കഥ കേട്ടപ്പോൾ ഒറ്റയടിക്ക് ചെയ്യാമെന്ന് പറഞ്ഞു, ഞാൻ ഞെട്ടിപ്പോയി; സാറാസിലെ ജൂഡ് ആന്റണിഫിക്കേഷനെക്കുറിച്ച് തിരക്കഥാകൃത്ത്
മറ്റെന്തെങ്കിലും ചെറിയ സബ്ജക്റ്റ് ഉണ്ടോന്ന് ജൂഡ് സാർ ചോദിച്ചപ്പോഴാണ് സാറാസിലേക്ക് എത്തുന്നത്. വൺ ലൈൻ കഥ കേട്ട് കഴിഞ്ഞപ്പോള്‍ സാര്‍ പറഞ്ഞു, ഇത് നമ്മള് ചെയ്യുന്നു എന്ന്. ഒറ്റയടിക്ക് ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ സാറാസ് എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തി മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. അന്ന ബെന്നും സണ്ണി വെയ്നും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും നവാഗതനായ അക്ഷയ് ഹരീഷിന്റേതാണ്. മെഡിക്കൽ പിജി വിദ്യാർത്ഥിയായ അക്ഷയ് ഹരീഷ് കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് ജൂഡ് ആന്റണി ജോസഫിനോട് സാറാസിന്റെ കഥ പറയുന്നത്. കഥ പറഞ്ഞശേഷം സിനിമയായപ്പോൾ മൊത്തത്തിലൊരു ജൂഡ് ആന്റണിഫിക്കേഷൻ നടന്നിട്ടുണ്ടെന്നാണ് അക്ഷയ് വിശദീകരിക്കുന്നത്. ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അക്ഷയ് ഇക്കാര്യങ്ങൾ വിവരിച്ചത്.
അക്ഷയ് ഹരീഷിന്റെ വാക്കുകൾ
കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ കഥയന്വേഷിച്ചുള്ള ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധയിൽ പെടുന്നത്. അപ്പോൾ തന്നെ മനസിലുള്ള സിനിമയുടെ സിനോപ്സിസ് അയച്ചു. പിന്നീട് ജൂഡ് സാർ വിളിച്ചു. എഴുതി കഴിഞ്ഞതാണോ എന്ന് തിരക്കി, എഴുതിക്കൊണ്ടിരിക്കുന്നു എന്നാണ് മറുപടി നൽകിയത്. അത് എഴുതി പൂർത്തിയാക്കിയിട്ട് വിളിക്കാൻ പറഞ്ഞു. എന്നാൽ അത് ഈ കൊവിഡ് കാലത്തെ നിബന്ധനകൾ പാലിച്ച് ഷൂട്ട് ചെയ്യുന്നത് ശ്രമകരമായിരുന്നു. മറ്റെന്തെങ്കിലും ചെറിയ സബ്ജക്റ്റ് ഉണ്ടോന്ന് ജൂഡ് സാർ ചോദിച്ചപ്പോഴാണ് സാറാസിലേക്ക് എത്തുന്നത്. വൺ ലൈൻ കഥ കേട്ട് കഴിഞ്ഞപ്പോള്‍ സാര്‍ പറഞ്ഞു, ഇത് നമ്മള് ചെയ്യുന്നു എന്ന്. ഒറ്റയടിക്ക് ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇങ്ങനെ അല്ലല്ലോ ഞാന്‍ പ്രതീക്ഷിച്ചത്. അങ്ങനെ പിന്നെ അതില്‍ ഒരു മാസം എടുത്ത് കുറെ വര്‍ക്ക് ചെയ്തു. ഫസ്റ്റ് ഡ്രാഫ്റ്റ് ജൂണിൽ സെറ്റായി. സാറിന്റെ കാര്യങ്ങളൊക്കെ വളരെ ഫാസ്റ്റാണ്. സെപ്റ്റംബർ-ഒക്ടോബറൊക്കെ ആകുമ്പോൾ അന്ന ബെൻ, സണ്ണി വെയ്ൻ അടക്കം കാസ്റ്റിങ് പൂർത്തിയായി. 34 ദിവസത്തെ ഷൂട്ട് ആയിരുന്നു ഷെഡ്യൂൾ ചെയ്തത്.
കൊവിഡിന്റെ സമയത്ത് ആയതുകൊണ്ട് ഞാന്‍ സ്ക്രിപ്റ്റ് എഴുതുമ്പോള്‍ ലിമിറ്റഡായി ചെയ്യേണ്ട സിനിമ എന്നത് പരിഗണിച്ച് സാറാസിന്റെ 70%വും രണ്ട് ഫ്ളാറ്റിലായിരുന്നു സീനുകള്‍ ക്രമീകരിച്ചത്. പിന്നെ കുറച്ച് തട്ടുകട, ചായക്കട അങ്ങനത്തെ പരിപാടിയൊക്കെ ആയിരുന്നു തുടങ്ങിയപ്പോള്‍. സാര്‍ ഇതിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തട്ടുകട മാറി മെട്രൊയായി. മെട്രൊ മാറി തിയറ്ററായി, തിയറ്റര്‍ മാറി മള്ട്ടിപ്ലെക്സായി, അങ്ങനെ സീനുകള്‍ വ്യാപിച്ച് വ്യാപിച്ച് ഇതൊരു കൊവിഡ് സിനിമ ആണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നില്ല. ചിലപ്പോള്‍ ചില ലിമിറ്റേഷന്‍സ് ഉണ്ടാകും. ഇപ്പോള്‍ നമ്മള് കണ്ട സിനിമകള്‍ വെച്ച് നോക്കുമ്പോള്‍ വളരെ കളര്‍ഫുളാണ് സാറാസ്. ഒരുപാട് ലൊക്കേഷന്‍സ് ഉണ്ട്, ചെറുതും വലുതുമായ ധാരാളം നടി നടന്മാരുണ്ട്. മൊത്തത്തില്‍ ഒരു ജൂഡ് ആന്റണിഫിക്കേഷന് സാറാസിൽ നടന്നിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!