ലോകകപ്പിന് യോഗ്യത നേടാതെ പോയ ടീമിൽ നിന്ന് യൂറോ ചാംപ്യൻമാരിലേക്ക്; തോൽവി അറിയാതെ 34 മത്സരങ്ങൾ, ചരിത്രമെഴുതി അസൂറിപ്പട
തുടർ ജയങ്ങളിൽ ലോക ഫുട്ബോളിലെ റെക്കോഡ് നിലവിൽ സ്പെയിനിന്റെയും ബ്രസീലിന്റെയും പേരിലാണ്. 35 മത്സരങ്ങളാണ് ഇരുടീമുകളും തോൽവി അറിയാതെ കടന്നുപോയത്
ലോക ഫുട്ബോളിൽ സമാനതകളില്ലാത്ത ചരിത്രത്തിലേക്കാണ് യൂറോ കപ്പിലെ വിജയത്തോടെ ഇറ്റലി നടന്നുകയറുന്നത്. തോൽവി അറിയാതെ 34 മത്സരങ്ങൾ. ഇതിൽ ഇന്നത്തേത് അടക്കം 29 കളികൾ ഇറ്റലി വിജയിച്ചു, അഞ്ച് കളികൾ സമനിലയിലും അവസാനിച്ചു. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത നേടാനാകാതെ നിരാശരായ അസൂറിപ്പടയിൽ ഊർജം നിറച്ചത് 2018 മെയിൽ ഇറ്റലിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത റോബർട്ടോ മാൻസീനിയാണ്. പ്രതിരോധ കോട്ട കെട്ടുന്നതിൽ പേരുകേട്ട ഇറ്റലി മാൻസീനിയുടെ വരവോടെ ആക്രമണോത്സുക ഫുട്ബോളിലേക്ക് കൂടി ശ്രദ്ധയൂന്നി. ടീം ഫോർമേഷനിൽ സ്ഥിരം ശൈലി പരീക്ഷിച്ചും താരങ്ങളെ മാറ്റി പരീക്ഷിച്ചും നിരവധി മാറ്റങ്ങളാണ് യൂറോയ്ക്ക് മുൻപ് മുതലെ മാൻസീനി ഇറ്റലിയുടെ ഓരോ മത്സരങ്ങളിലും നടത്തിയത്.

മാൻസീനിക്കുകീഴിൽ 2018 സെപ്റ്റംബറിലാണ് ഇതിന് മുൻപ് ഇറ്റലി ഒരു മത്സരം തോറ്റത്. യുവേഫ നേഷന്‍സ് ലീഗില്‍ പോർച്ചുഗല്ലിൽ നിന്നായിരുന്നു ആ തോൽവി. മാൻസീനി ചുമതലയേറ്റ ശേഷമുളള രണ്ടാമത്തെ തോൽവി കൂടിയായിരുന്നു അത്. പിന്നീട് ഓരോ മത്സരങ്ങളിലും ജയത്തോടെ കരുത്താർജിക്കുന്ന ഇറ്റലിയെയാണ് കായിക പ്രേമികൾക്ക് കാണാൻ സാധിച്ചത്.
യൂറോയിൽ ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായ ഇറ്റലി പിന്നീട് കളിച്ച മൂന്ന് മത്സരത്തിലും ഗംഭീര ജയമാണ് നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ 2-1ന് തോല്‍പ്പിച്ച ഇറ്റലി ക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തെയും 2-1ന് മുട്ടുകുത്തിച്ചു. സെമിയിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടിയെങ്കിലും സ്പെയിനെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് അസൂറിപ്പട ഫൈനലിൽ എത്തിയത്. ടൂർണമെന്റിൽ 12 ഗോളുകൾ നേടിയ ഇറ്റലി വഴങ്ങിയത് നാല് ഗോൾ മാത്രമാണ്. ഇറ്റലി ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമയ്ക്ക് മുന്നിൽ പ്രതിരോധ കോട്ട കെട്ടിയുളള വെറ്ററൻ താരങ്ങളുടെ കരുത്താണ് ഇതിന് കാരണവും.

മധ്യനിരയിൽ മാർകോ വെറാറ്റി–ജോർജിന്യോ–നിക്കോളോ ബറെല്ല ത്രയം നീക്കങ്ങളുമായി നിറയുമ്പോൾ മുന്നേറ്റത്തിന്റെ ചുമതല ലോറെൻസോ ഇൻസിന്യെയ്ക്കും ഫെഡെറികോ കിയേസയ്ക്കുമായിരുന്നു. എതിർ ടീമിന്റെ വേഗതയേറിയ ഏത് ആക്രമണങ്ങളെയും പൊളിക്കുന്ന പ്രതിരോധമാണ് ജോർജിയോ കില്ലെനിയും ലിയനാർഡോ ബൊന്നൂച്ചിയും തീർത്തിരുന്നത്.
തുടർ ജയങ്ങളിൽ ലോക ഫുട്ബോളിലെ റെക്കോഡ് നിലവിൽ സ്പെയിനിന്റെയും ബ്രസീലിന്റെയും പേരിലാണ്. 35 മത്സരങ്ങളാണ് ഇരുടീമുകളും തോൽവി അറിയാതെ കടന്നുപോയത്.1993 മുതല്‍ 96 വരെയുളള കാലഘട്ടത്തിലാണ് ബ്രസീലിന്റെ നേട്ടം. 2007 മുതല്‍ 2009 വരെയാണ് സ്പെയ്ന്‍ തോല്‍വി അറിയാതെ 35 കളി പൂർത്തിയാക്കിയത്. ഈ റെക്കോഡിലേക്ക് എത്താൻ ഇനിയൊരു ജയം മാത്രമാണ് ഇറ്റലിക്ക് വേണ്ടത്. 1930കളിലും ഇതുപോലെ തോൽവി അറിയാതെ ഇറ്റലി 30 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. രണ്ടാമതൊരു ലോകകപ്പും ഒളിംപിക്സ് സ്വർണമെഡലും ഇറ്റലി നേടിയത് അക്കാലത്തായിരുന്നു.

നാല് തവണ ലോകകപ്പ് നേടിയിട്ടുണ്ടെങ്കിലും അഞ്ച് പതിറ്റാണ്ട് കഴിഞ്ഞു യൂറോയിൽ അസൂറികൾ കപ്പ് ഉയർത്തിയിട്ട്. 1968ൽ യൂറോ കപ്പ് നേടിയ ശേഷം പിന്നീട് രണ്ടുതവണ കൂടി ഇറ്റലി ഫൈനലിൽ കടന്നെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 2000ൽ ഫ്രാൻസിനോട് 2-1നും 2012ൽ സ്പെയിനോട് 4-1നുമായിരുന്നു ഇറ്റലി തോൽവി ഏറ്റുവാങ്ങിയത്. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇറ്റലി യൂറോയിൽ ചാംപ്യൻമാരാകുന്നത്. ഇരുടീമുകളും ഇതിന് മുൻപ് 27 തവണ ഏറ്റുമുട്ടിയപ്പോൾ ഇറ്റലി 11 തവണയും ഇംഗ്ലണ്ട് എട്ടുതവണയുമാണ് വിജയിച്ചിരുന്നത്. എട്ട് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!