കുട്ടനാട്ടില്‍ അന്നും ഇന്നുമുളള വ്യത്യാസമെന്ത്? മന്ത്രി ഐസക്ക് പറയുന്നു
കഴിഞ്ഞവര്‍ഷം പ്രളയഭീകരത അനുഭവിച്ച കുട്ടനാട്ടില്‍ എന്താണ് ഇപ്പോഴത്തെ അവസ്ഥ. ധനമന്ത്രിയും എംഎല്‍എയുമായ തോമസ് ഐസക്ക് വിശദമാക്കുന്നു.
കുട്ടനാട്ടില്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ പോലെ ദുരിതം ഉണ്ടാവില്ല എന്നാണ് വ്യക്തിപരമായ വിലയിരുത്തലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജലനിരപ്പ് ഉയരുന്നുണ്ട്. ആലപ്പുഴ ചങ്ങനാശേരി വരെ ഇന്നലെ തന്റെ വാഹനം ഓടുകയും ചെയ്തു. മങ്കൊമ്പ് , കിടങ്ങറ ഭാഗത്ത് റോഡില്‍ വെള്ളം കയറിയിട്ടുണ്ട് പക്ഷേ വണ്ടി ഓടിക്കാം. കഴിഞ്ഞതവണത്തെ പ്രളയത്തില്‍ നിന്നും ഇത്തവണ കുട്ടനാട്ടിലെ സാഹചര്യങ്ങള്‍ വ്യത്യാസമാണ്.അതുകൊണ്ട് തന്നെ പൊതുവില്‍ പറഞ്ഞാല്‍ ഇത്തവണത്തെ വെള്ളപ്പൊക്കത്തെ തരണം ചെയ്യാം എന്ന ആത്മവിശ്വാസത്തിലാണ് കുട്ടനാട്ടുകാര്‍ എന്നും തോമസ് ഐസക്ക് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
എന്താണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം?
അന്നത്തെയത്ര ഘോരമായ മഴപ്പെയ്ത്ത് ഇത്തവണ ഉണ്ടായില്ല, ഡാമുകളും നിറഞ്ഞിട്ടില്ല, അതുകൊണ്ടു തന്നെ വലിയ അണക്കെട്ടുകള്‍ ഒന്നും ഇതേ വരെ തുറന്നിട്ടില്ല. അവ തുറക്കേണ്ട ഒരു മട്ടും കാണുന്നില്ല. പത്തനംതിട്ട ഭാഗത്ത് ഉയരുന്ന വെള്ളം കുട്ടനാട്ടിലേക്ക് ഒഴുകി എത്തി തുടങ്ങിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നു വ്യത്യസ്തമായി അത് വേമ്പനാട്ട് കായലിലൂടെ ഒഴുകി തണ്ണീര്‍മുക്കം ബണ്ടിലൂടെയും തോട്ടപ്പള്ളി സ്പില്‍വേയിലൂടെയും ഒഴുകിപോയി കൊണ്ടിരിക്കുകയാണ്. ഇതിനെ സഹായിക്കുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ട് .
1. തോട്ടപ്പള്ളി സ്പില്‍വേയുടെയും തണ്ണീര്‍മുക്കം ബണ്ടിന്റെയും ഷട്ടറുകള്‍ എല്ലാം തുറന്നു കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം വെള്ളം ഒഴുകുന്നതിന് മാര്‍ഗ്ഗതടസ്സമായി തണ്ണീര്‍മുക്കം ബണ്ടില്‍ ഉണ്ടായിരുന്ന മണല്‍ തിട്ടകളെല്ലാം നീക്കി ഒഴുകാനുള്ള സാഹചര്യം സൃഷ്ടിച്ചു. സ്പില്‍വേയിലും ഇത്തരം തയ്യാറെടുപ്പുകള്‍ നടത്തി.
2. കഴിഞ്ഞ തവണത്തേതില്‍ നിന്നു വ്യത്യസ്തമായി സമുദ്രജലനിരപ്പ് താഴ്ന്നു നില്ക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. അതിനാല്‍ വളരെ വേഗം വെള്ളം ഒഴിഞ്ഞു പോകുന്നു.
ജില്ലയിലെ അഞ്ചു താലൂക്കുകളിലുമായി 32 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. 2166 അന്തേവാസികളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 603 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്.തികഞ്ഞ കാര്യക്ഷമതയോടെയാണ് ജില്ലാഭരണകൂടം കാര്യങ്ങള്‍ ചെയ്യുന്നത്.ഒരു ആശയക്കുഴപ്പവും ആശങ്കയും ഇതുവരെ ആലപ്പുഴയില്‍ ഇല്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!