ഇൻട്രാ സ്ക്വാഡിലും സഞ്ജയ് മഞ്ജരേക്കരുടെ ലിസ്റ്റിലും സഞ്ജുവില്ല; ആരായിരിക്കും ലങ്കയിൽ വിക്കറ്റ് കാക്കുക?
ജൂലൈ 13നാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു ശേഷം മൂന്നു കളികളുള്‍പ്പെട്ട ടി20 പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടും.
ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിൽ ആരായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ? മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉണ്ടെങ്കിലും മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ പരിഗണിക്കുന്നത് സഞ്ജുവിനെയല്ല, ഇഷാൻ കിഷനെയാണ്. ആർക്കായിരിക്കും നറുക്ക് വീഴുക എന്നറിയണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
ശ്രീലങ്കക്കെതിരായ വൈറ്റ്ബോള്‍ പരമ്പരക്ക് മുന്‍പായി രണ്ടാം ഇന്‍ട്രാ സ്ക്വാഡ് മത്സരം കളിച്ചപ്പോൾ അതിൽ രണ്ട് ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടംപിടിച്ചിരുന്നില്ല. ജൂൺ 13നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ആദ്യ മത്സരം. ബാറ്റിങ്ങിലെ സ്ഥിരത മുൻനിർത്തിയാണ് ഇഷാനെ താൻ വിക്കറ്റ് കീപ്പറായി പരിഗണിച്ചതെന്നാണ് സഞ്ജയ് മഞ്ജരക്കേർ വ്യക്തമാക്കുന്നത്.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു എന്റെ ചോയ്സ് ഇഷാനാണ്. ബാറ്റിങിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇഷാനെ തിരഞ്ഞെടുത്തത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പിങിന് അത്ര പ്രാധാന്യമില്ല. സഞ്ജു ഫോമിലാണെങ്കില്‍ അദ്ദേഹത്തിനൊപ്പം എത്തുന്ന ഒരു ബാറ്റ്സ്മാന് പോലുമില്ല. എന്നാൽ ബാറ്റിങിലെ സ്ഥിരത വിലയിരുത്തുമ്പോള്‍ ഇഷാനാണ് സഞ്ജുവിന്റെ മുകളിൽ വരുന്നതെന്നും മഞ്ജരേക്കര്‍ പറയുന്നു. അതേസമയം മറ്റൊരു മുൻതാരമായ വി.വി.എസ് ലക്ഷ്മൺ തന്റെ ടീമിനെ തിരഞ്ഞെടുത്തപ്പോൾ അതിൽ സഞ്ജുവിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിനത്തിൽ ഇനിയും അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത സഞ്ജുവിന് അവസരം നൽകണമെന്നാണ് ലക്ഷ്മണിന്റെ ആവശ്യം. താൻ തിരഞ്ഞെടുത്ത പ്ലേയിങ് ഇലവനിൽ സൂര്യകുമാർ യാദവിന് പിന്നിൽ നാലാം നമ്പറിലാണ് സഞ്ജുവിനെ അദ്ദേഹം ഉൾപ്പെടുത്തിയത്.
നേരത്തെ ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ട്വന്റി മത്സരങ്ങളിൽ സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നില്ല. പകരം ഇഷാൻ കിഷനായിരുന്നു നറുക്ക് വീണത്. കന്നി മത്സരത്തിൽ തന്നെ ഫിഫ്റ്റി അടിച്ച ഇഷാൻ കിഷൻ മാൻ ഓഫ് ദ മാച്ച് ആകുകയും ചെയ്തിരുന്നു. അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ടി20 ടീമിൽ ഇടം കിട്ടിയെങ്കിലും സഞ്ജുവിന് വലിയ സ്കോറുകൾ നേടാൻ കഴിഞ്ഞിരുന്നില്ല.
ശ്രീലങ്കൻ പര്യടനത്തിനുളള ഇന്ത്യൻ ടീമിന്റെ കോച്ചായ രാഹുൽ ദ്രാവിഡ് നേരത്തെ പറഞ്ഞ വാക്കുകൾ ടീമിൽ ഉൾപ്പെട്ട എല്ലാവർക്കും പ്രതീക്ഷ നൽകുന്നതാണ്. താൻ കോച്ചായിരിക്കെ, നിങ്ങൾ പരമ്പരയ്ക്ക് വരികയാണെങ്കിൽ ഒരു മത്സരമെങ്കിലും കളിക്കാതെ മടങ്ങിപ്പോകില്ലെന്നും ടീമിൽ ഉണ്ടായിരുന്നിട്ടും ഒരു പരമ്പരയിൽ കളിക്കാൻ കഴിയാതെ വരിക എന്നത് സങ്കടകരമാണെന്നുമാണ് രാഹുലിന്റെ വാക്കുകൾ. 700-800 റൺസും നേടിയവർക്ക് പോലും ചിലപ്പോൾ അടുത്ത പരമ്പരയിൽ അവസരം ലഭിച്ചെന്ന് വരാത്ത അവസ്ഥയാണ്. മികച്ച 11 കളിക്കാർ മാത്രമല്ല ഉണ്ടാകേണ്ടത്, ടീമിലെ 15 പേരും കളിക്കണം. അതിനാൽ തന്നെ അണ്ടർ 19 ടൂർണമെൻറുകളിൽ ഓരോ മത്സരത്തിലും അഞ്ചാറ് കളിക്കാരെ വരെ മാറ്റിയിരുന്നു. തന്റെ അനുഭവം കൂടി മുൻനിർത്തിയാണ് ഇങ്ങനെ പറയുന്നതെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
ജൂലൈ 13ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളാണുള്ളത്. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിലേക്കു പോകുന്നത്. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങൾക്ക് ദേശീയ ടീമിലേക്ക് വിളിയെത്തിയിരുന്നു. ശിഖാർ ധവാനാണ് ക്യാപ്റ്റൻ, ഭുവനേശ്വർ കുമാറാണ് വൈസ് ക്യാപ്റ്റൻ. മലയാളികളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, എന്നിവർ ടീമിലുണ്ട്. കൂടാതെ മലയാളി താരമായ സന്ദീപ് വാരിയർ നെറ്റ് ബൗളറായും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചെഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചാഹർ, നവ്ദീപ് സെയ്നി, ചേതൻ സക്കറിയ
നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷ്ദീപ് സിങ്, സായ് കിഷോർ, സിമർജിത് സിങ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!