കോവിഡ്: പരിശോധനയുടെ എണ്ണം കുറയുന്നത് ബാധിക്കുമെന്ന ആശങ്കയില്‍ വിദഗ്ധര്‍
ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ റാപ്പിഡ് ആര് ടി പി സി ആര് പരിശോധനാ സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരണമെന്ന ആവശ്യവും ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് താഴുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ അതിതീവ്ര വ്യാപനത്തില്‍ നിന്ന് കേരളവും രക്ഷനേടുന്നതായാണ് വിലയിരുത്തല്‍. സെപ്തംബര്‍ എട്ട് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ശരാശരി കോവിഡ് ആക്ടീവ് കേസുകള്‍ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,000 കേസുകളില്‍ കുറവു വന്നതായാണ് കണക്കുകള്‍. എന്നാല്‍കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനം കഴിഞ്ഞെന്ന് ഡല്‍ഹി എയിംസും വിലയിരുത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയില്‍ കേസുകള്‍ ഗണ്യമായി കുറയുമെന്നുമാണ് എയിംസിന്റെ വിലയിരുത്തല്‍. രോഗികളുടെ എണ്ണത്തില്‍ ഈ മാസം അവസാനത്തോട് കാര്യമായ കുറവുണ്ടാകുമെന്നായിരുന്നു നേരത്തെ ചില വിദഗ്ദ്ധര്‍ കരുതിയത്. എന്നാല്‍ അത്തരത്തില്‍ ഒരു കുറവ് ഈ മാസം അവസാനത്തോടെ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പലരും വിലയിരുത്തുന്നത്. എന്നാല്‍ പരിശോധന ആര്ടിപിസിആറിലേക്ക് മാറ്റിയതോടെ എണ്ണം കുറയുന്നത് നല്ല പ്രവണതയല്ലെന്നാണ് ചില വിദഗ്ദ്ധര്‍ പറയുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഇത് ശുഭസൂചനയായി കരുതാമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. വ്യാഴാഴ്ച കേരളത്തില്‍ 22182 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച പരിശോധനയും വര്‍ധിച്ചു. 1,21, 486 പേരെയാണ് പരിശോധിച്ചത്. ബുധനാഴ്ചത്തെ 17,681 കേസുകളില്‍നിന്നാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. 18.21 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. '15,000, 17,000, 20000, ഈ സംഖ്യകള്ക്കിടയിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് പൊതുവായി ചെയ്യപ്പെടുന്നത്.
എന്നാല്‍ കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചകളായുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കര്‍വ് ഡൗണ്‍ ആവുന്ന പ്രവണതയാണ് കണ്ടുവരുന്നത്. കോവിഡ് രണ്ടാം തരംഗം, ഇത് രണ്ടാം തരംഗം തന്നെയായി കണക്കാക്കപ്പെടാമെങ്കില്, അതിന്റെ തീവ്ര രൂപത്തില്‍ നിന്ന് മാറി വരുന്നതായാണ് കാണുന്നത്. ഒരുപക്ഷേ വളരെ കുറഞ്ഞ കാലങ്ങളില്‍ തന്നെ വലിയ കുറവ് സംഭവിക്കാനുള്ള സാധ്യതകളും കാണുന്നു.' കോഴിക്കോട് ജില്ലയിലെ കോവിഡ് നോഡല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ മരണ സംഖ്യയില്‍ കുറവുകളുണ്ടായിട്ടില്ല. ശരാശരി 150 മരണങ്ങളാണ് കോവിഡ് മരണങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 'അതിതീവ്ര വ്യാപനത്തിലും, കോവിഡ് കേസുകളുടെ എണ്ണത്തിലും ചെറിയ കുറവ് കാണുമ്പോഴും മരണസംഖ്യ മൂന്ന് നാല് മാസമായി കുറഞ്ഞിട്ടില്ല. ഇപ്പോഴും മരണസംഖ്യ ഏറിത്തന്നെയാണുള്ളത്. എന്നാല്‍ ഇതെന്തുകൊണ്ടാണെന്നുള്ളത് വ്യക്തമായ പഠനം വേണ്ടതാണ്.' മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഭിപ്രായപ്പെട്ടു. ഇതേവരെ സംസ്ഥാനത്ത് 44,24,046 പേരാണ് രോഗബാധിതരായത്. 1,90750 പേര് ഇപ്പോഴും ചികിത്സയിലാണ്. 22,987 പേര് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു എന്നാണ് സര്‍ക്കാര്‍ കണക്ക്.

എന്നാല്‍ കേരളത്തിന് ആശങ്കയുയര്‍ത്തുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച ടി പി ആറും പുതിയ കേസുകളും കുറഞ്ഞു എന്നാണ് കണക്ക്. എന്നാല്‍ നാളുകളായി ടി പി ആര് 15 ശതാനത്തിന് മുകളിലാണ്. ടെസ്റ്റ് വര്‍ധിപ്പിക്കേണ്ട സാഹചര്യത്തെ സൂചിപ്പിക്കുന്ന സൂചികയാണ് ടി പി ആര്. എന്നാല്‍ സംസ്ഥാനത്ത് ടി പി ആര് ഏറി നിന്നിട്ടും ടെസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്താത്തതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധമുണ്ട്. കഴിഞ്ഞയിടെ സംസ്ഥാനത്ത് ആന്റിജന്‍ ടെസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. ആര് ടി പി സി ആര് ടെസ്റ്റ് മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ ആന്റിജന്‍ പരിശോധന നിര്‍ത്തിയപ്പോഴും ആര് ടി പി സി ആര് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. ഇത് കോവിഡ് പ്രതിരോധത്തെ ബാധിക്കുമെന്ന അഭിപ്രായമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവക്കുന്നത്. വേണ്ടത്ര പരിശോധനകള്‍ നടത്താത്തതാണ് കേസുകളുടെ എണ്ണത്തിലെ കുറവ് കാണിക്കുന്നതെന്നും ഇവരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.
എണ്‍പതിലധികം നിര്‍മ്മാതാക്കളില്‍ നിന്നുള്ള ആന്റിജന്‍ പരിശോധനാ കിറ്റ് ആയിരുന്നു സംസ്ഥാനത്ത് ലഭ്യമായിരുന്നത്. എന്നാല്‍ ഇതില്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്നും പലപ്പോഴും പരിശോധനാഫലം കൃത്യമല്ലാത്തതും വീഴ്ചയായി. ആന്റിജന്‍ ടെസ്റ്റുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള ഒരു കാരണം ഇതാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കുമ്പോള്‍ അതിനനുസരിച്ച് ആര്‍ടിപിസിആര്‍ പരിശോധനകള്‍ കൂട്ടേണ്ടതുണ്ട്. ഇതുണ്ടായിട്ടില്ല എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പല ജില്ലകളിലും കഴിഞ്ഞ ആഴ്ച അവസാനത്തോടെയാണ് സര്‍ക്കാര്‍ തീരുമാനം നടപ്പിലായത്. മുന്നൊരുക്കമില്ലാതെ തീരുമാനം നടപ്പിലായപ്പോള്‍ നിരവധി പോരായ്മകളുണ്ടായിട്ടുള്ളതായി പരിശോധനാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ പറയുന്നു. 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിനനുസരിച്ച് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ്. ഒരു ലക്ഷം പരിശോധനകളില്‍ 20,000 പേര് രോഗികളാവുന്നുണ്ടെങ്കില് നാല് ലക്ഷമായി പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നാണ്. അത്രയും ടെസ്റ്റുകള്‍ പ്രായോഗികമല്ലെങ്കിലും രണ്ട് ലക്ഷമായെങ്കിലും അത് വര്‍ധിപ്പിക്കേണ്ട സമയം കഴിഞ്ഞു. കേസുകള്‍ വളരെ കുറഞ്ഞ തമിഴ്നാട്ടില്‍ ദിവസേന രണ്ട് ലക്ഷത്തിലധികം പരിശോധനകളാണ് നടക്കുന്നത്. കേരളവും ആ മാതൃക സ്വീകരിച്ചാല്‍ മാത്രമേ രോഗവ്യാപനവും മരണവും തടയാനാവൂ.'
ആര് ടി പി സി ആര് ഫലം ലഭിക്കാന്‍ ഏറെ താമസിക്കുന്നത് കോവിഡ് പ്രതിരോധത്തെ വലിയ തോതില്‍ ബാധിക്കുന്നു. 'രോഗ ബാധിതരരായ ആളുകള്‍ മൂന്നും നാലും ദിവസം വരെ ഫലമറിയാന്‍ കാത്ത് നില്ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണമായും ആര് ടി പി സി ആര് പരിശോധനകള്‍ മാത്രമാക്കിയതോടെ ഫലം വരാന്‍ ആറും ഏഴും ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ഫലം ലഭിക്കുന്നത് വരെ രോഗബാധിതരായവര്‍ സമൂഹത്തില്‍ ഇറങ്ങിനടക്കുകയും ഇടപെടുകയും ചെയ്യുന്നു. അതുപോലെ വളരെപ്പെട്ടെന്ന് വൈദ്യ സഹായം ലഭിക്കേണ്ടവര്‍ക്ക് ചികിത്സ വൈകാനും കാരണമാവുന്നു. ഫലം അറിയാന്‍ വൈകുന്നതിനാല്‍ ലക്ഷണങ്ങള്‍ സ്ഥിരകരിച്ച് കോവിഡ് ചികിത്സ നല്കുന്ന അവസ്ഥയും ആശുപത്രികളിലുണ്ട്. പൂര്‍ണമായും ആര് ടി പി സി ആര് എന്ന തീരുമാനം നടപ്പിലാക്കുമ്പോള്‍ വേണ്ടത്ര പരിശോധനാ ലാബുകളെങ്കിലും സജ്ജീകരിക്കേണ്ടതായിരുന്നു. എന്നാല്‍ സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളിലേക്കെത്തിക്കാന് വാഹന സൗകര്യം പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.' കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞു.
സംസ്ഥാനത്ത് 80.17 ശതമാനം പേര് ആദ്യഡോസ് വാക്സിന് സ്വീകരിച്ചു. 2.30 കോടി പേര് ഇതുവരെ ഒന്നാം ഡോസ് വാക്സിന് എടുത്തു. എന്നാല്‍ സര്‍ക്കാരിന്റെ ശ്രദ്ധ കോവിഡ് വാക്സിനേഷനില്‍ മാത്രമായത് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നതായും ആരോപണമുണ്ട്. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രത്തിലെ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഡോക്ടര്‍ പറയുന്നു ' വാക്സിന് കൊടുത്തുതീര്‍ക്കുക എന്നതിലുപരി മറ്റൊരു പ്രയോറിറ്റിയും സര്‍ക്കാരിനില്ല. ഓരോ ബ്ലോക്കുകളിലേക്കും വാര്‍ഡുകളിലേക്കും കൊടുത്തയക്കുന്ന വാക്സിന് അന്ന് തന്നെ തീര്‍ക്കുക എന്ന നിര്‍ദ്ദേശമാണ് ലഭിച്ചിട്ടുള്ളത്. ഒരു ദിവസം 500 മുതല്‍ 1600 ഡോസ് വരെ വാക്സിന് നല്കുന്നു. കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമായി വാക്സിന് കേന്ദ്രങ്ങള്‍ മാറിയിട്ടുണ്ട്. ഒരു ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സമയത്ത് 1000-1500 ഡോസ് വാക്സിന് നല്കുന്നു എന്ന് പറയുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല.' ആര് ടി പി സി ആര് ഫലം അര മണിക്കൂറില്‍ ലഭ്യമാവുന്ന റാപ്പിഡ് ആര് ടി പി സി ആര് പരിശോധനാ സംവിധാനമുണ്ട്. ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഈ സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരണമെന്ന ആവശ്യവും ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് കാര്യമായ ഉല്‍സാഹം കാണിക്കുന്നില്ലെന്ന പരാതിയും ആരോഗ്യ പ്രവര്‍ത്തകരില്‍ ചിലര്‍ പങ്കുവെച്ചു.
അതേസമയം കോവിഡ് പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും പുറകോട്ട് പോയിരിക്കയാണെന്ന ആക്ഷേപവും ആരോഗ്യ വിദഗ്ദര്‍ ഉന്നയിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നത് വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക. ഇത് പല രീതിയിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി. ആശപ്രവര്‍ത്തകയായ ഷിനി തോമസ് പറയുന്നു ' ഒരു മാനദണ്ഡങ്ങളും എവിടെയും ആരും പാലിക്കുന്നില്ല. കോവിഡ് രോഗികളും, പ്രാഥമിക സമ്പര്ക്കത്തിലുള്ളവരുമെല്ലാം നാട്ടില്‍ ഇറങ്ങി നടക്കുന്നു. ആദ്യഘട്ടത്തില്‍ ജാഗ്രതയോടെ നോക്കിയിരുന്നവരാരും ഇപ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. കോവിഡ് മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടോ എന്നറിയാന്‍ ആദ്യം പോലീസിനേയും പട്ടാളത്തേയും വരെ ഇറക്കി. ഇപ്പോള്‍ ഒരു ജാഗ്രതയുമില്ല, പ്രതിരോധവുമില്ല. വാക്സിന് എടുക്കുന്നത് ആവശ്യമാണ്. പക്ഷേ അതിനൊപ്പം മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്താലേ കോവിഡ് നിയന്ത്രിക്കാന്‍ കഴിയൂ.' സെപ്തംബര്‍ അവസാനത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്ന കൂടുതല്‍ ജീവനക്കാരുടെ സേവനം ഇല്ലാതാവും. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറക്കുന്നതോടെ കോവിഡ് സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിച്ച താല്‍ക്കാലിക ജീവനക്കാരില്‍ പലര്‍ക്കും ജോലിയില്ലാതാവും. ജീവനക്കാരുടെ ക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആരോഗ്യമേഖല ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാവുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യയില്‍ മരണം എട്ടായി; 415 പേര്‍ക്ക് കൊറോണ; ലോകത്ത് മരണം 14,500
കൊറോണ: 2.5 കോടി ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന് യുഎന്‍
ചൈനയില്‍നിന്ന് ആശ്വാസവാര്‍ത്ത; ഹ്യൂബൈയില്‍ പുതുതായി രോഗം വരുന്നവരുടെ എണ്ണം ആദ്യമായി കുറഞ്ഞു
കേരളത്തില്‍ 6; ഇന്ത്യയില്‍ 43; കൊറോണ സ്ഥിരീകരിച്ച ഏറ്റവും പുതിയ 10 വിവരങ്ങള്‍