സഞ്ജുവും ദേവ്ദത്ത് പടിക്കലും കളിക്കുമോ?, ദ്രാവിഡിന്റെ വാക്കുകളിൽ പ്രതീക്ഷയോടെ യുവതാരങ്ങൾ; സാധ്യതകൾ ഇങ്ങനെ
ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചിരുന്നു.
ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ആർക്കൊക്കെയായിരിക്കും ടീമിൽ ഇടമുണ്ടാകുക? ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയതോടെ മലയാളി താരം സഞ്ജു സാംസൺ അടക്കമുളളവർക്ക് ഇന്ന് അവസരം ഉണ്ടാകുമോ? ശ്രീലങ്കയിലേക്ക് തിരിക്കുന്നതിന് മുൻപ് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞ, എനിക്കൊപ്പം വന്നാൽ പരമ്പരയിലെ ഒരു മത്സരം എങ്കിലും കളിക്കാതെ നിങ്ങൾ മടങ്ങില്ല എന്ന വാക്കുകളിലായിരിക്കും യുവതാരങ്ങൾക്ക് പ്രതീക്ഷ. അതേസമയം മുൻ ഇന്ത്യൻ ഓപ്പണറായ ആകാശ് ചോപ്ര പറയുന്നത് നിലവിലെ സാഹചര്യത്തിൽ ടീമിൽ വലിയ മാറ്റത്തിന് സാധ്യതകൾ ഇല്ലെന്നാണ്. ഇതിനുളള കാരണങ്ങൾ കൂടി ആകാശ് ചോപ്ര നിരത്തുന്നുണ്ട്.
ടീമില്‍ ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ടി20യില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നില്ലെങ്കില്‍ മൂന്നാം ഏകദിനത്തില്‍ അവസരം നല്‍കണം. ചഹാലിനെയും എല്ലാം മത്സരത്തിലും കളിപ്പിക്കേണ്ടതായുണ്ട്. ദീപക് ചഹാറിനെ തൊട്ടുകളിക്കരുത്. ഭുവനേശ്വര്‍ കുമാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. കൂടാതെ പരിക്കിന് ശേഷമാണ് ഭുവിയുടെ വരവ്. അതിനാല്‍ത്തന്നെ മാറ്റത്തിന് സാധ്യതകളില്ലെന്നും ആകാശ് പറയുന്നു.

ഞാൻ കോച്ചായിരിക്കെ, നിങ്ങൾ എനിക്കൊപ്പം പരമ്പരയ്ക്ക് വരികയാണെങ്കിൽ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല എന്നായിരുന്നു ദ്രാവിഡിന്റെ നേരത്തെയുളള വാക്കുകൾ. അതുകൊണ്ട് തന്നെ ആദ്യ രണ്ടു മത്സരത്തിൽ ധവാനൊപ്പം ഓപ്പൺ ചെയ്ത പൃഥ്വി ഷാ ഇന്നും തുടരുമോ അതോ ദേവ്ദത്ത് പടിക്കലോ, ഋതുരാജ് ഗെയ്ക്ക് വാദോ അവസരം നേടുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. അരങ്ങേറ്റത്തിൽ അർദ്ധ സെഞ്ചുറി നേടി തിളങ്ങിയെങ്കിലും രണ്ടാമത്തെ മത്സരത്തിൽ നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പർ ജാർഖണ്ഡ് താരം ഇഷാൻ കിഷന് പകരം ഫിറ്റ്നസ് തെളിയിച്ച് തിരിച്ചെത്തിയ സഞ്ജു സാംസൺ ഇടം പിടിക്കുമെന്ന ചർച്ചകളും ഉയരുന്നുണ്ട്.
മധ്യനിരയിൽ മനീഷ് പാണ്ഡെ, രണ്ടു മത്സരങ്ങളിലും തിളങ്ങിയ സൂര്യകുമാർ യാദവ് എന്നിവർ സ്ഥാനം നിലനിർത്തിയേക്കും. വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനൊപ്പം ഹാർദിക് പാണ്ഡ്യയും സഹോദരൻ ക്രുണാൽ പാണ്ഡ്യയും ടീമിൽ തുടരാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിലെ ഹീറോ ദീപക് ചാഹറിനു പകരം യുവതാരം നവ്ദീപ് സെയ്നിയെയോ, ചേതൻ സാകരിയയെ ഉൾപ്പെടുത്തുമോ എന്നതും കണ്ടറിയണം.
ആകാശ് ചോപ്രയുടെ അഭിപ്രായത്തിൽ ഹാർദിക് പാണ്ഡ്യെ നിരാശപ്പെടുത്തിയെങ്കിലും ടീമിൽ തുടരേണ്ടയാളാണ്. സഹോദരൻ ക്രുണാൽ പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തുന്നുമുണ്ട്. ഇഷാനും പൃഥ്വിയുമെല്ലാം മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. സൂര്യകുമാര്‍ രണ്ട് മത്സരത്തിലും തിളങ്ങി. ശിഖര്‍ ധവാന് നായകനാണ്. അതിനാല്‍ത്തന്നെ മാറ്റങ്ങള്‍ക്കുള്ള അവസരമില്ലെന്നും ആകാശ് ചോപ്ര പറയുന്നു.

ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചിരുന്നു. നിരവധി യുവതാരങ്ങളെ കണ്ടെത്തുന്ന, അവരുടെ പൊസിഷൻ തീരുമാനിച്ച് മികച്ച പ്രകടനത്തിന് സഹായിക്കുന്ന കോച്ച് രാഹുൽ ദ്രാവിഡ് ട്വന്റി-20യ്ക്ക് മുന്നോടിയായി എന്തായാലും വിജയിച്ച ടീമിനെ നിലനിർത്താനുളള സാധ്യത വളരെക്കുറവാണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!