'പണം തിരിച്ചുവാങ്ങണോ എന്ന് തീരുമാനിച്ചില്ല'; ആതിരപ്പിള്ളിയില്‍ അവ്യക്തത നിലനിര്‍ത്തി വൈദ്യുതി വകുപ്പ്
പദ്ധതി നടപ്പാക്കിയാല്‍ 200 ഹെക്ടര്‍ വനം നശിക്കുമെന്നും അതിരപ്പള്ളിയുടെ ആവാസവ്യവസ്ഥയും ജീവജാലങ്ങളും ഇല്ലാതാവുമെന്നുമുള്ള കാരണങ്ങള്‍ ഉയര്‍ത്തി വര്‍ഷങ്ങളോളം പ്രതിഷേധം നിലനിന്നിരുന്നു
ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നിലനിര്‍ത്തി വൈദ്യുത വകുപ്പ്. നഷ്ടപ്പെടുന്ന വനത്തിന് പരിഹാരമായി വൈത്യുതി വകുപ്പ് അടച്ച തുക തിരിച്ചടക്കാന്‍ വനം വകുപ്പ് തീരുമാനിച്ചുവെങ്കിലും പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കാന്‍ വൈദ്യുതി വകുപ്പ് തയ്യാറായില്ല. ഇനിയും സമവായം ഉണ്ടെങ്കില്‍ മുന്നോട്ടുപോകണമെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാട്.
നഷ്ടപരിഹാരമായി വനം വകുപ്പിന് വൈദ്യുതി വകുപ്പ് നല്‍കിയിരുന്ന തുക തിരിച്ചടക്കാന്‍ തയ്യാറായത് പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായെന്നായിരുന്നു സൂചന. അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി വന്നാല്‍ മുങ്ങിപ്പോകുന്ന ഭാഗത്തെ മരങ്ങളുടെ വിലയും മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുള്ള ചെലവിനും ചേര്‍ത്ത് വൈദ്യതി വകുപ്പ് വനംവകുപ്പിലേക്ക് 4.11 കോടി രൂപ അടച്ചിരുന്നു. ഈ തുക തിരികെ നല്കാന് അനുവദിക്കണമെന്ന് കാണിച്ച് വനംവകുപ്പ് വൈദ്യുതി വകുപ്പിന് കത്ത് നല്കി. എന്നാല്‍ ഇതുകൊണ്ട് മാത്രം അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നാണ്വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നത്. അതേസമയം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള അനുമതി കെ.എസ്.ഇ.ബിയ്ക്ക് നല്‍കിയിരുന്നു.
2000-2001 വര്‍ഷത്തെ സര്‍വേ പ്രകാരം അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ 138.6 ഹെക്ടര്‍ വനഭൂമി മുങ്ങിപ്പോവും എന്നായിരുന്നു കണക്ക്. വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് മുകളിലാണ് അണക്കെട്ട് നിര്‍മ്മാണത്തിനായി സര്‍വേ പൂര്‍ത്തിയായിരുന്നത്. 15,145 മരങ്ങള്‍ പദ്ധതിക്കായി മുറിച്ച് മാറ്റേണ്ടിവരുമെന്നുമായിരുന്നു കണക്ക്. ഇതിനുള്ള നഷ്ടപരിഹാരമായും മരം മുറിക്കുന്ന ചെലവുകള്‍ക്കുമായാണ് 4.11 കോടി രൂപ വൈദ്യുതി വകുപ്പ് വനം വകുപ്പിന് കൈമാറിയത്. നശിക്കുന്ന വനത്തിന് പകരം മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ 1.14 കോടി രൂപയും വൈദ്യുതി വകുപ്പ് നല്‍കിയിരുന്നു. ഇതും തിരികെ നല്‍കാനാണ് വനം വകുപ്പിന്റെ തീരുമാനം.
പദ്ധതിയുടെ നഷ്ടപരിഹാരമായി നല്കിയ തുക തിരികെ നല്‍കുന്നതോടെ വനംവകുപ്പ് സാങ്കേതികമായി അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു പൊതുവില്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടുമില്ല. മാസങ്ങള്‍ക്ക് മുമ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ പദ്ധതി തത്വത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനമായിരുന്നതായും അറിയുന്നു. തുടര്‍ന്ന് പണം തിരികെ അടക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് വൈദ്യുതി വകുപ്പിന് കത്ത് നല്‍കുകയായിരുന്നു.

വനം വകുപ്പ് പണം തിരികെ നല്‍കുന്നതോടെ പദ്ധതി തുടരണമെങ്കില്‍ സര്‍വേ ഉള്‍പ്പെടെ പ്രാരംഭഘട്ടം മുതല്‍ തുടങ്ങേണ്ടി വരും. പദ്ധതിക്കുണ്ടായിരുന്ന കേന്ദ്ര പാരിസ്ഥിതികാനുമതി, സാങ്കേതിക സാമ്പത്തിക അനുമതി എന്നിവയുടെയെല്ലാം കാലാവധി നേരത്തെ കഴിഞ്ഞിരുന്നു. ഒരിക്കല്‍ ഉപേക്ഷിച്ച പദ്ധതിക്ക് പാരിസ്ഥിതികാനുമതി തേടാനുള്ള അനുമതി കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബി.യ്ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതോടെയാണ് പദ്ധതി നടപ്പാക്കാനുള്ള ആലോചനകള്‍ വീണ്ടും തുടങ്ങിയത്. ഇതിനിടെയാണ് വനം വകുപ്പിന്റെ തീരുമാനം.
എന്നാല്‍ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചതായുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നു. വനം വകുപ്പ് നല്കിയ കത്ത് കെ.എസ്.ഇ.ബി.ക്ക് ലഭിച്ചിട്ടുണ്ട്, എന്നാല്‍ പണം സ്വീകരിക്കണമോ എന്നും പദ്ധതി ഉപേക്ഷിക്കണമോ എന്നുമുള്ള തീരുമാനം കെ.എസ്.ഇ.ബി. എടുക്കേണ്ടതാണെന്നുമാണ് ബോര്‍ഡ് ചെയര്മാന് ബി.അശോക് പറഞ്ഞു. പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നല്കിയ എന്‍.ഒ.സി. ഇപ്പോഴും നിലനില്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന കെ.എസ്.ഇ.ബി.യുടെ വാദം മുഖം രക്ഷിക്കാന്‍ മാത്രമാണെന്ന് അതിരപ്പള്ളി പദ്ധതിക്കെതിക്കെതിരെ സമരം നയിച്ചവര്‍ പറയുന്നു. ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹി എസ്.പി.രവി പറയുന്നു:
'തത്വത്തില്‍ പദ്ധതി ഇല്ലാതായിരിക്കുന്നു. വനം വകുപ്പ് പണം തിരികെ നല്‍കുന്നതോടെ 1999 ല്‍ ലഭിച്ച ഫോറസ്റ്റ് ക്ലിയറന്‍സും ക്ലെയിം ചെയ്യാന്‍ കഴിയില്ല. എന്‍.ഒ.സി. നിലനില്ക്കുന്നു എന്നത് ശരിയാണ്. വേണമെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോകാം. എന്നാല്‍ പുതിയ ഒരു പദ്ധതി ആരംഭിക്കുന്നത് പോലെ എല്ലാം ആദ്യം മുതല്‍ക്ക് ചെയ്യേണ്ടി വരും. ഡിപിആര്‍ മുതല്‍ അനുമതികള്‍ വരെ എല്ലാം പുതുതായി വേണ്ടി വരും. അതിനാല്‍ ഇനി പദ്ധതി നടപ്പാവുന്നത് ദുഷ്ക്കരമാണ്. എന്നാല്‍ കെ.എസ്.ഇ.ബി.യ്ക്ക് അത് തുറന്ന് സമ്മതിക്കാന്‍ വയ്യ. സൈലന്റ് വാലി പദ്ധതി ഉപേക്ഷിച്ചതായി ഇനിയും ഔദ്യോഗികമായി അവര്‍ പ്രഖ്യാപിച്ചിട്ടില്ല.'
1982ല്‍ ആരംഭിച്ച പദ്ധതിയുമായി മുന്നോട്ട് പോവില്ലെന്നും പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും 2017ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി 2018ല്‍ മന്ത്രി എം എം മണി നിയമസഭയിലും പ്രഖ്യാപിച്ചു. ഇതോടെ കാലങ്ങളായി അതിരപ്പിള്ളിയില്‍ നടന്ന് വന്നിരുന്ന ജനകീയ പ്രതിരോധവും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും സര്‍ക്കാര്‍ കെ എസ് ഇ ബിയ്ക്ക് പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള എന്‍ഒസി നല്‍കിയതോടെ പദ്ധതി ആദ്യം മുതല്‍ ആരംഭിക്കാനായിരുന്നു കെ എസ് ഇ ബി.യുടെ തീരുമാനം. ഏഴ് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ എന്‍ ഒ സി നല്‍കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ മുമ്പ് പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ കാലാവധി 2007ല്‍ അവസാനിച്ചു. പിന്നീട് അനുമതി നീട്ടി നല്കി. 2017 ജൂലൈ 17ന് ഇതിന്റെ കാലാവധിയും അവസാനിച്ചു. എതിര്‍പ്പുകള്‍ മൂലം പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോവാനുമായിരുന്നില്ല. അതോടെയാണ് പദ്ധതിയില്‍ നിന്ന് മുമ്പ് പിന്‍വാങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഉണ്ടെങ്കില്‍ പാരിസ്ഥിതിക അനുമതിക്ക് ഉള്‍പ്പെടെ അപേക്ഷിക്കാമെന്ന് 2019 ഓഗസ്റ്റ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കെ എസ് ഇ ബി യ്ക്ക് കത്തയച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ കെ എസ് ഇ ബി സര്‍ക്കാരിലേക്ക് വിവരങ്ങള്‍ കൈമാറി. സര്‍ക്കാര്‍ എന്‍ ഒ സി നല്‍കുകയായിരുന്നു. പാരിസ്ഥിതികാനുമതിക്കായുള്ള നടപടികള്‍ ആരംഭിക്കുക മാത്രമാണ് ഉദ്ദേശമെന്ന് അന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പ്രതികരിച്ചിരുന്നു.
പദ്ധതി നടപ്പാക്കിയാല്‍ 200 ഹെക്ടര്‍ വനം നശിക്കുമെന്നും അതിരപ്പള്ളിയുടെ ആവാസവ്യവസ്ഥയും ജീവജാലങ്ങളും ഇല്ലാതാവുമെന്നുമുള്ള കാരണങ്ങള്‍ ഉയര്‍ത്തി വര്‍ഷങ്ങളോളം പ്രതിഷേധം നിലനിന്നിരുന്നു. ഇതിനിടെ സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന കാടര്‍ സമുദായത്തിന് വനാവകാശ നിയമപ്രകാരം സാമൂഹിക വനാവകാശം ലഭിച്ചതും പദ്ധതിക്ക് തിരിച്ചടിയായി. സാമൂഹിക വനാവകാശം ലഭിച്ചയിടങ്ങളില്‍ പദ്ധതി നടപ്പാവണമെങ്കില്‍ ഊരുകൂട്ടങ്ങളുടെ കൂടി സമ്മതം വേണം. അതിനാല്‍ തന്നെ 163 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വിഭാവനം ചെയ്ത പദ്ധിയുമായി വീണ്ടും കെ.എസസ്.ഇ.ബി എത്തിയാലും തങ്ങള്‍ ഭയമില്ലെന്ന് സമരപ്രവര്‍ത്തകര്‍ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
രമേശ് Vs പിണറായി: ട്രാൻസ്ഗ്രിഡ് അന്യോന്യത്തിൽ ആര്‍ക്ക് ഷോക്കേല്‍ക്കും?
ചാനൽ വിലക്ക് ജനങ്ങൾക്ക് അറിയാനുള്ള അവകാശം നിഷേധിക്കലാണ് : അഡ്വ. കാളീശ്വരം രാജ്
2020ല്‍ നിങ്ങള്‍ അറിയേണ്ട മാറ്റങ്ങള്‍: കറന്റ് ബില്‍ അടവ് മുതല്‍ പ്ലാസ്റ്റിക്കും റേഷന്‍കാര്‍ഡും വരെ
സംസ്ഥാനത്ത് പലയിടത്തും ശക്തമായ കാറ്റും മഴയും