കേരളത്തിലെ കടൽ നിരപ്പ് ഉയരുമ്പോൾ, കുട്ടനാടും കൊച്ചിയും പിന്നെ തീരശോഷണവും
ഒരു മീറ്റര്‍ ജലനിരപ്പുയര്‍ന്നാല്‍ ആലപ്പുഴയിലെ കുട്ടനാട് അടക്കം 372 ചതുരശ്ര കിലോമീറ്റര്‍ ഭൂമി സംസ്ഥാനത്ത് കടലിന് അടിയിലാകും. ലോകത്ത് തന്നെ സമുദ്രനിരപ്പിനെക്കാൾ വളരെ താഴ്ന്ന അപൂർവം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ 12 തീരദേശ നഗരങ്ങൾ വെളളത്തിനടിയിൽ ആകുമെന്നും 2030 ഓടെ കേരള തീരത്തെ കടല്‍ നിരപ്പ് 11 സെന്റിമീറ്റര്‍ ഉയരുമെന്നും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഇതിന്റെ ഫലമായി ഉണ്ടാകുമെന്നുമുളള ഐപിസിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കാലാവസ്ഥാ മാറ്റം നിരീക്ഷിക്കാനായി ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുളള സംഘടനയായ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് അഥവാ ഐപിസിസി നാസയുമായി ചേർന്ന് സമുദ്രജലനിരപ്പ് പ്രവചന രീതിയെ അവലംബമാക്കി നടത്തിയ പഠനം പറയുന്നതനുസരിച്ച് സംസ്ഥാനത്ത് 2,100ഓടെ 71 സെന്റിമീറ്റര്‍ കടല്‍ കയറും. 2,150ല്‍ ഇത് 1.24 മീറ്ററാകും എന്നുമാണ്. ഐപിസിയുടെ ഇതിന് മുൻപുളള പഠന റിപ്പോർട്ടുകളിലും കേരളത്തിലെ കുട്ടനാട്, കൊച്ചി എന്നി സ്ഥലങ്ങളിൽ വരുംകാലത്ത് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഒരു മീറ്റര്‍ ജലനിരപ്പുയര്‍ന്നാല്‍ ആലപ്പുഴയിലെ കുട്ടനാട് അടക്കം 372 ചതുരശ്ര കിലോമീറ്റര്‍ ഭൂമി സംസ്ഥാനത്ത് കടലിന് അടിയിലാകും.
കേരളത്തിനെ സംബന്ധിച്ച് ഐപിസി റിപ്പോർട്ടിലുളള കാര്യങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് കുട്ടനാട് അന്താരാഷ്ട്ര കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പദ്മകുമാര്‍ ഏഷ്യാവില്ലിനോട് പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലവും 21ാം നൂറ്റാണ്ടില്‍ കുട്ടനാട്ടിലെ സമുദ്രജലനിരപ്പ് രണ്ടടിമുതല്‍ ഏഴടി വരെ ഉയരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശവും സമുദ്രനിരപ്പിന് താഴെ കൃഷി ചെയ്യുന്ന അപൂര്‍വ പ്രദേശവും കൂടിയാണ് കുട്ടനാട്. ഇവിടെ ഭയാശങ്ക വർധിക്കുകയും ജനങ്ങൾ നിലവിൽ ഒഴിഞ്ഞുപോകുകയും ചെയ്യുന്നുണ്ട്. അത് ഈ റിപ്പോർട്ട് പുറത്തുകൊണ്ട് വന്നതുകൊണ്ടല്ല, നേരത്തെ മുതൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കൂടി മുൻനിർത്തിയാണ്.

2018ലെ പ്രളയകാലത്ത് റിവര്‍ ഫ്ളഡും റ്റൈഡല്‍ ഫ്ളഡും കൂടി ഒത്തുചേരുന്നൊരു സാഹചര്യം ഉണ്ടായിരുന്നില്ല. ഇനി അത് വരികയാണെങ്കില്‍ നമ്മുടെ സ്ഥിതി വളരെ പരിതാപകരമാകും. നദിയിലെ നീരൊഴുക്ക് കൂടുകയും ഹൈ റ്റൈഡ് കൂടി നിന്നാല്‍ വെളളം പുറത്തേക്ക് പോകില്ല. ഭീകരമായ അവസ്ഥയാകും ഉണ്ടാകുക. അത് ഇവര്‍ ആരും കാണുന്നില്ല. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് നടപടികള്‍ ഉണ്ടാകണം. സമുദ്ര ജലനിരപ്പിന് താഴെയുളള ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്ഥലം ആയിരിക്കും വെളളത്തിലാകുക. അതിന് എന്ത് തയ്യാറെടുപ്പുകള്‍ നാം നടത്തുന്നുണ്ട്? എന്ത് ചെയ്യുന്നുണ്ട്? പഠിക്കുന്നുണ്ടോ? പഠിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ടോ? ഞങ്ങളുടെ പഠനത്തില്‍ വേനല്‍ക്കാലത്തും കുട്ടനാട്ടിലേക്ക് ഉപ്പുവെളളം കയറുകയാണ്. ഉപ്പിന്റെ തോത് കൂടുതലാണ്. ബണ്ട് കൊണ്ടൊന്നും രക്ഷയില്ല. പരിസ്ഥിതിയോട് ഇണങ്ങിപോകുന്നതാണ് അനുയോജ്യമെന്ന് മനസിലാക്കിയുളള ഭൂ വിനിയോഗവും നിര്‍മ്മാണങ്ങളും കൃഷി രീതികളും ഒക്കെ കൂട്ടിയോജിപ്പിച്ചാലേ ചെറുതായെങ്കിലും നമുക്ക് ഇതിനെ പ്രതിരോധിക്കാൻ സാധിക്കുകയുളളൂ എന്നും ഡോ. പദ്മകുമാർ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ പ്രഥമ കാലാവസ്ഥാ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 1901-2004 കാലയളവില്‍ സമുദ്രജലനിരപ്പ് ഓരോ വര്‍ഷവും 1.06-1.75 മില്ലി മീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. 2004 മുതല്‍ വാര്‍ഷിക വര്‍ധന 3.3 മില്ലിമീറ്റര്‍ ആണ്. താരതമ്യേന താപനില കുറഞ്ഞിരുന്ന അറബിക്കടലില്‍ ആഗോളതാപനം വഴി ചൂട് കൂടിയതിനാല്‍ 2014 മുതല്‍ എല്ലാവര്‍ഷവും ഒരു കൊടുങ്കാറ്റെങ്കിലും ഉണ്ടാവുന്നുണ്ട്. അറബിക്കടലില്‍ 1951-2018 കാലഘട്ടത്തില്‍ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊടുങ്കാറ്റുകളുടെ എണ്ണം 52 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കാലാവസ്ഥാ പഠനങ്ങള്‍ എല്ലാം വ്യക്തമാക്കുന്ന രണ്ട് കാര്യങ്ങള്‍ ഇവയാണ്. അറബിക്കടലില്‍ ചൂട് കൂടുന്നത് കൊണ്ട് തന്നെ വരും നാളുകളില്‍ ശക്തമായ ചുഴലിക്കാറ്റുകളും കടല്‍ക്ഷോഭവും പ്രതീക്ഷിക്കാം.
തീരശോഷണത്തിനും അനുബന്ധ പ്രശ്നങ്ങള്‍ക്കും പുറമെ ഇത് മേഖലയിലെ സമുദ്രോല്‍പ്പന്ന ലഭ്യതയെയും തീരദേശ ജനതയുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം. നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രജലനിരപ്പ് ഒരു മീറ്റര്‍ വരെയോ, അതിലധികമോ ഉയരാന്‍ സാധ്യതയുണ്ട്. കൊച്ചി, കുട്ടനാട് പ്രദേശങ്ങളില്‍ ഇത് ദൂരവ്യാപകമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ കാലാവസ്ഥാമാറ്റവും കൂടി ഉള്‍ക്കൊണ്ട് കൊണ്ടുളള സമഗ്രതീരദേശ പരിപാലന പദ്ധതികള്‍ അനിവാര്യമാണെന്നാണ് കേരളത്തിലെ തീരശോഷണത്തെ മുൻനിർത്തി ഡോ. ബിജുകുമാർ, ഡോ. കെ.വി തോമസ്, ഡോ. അജയകുമാർ വർമ്മ, ഡോ. ടി.വി സജീവ്, ഡോ. ഷാജി ഇ എന്നിങ്ങനെ അഞ്ച് ശാസ്ത്രജ്ഞൻമാർ നടത്തിയ അവലോകനത്തിലും വ്യക്തമാക്കുന്നത്.

വേമ്പനാട്ട് കായലിലെ ഉപ്പുരസത്തെക്കുറിച്ചും മലിനീകരണത്തെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും അതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഡോ. പദ്മകുമാർ പറയുന്നു. ഈ കൊവിഡ് കാലത്തും 15 ദിവസം കൂടുമ്പോള്‍, ഞങ്ങള്‍ സാംപിളുകള്‍ എടുക്കാറുണ്ട്. ഞങ്ങളുടെ റിസര്‍ച്ചേഴ്സ് ബോട്ടിലും വളളത്തിലും വണ്ടിയിലുമൊക്കെയായി ഇതിനായി പോകുന്നുണ്ട്. ജൈവ മലിനീകരണത്തിന്റെ തോത് വളരെ വലിയ രീതിയിലാണുളളത് കുട്ടനാട്ടിൽ. വെളളത്തില്‍ സാധാരണ ഫോസ്ഫേറ്റ് കുറഞ്ഞും നൈട്രേറ്റ് കൂടുതലുമാണ് വേണ്ടത്. എന്നാൽ ഇപ്പോള്‍ ഇത് രണ്ടും വളരെ കൂടുതലാണ്. അതുകൊണ്ടാണ് പോള പെരുകുന്നത്. പോള ഒരു രോഗലക്ഷണമാണ്, വെളളത്തില്‍ മലിനീകരണം കൂടുന്നത് കൊണ്ടാണ് കുളവാഴയും പോളയും അടക്കം പെരുകുന്നത്. അത് നിയന്ത്രിക്കാനുളള വഴി ആലോചിക്കണം. കടല്‍ അടുത്തുളളതിനാൽ അത് സാധ്യവുമാണ്.
കുട്ടനാട്ടിലെ ഭൂമി നിലവില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്. പണ്ട് മണ്ണ് വെട്ടിയിട്ട് ചെളി കുത്തിയെടുത്ത് പറമ്പ് ഉയര്‍ത്തുന്ന ഒരു രീതിയുണ്ടായിരുന്നു, അതൊക്കെ ഇപ്പോള്‍ നിന്നുപോയി. 2010 മുതല്‍ 2020 വരെയുളള ഡാറ്റ പരിശോധിക്കുമ്പോള്‍ കായലിലെ ഉപ്പുരസം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഓരോ വര്‍ഷവും ഉപ്പുരസം കൂടിക്കൊണ്ടിരിക്കുകയാണ്. കടല്‍വെളളം കയറുന്നതിന്റെ ആദ്യപടിയാണിതെന്നും ഡോ. പദ്മകുമാർ വ്യക്തമാക്കുന്നു.
1988 മുതലാണ് ഐപിസിസി (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്) കാലാവസ്ഥ മാറ്റങ്ങളും മറ്റും സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്. എട്ടുവർഷം മുമ്പാണ് അവസാനത്തെ റിപ്പോർട്ട് സമർപ്പിച്ചത്. ഇപ്പോൾ സമർപ്പിച്ചത് ആറാമത്തെ റിപ്പോർട്ടാണ്. ഏഷ്യയിലുടനീളമുള്ള സമുദ്രനിരപ്പ് ശരാശരി ആഗോള നിരക്കിനേക്കാൾ വേഗത്തിലാണെന്നും സമുദ്രനിരപ്പിൽ അങ്ങേയറ്റം മാറ്റങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വെളളത്തിനടിയിൽ ആകുന്ന തീരദേശ നഗരങ്ങളിൽ കൊച്ചിയിൽ 2.32 അടി ഉയരത്തിലും ഒഡിഷയിൽ 1.93 അടി ഉയരത്തിലും പശ്ചിമ ബംഗാളിലെ ഖിദിപൂറിൽ 0.49 അടിയും വിശാഖപട്ടണത്ത് 1.77 അടി ഉയരത്തിലും ചെന്നൈയിൽ 1.87 അടിയും തൂത്തുക്കുടിയിൽ 1.9 അടി ഉയരത്തിലും കടൽ കയറാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. 2019 സെപ്റ്റംബറിൽ പുറത്തുവന്ന ഐപിസി റിപ്പോർട്ടിലും കടൽ കവരുമെന്ന് ഉറപ്പായ തീരനഗരങ്ങളിൽ ഒന്ന് കൊച്ചിയായിരുന്നു.

തീരശോഷണം ഏറ്റവുമധികം ജനങ്ങളെ ബാധിക്കാന്‍ സാധ്യതയുളളത് ആലപ്പുഴയിലും തിരുവനന്തപുരം ജില്ലയിലുമാണെന്നാണ് കേരളത്തിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ആലപ്പുഴ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കുട്ടനാടിനും അപകട ഭീഷണി കൂടുതലാണ്. 1,100 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുളള കുട്ടനാടിന്റെ 304 ചതുരശ്ര കിലോമീറ്റര്‍ സമുദ്രനിരപ്പിന് താഴെയാണ്, നിലവില്‍ ജനങ്ങള്‍ താമസിക്കുന്നത് വെളളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിലാണ്. അവരുടെ കൃഷിയും മറ്റ് ഉപജീവന മാര്‍ഗങ്ങളും എപ്പോഴും വെളളപ്പൊക്ക ഭീഷണിയിലും ഉപ്പുവെളളം കയറലിലും കെട്ടുപിണഞ്ഞ് കിടക്കുകയാണ്.
കേരളത്തിലെ തീരശോഷണത്തിന്റെ പ്രധാന കാരണം മനുഷ്യനിർമ്മിത പ്രവൃത്തികളാണ്. തീരദേശത്തെ മനുഷ്യനിര്മ്മിതികള് വര്‍ധിച്ചുവന്നതോടെ തീരശോഷണം വ്യാപകമാവുകയും തീരംവയ്പ്പും തീരശോഷണവും തമ്മില്‍ നിലനിന്നിരുന്ന സംതുലനാവസ്ഥ നഷ്ടപ്പെടുകയും ചെയ്തു. തീരത്ത് കടല്‍ഭിത്തി വ്യാപകമായതോടെ ബാക്കിവന്ന നൈസര്‍ഗിക തീരങ്ങള്‍ക്ക്, കടല്‍ത്തിരകളുടെ സമ്മര്‍ദ്ദം കൂടുതല്‍ ഏല്‍ക്കേണ്ടി വരികയും തീരശോഷണം വ്യാപകമാവുകയും ചെയ്തു. നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബില്‍ കോസ്റ്റല്‍ മാനെജ്മെന്റ് ദേശീയ തലത്തില്‍ ഇന്ത്യയുടെ തീരസ്ഥിരതയെപ്പറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ തീരദേശത്തിന്റെ 53 ശതമാനം മനുഷ്യനിര്‍മ്മിതമായ കടല്‍ഭിത്തിയാണ്.
കടല്‍ഭിത്തിയുടെ സഞ്ചയശതമാനം 63 ആണ്. ഏറ്റവും സ്ഥിരതയുളള തീരം എട്ടുശതമാനം മാത്രമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) 1990-2016 കാലയളവില്‍ രാജ്യത്തെ കടല്‍ത്തീരങ്ങളുടെ സ്ഥിരതയെപ്പറ്റി നടത്തിയ പഠനങ്ങള്‍ കേരളത്തില്‍ തീരശോഷണവും തീരംവയ്പ്പും യഥാക്രമം 45 ശതമാനവും 21 ശതമാനവുമാണ്. കേരളതീരത്ത് നേരിട്ടുളള പരിശോധനയില്‍ തുറമുഖ പുലിമുട്ടുകള്‍, കടല്‍ഭിത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും തീരശോഷണം വ്യാപകമായിരിക്കുന്നത് എന്നത് വ്യക്തമായിട്ടുണ്ടെന്നും ഡോ ബിജുകുമാറും ഡോ. കെ.വി തോമസും അടക്കമുളള സയന്റിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

കേരളത്തില്‍ തുറമുഖ പുലിമുട്ടുകളില്‍ മിക്കവയുടെയും വടക്കുഭാഗത്ത് രൂക്ഷമായ തീരശോഷണമാണെങ്കിൽ തെക്കുഭാഗത്ത് തീരത്തിന് കുഴപ്പമൊന്നും ഉണ്ടാകുന്നില്ല, കൂടുതൽ മണൽ വന്ന് അടിയുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളമുളള പുലിമുട്ടുകള്‍ പരിശോധിച്ചാൽ തീരംവയ്പ്പിനെക്കാള് തീരശോഷണത്തിന് കാരണമായിട്ടുണ്ടെന്നാണ് മനസിലാക്കാനാവുക. മനുഷ്യനിർമ്മിത പ്രവൃത്തികൾക്ക് പുറമെ പ്രാദേശികമായുളള പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നതും തീരശോഷണത്തിന് കാരണമാകാറുണ്ട്.
വേമ്പനാട്ട് കായലിലേക്ക് അവിടെയെത്തുന്ന പുഴകളില്‍ നിന്നും, പ്രത്യേകിച്ച് പെരിയാര്‍ പിന്നീട് അവിടെ നിന്ന് കടലിലേക്കും അവസാദങ്ങളുടെയും ജൈവ വസ്തുക്കളുടെയും ഒഴുക്ക് കുറഞ്ഞതും സമീപ പ്രദേശങ്ങളില്‍ തീരശോഷണം കൂടിയതിന് പരോക്ഷമായ കാരണങ്ങള്‍ ആകാമെന്നും കേരളത്തിന്റെ വടക്കന്‍ തീരത്ത് പുഴകളുടെ നാശവും മണല്‍വാരലും കൃത്രിമ നിര്‍മ്മിതികളുമാണ് തീരദേശ ശോഷണം രൂക്ഷമാക്കിയിരിക്കുന്നതെന്നും കേരളത്തിലെ സയന്റിസ്റ്റുകൾ വിലയിരുത്തുന്നു.
വര്‍ധിച്ച് വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലമായി അറബിക്കടലില്‍ രൂപം കൊളളുന്ന കൂടുതല്‍ ശക്തമായ കൊടുങ്കാറ്റുകളും വര്‍ധിക്കുന്ന കടല്‍നിരപ്പും തീരദേശത്തിന്റെ ആരോഗ്യത്തെയും സ്ഥിരതയെയും ശക്തമായി ബാധിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍, കൃഷിക്കാര്‍ എന്നിങ്ങനെ തീരദേശ സമൂഹങ്ങളുടെ നിലനില്‍പ്പും ജീവസന്ധാരണ മാര്‍ഗങ്ങളും പ്രതിസന്ധി നേരിടുകയാണ്. മനുഷ്യവാസ കേന്ദ്രങ്ങൾക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നമ്മുടെ കാലവസ്ഥയ്ക്ക് എന്താണ് സംഭവിക്കുന്നത്?