രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളെക്കാളും കേസുകൾ കേരളത്തിലാണ് ഇപ്പോൾ ഉളളതെങ്കിലും ആശുപത്രിയിൽ ഗുരുതരമായി അഡ്മിറ്റ് ചെയ്യേണ്ടവരുടെ എണ്ണം കുറവാണെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഡോക്ടർമാരുടെ നിരീക്ഷണം.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) നോക്കി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഇളവുകളും അടച്ചിടലും തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. നാല് കാറ്റഗറികൾ തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആദ്യ ആഴ്ചകളിൽ തന്നെ ഈ പരീക്ഷണം തെറ്റാണെന്ന് നിരവധി വിദഗ്ധർ പറഞ്ഞിരുന്നു. എന്നാലും സർക്കാർ അതുമായി തന്നെ മുന്നോട്ട് പോയി. ഇപ്പോൾ ഇതാ മുഖ്യമന്ത്രി തന്നെ ടിപിആർ പ്രകാരമുളള നിയന്ത്രണങ്ങൾ ഇനിയും സംസ്ഥാനത്ത് തുടരേണ്ടതുണ്ടോ എന്ന് അവലോകന യോഗത്തിൽ ചോദിച്ചെന്നാണ് റിപ്പോർട്ടുകൾ. ലോക്ഡൗണിന് ശേഷം ടിപിആർ പ്രകാരമുളള ഇളവുകൾ ഏർപ്പെടുത്തിയിട്ടും ഫലത്തിൽ രോഗികളുടെ എണ്ണം കൂടുതലാണെന്ന് കാണിച്ച് പിന്നെയും രണ്ടും മൂന്നൂം ആഴ്ച അടച്ചിടേണ്ടി വന്ന പഞ്ചായത്തുകളുമുണ്ട്. ടിപിആർ പ്രകാരമുളള നിയന്ത്രണങ്ങളെ നമ്മുടെ ഡോക്ടർമാർ എങ്ങനെയാണ് കാണുന്നത്? ഇനിയും ടിപിആർ തന്നെ നിലനിർത്തി അടച്ചിടൽ തുടരണമെന്നാണോ അവരുടെ അഭിപ്രായം? നമുക്ക് നോക്കാം.
അമൃത ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറും മൈക്രോ സർജനുമായ ജിമ്മി മാത്യുവിന്റെ അഭിപ്രായത്തിൽ നിലവിലെ ടിപിആർ സംവിധാനം ഉടായിപ്പാണെന്നും ഇനി അതിനെ ആശ്രയിക്കുകയേ ചെയ്യരുതെന്നുമാണ്. ഐസിയു അഡ്മിഷനുകൾ നോക്കി ആയിരിക്കണം ഇനി കേരളം കൊവിഡ് മുൻകരുതലുകളും നിയന്ത്രണങ്ങളും തീരുമാനിക്കേണ്ടത്. ഇനി ഗുരുതര കേസുകൾ ഉണ്ടാകാനുളള സാധ്യതകൾ സംസ്ഥാനത്ത് നല്ല രീതിയിൽ കുറഞ്ഞുവരുന്നതായിട്ടാണ് മനസിലാകുന്നതെന്നും ഡോ. ജിമ്മി മാത്യു പറഞ്ഞു.
കണക്കുകൾ നോക്കിയാൽ മെയ് മാസത്തിൽ തന്നെ കേരളത്തിൽ 42% പേർക്ക് കൊവിഡിനെതിരെയുളള ആന്റിബോഡികൾ ശരീരത്തിലുണ്ട്. കൂടാതെ നിലവിൽ നമ്മുടെ വാക്സിനേഷനും അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. കൊവിഡ് ഏറ്റവും ഗുരുതരമാകുന്നത് അറുപത് വയസിന് മുകളിലുളളവരിലാണ്. അവരിൽ മിക്കവർക്കും ഒരു ഡോസ് എങ്കിലും വാക്സിൻ ലഭിച്ചു. പ്രായപൂർത്തിയായ അമ്പത് ശതമാനം പേർക്കും ഒരു ഡോസ് എങ്കിലും വാക്സിൻ ലഭിച്ചിട്ടുണ്ട്. അടുത്തിടെ വാക്സിൻ ഫലപ്രാപ്തിയെ സംബന്ധിച്ച് വന്ന പഠനങ്ങളിൽ, ഇപ്പോൾ ഉപയോഗിക്കുന്ന മിക്ക വാക്സിനും നൽകുന്ന പ്രതിരോധ ശേഷി 50% മുതൽ 60% വരെയാണ്. അതൊടൊപ്പം ഒരിക്കൽ കൊവിഡ് വന്നവർക്ക് പിന്നെ വരാതിരിക്കാനുളള പ്രതിരോധ ശേഷി 80%ത്തോളം ഉണ്ടെന്നും കണക്കാക്കപ്പെടുന്നു. എങ്കിൽ തന്നെയും പിന്നീടും കൊവിഡ് വരാനുളള സാധ്യതയുണ്ട്.

കേസുകൾ പൊട്ടി പുറപ്പെട്ട് കൊണ്ടേ ഇരിക്കും. എന്നാലും വലിയ രീതിയിൽ പേടിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ടിപിആറിനെ ഇനി ആശ്രയിക്കേണ്ടതില്ലെന്നുമാണ് ഡോ. ജിമ്മിയുടെ വാക്കുകൾ. ബ്രിട്ടൺ അടക്കമുളള രാജ്യങ്ങൾ മൂന്നാംതരംഗത്തിനിടയിലും സാധാരണ ജീവിതത്തിലേക്ക് പടിപടിയായി വന്നുകൊണ്ടിരിക്കുകയാണെന്നും ഡോ. ജിമ്മി ഉദാഹരിച്ചു. അവിടെ വലിയൊരു ശതമാനം ആളുകൾ വാക്സിൻ എടുത്തുകഴിഞ്ഞു. കൂടാതെ കൊവിഡ് നമ്പറുകൾ കൂടുന്നതിന് അനുസരിച്ച് ഗുരുതര രോഗങ്ങളും മരണങ്ങളും കൂടുന്നില്ല. ഒരൊറ്റ ഡോസ് വാക്സിൻ പോലും ഗുരുതര രോഗത്തിനും മരണത്തിനും എതിരെ വളരെ വലിയ (90 ശതമാനത്തിലേറെ) പ്രതിരോധം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിപിആറിനെ അടിസ്ഥാനമാക്കിയുളള അടച്ചിടലിനെപ്പറ്റി പറഞ്ഞപ്പോൾ പഴയ കാലത്തെ നവദരിദ്രരെയും കൊവിഡ് സൃഷ്ടിച്ച പുതിയ വിഭാഗം ദരിദ്രരെക്കുറിച്ചുമാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ മാനസികാരോഗ്യ വിഭാഗത്തിലെ സീനിയർ ഡോക്ടറായ സി.ജെ ജോൺ വിശദീകരിച്ചത്. പണ്ട് നമുക്ക് ഇവിടെ നവദാരിദ്ര്യര് ഉണ്ടായിരുന്നു, അത്യാവശം പൈസയൊക്കെ ഉണ്ടായപ്പോള്‍ ലോണും കാര്യങ്ങളും ഒക്കെ എടുത്തിട്ട് മാസത്തിന്റെ ആദ്യം തിരിച്ചടവൊക്കെ കഴിയുമ്പോള്‍ പിന്നെ ജീവിതച്ചെലവിന് കാശില്ലാത്തവര്‍. അവരെയാണ് അന്ന് അങ്ങനെ വിശേഷിപ്പിച്ചിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം മുന്നോട്ട് നോക്കി കഴിഞ്ഞാല്‍ വീണ്ടും വരുമാനം ഉണ്ടാക്കാനുളള സ്രോതസുകള്‍ ഉണ്ടായിരുന്നു. പക്ഷേ കൊവിഡ് കാലം നമുക്ക് കാണിച്ച് തരുന്നത് അതല്ല, കൊവിഡ് ദരിദ്രരെ സൃഷ്ടിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി, ടിപിആർ ബേസ് ചെയ്തുളള നമ്മുടെ അടച്ചിടലുകൾ, അതിന്റെ രീതി ഇതെല്ലാമാണ് ഈ പുതിയ വിഭാഗത്തിന്റെ സൃഷ്ടിക്ക് കാരണം.
സാമ്പത്തിക ശാസ്ത്രജ്ഞര്‍ പരിശോധിക്കേണ്ട വിഭാഗമാണ് ഇത്. ഏതൊക്കെ ആളുകള്‍ എത്രകണ്ട് കൊവിഡ് ദരിദ്രരായി, അവര്‍ക്ക് തിരിച്ച് കയറാനായിട്ട് സാമ്പത്തികമായി സർക്കാരുകൾ ചെയ്ത കാര്യങ്ങളൊക്കെ വേണ്ടത്ര രീതിയില്‍ അവര്‍ക്ക് ആശ്വാസം നല്കുന്നുണ്ടോ, ജീവിതത്തില്‍ പ്രത്യാശ നല്കുന്നുണ്ടോ, ഈ തരത്തിലുളള അന്വേഷണമൊന്നും നമ്മള് ചെയ്യുന്നില്ല. ഇപ്പോൾ നമ്മൾ മൊറട്ടോറിയം പ്രഖ്യാപിക്കുന്നു, പലിശ നിരക്കിൽ ഇളവ് നൽകുന്നു എന്നൊക്കെ പറയുമ്പോള്‍, അതിന് സാധാരണക്കാരുടെ ജീവിതത്തില്‍ എന്തുമാത്രം സ്വാധീനം ഉണ്ടെന്ന് കൂടി പരിശോധിക്കണമല്ലോ, അത് ഉണ്ടാകുന്നില്ല. മനുഷ്യരുടെ ജീവിതം പ്രശ്നരഹിതമായി കൊണ്ടുപോകാനുളള സംവിധാനമാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളെക്കാളും കേസുകൾ കേരളത്തിലാണ് ഇപ്പോൾ ഉളളതെങ്കിലും ആശുപത്രിയിൽ ഗുരുതരമായി അഡ്മിറ്റ് ചെയ്യേണ്ടവരുടെ എണ്ണം കുറവാണെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നുമാണ് ഡോക്ടർമാരുടെ നിരീക്ഷണം. കേരളത്തിൽ ഒന്നാം തരംഗത്തിൽ നിലവിലുണ്ടായിരുന്ന മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ തിരിച്ചുളള നിയന്ത്രണ രീതിയാകും (കേസുകൾ കൂടുതലുളള വാർഡുകൾ മാത്രം പരിഗണിച്ച് നിയന്ത്രണം) ഉചിതമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. കേരളത്തിൽ ടിപിആർ ഉയർന്ന് നിൽക്കുന്നതിന്റെ പ്രധാന കാരണം രോഗമുളള സ്ഥലങ്ങൾ കേന്ദ്രീകരിച്ചോ, അല്ലേൽ രോഗികളുമായി ബന്ധമുളളവരെ മാത്രം ലക്ഷ്യമിട്ടോ നടത്തുന്ന ടാർഗെറ്റ് ടെസ്റ്റിങ് രീതിയാണെന്നും ഇതിന് പകരം ടെസ്റ്റിന്റെ രീതിശാസ്ത്രം മാറ്റണമെന്നും ആരോഗ്യപ്രവർത്തകർ തന്നെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
നിലവിൽ രണ്ട് തരത്തിലുളള പ്രതിസന്ധികളാണ് ടിപിആറും അടച്ചിടലും സംബന്ധിച്ച് സർക്കാരിന് മുന്നിലുളളത്. അതിലൊന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ അമ്പത് ശതമാനത്തോളം കേരളത്തിലാണെന്നും അശാസ്ത്രീയമായ ലോക്ഡൗൺ ഇളവുകളാണ് കേരളത്തിലെ രോഗവ്യാപനത്തിന് കാരണമെന്നുമുളള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിമർശനം. രണ്ടാമത്തേത് വ്യാപാരികളും ആരോഗ്യ വിദഗ്ധരും അടക്കം സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളും പഞ്ചായത്ത് തലത്തിലുളള ടിപിആർ നിയന്ത്രണങ്ങൾ മാറ്റണമെന്നും വാരാന്ത്യ ലോക്ഡൗൺ അടക്കം പിൻവലിച്ച് കൂടുതൽ ഇളവുകൾക്കായി മുറവിളി കൂട്ടുന്നതും. ഇതിനെ എങ്ങനെയാകും സർക്കാർ മറികടക്കുക എന്നത് വരുംദിവസങ്ങളിൽ തന്നെ അറിയാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!