ഇംഗ്ലണ്ടിനെതിരെ ചെപ്പോക്ക് ഇന്ത്യയുടെ ഗാബയോ? കണക്കുകൾ പറയുന്നത്
ലോർഡ്സിൽ നടക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാന്‍ പരമ്പര വന്‍ മാര്‍ജിനില്‍ നേടേണ്ടത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരു പോലെ അത്യാവശ്യമാണ്.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇരുരാജ്യങ്ങൾക്കും ഏറെ നിർണായകമാണ്. കാരണം ഈ പരമ്പരയിലെ മത്സര വിജയമായിരിക്കും ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിസ്റ്റുകൾ ആരെന്ന് തീരുമാനിക്കുക. പരമ്പര സമനിലയിലാണ് അവസാനിക്കുന്നതെങ്കിൽ ഇരുരാജ്യങ്ങളും ഫൈനൽ കാണില്ല. ആദ്യ ടെസ്റ്റ് നടക്കുന്ന ചെപ്പോക്കിലെ കണക്കുകൾ ഇന്ത്യയ്ക്ക് അനുകൂലമാണ്. കളിച്ച 34 ടെസ്റ്റിൽ ഇവിടെ ആറെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റിരിക്കുന്നത്.
11 ടെസ്റ്റുകൾ സമനിലയിൽ കുരുങ്ങിയപ്പോൾ 14 എണ്ണത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ഒരു ടെസ്റ്റ് ടൈയും ആയി. സ്പിന്നിന് പുറമെ ബാറ്റിങ്ങിനെ ഏറെ തുണയ്ക്കുന്ന പിച്ചിൽ നേരത്തെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് 759 റൺസ് നേടിയിട്ടുണ്ട്. 1985ൽ നേടിയ 652 ആണ് ചെപ്പോക്കിലെ ഇംഗ്ലണ്ടിന്റെ ഉയർന്ന സ്കോർ. 159 ആണ് കുറഞ്ഞ സ്കോർ. ചെപ്പോക്കിൽ 30 വർഷം മുൻപാണ് ഇംഗ്ലണ്ട് അവസാനമായി ടെസ്റ്റ് ജയിച്ചത്. നേരത്തെ ഓസ്ട്രേലിയൻ പര്യടനത്തിൽ 32 വർഷമായി തോൽവിയറിയാത്ത ഗാബ സ്റ്റേഡിയത്തിൽ അവരെ തോൽപ്പിച്ച് ഇന്ത്യ പരമ്പര നേടിയത് ഇത്തവണ ഇംഗ്ലണ്ടിനും ആവേശം പകരുമോ എന്നാണ് അറിയേണ്ടത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ 122 ടെസ്റ്റ് മത്സരങ്ങൾ കളിച്ചപ്പോൾ 47 തവണ ഇംഗ്ലണ്ടാണ് ജയിച്ചത്. ഇന്ത്യയാകട്ടെ 26 മത്സരങ്ങൾ മാത്രമാണ് ജയിച്ചത്. 49 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ കൂടുതല്‍ വിജയം നേടിയ നായകനെന്ന റെക്കോഡിനായാണ് വിരാട് കോഹ്ലിയും ജോ റൂട്ടും മത്സരിക്കുന്നത്. നായകനെന്ന നിലയില്‍ റൂട്ട് ആദ്യമായാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. വിരാട് കോഹ്ലിയാവട്ടെ, ഇംഗ്ലണ്ടിനെതിരേ 10 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ അഞ്ച് മത്സരത്തില്‍ വിജയം സമ്മാനിക്കാനായി. റൂട്ട് അഞ്ച് മത്സരത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനെ നയിച്ചപ്പോള്‍ നാല് മത്സരങ്ങളിലാണ് ടീമിനെ വിജയിപ്പിച്ചു.
ലോർഡ്സിൽ നടക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാന്‍ പരമ്പര വന്‍ മാര്‍ജിനില്‍ നേടേണ്ടത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരു പോലെ അത്യാവശ്യമാണ്. പരമ്പര സമനിലയിലായാൽ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ന്യൂസിലൻഡിന് എതിരാളികളായി ഓസ്ട്രേലിയ ആയിരിയ്ക്കും എത്തുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും നാല് ടെസ്റ്റുമാണ് ഇന്ത്യയില്‍ ഇംഗ്ലണ്ട് കളിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!