ഇന്ത്യൻ ടീമിലെ കൊവിഡ് ബാധിതൻ ഋഷഭ് പന്തെന്ന് റിപ്പോർട്ട്; യൂറോയിലെ കറക്കത്തിൽ വിമർശനം, ജാഗ്രത പാലിക്കണമെന്ന് ബിസിസിഐ
പന്തിന് സന്നാഹ മത്സരങ്ങൾ നഷ്ടമാകും.
ഇംഗ്ലണ്ടിലുളള ഇന്ത്യൻ ടീം അംഗങ്ങളിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെന്ന് റിപ്പോർട്ട്. ഒരാഴ്ച മുൻപാണ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സുഹൃത്തിന്റെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് താരമെന്നാണ് വിവരം. ജൂലൈ 18ന് വീണ്ടും പന്തിനെ പരിശോധനയ്ക്ക് വിധേയനാക്കും. കൊവിഡിന്റെ ഡെൽറ്റ വകഭേദമാണ് പന്തിന് വന്നത്. ഒരു താരത്തിന് മാത്രമാണ് കൊവിഡ് വന്നതെന്ന കാര്യം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സ്ഥിരീകരിച്ചു. എന്നാൽ അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല. ഇന്ന് ഡർഹമിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം പന്ത് ഉണ്ടാകില്ല. ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ട്- ഇന്ത്യ പരമ്പരയ്ക്ക് മുന്നോടിയായുളള സന്നാഹ മത്സരങ്ങൾ തുടങ്ങുന്നത്. പന്തിന് സന്നാഹ മത്സരങ്ങൾ നഷ്ടമാകും.

കൊവിഡ് കേസുകൾ വർധിച്ച് വരുന്നതിനാൽ കരുതൽ വേണമെന്ന മുന്നറിയിപ്പ് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ ടീമിന് നൽകിയിരുന്നു. ഇത് സംബന്ധിച്ച് കത്തും അയച്ചിരുന്നു. താരങ്ങളെല്ലാം രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിൻ എടുത്തെങ്കിലും വൈറസിനെ പൂർണമായും തടയില്ലെന്നും രോഗം ഗുരുതരമാകാതെ സുരക്ഷിതരാക്കുകയാണ് ചെയ്യുന്നതെന്നും ഈ കത്തിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആളുകൾ കൂടുതലായി എത്തുന്ന ഇടങ്ങളിലേക്ക് പോകരുതെന്നും നിർദേശിച്ചിരുന്നു. കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ ടീമിന് ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്.
ഇംഗ്ലണ്ടിൽ നടന്ന യൂറോ കപ്പ് മത്സരത്തിൽ ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുളള മത്സരം കാണാൻ ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവർ പോയതും വിംബിൾഡൺ ഫൈനൽ കാണാൻ കോച്ച് രവിശാസ്ത്രി, രവിചന്ദ്ര അശ്വിൻ എന്നിവർ പോയതും നേരത്തെ വാർത്തയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. യൂറോ മത്സരം കാണാൻ എത്തിയ പന്ത് നിരവധി ആരാധകർക്കൊപ്പം നിന്നെടുത്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം സോഷ്യൽമീഡിയയിൽ യൂറോയിൽ മാസ്ക് ധരിക്കാതെ ഫോട്ടോ എടുത്തതിനും കറങ്ങി നടന്നതിനും പന്തിനെതിരെ ഇപ്പോൾ വിമർശനം ഉയരുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഫിഫ്റ്റിയിൽ സ്വന്തം റെക്കോഡ് തിരുത്തി പൂജാര, ധോണിയെ മറികടന്ന് വേഗത്തിൽ 1000 റൺസുമായി പന്ത്
സെഞ്ചുറി തുണച്ചു, 2021ലെ റൺവേട്ടയിൽ പന്ത് രണ്ടാമത്; 1,000 റൺസിൽ ചരിത്രമെഴുതി രോഹിതും
ആദ്യം പന്ത്, ഇപ്പോൾ അശ്വിൻ; ഐസിസിയുടെ പുതിയ പുരസ്കാരം രണ്ടാമതും ഇന്ത്യയിലേക്ക്
നാല് ആഴ്ച, 29 മത്സരങ്ങൾ; ഒടുവിൽ ബയോ ബബ്ളിലും കൊവിഡ്, ഐപിഎൽ നിർത്തിയത് ഇങ്ങനെ