ഒന്നര വർഷം, ഇനി എന്നാണ് കേരളത്തിലെ കോടതികൾ സാധാരണ നിലയിലേക്ക് ആകുക? അഭിഭാഷകർ ചോദിക്കുന്നു
എല്ലാവിധ സർക്കാർ ഓഫിസുകളും ബാങ്കുകളും അടങ്ങുന്ന മറ്റ് പ്രധാന സ്ഥാപനങ്ങളും പഴയ രീതിയിൽ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും 2020 മാർച്ചിന് ശേഷം കോടതികൾ ഇതുവരെ കൊവിഡിന് മുൻപുളള രീതിയിൽ കേസുകൾ കൈകാര്യം ചെയ്ത് തുടങ്ങിയിട്ടില്ല.
കൊവിഡിന്റെ ഒന്നും രണ്ടും തരംഗത്തിന് ശേഷവും സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് ആകാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകരും ക്ലർക്കുമാരും അടങ്ങുന്ന വലിയൊരു സമൂഹം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെ. എല്ലാവിധ സർക്കാർ ഓഫിസുകളും ബാങ്കുകളും അടങ്ങുന്ന മറ്റ് പ്രധാന സ്ഥാപനങ്ങളും പഴയ രീതിയിൽ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും 2020 മാർച്ചിന് ശേഷം കോടതികൾ ഇതുവരെ കൊവിഡിന് മുൻപുളള രീതിയിൽ കേസുകൾ കൈകാര്യം ചെയ്ത് തുടങ്ങിയിട്ടില്ല. സീനിയർമാരുടെ ഓഫീസുകൾ നിശ്ചലമായതോടെ ജൂനിയർ അഭിഭാഷകരിൽ പലരും ഈ ഫീൽഡ് ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് തിരിയുകയാണ്. കൊവിഡിന് മുൻപ് പുതിയ ഓഫിസിട്ട അഭിഭാഷകരും വാടക അടക്കം കൊടുക്കാൻ ബുദ്ധിമുട്ടുന്നുവെന്നാണ് നിരവധി അഭിഭാഷകർ ഏഷ്യാവിൽ മലയാളത്തോട് അറിയിച്ചത്.
സാധാരണയായി കൊവിഡിന് മുൻപുളള സമയത്ത് കോടതിയിൽ 100നും 150നും ഇടയിൽ പോസ്റ്റിങ് ഉണ്ടായിരുന്നതാണ്. ഇപ്പോൾ അഞ്ചോ പത്തോ കേസുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് മലപ്പുറത്ത് അഭിഭാഷകനായ ഉമർ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാർച്ച് മുതൽ തുടങ്ങിയതാണ്, ഇപ്പോൾ ഒന്നര വർഷത്തോളമാകുന്നു ഈ പ്രതിസന്ധി. നിലവിലുളളവർക്ക് പോലും പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടായതിനാൽ പുതിയ ആളുകൾ ഇനി പ്രാക്റ്റീസിനായി വരുമ്പോൾ രണ്ടുവട്ടം ആലോചിക്കുമെന്നും ഉമർ പറഞ്ഞു. നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് അനന്തമായി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുളളതെന്നാണ് ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറത്തിന്റെ സംസ്ഥാന തല സംഘാടകൻ കൂടിയായ അഡ്വ. ഡിക്സൺ വിശദീകരിക്കുന്നത്.

2020 മാർച്ചിൽ തുടങ്ങിയ ലോക്ഡൗൺ ഇടയ്ക്ക് പിൻവലിച്ചെങ്കിലും കോടതികൾ മാത്രം സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങിയിരുന്നില്ല. നാട്ടിലെ സർക്കാർ സംവിധാനങ്ങൾ, ഭരണസിരാ കേന്ദ്രവുമായി പ്രവർത്തിക്കുന്ന ഓഫിസുകൾ, ബാങ്കുകൾ എന്നിങ്ങനെ എല്ലാം പഴയപടി പ്രവർത്തിച്ചപ്പോഴും കോടതി മാത്രം പഴയപടി എത്തിയില്ല. കോടതി തുറന്ന് ഇരിക്കുന്നുണ്ടെങ്കിലും സാധാരണ രീതിയിൽ 150 കേസുകൾ വിളിച്ചിരുന്ന കോടതികളിൽ, അല്ലേൽ സാധാരണ വിളിച്ചിരുന്ന അവസ്ഥയിൽ നിന്ന് വളരെ അത്യാവശമെന്ന് ജഡ്ജി തീരുമാനിക്കുന്ന, അല്ലെങ്കിൽ അഭിഭാഷകർ ആവശ്യപ്പെടുന്ന, ആവശ്യപ്പെട്ടാൽ ജഡ്ജിന് തോന്നുന്ന പത്തോ, പന്ത്രണ്ടോ കേസുകൾ മാത്രമാണ് വിളിക്കുന്നത്. ബഹുഭൂരിപക്ഷം വക്കീൽ ഓഫിസുകളും ഇതോടെ പ്രവർത്തിക്കാതെയായി.
ഒരു സീനിയർ വക്കീലിനെ സംബന്ധിച്ചടത്തോളം അത്യാവശം കേസുകൾ എന്തായാലും അദ്ദേഹത്തിന് ഉണ്ടാകും. എന്നാൽ ആ ഓഫിസുമായി ബന്ധപ്പെട്ട് നിൽക്കുന്ന ധാരാളം ക്ലർക്കുമാരും ജൂനിയർ അഭിഭാഷകരുണ്ട്. അവർക്കൊന്നും ഈ കാലയളവിൽ അങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടാത്ത വിധത്തിൽ പണിയില്ലായ്മ ആണ് അനുഭവപ്പെട്ടത്. തുച്ഛമെങ്കിലും ആകെ കിട്ടിയിരുന്ന ആ വരുമാനവും നിലച്ചു. കോടതി സ്റ്റാഫുകൾക്ക് അല്ലേൽ ജഡ്ജിമാർക്ക് ഒന്നും ഈ പ്രശ്നമില്ല. കാരണം അവർ ശമ്പളം പറ്റുന്നവരാണ്. കേസ് തന്നിരിക്കുന്ന കക്ഷികൾ നിരന്തരം വിളിച്ച് ചോദിക്കുകയാണ്, കോടതികൾക്ക് പ്രവർത്തിച്ചാൽ എന്താണെന്ന്? ഫാമിലി കേസുകൾ, ജീവനാംശം മുടങ്ങിയ കേസുകൾ, മ്യൂച്ചൽ ഡിവോഴ്സിന് വേണ്ടി കാത്തിരിക്കുന്നവർ, നഷ്ടപരിഹാരം അനുവദിച്ചുളള ഉത്തരവിനായി കാക്കുന്നവർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ ശ്രേണികളിലെ ആളുകൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്.
എല്ലാ സർക്കാർ ഓഫിസുകളും പ്രവർത്തിക്കുന്നത് പോലെ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് കോടതിക്ക് പ്രവർത്തിക്കാവുന്നതേയുളളൂ. ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിന് ഇക്കാര്യം ആവശ്യപ്പെട്ട് ഞങ്ങൾ കത്ത് അയച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കോടതികൾ പഴയ രീതിയിൽ തുറന്ന് സിവിലും ക്രിമിനലും ലേബർ കേസുകളും ഫാമിലി കേസുകളും അടക്കം എല്ലാം വിളിക്കണം. സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം അടിയന്തരമായി ഒഴിവാക്കണം. ലോക്ഡൗണിലോ, മറ്റ് നിയന്ത്രണങ്ങൾ ഉളളപ്പോഴോ ഞങ്ങൾ ഇത് ആവശ്യപ്പെട്ടിരുന്നില്ല. എല്ലായിടത്തെയും ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോൾ കോടതിക്ക് മാത്രമായി പ്രത്യേക പ്രിവിലേജ് ഒന്നുമില്ലെന്നും ഡിക്സൺ വ്യക്തമാക്കി.

കൊവിഡ് വന്നതോടെ കക്ഷികൾ വരാതെയായി. എല്ലാ കോടതികളും വീഡിയോ കോൺഫറൻസിലൂടെ കേസുകൾ കേൾക്കാൻ തുടങ്ങി. ഇതിന്റെ കുഴപ്പം എന്താണെന്ന് വെച്ചാൽ പെട്രൊൾ അടിച്ച് ഓഫിസിൽ പോയാൽ ആ പെട്രൊൾ കാശിന് പോലും വരുമാനം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുളളതെന്നാണ് കോട്ടയം ജില്ലാ കോടതിയിലെ അഭിഭാഷകനായ അഡ്വ. വിഷ്ണു മണിക്ക് പറയാനുളളത്.
വളരെ അത്യാവശമുളള കേസ് ആണെങ്കിൽ കൂടി ആ കക്ഷി വരുമ്പോൾ, അവന്റെ കയ്യിലൊന്നും കാണില്ല. പ്രത്യേകിച്ച് കക്ഷികളോട് 1000 ചോദിച്ചാലാണ് 500 തരിക. അങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇപ്പോഴാണെങ്കിൽ ആരും വരുന്നില്ല. വരുന്നവർ കൊവിഡിന്റെ കാര്യം പറഞ്ഞുപോകുന്നു. പലരും ക്വാറന്റൈൻ ആണെന്ന് പറയുന്നു. അങ്ങനെ ആകെ ദുരിതത്തിലാണ്. പ്രത്യകിച്ചും പത്ത് വർഷത്തിന് താഴെയുളള ജൂനിയർ അഭിഭാഷകരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. തുടക്കമായത് കൊണ്ട് നാട്ടിൽ നിന്നും കിട്ടുന്ന അല്ലറ ചില്ലറ കേസുകൾ കൊണ്ടാണ് പലരും കഴിഞ്ഞിരുന്നത്. ഇപ്പോളാണേൽ പെട്രൊൾ വില, വീട്ടുചെലവ്, വിവാഹം കഴിഞ്ഞവരാണേൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇങ്ങനെ നിരവധി ബാധ്യതകളുമാണ് പലർക്കും. സീനിയർക്ക് കേസുകൾ ഇല്ലാതെ വരുമാനമില്ലാതായതോടെ ആ ഓഫിസുകളിലെ ജൂനിയർക്കും ക്ലർക്കുമാർക്കും പ്രത്യേകിച്ച് നേട്ടമൊന്നും ലഭിക്കുന്നില്ല. സ്വന്തമായി ഓഫിസ് തുടങ്ങിയ ജൂനിയേഴ്സിനെ സംബന്ധിച്ച് വളരെ മോശമാണ് അവരുടെ അവസ്ഥ. നമ്മളെ വിശ്വസിച്ചാണ് നമ്മുടെ ഓഫിസിലെ ക്ലർക്കുമാർ നിലനിൽക്കുന്നത്. അന്നേരം അവരുടെ കുടുംബത്തിന് പട്ടിണിയില്ലാതെ കഴിയാനുളള എന്തെങ്കിലും കൊടുക്കേണ്ട ഉത്തരവാദിത്വം നമ്മളുടേതാണ്. കൊവിഡ് നമ്മളെ ആകെ തളർത്തിയിരിക്കുകയാണ്. ഒരു വരുമാനവുമില്ല. പലപ്പോഴും നമ്മൾ കടം വാങ്ങി അവർക്ക് കൊടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും വിഷ്ണുമണി പറയുന്നു.
കോടതി നടപടികൾ ഓൺലൈനിലേക്ക് നീങ്ങിയതും ദൂരെ കോടതികളിൽ പോകേണ്ട ആവശ്യമില്ലാത്തതിനാലും പല സീനിയർ അഭിഭാഷകരും ജൂനിയർമാരെ ഒഴിവാക്കുകയാണെന്ന് കണ്ണൂരിൽ പ്രാക്റ്റീസ് ചെയ്യുന്ന അഡ്വ. അപർണ പറയുന്നു. ഇ ഫയലിങ് ആക്കാനുളള നിർദേശം വന്നിട്ടുണ്ട്. പക്ഷേ കക്ഷികൾ നേരിട്ട് വരുന്നേരമാണല്ലോ നമ്മൾക്ക് പൈസ ലഭിക്കുന്നത്. അത്തരം സാധ്യതകൾ ഇപ്പോൾ ഇല്ല. ഒരു വർഷം നാല് തവണ നടത്തുന്ന എൻറോൾമെന്റ് ചടങ്ങിലൂടെയും മറ്റ് വിവിധ രീതികളിലൂടെയും വലിയ തുകയാണ് ബാർ കൗൺസിലിന് ലഭിക്കുന്നത്. എന്നാൽ ദുരിതത്തിലായ അഭിഭാഷകർക്കായി പ്രത്യേക പദ്ധതികളൊന്നും ഇവർ നടപ്പാക്കുന്നില്ലെന്നും അപർണ ചൂണ്ടിക്കാട്ടുന്നു.

കൊവിഡിന് മുൻപ് 50 നും 100 നും ഇടയിൽ റിട്ട് പെറ്റീഷനുകൾ ഫയൽ ചെയ്തിരുന്നതാണെന്നും കൊവിഡിലെ നിയന്ത്രണങ്ങളും ഭേദഗതികളും വന്നതോടെ ഇതൊക്കെ ചുരുങ്ങിയെന്നുമാണ് ടാക്സ് കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വ. നിഖിൽ പറഞ്ഞത്. ഒന്നാം തരംഗം വന്നപ്പോൾ കേസുകൾ കുറഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ രണ്ടാം തരംഗം വന്നപ്പോൾ ഓഫിസിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായെന്നാണ് അഡ്വ. ദിലീപ് ഭട്ട് വിവരിച്ചത്. ഓഫിസ് ഓടിക്കാൻ ഇപ്പോൾ വരവിനെക്കാൾ കൂടുതൽ ചെലവാണ്. അതായത് വരവ് ഇപ്പോൾ നാലായിരം രൂപ ആണെങ്കിൽ ഓഫിസിന് 8,000 രൂപ വേണ്ടിവരും. 2021 ഫെബ്രുവരി മുതൽ ഇതുതന്നെയാണ് അവസ്ഥ. ആദ്യം കൊവിഡ് വന്നപ്പോൾ ബാർ കൗൺസിൽ 35 വയസിന് താഴെ ഏഴുവർഷത്തിൽ താഴെ പ്രാക്റ്റീസ് ഉളളവർക്ക് 10,000 രൂപ പലിശ രഹിത വായ്പയായി നൽകിയിട്ടുണ്ട്. ഇതല്ലാതെ ബാർ കൗൺസിലിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും അഭിഭാഷകർക്കായി ഉണ്ടായിട്ടില്ല. ഹൈക്കോടതി വഴി വാക്സിൻ വിതരണം നടത്തിയതും പണം ഈടാക്കിയായിരുന്നു. ഇനി കൊവിഡ് ഒക്കെ അവസാനിച്ച് കാര്യങ്ങൾ പഴയപടി ആയാൽ ആരൊക്കെ പ്രൊഫഷനിൽ തുടരുമെന്നത് വലിയ ചോദ്യമാണെന്നും ദിലീപ് പറയുന്നു.
അഭിഭാഷകർക്ക് ബാർ കൗൺസിൽ സഹായം കൊടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും കോട്ടയത്ത് അത്തരത്തിൽ സഹായം ലഭിച്ച ഒരാളെ പോലും തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിഷ്ണുമണി പറഞ്ഞത്. സീനിയർ അഭിഭാഷകരെ സംബന്ധിച്ച് അവർക്ക് വലിയ പ്രശ്നമില്ല. കൊവിഡ് വന്നതോട് കൂടി വീഡിയോ കോൺഫറൻസാണ്. കക്ഷികൾ നേരിട്ട് വരേണ്ടതില്ല. അവരുടെ ഫിസിക്കൽ അപ്പിയറൻസ് വേണ്ട. ഫിസിക്കൽ അപ്പിയറൻസ് തുടങ്ങിയാലേ കക്ഷികൾ വരികയും പൈസ കിട്ടുകയും ചെയ്യുകയുളളൂ. വണ്ടിയ്ക്ക് പെട്രൊൾ അടിച്ച് പോയിക്കഴിഞ്ഞാൽ ആ കാശ് കടം വാങ്ങേണ്ട അവസ്ഥയാണ്. ബാർ കൗൺസിലും സർക്കാരും ചേർന്ന് എന്തെങ്കിലും പദ്ധതി കൊണ്ടുവന്ന് ജൂനിയർ അഭിഭാഷകരെ സംരക്ഷിക്കണമെന്നും വിഷ്ണുമണി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ സാമ്പത്തികമായി സുരക്ഷിതമായ കുടുംബങ്ങളിൽ നിന്നുളളതോ, അഭിഭാഷക കുടുംബങ്ങളിൽ നിന്നുളളതോ ആയ ജൂനിയർ വക്കീലന്മാർക്ക് മാത്രമാണ് സ്വന്തം ഓഫിസുകൾ നിലനിർത്താൻ കഴിയുന്നത്. കാര്യങ്ങൾ ഇങ്ങനെയാണേൽ ബാക്കിയുളളവർ പ്രാക്ടീസ് അവസാനിപ്പിച്ച് മറ്റുവഴികൾ തേടാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഇപ്പോഴുളളതെന്നും ഇവർ വിലയിരുത്തുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വേദികളില്ല, സദസും; മഹാമാരി കാലത്തെ സ്റ്റേജ് കലാകാരൻമാരുടെ ജീവിതം പറയുന്നത്