ബീഫ് ഒഴിവാക്കൽ, ഡയറി ഫാം അടച്ചുപൂട്ടൽ; ലക്ഷദ്വീപിലെ രണ്ട് വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
ദ്വീപിന്റെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന രീതിയിലുള്ള നിയമനിർമാണങ്ങളാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിയത്. ഇതിനെതിരെ ദ്വീപ് നിവാസികൾ അതിശക്തമായ സമരത്തിലാണ്.
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കിയ പുതിയ രണ്ട് ഭരണപരിഷ്കാരങ്ങൾ സ്റ്റേയുമായി കേരള ഹൈക്കോടതി. സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ നിന്നും ബീഫും ചിക്കനും ഒഴിവാക്കുക, ഡയറി ഫാമുകൾ അടച്ചുപൂട്ടുക എന്നിങ്ങനെയുളള രണ്ട് തീരുമാനങ്ങൾക്കാണ് ഹൈക്കോടതി സ്റ്റേ നൽകിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ലക്ഷദ്വീപ് സ്വദേശി അജ്മൽ അഹമ്മദ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതി ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ രണ്ട് ഭരണപരിഷ്കാരങ്ങളും നിർത്തിവെക്കണമെന്നാണ് ഡിവിഷൻ ബെഞ്ച് അറിയിച്ചത്. കേന്ദ്രസർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
ദ്വീപിന്റെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന രീതിയിലുള്ള നിയമനിർമാണങ്ങളാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടത്തിയത്. ഇതിനെതിരെ ദ്വീപ് നിവാസികൾ അതിശക്തമായ സമരത്തിലാണ്. ഗുജറാത്തിൽ വർഗ്ഗീയ കലാപം നടന്ന കാലത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നയാളാണ് പ്രഫുൽ ഭായ് കോഡാഭായി പട്ടേൽ. അതിനാൽ തന്നെ 95 ശതമാനത്തിലേറെ മുസ്ലിം ജനസംഖ്യ വരുന്ന ലക്ഷ ദ്വീപുകാർ തെല്ല് ഭയത്തോടെയാണ് പ്രഫുലിന്റെ ഭരണപരിഷ്കാരങ്ങളെ നോക്കിക്കാണുന്നത്. 2020ൽ കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആൻഡ് നാഗർ ഹവേലിയും ദാമൻ ദ്യുവും ഒന്നാകാൻ തീരുമാനിച്ചപ്പോൾ അതിന്റെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചത് പ്രഫുലിനെ ആയിരുന്നു. സിവിൽ സർവീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥർമാർക്ക് മാത്രം നൽകിയിരുന്ന പോസ്റ്റ് ആദ്യമായി കൈയാളുന്ന രാഷ്ട്രീയ പാർട്ടി നോമിനി കൂടിയാണ് പ്രഫുൽ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
20 മീറ്ററിനുളളിലെ വീടുകൾ പൊളിക്കുന്നതിന് സ്റ്റേ, ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി