രണ്ട് വർഷത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ, കണക്കുകളിലെ വിജയങ്ങൾ ആർക്കൊപ്പം ?
12 രാജ്യങ്ങൾ പങ്കെടുക്കുന്ന ട്വന്റി 20 വേൾഡ് കപ്പിന്റെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്ഥാനും. ഇവർക്ക് പുറമെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നി ടീമുകളും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ചേർന്നതാണ് രണ്ടാം ഗ്രൂപ്പ്.
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് ആവേശപ്പോരാട്ടത്തിന് ഇത്തവണത്തെ ട്വന്റി-20 വേൾഡ് കപ്പ് സാക്ഷ്യം വഹിക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള മത്സരം ഉണ്ടാകുന്നത്. ട്വന്റി 20യിൽ മികച്ച ഫോമിൽ കളിക്കുന്ന കോഹ്ലിയുടെ കീഴിലുളള ഇന്ത്യയും മത്സരങ്ങളിൽ കോഹ്ലിക്കൊപ്പം റൺവേട്ടയിൽ മുന്നേറുന്ന ബാബർ അസമിന്റെ പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീ പാറുമെന്ന കാര്യം ഉറപ്പാണ്.
ട്വന്റി 20യിൽ ഐസിസി റാങ്കിങ് പ്രകാരം നിലവിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും പാകിസ്ഥാൻ നാലാം സ്ഥാനത്തുമാണ്. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ പാക് നായകൻ ബാബർ അസം രണ്ടാമതും ഇന്ത്യൻ നായകൻ കോഹ്ലി അഞ്ചാമതുമാണ്. 2019ലെ ഏകദിന ലോകകപ്പിലാണ് ഇതിന് മുൻപ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേരെത്തിയത്. അന്ന് ഇന്ത്യ 89 റൺസിന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ട്വന്റി-20യിൽ ഇരുരാജ്യങ്ങളും ഇതിന് മുൻപ് ഏറ്റുമുട്ടിയത് അഞ്ച് വർഷങ്ങൾക്ക് മുൻപാണ്. ട്വന്റി 20 ലോകകപ്പിൽ ഈഡൻ ഗാർഡൻസിൽ നടന്ന ആ മത്സരത്തിലും ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

ട്വന്റി ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്കെതിരെ ഇതുവരെ പാകിസ്ഥാന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. 2007ൽ നടന്ന ആദ്യ ട്വന്റി 20 ലോകകപ്പിൽ ഫൈനലിൽ അടക്കം രണ്ട് തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. ആദ്യ മത്സരം ടൈ ആയതിനെ തുടർന്ന് ബൗൾ ഔട്ടിലായിരുന്നു ഇന്ത്യയുടെ വിജയം. മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുളള ടീം ഫൈനലിൽ പാകിസ്ഥാനെ അഞ്ച് റൺസിന് തോൽപ്പിച്ചാണ് കപ്പെടുത്തത്. ഇതിന് ശേഷം 2012, 2014, 2016 ലോകകപ്പുകളിലും ഇന്ത്യ പാകിസ്ഥാനെതിരെ വിജയിച്ചു.
ഏകദിന ലോകകപ്പുകൾ പരിശോധിച്ചാൽ 1992 മുതൽ വിജയം ഇന്ത്യയ്ക്കൊപ്പമാണ്. 1996, 1999, 2003, 2011, 2015, 2019 എന്നിങ്ങനെ ഏഴ് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. അതേസമയം ചാംപ്യൻസ് ട്രോഫിയിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ 2017ലെ ഫൈനലിൽ അടക്കം പാകിസ്ഥാൻ മൂന്ന് തവണ ഇന്ത്യയ്ക്കെതിരെ വിജയിച്ചു. വീണ്ടുമൊരു പോരാട്ടത്തിന് അരങ്ങ് ഉണരുമ്പോൾ ആരാകും വിജയിക്കുക എന്ന ആകാംക്ഷയിലാണ് കായിക പ്രേമികൾ.
12 രാജ്യങ്ങൾ പങ്കെടുക്കുന്ന ട്വന്റി 20 വേൾഡ് കപ്പിന്റെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്ഥാനും. ഇവർക്ക് പുറമെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നി ടീമുകളും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ചേർന്നതാണ് രണ്ടാം ഗ്രൂപ്പ്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 റാങ്കിങ് പ്രകാരമാണ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചത്.

ഐസിസി റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാർ സൂപ്പർ 12 ലേക്ക് നേരിട്ട് യോഗ്യത നേടി. റാങ്കിങ്ങിൽ ആദ്യ എട്ടിൽ ഇല്ലാതായതോടെ ശ്രീലങ്കയും ബംഗ്ലാദേശും യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വരും. അയർലൻഡ്, ഹോളണ്ട്, നമീബിയ, ഒമാൻ, പാപുവ ന്യൂഗിനി, സ്കോട്ലൻഡ് എന്നീ ആറു ടീമുകൾ 2019ലെ ട്വന്റി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ മത്സരിക്കാൻ പ്രത്യേക യോഗ്യതാ റൗണ്ട് കളിച്ചെത്തിയവരാണ്. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഒന്നാം ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകൾ കൂടി ഉണ്ടാകും. ശ്രീലങ്ക ഒന്നാം ഗ്രൂപ്പിലും ബംഗ്ലാദേശ് രണ്ടാം ഗ്രൂപ്പിലുമാണ്.
ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പ് കൊവിഡ് വ്യാപനം മൂലം യുഎഇ, ഒമാൻ എന്നി രാജ്യങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഷെയ്ഖ് സയിദ് സ്റ്റേഡിയം അബുദാബി, ഷാർജ സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവയാണ് വേദികൾ. 2021 ഒക്ടോബർ 17ന് ആരംഭിക്കുന്ന മത്സരങ്ങൾ നവംബർ 14ന് ഫൈനലോടെ സമാപിക്കും. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റിയെങ്കിലും സാങ്കേതികമായി ഇന്ത്യ തന്നെയാണ് ആതിഥേയർ. കാണികളെ മത്സരത്തിന് പ്രവേശിപ്പിക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!