അധികജോലി ഭാരം മാത്രം മിച്ചം, ആശാവര്‍ക്കര്‍മാര്‍ സമരത്തിലേക്ക് നീങ്ങുമ്പോള്‍
വാക്സിനേഷൻ എടുക്കേണ്ടവരുടെ ലിസ്റ്റ് ഫീൽഡ് പഠനത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനാക്രമത്തിൽ ഓരോ ദിവസവും നേരത്തെ തയ്യാറാക്കിയിരുന്നത് ആശ വർക്കർമാരായിരുന്നു. വളരെ സുഗമമായി അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, ഇതിന്റെ ഉത്തരവാദിത്വമെല്ലാം വാർഡ് മെംബർമാരോ കൗൺസിലർമാരോ രാഷ്ടീയ വൊളന്റീയർമാരോടൊപ്പം ചേർന്ന് നിർവഹിക്കുകയാണ്.
കൊവിഡാണ്, അതിന്റെ എല്ലാവിധ അസ്വസ്ഥതകളും ഉണ്ട്. എന്നിട്ടും എല്ലാ ദിവസവും എന്ന പോലെ എന്റെ ഫോണിലേക്ക് വാക്സിനേഷന്റെ കാര്യങ്ങളും അസുഖ വിവരങ്ങളും അറിയാൻ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. രാത്രി പോലും ആളുകൾ വിളിക്കും. എന്തുചെയ്യാം, ജോലി ഇതായി പോയില്ലേ, അതുകൊണ്ട് തന്നെ ആരുടെയും കോളുകൾ എടുക്കാതിരിക്കുവാൻ കഴിയില്ല. തൃശൂർ ചാലക്കുടിയിലെ ആശാ വർക്കറായ ലീന വർഗീസിന്റെ വാക്കുകളാണിത്.
കഴിഞ്ഞ 14 മുതൽ 20 വർഷം വരെയായി സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വലിയ സേവനമാണ് ആശാ വർക്കർമാരുടേത്. സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷമാണേൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി വിശ്രമരഹിതമായ ജോലിയാണ് ഇവർ ചെയ്യുന്നത്. മതിയായ സുരക്ഷാ വസ്തുക്കൾ ലഭ്യമല്ലാത്ത സാഹചര്യത്തിലും ആശാ വർക്കർമാർ കൊവിഡ് രോഗികളുടെയും ക്വാറൻ്റീനിൽ കഴിയുന്നവരുടെയും ഭവന സന്ദർശനം മുതൽ ആശുപത്രികളിലെ വിവിധ തരം ജോലികൾ ചെയ്തു വരുന്നു. ഇതിനിടയിൽ ഒന്നും രണ്ടും തവണ കൊവിഡ് ബാധിച്ചവരും നിരവധി തവണ ക്വാറന്റൈനിൽ പോകേണ്ടി വന്ന ആശാ വർക്കർമാരുമുണ്ട്.

കൂടാതെ മറ്റൊരു മേഖലയിലും ഇല്ലാത്ത രീതിയിൽ പുതിയ പുതിയ ജോലികളും ദിനംപ്രതി അടിച്ചേല്പിക്കുന്നു എന്നാണ് ആശാ വർക്കർമാരുടെ പരാതി. നാട്ടിലെ ഓരോ വീടുകൾ മുതൽ പലയിടങ്ങളിലായി കിലോമീറ്ററുകൾ നടന്നുള്ള ഫീൽഡ് പ്രവർത്തനം കഴിഞ്ഞ് വീട്ടിലെത്തിയാൽ, ഇനം തിരിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കി വിവിധ വകുപ്പുകൾക്ക് അയച്ചു കൊടുക്കണം. സമയക്രമമില്ലാതെ വരുന്ന ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുകയും അവയ്ക്കെല്ലാം പരിഹാരമുണ്ടാക്കുകയും വേണം. അക്ഷരാർത്ഥത്തിൽ രാപകലന്യേ വിശ്രമരഹിതമായി പണി ചെയ്യുകയാണ്. ഇത്രയും ജോലികൾ ചെയ്താൽ ലഭിക്കുന്നതാകട്ടെ തുച്ഛമായ ഓണറേറിയം. കൊവിഡ് കാലത്തുളള ഇരട്ടി ജോലി ഭാരത്തിന് ആകെ നൽകുന്നത് മാസം അലവൻസായി 1,000 രൂപ മാത്രം. നിശ്ചയിക്കപ്പെട്ട വേതനം പോലും പലപ്പോഴും രണ്ടും മൂന്നും മാസം കുടിശികയായ ശേഷമാണ് ലഭിക്കാറുളളത്. നിരന്തരമായുളള അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആശാ വർക്കർമാർ സമരത്തിലേക്ക് നീങ്ങുകയാണ്. ജില്ലാ തലത്തിൽ ഇതിന്റെ ഭാഗമായുളള വിവിധ പരിപാടികളും നടന്നുകഴിഞ്ഞു.
എല്ലാ ജോലികൾക്കും അവരുടെ ജോലി സംബന്ധമായ ഫോൺവിളികൾക്കുമൊക്കെ നിശ്ചിതമായ ഒരു സമയം ഉണ്ടായിരിക്കും. എന്നാൽ ആശാ വർക്കർമാരുടെ ജോലി എന്നത് സമയബന്ധിത ജോലിയല്ല. വീട്, കുട്ടികൾ, അവിടുത്തെ ജോലികൾ, വീട്ടിലെ പ്രായമായുളളവരുടെ പരിചരണം എന്നിങ്ങനെ എല്ലാവിധ ജോലികൾക്കൊപ്പമാണ് നിങ്ങൾ കാണുന്ന ആശാവർക്കർമാർ അവരുടെ ജോലികൾ ചെയ്യുന്നത്. മുൻപ് ഇപ്പോഴത്തെ അത്രയും ജോലി ഇല്ലായിരുന്നു. കൊവിഡ് വന്നതിന് ശേഷം എല്ലാ ആശാ വർക്കർമാർക്കും ജോലി ഭാരം കൂടിയിട്ടുണ്ട്. അതിന് അനുസൃതമായി ശമ്പളത്തിലോ, അലവൻസിലോ എന്തെങ്കിലും വർധന ഉണ്ടായോ എന്ന് ചോദിച്ചാൽ, സർക്കാർ പറയും 1,000 രൂപ വീതം അലവൻസ് വർധിപ്പിച്ചിട്ടുണ്ടെന്ന്. ഞങ്ങൾ ചെയ്യുന്ന ജോലി വെച്ച് നോക്കിയാൽ ഈ തുക ഒന്നുമല്ലെന്ന് നിങ്ങൾക്ക് മനസിലാകുമെന്ന് ലീന വർഗീസ് പറയുന്നു.
ഇപ്പോഴാണേൽ കൊവിഡ് വാക്സിനേഷന്റെ ചുമതലകൾ കൂടി ആശാവർക്കർമാർക്കാണ്. വാക്സിന് തുടങ്ങുന്ന ദിവസമൊക്കെ നമുക്ക് വെളുപ്പിനെ ആറ് മണിക്ക് മുതൽ വിളി വന്ന് തുടങ്ങും. ഇതെല്ലാം അറ്റൻഡ് ചെയ്യണം. ചിലപ്പോഴൊക്കെ വാക്സിനേഷന്റെ, എത്ര സ്ലോട്ടുകൾ ഉണ്ടാകുമെന്നത് എന്നതെല്ലാം അവസാന നിമിഷമായിരിക്കും അറിയുന്നത്. ഇതിനായി വാർഡിലെ, ഡിവിഷനിലെ ആളുകളെ വിളിച്ച് സംസാരിച്ച് എത്തിക്കണം. പലയിടത്തും മെംബർമാരോ, കൗൺസിലർമാരോ ആയിട്ട് കൂടിച്ചേർന്നായിരിക്കും ചെയ്യുക. അങ്ങനെ അല്ലാത്ത സ്ഥലങ്ങളുമുണ്ട്. ചിലരൊക്കെ മുൻഗണനാക്രമമൊക്കെ മാറ്റിവെച്ച് മെംബർ എന്ന അധികാരവും കാണിക്കാറുണ്ട്. ഇപ്പോൾ 30 പേര്‍ക്ക് വാക്സിന് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതുമായി ബന്ധപ്പെട്ട് നമ്മള്‍ക്ക് 60 പേരെ എങ്കിലും വിളിക്കേണ്ടി വരും. എല്ലാവരെയും ഫോൺ വിളിച്ചാണ് പരമാവധി അറിയിക്കാൻ നോക്കുക. ഇതിനിടയിൽ ഒറ്റപ്പെട്ട പരാതികൾ ഉണ്ടാകുന്നതും പരിഹരിക്കേണ്ടി വരും. നിലവിൽ ചെയ്തുകൊണ്ടിരുന്ന എല്ലാ ജോലികൾക്കൊപ്പമാണ് കൊവിഡ് കാലത്തെ ഈ അധിക ജോലികൾ എന്നത് കൂടി ഓർക്കണം.

സന്നദ്ധ പ്രവർത്തനമെന്ന പേരിലാണ് ആശാ വർക്കർമാരുടെ നിയമനം എങ്കിലും ഇപ്പോളത് 24 മണിക്കൂറുമുളള നിർബന്ധിത ജോലിയാണെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബിന്ദു ഏഷ്യാവിൽ മലയാളത്തോട് പറയുന്നു. എൻഎച്ച്എമ്മിന് കീഴിലെ മറ്റെല്ലാ ജോലിക്കാർക്കും കോവിഡ് റിസ്ക് അലവൻസ് വലിയ തുക നൽകുമ്പോൾ ആശ വർക്കർമാരെ സർക്കാർ നിർദാക്ഷിണ്യം അവഗണിച്ചിരിക്കുകയാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് പുതുതായി ഉണ്ടാകുന്നത്.
വാക്സിനേഷൻ എടുക്കേണ്ടവരുടെ ലിസ്റ്റ് ഫീൽഡ് പഠനത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനാക്രമത്തിൽ ഓരോ ദിവസവും നേരത്തെ തയ്യാറാക്കിയിരുന്നത് ആശ വർക്കർമാരായിരുന്നു. വളരെ സുഗമമായി അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, ഇതിന്റെ ഉത്തരവാദിത്വമെല്ലാം വാർഡ് മെംബർമാരോ കൗൺസിലർമാരോ രാഷ്ടീയ വൊളന്റീയർമാരോടൊപ്പം ചേർന്ന് നിർവഹിക്കുകയാണ്. വാക്സിൻ നൽകുന്നതിൽ നിലവിലുണ്ടായിരുന്ന സംവിധാനത്തെ ഇത് ദുർബലപ്പെടുത്തി. രാഷ്ട്രീയ ഇടപെടലുകൾ വാക്സിനേഷന്റെ താളം തെറ്റലിന് ഇടയാക്കുകയും ജനങ്ങളിൽ പ്രതിഷേധങ്ങൾക്കും തിരി കൊളുത്തി. ഇതിൻ്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നതാകട്ടെ ആശാ വർക്കർമാരാണ്. പല സ്ഥലങ്ങളിലും ആശമാർക്ക് നേരെ വാക്കേറ്റവും ബഹളവും ഉണ്ടായി. ഫീൽഡിൽ നിന്നും ശേഖരിക്കുന്ന വിവരത്തിൻ്റെ അടിസ്ഥനത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി വാക്സിൻ നൽകുവാനുള്ള ക്രമീകരണങ്ങൾ അടിയന്തിരമായി ഉണ്ടായേ മതിയാവു. നിരന്തരമായി സർക്കാരിൻ്റെയും ബന്ധപ്പെട്ട വകുപ്പിൻ്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും, നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിന് ആശ വർക്കർമാർ നിർബന്ധിതരായിരിക്കുന്നതെന്നും ബിന്ദു പറഞ്ഞു.
രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് പലപ്പോഴും ഇന്‍സെന്റീവും ഓണറേറിയയവും വരുന്നത്, ശരിക്കും നമ്മള്‍ക്ക് ഈ ജോലിക്ക് പോയാല്‍ മറ്റ് ജോലിക്ക് പോകാന്‍ കഴിയില്ല. 5,000 രൂപയാണ് ഓണറേറിയം. അതൊരു കൃത്യമായ കാലയളവില്‍ നമുക്ക് ലഭിക്കില്ലെന്ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ ആശാവർക്കറായ രാജി പറയുന്നു. കൊവിഡിന് മുൻപ് ഞങ്ങൾക്ക് മാസം 50 വീട് എങ്കിലും സര്‍വേ ചെയ്യണം. 50 വീട് എന്നാണ് പറയുന്നതെങ്കിലും ഒരു ഡിവിഷന്, അല്ലേൽ ഒരു വാർഡ് മുഴുവന്‍ നമ്മള് കവര്‍ ചെയ്യാറുണ്ട്. കൂടാതെ വീടുകളിലുളള ഗർഭിണികളെ മൂന്ന് മാസം ആകുന്നതിന് മുൻപ് നിശ്ചിത സമയത്ത് രജിസ്റ്റർ ചെയ്യണം. യേർലി രജിസ്ട്രേഷൻ കൃത്യമായി ചെയ്തില്ലേൽ നമുക്ക് വഴക്ക് കേൾക്കാറുണ്ട്.

കൂടാതെ ഗർഭിണികളുടെ കുത്തിവെയ്പ്പ്, അയൺ ഗുളിക കൊടുക്കൽ, അവർക്ക് കുട്ടികൾ ഉണ്ടാകുമ്പോൾ എല്ലാ വിധ വാക്സിനുകളും ഉറപ്പാക്കുക, തനിച്ച് താമസിക്കുന്ന പ്രായമായ അമ്മമാരെ കാണുക, പാലിയേറ്റീവ് കെയറിങ്, ഹോം കെയറായി ആഴ്ചയില്‍ രണ്ട് ദിവസം പോകുക, വെളളക്കെട്ട് നശിപ്പിക്കാൻ പറയുകയും കൊതുകുകളെ ഉറവിട നശീകരണം നടത്താനുളള ക്യാംപെയ്ൻ, ഓഗസ്റ്റ് മാസങ്ങളില്‍ വിര ഗുളിക കൊടുക്കൽ, മന്ത് രോഗത്തിനുളള സ്വാബ് എടുക്കാനായി ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘത്തിനൊപ്പം പോകുക, ഇത് രാത്രിയിലാണ്, ഏഴര മുതല്‍ പത്ത്, പത്തരമണി വരെയൊക്കെ ഇതിനായി പോകാറുണ്ട്. ആശാ വർക്കർമാർ ഇല്ലാതെ ചെന്നാൽ പരിചയം ഇല്ലാത്തതിനാൽ പലരും സമ്മതിക്കാറില്ല, അതിനാലാണ് കൂടെ പോകുന്നത്. ഇത്രയും കാര്യങ്ങളാണ് കൊവിഡിന് മുൻപ് ഉണ്ടായിരുന്ന ചുമതലകൾ.
കൊവിഡ് വന്നപ്പോൾ കോൺടാക്ട് ട്രെയിസിങ്ങിൽ തുടങ്ങി ക്വാറന്റൈൻ സൗകര്യം ഒരുക്കൽ, രോഗികളെ ആശുപത്രിയിലേക്ക് മാറ്റൽ, വീട്ടിൽ ക്വാറന്റൈൻ ഇരിക്കുന്നവർക്ക് മരുന്നും മറ്റ് കാര്യങ്ങളും നൽകൽ, ആർക്ക് എങ്കിലും പെട്ടെന്ന് അത്യാഹിതം വന്നാൽ ഡോക്ടറെ അറിയിക്കുകയും മരുന്ന് എത്തിച്ച് കൊടുക്കുകയും വേണമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റാനുളള വാഹനം അടക്കം തയ്യാറാക്കി നൽകൽ, ഇതിന് പുറമെ ഇപ്പോഴുളള വാക്സിനേഷനും ആളുകളെ അതിനായി കൃത്യമായി പറഞ്ഞുവിടലും ഇങ്ങനെ നൂറുകൂട്ടം ജോലികളാണ് ഓരോ ആശാ വർക്കർമാർക്കും വാർഡുകളിൽ ചെയ്യാനുളളതെന്ന് രാജി വിശദമാക്കി.

കൊവിഡ് വന്നതോട് കൂടി പ്രഷര്‍, ഷുഗര്‍, പ്രമേഹം എന്നി രോഗമുളള പ്രായമായവർക്ക് അവര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് വരാതെ തന്നെ അവരുടെ മരുന്നുകൾ വീടുകളിൽ എത്തിക്കാനുളള ജോലി കൂടി ആശാവർക്കർമാരെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ലീന വർഗീസ് പറയുന്നു. ഹെൽത്ത് സെന്ററിന്റെ സമീപത്തുളളവർക്ക് പോലും നമ്മൾ മരുന്ന് വീടുകളിൽ എത്തിച്ച് നൽകണം. പലപ്പോഴും വലിയ ബിഗ് ഷോപ്പറിലൊക്കെ മരുന്ന് ശേഖരിച്ചാണ് ആശാ വർക്കർമാർ വീടുകൾ കയറുന്നത്. നമ്മൾക്ക് അസുഖം വന്നാൽ നമ്മളെ വിളിക്കരുതെന്ന് വാർഡിലെ ജനപ്രതിനിധി പറഞ്ഞാലും ഓരോ കാര്യങ്ങൾക്കായി നമ്മളെ തന്നെയാണ് നാട്ടിലുളളവർ വിളിച്ചുകൊണ്ടിരിക്കുക. ഓരോ ദിവസവും രാവിലെ മുതൽ രാത്രി വരെ നിരവധി മണിക്കൂറുകളാണ് ഇതിനിടയിൽ ഫോൺ വിളികൾ, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയ്ക്കായി മാറ്റിവെക്കുന്നത്. കൊവിഡിൽ തരുന്ന ആയിരം രൂപ അലവൻസ് എന്നത് മാസ്കുകളും സാനിറ്റൈസറും വാങ്ങാനും മൊബൈൽ റീ ചാർജ് ചെയ്യാനും മാത്രമേ കാണുകയുളളൂ. നാട്ടിലുളള എല്ലാവരുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന നമ്മൾക്ക് മൊബൈൽ റീ ചാർജിനുളള തുക പോലും ഇതുവരെ പ്രത്യേകമായി അനുവദിച്ചിട്ടില്ലെന്നും ലീന വർഗീസ് വ്യക്തമാക്കി.
വാക്സിനേഷൻ ഡ്യൂട്ടിക്ക് ആശ വർക്കർമാർക്ക് അലവൻസ് അനുവദിക്കുക, ആശാ വർക്കർമാരെ ആരോഗ്യ വകുപ്പിൽ സ്ഥിരപ്പെടുത്തുക, അംഗീകൃത മിനിമം വേതനമായ 21,000 രൂപ ആശ വർക്കർമാർക്കും നൽകുക, പ്രതിമാസം 15,000 രൂപ കോവിഡ് റിസ്ക് അലവൻസ് നൽകുക, എല്ലാ മാസവും അഞ്ചിനുളളിൽ വേതനം നൽകുക എന്നിങ്ങനെയുളള ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ ഉന്നയിക്കുന്നതെന്നും അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പരീക്ഷ മാറ്റത്തിന് പിഎസ്സി ഒരുങ്ങുന്നു; നിര്‍ദേശങ്ങള്‍ ഇങ്ങനെ
ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ്, നല്‍കുന്നത് സര്‍ക്കാര്‍ കമ്പനി!
ബൂസ്റ്റര്‍4: ഇത്തവണ കേന്ദ്രത്തിന്റെ ഇളവ് കോര്‍പ്പറേറ്റുകള്‍ക്ക്
പക്ഷികള്‍ പാടാത്ത നാടുകള്‍