൈകുന്നേരത്തെ ക്ലാസൊക്കെ കേൾക്കണേൽ റോഡിലേക്ക് വന്ന് പ്രത്യേക സ്ഥലത്ത് നിൽക്കേണ്ടി വരും. പലപ്പോഴും റോഡിൽ നിന്നാണ് ക്ലാസുകൾ കേട്ടിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയും ഈ ഫോണാണ് ക്ലാസിനായി ഉപയോഗിക്കുന്നത്.
ടീച്ചർമാർ വലിയ പിഡിഎഫുകളാണ് നോട്ടായി തരുന്നത്. ഒറ്റയടിക്ക് എഴുതി തീർക്കാൻ കഴിയുന്നതല്ല അതൊന്നും. കൂടാതെ അനിയത്തിക്കും എനിക്കും ഒരുപോലെ ക്ലാസുകൾ വരുന്ന സമയത്ത് ഞാൻ കേറി അറ്റൻഡൻസ് നൽകി ഇറങ്ങിയ ശേഷം മൊബൈൽ അനിയത്തിക്ക് നൽകാറാണ് ചെയ്യുന്നത്. എന്നെപ്പോലെ തന്നെ നിരവധി പേരുണ്ടാകും ഇങ്ങനെ. നേരിട്ട് ക്ലാസോ, സ്കൂളുകളിലെ അധ്യയനമോ ഇല്ലാത്തത് കൊണ്ട് പഠിക്കാനും മനസിലാകാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇംഗ്ലീഷിൽ എല്ലാം പഠിക്കണേൽ വലിയ പാടായിട്ടാണ് ഇപ്പോൾ തോന്നുന്നത്. നേരത്തെ ട്യൂഷൻ ക്ലാസുകൾ ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് വന്നതോട് കൂടി ട്യൂഷൻ ക്ലാസും ഓൺലൈനിലേക്ക് മാറി. പരീക്ഷ വേണ്ടെന്ന് വെക്കുന്നതാകും നല്ലത്. എന്ത് പഠിക്കണമെന്നും എങ്ങനെ പരീക്ഷ എഴുതണമെന്നുമുളള പേടി എനിക്കുണ്ട്.

എല്ലാ ക്ലാസും മുഴുവൻ നോട്ടും പൂർത്തിയാക്കിയ ആരെങ്കിലും കാണുമോ?
പ്ലസ് വണിൽ എല്ലാ ക്ലാസും മുഴുവൻ നോട്ടും പൂർത്തിയാക്കിയ ആരെങ്കിലും കാണുമോ? കായംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ സുമിയുടെ ചോദ്യമാണിത്. ഇപ്പോൾ പ്ലസ് ടു ക്ലാസുകൾ നടക്കുന്നു. ഇനി പരീക്ഷ വരുമ്പോൾ അതിന്റെ പിറകെ പോകണം. പത്തിൽ നിന്ന് പ്ലസ് വണിലേക്ക് വരുമ്പോൾ, നമുക്ക് അറിയാത്ത കുറെ കാര്യങ്ങളാണല്ലോ പഠിക്കുന്നത്. ഇംഗ്ളീഷിലുളള ക്ലാസുകളും. ആകെ ഒരു പിടിയും കിട്ടാത്ത അവസ്ഥയായിരുന്നു. നേരിട്ടുളള ക്ലാസ് ആയിരുന്നേൽ ചിലപ്പോൾ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേനെ എന്ന് തോന്നിയിരുന്നു. കൂടെ പഠിക്കുന്ന എല്ലാവരെയും ഇതുവരെ ശരിക്കും അറിയില്ല. കൂടാതെ നിരവധി ക്ലാസുകൾ നഷ്ടമായി. പഠിപ്പിച്ചതൊക്കെ മൊബൈലിൽ നോക്കി എഴുതി തീർത്ത് പഠിക്കാൻ കഴിയുമോ എന്നു ചോദിച്ചാൽ അറിയില്ല എന്നാണ് സുമി മറുപടി നൽകിയത്. നിലവിൽ പല വിഷയങ്ങളിലും വളരെ കുറച്ച് ക്ലാസുകൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. പരീക്ഷ പിന്നീട് നടത്തുകയോ, അല്ലേൽ വേണ്ടെന്ന് വെക്കുകയോ ചെയ്താൽ അതാകും വിദ്യാർത്ഥികൾക്ക് സന്തോഷമുളള കാര്യമെന്നും സുമി പറയുന്നു.
ആദ്യം മാതൃകാ പരീക്ഷ, പിന്നാലെ പൊതുപരീക്ഷ
പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആദ്യം മാതൃകാ പരീക്ഷ നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാല് വരെ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വീടുകളിൽ ഇരുന്ന് മാതൃകാ പരീക്ഷ എഴുതണം. സെപ്റ്റംബർ ആറാം തിയതി മുതൽ സ്കൂളുകളിൽ പൊതുപരീക്ഷയും നടക്കും. ഓണക്കാലത്തെ തിരക്കും ആൾക്കൂട്ടവും കഴിഞ്ഞ് രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് എത്തുമ്പോൾ സർക്കാർ ഏതൊക്കെ തരത്തിൽ ഇതിനായി മുന്നൊരുക്കങ്ങൾ നടത്തും എന്നത് പ്രധാനമാണ്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തിയ സമയത്ത് കൊവിഡ് വ്യാപന നിരക്ക് കുറവായിരുന്നു. ബിരുദ പരീക്ഷകൾക്ക് ആകട്ടെ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു. ഈ സാഹചര്യമല്ല പ്ലസ് വൺ പരീക്ഷകൾ നടക്കുന്ന സമയത്ത് ഉണ്ടാകുക. രണ്ടാം തരംഗത്തിൽ ലോകത്ത് തന്നെ വ്യാപനതോതിൽ ഏറ്റവും മുമ്പിലുളള പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ടിപിആർ നിരക്ക് 15% കടക്കുകയും ചെയ്തു. ഈ സമയത്ത് ഒരു പ്ലസ് വൺ പരീക്ഷ നടത്തേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം.

സംസ്ഥാനത്ത് നേരത്തെ പ്ലസ് വണിന് പൊതുപരീക്ഷ ഉണ്ടായിരുന്നില്ല, ക്ലാസ് പരീക്ഷ മാത്രമാണ് നടത്തിയിരുന്നത്. ഇപ്പോഴും മിക്ക സംസ്ഥാനങ്ങളിലും പ്ലസ് വണിന് പൊതുപരീക്ഷ ഇല്ല. അതുകൊണ്ട് തന്നെ പ്ലസ് വൺ പരീക്ഷ ഈ വർഷം ഒഴിവാക്കുകയോ, ഓൺ ലൈനിലൂടെയുളള ക്ലാസ് പരീക്ഷ മാത്രമായി ചുരുക്കുകയോ, അല്ലെങ്കിൽ അടുത്ത അധ്യയന വർഷത്തിൽ പ്ലസ് വണിന്റെ അടിസ്ഥാനം ഉറപ്പാക്കി പ്ലസ് ടു പരീക്ഷ നടത്തുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഇത്തവണത്തെ പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്ലസ് വൺ സ്റ്റുഡന്റ്സ് കളക്റ്റീവ് വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
ക്ലാസ് മുറികള്‍ പോലും കാണാതെയാണ് പ്ലസ് വൺ പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ പോകുന്നത്. മോഡല്‍ പരീക്ഷയും പൊതുപരീക്ഷയും മാറ്റിവെയ്ക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇങ്ങനെ പ്രഹസനമായി നടത്താനുളള നീക്കത്തിൽ നിന്നും പിൻവാങ്ങണമെന്നാണ് അധ്യാപകരുടെയും അഭിപ്രായം. പൊതുപരീക്ഷകള്‍ നീട്ടിവെച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുളള ക്ലാസുകളില്‍ പങ്കെടുക്കാനുളള അവസരം നല്‍കണം. ഇതിന് ശേഷം മാത്രമേ പൊതുപരീക്ഷ നടത്താൻ പാടുളളൂ എന്നാണ് അധ്യാപകരുടെ ആവശ്യം.
തുടർച്ചയായുളള പരീക്ഷകളും വെല്ലുവിളി
മോഡൽ പരീക്ഷയും പൊതുപരീക്ഷയും തമ്മിൽ ഒരു ദിവസത്തെ സമയവ്യത്യാസം മാത്രമാണുളളത്. ആഗസ്റ്റ് 31 മുതല്‍ നാലാം തിയതി വരെ മോഡല്‍ പരീക്ഷയും ആറാം തിയതി പൊതുപരീക്ഷയുമാണ്. രണ്ടും തമ്മില്‍ ആകെ ഒരു ദിവസത്തെ സമയ വ്യത്യാസമേ ഉളളൂ. കൂടാതെ പലര്‍ക്കും ഒരു ദിവസം തന്നെ രണ്ട് മോഡല്‍ പരീക്ഷയും എഴുതേണ്ട അവസ്ഥയുമുണ്ട്. പൊതുപരീക്ഷയ്ക്ക് മുന്‍പ് തന്നെ ഇരട്ടി സമ്മര്‍ദ്ദമാണ് ഇതുമൂലം കുട്ടികൾക്ക് ഉണ്ടാകുക. രണ്ട് മോഡൽ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുമ്പോള്‍ അഞ്ചുമണിക്കൂറോളം പരീക്ഷ എഴുതേണ്ടിയും വരും. ഇത് അശാസ്ത്രീയവും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതുമാണ്. കൂടാതെ ഇംപ്രൂവ്മെന്റ് പരീക്ഷ ഇല്ലാത്തതും വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ്. ഓൺലൈൻ ക്ലാസുകളിലൂടെ മാത്രം പരിചയമുളള വിദ്യാർത്ഥികൾക്കായി പരീക്ഷ നടത്തുമ്പോൾ വേണ്ട രീതിയിലുളള തയ്യാറെടുപ്പുകൾ അധികൃതർ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്.
ഡിജിറ്റൽ ഉപകരണങ്ങളുടെ അസൗകര്യം, എല്ലാവർക്കും ക്ലാസുകൾ അറ്റൻഡ് ചെയ്യാത്ത കഴിയാത്ത സാഹചര്യം, ഓഫ് ലൈനായി ഒരു ക്ലാസ് പോലും ലഭിച്ചിട്ടില്ലെന്ന കുറവ്, എല്ലാത്തിനും ഉപരി വർധിച്ച് വരുന്ന കൊവിഡ് കേസും വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കാത്ത അവസ്ഥ എന്നി കാരണങ്ങൾ മുൻനിർത്തി പരീക്ഷ ഒഴിവാക്കുന്നതിനുളള തീരുമാനമാണ് സർക്കാർ കൈക്കൊളേളണ്ടതെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. മൂന്നാംതരംഗത്തിനുളള വലിയ സാധ്യത സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നത്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ചു നടത്തില്ല; പ്ലസ് വൺ പരീക്ഷ മാറ്റിവെക്കും
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: പുതിയ തിയതികളായി, മെയ് 21 മുതൽ
എസ്എസ്എൽസി പരീക്ഷ മെയ് 26 മുതൽ ഉച്ചയ്ക്ക് ശേഷം, രാവിലെ പ്ലസ് ടു പരീക്ഷ; ബസ് ചാർജും വർധിപ്പിക്കും
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയില്ല; മെയ് 26ന് തന്നെയെന്ന് മുഖ്യമന്ത്രി