രാഹുൽ ദ്രാവിഡ് വാക്ക് പാലിച്ചു, അഞ്ച് യുവതാരങ്ങൾ ഒരുമിച്ച് അരങ്ങേറി; 41 വർഷത്തിന് ശേഷം ചരിത്രമെഴുതി ഇന്ത്യ
രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യ ഇത്രയധികം പുതുമുഖങ്ങൾക്ക് ഒന്നിച്ച് അവസരം നൽകുന്നത്.
ഞാൻ കോച്ചായിരിക്കെ, നിങ്ങൾ എനിക്കൊപ്പം പരമ്പരയ്ക്ക് വരികയാണെങ്കിൽ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ല- രാഹുൽ ദ്രാവിഡ്
ശ്രീലങ്കയിലേക്കുളള പര്യടനത്തിന് മുൻപാണ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ നായകൻ കൂടിയായ രാഹുൽ ദ്രാവിഡ് യുവതാരങ്ങളോട് ഇങ്ങനെ പറയുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര നേടിയ ഇന്ത്യയാകട്ടെ അവസാന മത്സരത്തിൽ കളിക്കാനിറങ്ങിയത് വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ അടക്കം ആറ് താരങ്ങളെ മാറ്റിയാണ്. അവസരം ലഭിച്ചതിൽ അഞ്ചുപേരുടെയും അരങ്ങേറ്റ മത്സരം ആണെന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ച ടീമിൽ ക്യാപ്റ്റൻ ശിഖർ ധവാൻ, പൃഥ്വി ഷാ, ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് മൂന്നാം മത്സരത്തിൽ ഇന്ത്യ അവസരം നൽകിയത്. അഞ്ച് പുതുമുഖങ്ങൾക്കൊപ്പം വലംകയ്യൻ ഫാസ്റ്റ് ബൗളറായ നവ്ദീപ് സെയ്നിയും ടീമിൽ ഇടംപിടിച്ചു. നവ്ദീപ് സെയ്നിയുടെ എട്ടാമത്തെ ഏകദിന മത്സരമാണിത്.
മലയാളി താരം സഞ്ജു സാംസൺ, നിതീഷ് റാണ, ചേതൻ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ എന്നിവരാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തിൽ തങ്ങളുടെ ഏകദിന അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവരെയാണ് മൂന്നാമത്തെ മത്സരത്തിൽ പുറത്ത് ഇരുത്തിയത്. ഹാർദിക് പാണ്ഡ്യയാണ് മൂന്നാം മത്സരത്തിൽ വൈസ് ക്യാപ്റ്റൻ.

Also Read: ഒടുവിൽ സഞ്ജു ആദ്യ ഇലവനിൽ, ട്വന്റിയിൽ അരങ്ങേറി ആറാം വർഷം താരത്തിന് ഏകദിന ക്യാപ്
രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിന് ശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഇന്ത്യ ഇത്രയധികം പുതുമുഖങ്ങൾക്ക് ഒന്നിച്ച് അവസരം നൽകുന്നത്. ഇതിനു മുൻപ് 1980ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ദിലീപ് ദോഷി, കീർത്തി ആസാദ്, റോജർ ബിന്നി, സന്ദീപ് പാട്ടീൽ, തിരുമലൈ ശ്രീനിവാസൻ എന്നിങ്ങനെ അഞ്ചുപേർക്ക് ഒന്നിച്ച് അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു.
ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയിൽ നിന്ന് ദീപക് ചാഹറിന്റെയും ഭുവനേശ്വർ കുമാറിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ഇതിൽ ദീപക് ചാഹറിനെ എട്ടാം നമ്പരിൽ ബാറ്റിങ്ങിനിറക്കിയത് അടക്കം കോച്ച് രാഹുൽ ദ്രാവിഡിന്റെ നിർദേശ പ്രകാരമായിരുന്നു എന്ന് താരങ്ങൾ തന്നെ പറഞ്ഞിരുന്നു.
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, നിതീഷ് റാണ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, നവ്ദീപ് സെയ്നി, ചേതൻ സാകരിയ.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!