11ല്‍ ഇടമില്ല, സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം ഇനിയും അകലെ
പരിശീലന മത്സരത്തിൽ തിളങ്ങിയെങ്കിലും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ ആണ് സഞ്ജുവിനെതിരെ നേരത്തെയുളള വിമർശനം.
ഏറെ നാളുകൾക്ക് ശേഷം ക്രിക്കറ്റ് ലോകം വീണ്ടും ആവേശത്തിലേക്ക് ഉണരുകയാണ്. വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ മത്സരങ്ങൾ, പാകിസ്ഥാൻ-ഇംഗ്ലണ്ട് ട്വന്റി 20, ഇപ്പോൾ ഇതാ ഇന്ത്യാ- ശ്രീലങ്ക ഏകദിന പരമ്പരയും തുടങ്ങി. ശിഖാർ ധവാൻ നയിക്കുന്ന ടീം ഇന്ത്യയിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകുമോ എന്നായിരുന്നു കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്നത്. എന്നാൽ ആദ്യ മത്സരത്തിലെ 11 അംഗ ടീമിൽ സഞ്ജുവിന് ഇടമില്ല. ടീമിലുണ്ടായിരുന്ന മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇഷാൻ കിഷനാണ് ആദ്യ മത്സരത്തിൽ നായകൻ ധവാൻ ഇടം കൊടുത്തത്. ധവാന് പുറമെ പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, മനീഷ് പാണ്ഡ്യെ, ഹാര്‍ദിക് പാണ്ഡ്യെ, ക്രുനാല്‍ പാണ്ഡ്യെ, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് ആദ്യ ഇലവനിലുളള മറ്റ് താരങ്ങള്‍. ഇതിൽ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവരുടെ ഏകദിന അരങ്ങേറ്റ മത്സരം കൂടിയാണ്. നായകൻ ശിഖാർ ധവാനൊപ്പം പൃഥ്വി ഷായാണ് മത്സരത്തിൽ ഓപ്പൺ ചെയ്യുക.
നേരത്തെ സന്നാഹമത്സരത്തിൽ ഭുവനേശ്വര്‍ കുമാറിനെ കടന്നാക്രമിച്ച സഞ്ജു നല്ല റൺസ് സ്കോർ ചെയ്തിരുന്നു എങ്കിലും ഏകദിന അരങ്ങേറ്റം നീണ്ടുപോകുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരത്തിൽ 30 പന്തിൽ 92 റൺസാണ് സഞ്ജു നേടിയത്. പരിശീലന മത്സരത്തിൽ തിളങ്ങിയെങ്കിലും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ ആണ് സഞ്ജുവിനെതിരെ നേരത്തെയുളള വിമർശനം.

അതേസമയം വിക്കറ്റ് കീപ്പിങ്ങിൽ സഞ്ജുവിനൊപ്പം രംഗത്തുളള ഇഷാൻ കിഷനാകട്ടെ കിട്ടിയ അവസരങ്ങളിൽ സ്കോർ ചെയ്യാനും കഴിഞ്ഞു. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ, മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ എന്നിവർ നേരത്തെ സഞ്ജുവിന്റെ മികവുകൾ എടുത്ത് പറയുമ്പോഴും സ്ഥിരതയില്ലായ്മ പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടിയിരുന്നു.
2015ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുവരെ ഏഴ് ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കാനായത്. ആകെ 83 റണ്‍സ് നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്കോര്‍ 23 ആണ്. നേരത്തെ ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ട്വന്റി മത്സരങ്ങളിൽ സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നില്ല. പകരം ഇഷാൻ കിഷനായിരുന്നു നറുക്ക് വീണത്. കന്നി മത്സരത്തിൽ തന്നെ ഫിഫ്റ്റി അടിച്ച ഇഷാൻ കിഷൻ മാൻ ഓഫ് ദ മാച്ച് ആകുകയും ചെയ്തിരുന്നു. ഇന്ത്യക്കായി രണ്ട് ട്വന്റി മത്സരങ്ങളില്‍ കളിച്ച ഇഷാന് 60 റണ്‍സ് നേടി. ഉയര്‍ന്ന സ്കോര്‍ 56 ആണ്. അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയൻ പര്യടനത്തിൽ ടി20 ടീമിൽ ഇടം കിട്ടിയെങ്കിലും സഞ്ജുവിന് വലിയ സ്കോറുകൾ നേടാൻ കഴിഞ്ഞിരുന്നില്ല.
ശ്രീലങ്കൻ പര്യടനത്തിൽ മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളാണുള്ളത്. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിൽ എത്തിയത്. ശിഖാർ ധവാനാണ് ക്യാപ്റ്റൻ. മുൻ ഇന്ത്യൻ നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് പരിശീലകൻ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇനി പറയൂ, ടീമിലെടുത്തൂടേ? റെക്കോർഡ് ഡബിളടിച്ച് സഞ്ജു
അവസരം കിട്ടാന്‍ ഇനി എന്തു ചെയ്യണം? രാജ് കോട്ടിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കണമെന്ന് ആരാധകര്‍
ഏകദിനത്തിനും ധവാനില്ല, വീണ്ടും പകരക്കാരനാകാന്‍ സഞ്ജു?
സ്ഥിരതയില്ലായ്മ വില്ലനാകുമോ, അതോ ഏകദിന അരങ്ങേറ്റമോ?; സഞ്ജുവിനെ ശ്രീലങ്കയിൽ കാത്തിരിക്കുന്നത്