നസീറിന്റെ പിണക്കം, കേരളദേശത്തിന്റെ പിറവി; കൃഷ്ണസ്വാമി റെഡ്യാര്‍ ഏറ്റെടുത്ത വെല്ലുവിളി| Media Roots 33
ചലചിത്രതാരം പ്രേം നസീറിന്റെ ചില പിണക്കങ്ങളില്നിന്നാണ് കേരളദേശം പത്രത്തിന്റെ തുടക്കം. കേരളദേശത്തെയും കൃഷ്ണസ്വാമി റെഡ്യാറുടെ ലക്ഷ്യങ്ങളെയും കുറിച്ചാണ് ഇത്തവണ മീഡിയ റൂട്സ്.
മലയാള പ്രസിദ്ധീകരണരംഗത്ത് കുങ്കുമം ഗ്രൂപ്പ് ഏറെ ശ്രദ്ധേയമായി വരുന്ന കാലം. അതിന്റെ സാരഥി കൃഷ്ണസ്വാമി റെഡ്യാര്‍ക്ക് ഒരു ദിനപത്രം കൂടി തുടങ്ങണമെന്നൊരു മോഹം.

1972ല്‍ നാന സിനിമാവാരിക തുടങ്ങിയ ശേഷം അതിന് ആക്കം കൂടി. കാരണം നാനയെ സംബന്ധിച്ചിടത്തോളം ചില പ്രത്യേക തീരുമാനങ്ങള്‍ കൃഷ്ണസ്വാമിക്കുണ്ടായിരുന്നു. അതുവരെയുള്ള സിനിമാ പ്രസിദ്ധീകരണങ്ങളില്‍ നിന്നും 'നാന' സിനിമാവാരിക വ്യത്യസ്ത മായിരിക്കണം എന്നതായിരുന്നു പ്രഥമമായ കാഴ്ചപ്പാട്. അക്കാലത്ത് സിനിമാ പ്രസിദ്ധീകരണങ്ങളില്‍ ലേഖകന്മാര്ക്ക് ശമ്പളം പത്രം ഓഫീസില്‍ നിന്ന് നല്‍കിയിരുന്നില്ല. ലേഖകര്‍ സിനിമാക്കാരില്‍ നിന്നും പരസ്യം വഴിയോ താരങ്ങള്‍ക്ക് പബ്ലിസിറ്റി നല്കിയോക്കെയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്. മലയാള സിനിമയില്‍ നിന്ന് ആ കാലയളവില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചിരുന്നത് പ്രേംനസീര്‍ ആയിരുന്നു. നസീറിനെ വാനോളം പുകഴ്ത്തുകയും അമാനുഷീക പരിവേഷം കോടുക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്തിരുന്നു ലേഖകന്മാര്. അങ്ങിനെയിള്ളവരെ നസീര്‍ കൈയയച്ച് സഹായിക്കുകയും ചെയ്തുപോന്നു. അന്ന് മലയാളസിനിമയുടെ സിരാകേന്ദ്രം മദ്രാസിലെ കോടമ്പാക്കമായിരുന്നു.
നാനയാണ് ആദ്യമായി മദ്രാസില്‍ സ്വന്തമായി ലേഖകനെ നിയമിക്കുന്നത്. മധു വയ്പ്പനയെയാണ് അതിന് നിയോഗിച്ചത്. നല്ല ശമ്പളവും നല്‍കിയിരുന്നു. അദ്ദേഹം വളരെ സത്യസന്ധമായി ആ ജോലി നിര്‍വ്വഹിക്കുകയും ചെയ്തു. മധുവിന്റെ വെട്ടിത്തുറന്നെഴുതുന്ന രീതി പല വമ്പന്മാരേയും അലോസരപ്പെടുത്തി. നസിര്‍ കടുത്ത ശത്രുതയിലായി. അതേത്തുടര്‍ന്ന് ഉദയാസ്റ്റുഡിയോയുമായി അടുപ്പമുള്ളവരെല്ലാം നാനയ്ക്ക് എതിരായി. അങ്ങിനെയിരിക്കെ കുഞ്ചാക്കോയും നാന വാരികയുമായി ചില പ്രശ്നങ്ങളുണ്ടാകുകയും അത് കോടതി വ്യവഹാരത്തില്‍ കലാശിക്കുകയും ചെയ്തു. തികച്ചും തെറ്റായ ചില വാര്‍ത്തകള്‍ കുഞ്ചാക്കോയുടെ പ്രേരണയാല്‍ നാനക്കും കൃഷ്ണസ്വാമിക്കും കെവിഎസുനും എതിരായി പല പത്രങ്ങളിലും വരാന്‍ തുടങ്ങി. ഇനി എന്തായാലും സ്വന്തം നിലയില്‍ ഒരു പത്രം തുടങ്ങാന്‍ മടിച്ചുനിന്നിട്ട് കാര്യമില്ലെന്ന് കൃഷ്ണസ്വാമി ഉറപ്പിച്ചു.

അങ്ങിനെയാണ് തിരുവനന്തപുരത്തുനിന്ന് 'കേരളദേശം' എന്നൊരു പത്രം തുടങ്ങാനൊരുങ്ങുന്നത്. നാനാ വാരികയുടെ എഡിറ്റര്‍ കെവിഎസ് ഇളയത് മുമ്പ് കേരളദേശം, എന്ന പേരില്‍ ഒരു പത്രം തുടങ്ങിയിരുന്നു. അതുകൊണ്ട് ആ പേരില്‍ തന്നെ ഉടന്‍ ഒരു പത്രം തുടങ്ങാനായി. കേരള ശബ്ദം, കുങ്കുമം, നാന എന്നീ പ്രസിദ്ധീകരണങ്ങളില്‍ പുതിയ പത്രത്തെക്കുറിച്ചുള്ള പരസ്യം കൊടുക്കാന്‍ തുടങ്ങി.

1975 മാര്‍ച്ച് 26ന് സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുകയും ചെയ്തു. തിരുവനന്തപുരം വള്ളക്കടവിന്, സമീപം പെരുന്താനിയിലാണ് കുങ്കുമം ഗ്രൂപ്പിന്റെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. കുങ്കുമം ഓഫീസായിരുന്നു ഇന്റര്‍വ്യൂവിന്റെ വേദി. ബഹുമുഖ പ്രതിഭയായ ഉറൂബ്, നാന എഡിറ്റര്‍ കെ വിഎസ് ഇളയത്, കേരളശബ്ദം എഡിറ്റര്‍ കെ. എസ്. ചന്ദ്രന്, ജനറല്‍ മാനേജര്‍ വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുത്. അന്ന് ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ മിന്നിനിന്നിരുന്നവരില് പ്രമുഖനായിരുന്നു ബ്ലിറ്റ്സ് വാരികയുടെ ഉടമയും പത്രാധിപരുമായ കെ. കരഞ്ചിയ. ഇന്ത്യയിലെ പ്രഥമ ടാബ്ലോയിഡ് പ്രസിദ്ധീകരണമായിരുന്നു അത്. ബ്രിട്ടണിലെ ഡെയിലി മിറര്‍ എന്ന ടാബ്ലോയിഡ് ദിനപത്രം ആയിരുന്നു ബ്ലിറ്റ്സിന് മാതൃക. 'വിസ്പ്പേഴ്സ്' എന്ന തലക്കെട്ടോടെ സിനിമാ ഗോസിപ്പുകള്‍, രാഷ്ടീയ അടിയൊഴുക്കുകള്‍ സ്ക്കുപ്പുകള് എിവകളുടെ ഖനിതെയായിരുന്നു ബ്ലിറ്റ്സ്. 'ഡെയിലി മിറര്‍' മാതൃകയില്‍ ടാബ്ലോയിഡ് സൈസിലൊരു പ്രഭാത പത്രം. അതായിരുന്നു കൃഷ്ണസ്വാമിയുടേയും കെവിഎസ് ഇളയതിന്റേയും ലക്ഷ്യം. അതുകൊണ്ട് ചോദ്യങ്ങളിലേറെയും മിറര്‍, ബ്ലിറ്റ്സ്, കരഞ്ചിയ വിഷയങ്ങളില്‍ തട്ടിനിന്നു.

എറണാകുളത്തുനിന്ന് സെബാസ്റ്റ്യന്‍ നെടുവേലി, കോട്ടയത്തുനിന്ന് കുമ്മനം രാജശേഖരന്, നെല്ലിക്കല്‍ മുരളീധരന്, വി. മധുസൂധനന് നായര്‍, വഴുതക്കാട് നരേന്ദ്രന്, വിളക്കുടി രാജേന്ദ്രന് തുടങ്ങിയവരെയാണ് അന്ന് കേരളദേശത്തില്‍ എടുത്തത്. കുങ്കുമം ഗ്രൂപ്പ് ഇവരുടെ പരിശീലക്കളരിയായി മാറി.
ആര്. കൃഷ്ണസ്വാമി റെഡ്യാര്‍

1923 ഫെബ്രുവരി 12ന് തിരുനെല്വേലിക്കു സമീപമുള്ള സമൂഹരംഗപുരത്ത് തമിഴ് പണ്ഡിതരും കവികളുമൊക്കെയുള്ള ഒരു റെഡ്യാര്‍ കുടുംബത്തില്‍ കൃഷ്ണസ്വാമി ജനിച്ചു . തിരുനെല്‍വേലി പാളയംതോട്ട മിഷന് ഇംഗ്ലീഷ് സ്ക്കൂളിലും സെന്റ് സേവ്യേഴ്സ് കോളേജിലുമായി പഠനം. പില്ക്കാലത്ത് കേരള രാഷ്ട്രീയത്തിലെ 'കിസിഞ്ചര്‍' എന്നറിയപ്പെട്ട ബേബി ജോണ്‍ കോളേജില്‍ കൃഷ്ണസ്വാമിയുടെ സഹപാഠിയായിരുന്നു. 19ാം വയസ്സില്‍ സിനിമാ നിര്‍മ്മാതാവുകൂടിയായ കുമാരസ്വമി റെഡ്യാരുടെ മകള്‍ നാനാമ്പാളിനെ കൃഷ്ണസ്വാമി വിവാഹം കഴിച്ചു. കുമാരസ്വാമിറെഡ്യാര്ക്ക് കൊല്ലത്ത് അന്നൊരു വസത്ര വ്യാപാരശാല ഉണ്ടായിരുന്നു. രാജ്മഹാള്‍ എന്ന ആ സ്ഥാപനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഒടുവില്‍ കൃഷ്ണസ്വാമി റെഡ്യാരില് വന്നുചേര്‍ന്നു. അങ്ങിനെ ഇരുപത്തൊന്നാമത്തെ വയസ്സില്‍ വസ്ത്രവ്യാപാരിയായി കൊല്ലത്തെത്തിയതാണ് കൃഷ്ണസ്വാമി.

അന്നൊക്കെ കോല്ലത്ത് തുണിവ്യാപാരികള് ഏറെയും കമ്പിയില്‍ തുണി തൂക്കിയിട്ടാണ് കച്ചവടം നടത്തിയിരുന്നത്. ആ രീതികളെല്ലാം പാടെമാറ്റി ആധുനിക രീതിയിലുള്ള കച്ചവടത്തിനായി രാജ്മഹാളിനെ സജ്ജമാക്കിയെടുത്തു. 1959ല്‍ കൊല്ലത്തുതന്നെ മറ്റൊരു വസ്ത്രാലയമായ രാധാസ് കൃഷ്മസ്വാമി പടുത്തുയര്‍ത്തി. അദ്ദേഹത്തിന്റെ മക്കളും സഹോദരന്മാരുമൊക്കെ ചേര്ന്നാണാസ്ഥാപനം നടത്തിയിരുത്. അത് അന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ എസി വസ്ത്രവ്യാപാര സ്ഥാപനമായിരുന്നു.
കൊല്ലത്ത് ഏറെ അറിയപ്പെടുന്ന നേതാവും ലോക്സഭാംഗവും എഴുത്തുകാരനുമായിരുന്നു വി.പി. നായര്‍. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ 'കേരളശബ്ദം' എന്നൊരു വാരിക കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയായിരുന്നു അദ്ദേഹത്തിന്റെ സ്വദേശം. 1952ല്‍ കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്രനായി ചിറയിന്‍കീഴ് നിന്നും, 1957ല്‍ കൊല്ലത്തു നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായും ലോക്സഭയിലെത്തി. 1957ല്‍ നിലവിലെ എം.പിയായിരുന്ന എന്‍ ശ്രീകണ്ഠന് നായരെ തോല്‍പ്പിച്ച് ചരിത്രം തിരുത്തിക്കുറിച്ച വ്യക്തി.

ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രിയപ്പെട്ട എംപിയായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പോലും ഇദ്ദേഹത്തെ അംഗീകരിച്ചിരുന്നു. നായരുടെ പ്രസംഗവൈദഗ്ധ്യം കൊണ്ടാണിത് നേടിയെടുത്തത്. ഒരു പ്രത്യേക പ്രസംഗശൈലിക്കുടമയായിരുന്നു നായര്‍. ആക്ഷേപഹാസ്യത്തില്‍ മുക്കി ഷേക്സ്പിയര്, കീറ്റ്സ്, ബൈറണ്‍ തുടങ്ങിയ സാഹിത്യപ്രതിഭകളുടെ ഉദ്ധരണികളാല്‍ പൂരിതമായിരുന്നു. എന്നാല്‍ കേരളശബ്ദം വാരികയുടെ നടത്തിപ്പ് ആകെ അവതാളത്തിലായിപ്പോയി. ആ അവസരത്തിലാണ് 1962ല്‍ വി. പി നായരില്‍ നിന്ന് കൃഷ്ണസ്വാമി വാരികയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. അച്ചടികാര്യങ്ങളൊക്കെ നോക്കി നടത്താനായി എം. എന്‍ ഗോവിന്ദന് നായരുടെ സഹോദരന് എം. എന്‍ രാമചന്ദ്രന് നായരെ മാനേജര്‍ തസ്തികയില്‍ നിയമിച്ചു. ജനയുഗത്തില്‍ നിന്ന് കെ. എസ് ചന്ദ്രനെ കോണ്ടുവന്ന് കേരളശബ്ദത്തിന്റെ പത്രാധിപരാക്കി. ജി. ജനാര്‍ദ്ദനക്കുറുപ്പ്, എസ്. ഈശ്വരയ്യര്‍, എസ്. നാരായണന് പോറ്റി എന്നിവരടങ്ങുന്ന ഉപദേശക സമിതിയും രുപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. വൈക്കം ചന്ദ്രശേഖരന് നായര്‍, മാധവന് നായര്‍ (മാലി), ആര്. സുഗതന്, പെരുമ്പടവം ശ്രീധരന് എന്നിവരൊക്കെയായിരുന്നു ഏഴുത്തുകാരില് പ്രമുഖര്‍.

അക്കാലത്ത് തമിഴില്‍ ഡെമി 1/8 സൈസില്‍ കുമുദം എന്നോരു വാരിക ലക്ഷത്തിനുമേല്‍ കോപ്പികളുമായി മന്നേറുന്നത് കൃഷ്ണസ്വാമി റെഡ്യാരുടെ ശ്രദ്ധയില്‍ പെട്ടു. 1948ല്‍ ആണ് കുമുദം തുടങ്ങിയത്. എന്നാല്‍ 1960ന് ശേഷമാണ് ആ പ്രസിദ്ധീകരണം പ്രചാരത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിത്തുടങ്ങിയത്. അതേരീതിയിലൊരു പ്രസിദ്ധീകരണം മലയാളത്തില്‍ തുടങ്ങണമെന്നൊരു മോഹം റെഡ്യാരില് മൊട്ടിട്ടു. അതിന് പറ്റിയ ഒരാളെ അദ്ദേഹം കണ്ടുപിടിച്ചു. സുബയ്യ രാമകൃഷ്ണന് എന്ന എസ്. രാമകൃഷ്ണന്. കൃഷ്ണസ്വാമിയുടെ നാട്ടുകാരന് തന്നെ. തെലുങ്കുദേശത്തുനിന്ന് തമിഴ്നാട്ടിലെ സമൂഹരംഗപുരത്ത് കുടിയേറിയ സുബയ്യറെഡ്യാരുടേയും സുബമ്മാളിന്റെയും മകന്. തെലുങ്കും തമിഴും നന്നായി അറിയുന്ന ഇളഞ്ചേരന്‍ എന്ന പേരില്‍ തമിഴില്‍ കഥകളെഴുതി കീര്‍ത്തി നേടിയ വ്യക്തി. കുമുദത്തിന്റെ ഉദയം മുതല്‍ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കണ്ടെത്തിയ മിടുക്കന്. അങ്ങിനെ 1965ല്‍ കുങ്കുമം തുടങ്ങുമ്പോള്‍ രാമകൃഷ്ണനും ആനന്ദക്കുറുപ്പുമായിരുന്നു പത്രാധിപന്മാര്.

കെ. ടി മുഹമ്മദ്, വൈക്കം ചന്ദ്രശേഖരന് നായര്‍, ഒ. എന്‍. വി കുറുപ്പ് എന്നിവരായിരുന്നു മുഖ്യ ഉപദേഷ്ടാക്കള്‍. മാതൃഭൂമി, ജനയുഗം മനോരമ എന്നീ വാരികകള്‍ കണ്ട ശീലിച്ച മലയാളികള്‍ക്ക് 1/8 സൈസിലുള്ള കുങ്കുമം ഏറെ പുതുമയുള്ളതായിരുന്നു. പിന്നീടാണ് നാന സിനിമാവാരിക തുടങ്ങുന്നത്.
വീണ്ടും നമുക്ക് കേളദേശത്തിലേക്ക് മടങ്ങാം. മലയാളത്തില്‍ തികച്ചും പുതുമയുള്ള ഒരു പത്രം. തിരുവനന്തപുരത്ത് വള്ളക്കടവിന് സമീപം ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലം കണ്ടെത്തി. അവിടെ കേരളദേശത്തിന് പുതിയ കെട്ടിടം പണിതുയര്‍ത്തി. കുങ്കുമം ഗ്രൂപ്പിന്റെ ഓഫീസും കേരളദേശത്തിന്റെ കെട്ടിടവും തമ്മില്‍ ഏതാണ്ട് ഒരു ഫര്‍ലോങ്ങ് അകലം ഉണ്ടായിരുന്നു.

പത്രത്തിന്റെ തുടക്കം ടാബ്ലോയിഡ് സൈസില്‍. ആദ്യം ഏട്ടുപേജ്. ദിവസങ്ങളോളം ട്രെയല്‍ (പൈലറ്റ് ഇഷ്യു) അടിച്ചിരുന്നു. കേരളദേശത്തിനുമാത്രമായി അഞ്ചെട്ട് കമ്പോസിറ്റര്‍മാര്‍ ഉണ്ടായിരുെന്നങ്കിലും പത്രത്തിന്റെ പേജ് തയ്യാറാക്കാനും സെറ്റ് ചെയ്ത പേജുകള്‍ പ്രസ്സിലേക്ക് എത്തിക്കാനും മിടുക്കനായൊരു കമ്പോസിറ്റര്‍ ബാലന് ഉണ്ടായിരുന്നു. കമ്പോസ് ചെയ്തെടുത്ത വരികളെ സ്റ്റിക്കില്‍ നിന്നും ഗ്യാലിയിലേക്ക് ഒരു മാന്ത്രികനെപ്പോലെ അടുക്കിവെയ്ക്കുന്ന കൊമ്പന് മീശക്കാരനായ ബാലന്റെ കരവിരുത് ഒുന്നുവേറേ തന്നെ. കേരളദേശം ടൈപ്പ് സെറ്റ് ചെയ്ത് പേജാക്കി സൈക്കിള്‍ റിക്ഷ പോലുള്ള ഒരു ട്രോളി പ്രത്യേകം ഉണ്ടാക്കി. അതില്‍ കയറ്റിയാണ് കുങ്കുമത്തിന്റെ റോട്ടറി പ്രസിലേക്ക് പ്രിന്റിങ്ങിനായി കൊണ്ടുപോകുന്നത്.

ചീഫ്എഡിറ്റര് ഉറൂബായിരുന്നു. എസ്. കെ പൊറ്റേക്കാടായിരുന്നു ഉറൂബിനെ കൃഷ്ണസ്വാമിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തിലാണ് പരുത്തുള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണന് എന്ന പി.സി. കുട്ടികൃഷ്ണന് ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ കാല്പനിക കവിയായ ഇടശ്ശേരി ഗോവിന്ദന് നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തില്‍ കവിയായി പേരെടുത്തു. 1934-ല്‍ നാടുവിട്ട അദ്ദേഹം ആറുവര്‍ഷത്തോളം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവില്‍ തമിഴ്, കന്നഡ എന്നീ ഭാഷകള്‍ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയന് കമ്പനിയിലും ക്ലാര്‍ക്കായി ജോലി നോക്കിയിട്ടുണ്ട്. 1948-ല്‍ ഇടശ്ശേരിയുടെ ഭാര്യാസഹോദരി ദേവകിയമ്മയെ കുട്ടികൃഷ്ണന് വിവാഹം കഴിച്ചു. കോഴിക്കോട് ഒരു പ്രസിദ്ധീകരണശാലയിലും, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പില്ക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങള്‍. 1975-ല്‍ ആകാശവാണിയില്‍ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച ശേഷമാണ് കുങ്കുമത്തിന്റെ പത്രാധിപരാകുന്നത്. തുര്‍ന്ന് കേരളദേശം പത്രം തുടങ്ങിയപ്പോള്‍ അദ്ദാഹത്തെ കൃഷ്ണസ്വാമി പത്രത്തിന്റെ ചീഫ് എഡിറ്ററാക്കി. യൗവനം നശിക്കാത്തവന് എന്നര്‍ത്ഥമുള്ള അറബിവാക്കായ 'ഉറൂബ്' എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്.

കെവിഎസ് ഇളയത്
കൂത്താട്ടുകുളത്ത് ഏറെ അറിയപ്പെടുന്നൊരു ഇല്ലമായിരുന്നു കീഴേത്ത് ഇല്ലം. അവിടത്തെ വാസുദേവന്‍ ഇളയതിന്റേയും സുഭദ്രാ അന്തര്‍ജനത്തിന്റേയും മകനായി കെ. വാസുദേവന്‍ ശങ്കരന് ഇളയത് എന്ന കെവിഎസ് ജനിച്ചു. കാലടയിലുള്ള ആശ്രമത്തില്‍ പഠിച്ച് സംസ്കൃതത്തില്‍ ശാസ്ത്രി പാസായി. അക്കാലത്ത് ആശ്രമത്തിലെ പ്രധാനികളിലൊരാളായിരുന്നു ഓം ചേരി എന്‍ എന്‍ പിള്ള. അദ്ദേഹത്തിന്റെ ആകസ്മികം എന്ന ഓര്‍മ്മക്കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
'രാവിലെ ആറ്റില്‍ പോയി മുങ്ങിക്കുളിച്ച് ആശ്രമത്തിലെ പ്രാര്‍ത്ഥനാമുറിയില്‍ വരും. സ്വാമിയുടെ മുന്നില്‍ ചെന്നിരിക്കും ഗീതയില്‍ നിന്നുള്ള ശ്ലോകം പഠിപ്പിക്കും. അത് മനഃപാഠമാക്കണം. അടുത്ത ദിവസം അത് ചൊല്ലിക്കേള്പ്പിക്കണമെന്ന് നിര്ബന്ധമാല്ല. എന്നാല്‍ ചൊല്ലികേള്പ്പിക്കണമെന്ന് അലിഖിതമായൊരു ശ്വാസന പോലെ ഞങ്ങള്‍ പാലിച്ചുപോന്നു. മനഃപ്പാഠമാക്കാന്‍ മിടുക്കനായൊരു ഇളയത് അന്നുണ്ടായിരുന്നു. പിന്നീട് കേരളശബ്ദത്തിന്റെ പത്രാധിപരായ കെവിഎസ് ഇളയത്. അത്രക്ക് ഓര്മശക്തിയുള്ള ഇളയത് ഏറെ താമസിയാതെ ആശ്രമം വിട്ടു.'
കാലടിയില്‍ നിന്നു പോന്ന ഇളയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. അന്ന് കൂത്താട്ടുകുളം കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വിളഭൂമിയായിരുന്നല്ലോ. പാര്‍ട്ടിയെ നിരോധിച്ചിരുന്ന ആ നാളുകളില്‍ ഒളിവിലായി പ്രവര്‍ത്തനങ്ങള്‍. അതോടെ ഇളയതിനെ വീട്ടില്‍ നിന്നും പുറത്താക്കി. ചങ്ങനാശേരി എന്‍എസ്എസ് കോളേജിലും ആലുവ യുസി കോളേജിലുമൊക്കെയായി മാറി മാറി പഠിച്ച് ഡിഗ്രി എടുത്തു. പിന്നെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എംഎ യ്ക്ക് ചേര്‍ന്നു. തിരുനെല്ലൂര്‍ കരുണാകരന്, കൃഷ്ണപിള്ള, എം കൃഷ്ണന് നായര്‍ എന്നിവരൊക്കെയായിരുന്നു പ്രധാന അധ്യാപകര്‍. അന്ന് പ്രസിദ്ധമായ അശോക ലോഡ്ജിലാണ് കെവിഎസ് ഇളയത് താമസിച്ചിരുന്നത്. ഒട്ടേറെ സുഹൃത്തുക്കളെ സമ്പാദിക്കാനായത് അക്കാലയളവിലാണ്. 1954 ഫെബ്രുവരി 15ന് തൃശൂരില്‍ നിന്നാരംഭിച്ച ജോസഫ് മുണ്ടശേരിയുടെ 'നവജീവന്‍' പത്രത്തിലൂടെയാണ് ഈ മേഖലയിലേക്ക് കടക്കുന്നത്. നിയമസഭാ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.
പഠനാനന്തരം തൃശൂര്‍ കേരളവര്‍മ കോളേജില്‍ അധ്യാപകനായി ജോലി ലഭിച്ചെങ്കിലും മുണ്ടശേരി അതിനെ നിരുത്സാഹപ്പെടുത്തി.
വാര്‍ത്ത ഏജന്‍സിയായ യുഎന്‍ഐയില്‍ ചേരാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. അങ്ങിനെയന്ന് കുല്‍ദീപ് നയ്യാരുടെ കീഴില്‍ കെവിഎസ് യുഎന്‍ഐയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കെവിഎസിന്റെ കമ്മ്യൂണിസ്റ്റ് ബന്ധങ്ങളെല്ലാം നയ്യാര്‍ മനസിലാക്കുകയും അത്തരം ബന്ധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചില്ലെങ്കില്‍ ജോലി ഉപേക്ഷിക്കേണ്ടിവരുമെന്നും അറിയിച്ചു. ഒട്ടും മടിക്കാതെ ആ ജോലി വലിച്ചെറിഞ്ഞ് തിരുവനന്തപുരത്ത് ചേക്കേറി. പിന്നെ കുറച്ചുനാള്‍ തനിനിറത്തിലായി. അതിനുശേഷമാണ് സ്വന്തമായി കേരളദേശം എന്നൊരു പത്രം കെവിഎസ് തുടങ്ങിയത്. കുത്താട്ടുകുളത്തുള്ള പൂര്‍വ്വീക സ്വത്തില്‍ ഒരു ഭാഗം വിറ്റാണതിന് പണം കണ്ടെത്തിയത്. പത്രനടത്തിപ്പ് ഏറെ സാമ്പത്തീക നഷ്ടത്തിനിടയാക്കിയതോടെ അതവസാനിപ്പിച്ചു. പിന്നീട് കൃഷ്മസ്വാമി റെഡ്യാരുമായി പരിചയപ്പെടുന്നതും കുങ്കുമം ഗ്രൂപ്പില്‍ എത്തുന്നതും.

കേരളദേശം പത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സജീവമായി എപ്പോഴും ഇടപെട്ടിരുന്നത് കെവിഎസ് ഇളയതായിരുന്നു. അദ്ദേഹത്തിനൊരു വെള്ളനിറത്തിലുള്ള മോറീസ് മൈനര്‍ കാറുണ്ടായിരുന്നു. മിക്കപ്പോഴും പണിമുടക്കുന്ന വാഹനം. എങ്കിലും തള്ളി സ്റ്റാര്ട്ടാക്കിക്കൊണ്ടാണെങ്കിലും രാവിലെ തന്നെ സുമുഖനായ ഇളയത് ടിപ്പ്ടോപ്പില്‍ ഓഫീസില്‍ എത്തും. കേരള ദിനേശ് ബീഡിയുടെ ഒരുവലിയ കെട്ടും താക്കോല്‍ക്കൂട്ടവും തീപ്പെട്ടിയും എല്ലായിപ്പോഴും ഇടതുകൈയില്‍ കരുതിയിട്ടുണ്ടാകും. ഓഫീസിലോന്ന് കയറിയ ശേഷം, വാര്‍ത്തകള്‍ കണ്ടെത്താനും മുഖപ്രസംഗത്തിനുള്ള വിഷയം തേടിപ്പിടിക്കാനുമായി രാവിലെ തന്നെ സെക്രട്ടറിയേറ്റിലേക്ക് വെച്ചുപിടിക്കും.

കുമ്മനം രാജശേഖരനും സെബാസ്റ്റ്യന്‍ നെടുവേലിക്കും പത്രത്തില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്. കോട്ടയം ജില്ലയിലെ കുമ്മനത്ത് ജനിച്ച രാജശേഖരന് ബിരുദമെടുത്തതു ബോട്ടണിയിലാണ്. എന്നാല്‍ പത്രപ്രവര്‍ത്തനത്തിലായിരുന്നു കമ്പം. അതുകൊണ്ടുതന്നെ ഡിഗ്രി കഴിഞ്ഞ് ജേണലിസം പിജിക്കു ചേരാന്‍ കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല. ഭാരതീയ വിദ്യാഭവന് കോട്ടയം സെന്ററില്‍നിന്നു ജേണലിസം പിജി ഡിപ്ലോമയെടുത്തു.

'ദീപിക' ദിനപത്രത്തില്‍ ട്രെയിനിയായി ചേര്‍ന്നു. പിന്നെ എറണാകുളത്ത് ജനസംഘത്തിന്റെ പത്രമായ'രാഷ്ട്രവാര്‍ത്ത'യില്‍ അല്പകാലം ജോലിനോക്കിയശേഷമാണ് കേരളദേശത്തിലെത്തുന്നത്. സെബാസ്റ്റ്യനാകട്ടെ എറണാകുളം ഭാരതീയ വിദ്യാഭവന്റെ ജേണലിസം രാണ്ടാം ബാച്ചില്‍ പഠിച്ചിറങ്ങിയ വ്യക്തിയാണ്. തുടര്‍ന്ന് കേരളാടൈംസ് പത്രത്തില്‍ എട്ടുമാസം ട്രൈനിയായുണ്ടായിരുന്നു. അങ്ങിനെയിരിക്കെയാണ് കേരളദേശം പത്രം തുടങ്ങുന്ന വിവരമറിഞ്ഞ് ടാറ്റാപുരം സുകുമാരന്റെ ശുപാര്‍ശക്കത്തുമായി തിരുനന്തപുരത്തുള്ള കുങ്കുമം ഓഫിസിലെത്തുന്നത്. കൃഷ്ണസ്വാമി റെഡ്യാര്‍ ഡെയിലി മിററിന്റെ കുറെ കോപ്പികള്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ ശൈലിയും രീതികളും വശത്താക്കലായിരുന്നു ഇവരുടെ ആദ്യത്തെ പണി.
(തുടരും)
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കപ്പല്‍ കുശിനിക്കാരന്റെ വേഷം; കടല്‍യാത്രാ രസം തേടി ടിജെഎസിന്റെ പരീക്ഷണങ്ങള്‍| Media Roots 15
ടി.ജെ.എസ് ജോര്‍ജ് കണ്ടെടുത്ത പോത്തന് ജോസഫിന്റെ ഇന്ത്യ| Media Roots 16
ടി.ജെ.എസ് ജോര്‍ജിന്റെ ജയില്‍വാസം; കെബി സഹായിയെ വിറപ്പിച്ച ചരിത്രം!| Media Roots 17
മഹാതിറിന്റെ മലയാളി ടച്ച്; ഹോങ്കോങില്നിന്ന് ടിജെഎസ് പകര്‍ത്തിയ ഏഷ്യ| Media Roots 18