കോവിഡ് വാക്സിന് രക്തം കട്ടപിടിപ്പിക്കുമോ? ഇന്ത്യയും നിരീക്ഷിക്കുന്നു
വാക്സിന് ഗുരുതരമായ പാര്‍ശ്വഫലം ഉണ്ടാക്കിയതായ വസ്തുതാപരമായ കണക്കുകള്‍ ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
കോവിഡ് വാക്സിനേഷന് തുടങ്ങുമ്പോഴുണ്ടായ പ്രധാന ആശങ്കകളില്‍ ഒന്ന് അതിന്റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചായിരുന്നു. ഇന്ത്യയില്‍ രണ്ട് വാക്സിനുകളാണ് നിലവില്‍ പ്രയോഗത്തിലുള്ളത്. ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനേകയും വികസിപ്പിച്ച് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡും ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനും.
ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നും ഇതുവരേ രേഖപ്പെടുത്തിയില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്സിന് സ്വീകരിച്ചിവരില് ഉണ്ടാകുന്ന മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യയും ഈ നിരീക്ഷണം നടത്തുന്നു. വാക്സിന് സ്വീകരിച്ച ശേഷം ഇന്ത്യയില്‍ ഉണ്ടായ മരണങ്ങളുടെയും ആശുപത്രിയില്‍ ചികിത്സതേടിയവരുടെയും വിവരങ്ങള്‍ സൂക്ഷ്മായ നിരീക്ഷിക്കുന്നുണ്ടെന്ന് കോവിഡ് 19 ദേശീയ ടാസ്ക് ഫോഴ്സ് അംഗം ഡോ എന്‍കെ അറോറ തന്നെ വ്യക്തമാക്കുകയുണ്ടായി.
അതിന് കാരണങ്ങളുമുണ്ട്. അസ്ട്രാസെനേകയുടെ കോവിഷീല്‍ഡ് വാക്സിനെ സംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ ചില ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. അത് ഉപയോഗിച്ചവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ടെന്നതാണ് ഇതില്‍ ഒന്ന്. ഡെന്മാര്ക്ക്, നോര്‍വെ, ഐസ് ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഈ കാരണത്താല്‍ കോവിഷീല്‍ഡ് ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെയും നിരീക്ഷണം.
അസ്ട്രാസെനേക വാക്സിന്റെ കാര്യത്തില്‍ കമ്പനി പൂര്‍ണ സുരക്ഷിതത്വം ഉറപ്പുനില്കുന്നു. അപൂര്‍വം കേസുകള്‍ റിപ്പോര്‍ട്ട് ചെയതതല്ലാതെ വാക്സിന് ഗുരുതരമായ പാര്‍ശ്വഫലം ഉണ്ടാക്കിയതായ വസ്തുതാപരമായ കണക്കുകള്‍ ഒന്നും ഇതുവരെ
രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയും മറ്റ് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വാക്സിന് വിതരണത്തിന് അനുമതി നല്‍കിയത്.
വാക്സിന് സ്വീകരിച്ചതിന് ശേഷമുണ്ടായ രക്തം കട്ടപിടിക്കലുകള് വാക്സിന് സ്വീകരിച്ചതുകൊണ്ട് ഉണ്ടായതാണെന്ന് സ്ഥിരീകരിക്കാന്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥനും അറിയിച്ചിട്ടുണ്ട്.
'രക്തം കട്ടപിടിക്കുന്നതിന്് അത് ഒരു കാരണമായി ഇപ്പോള്‍ പറയാന്‍ കഴിയില്ല. വാക്സിനേഷന് പ്രക്രിയ സൂക്ഷ്മായി നിരീക്ഷിക്കുന്നതുകൊണ്ടാണ് ഇത്തരം മരണം തന്നെ കണ്ടെത്തിയത്. അസ്ട്രാസെനേകയുടെ വാക്സിന് സംബന്ധിച്ച നിരീക്ഷണങ്ങളില്‍ രക്തം കട്ടപിടിക്കുന്ന കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം.'- ഡോ. സൗമ്യ സ്വാമിനാഥന് ഈ സാഹചര്യത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
ബ്രിട്ടനിലാണ് ഓക്സ്ഫോര്‍ഡ് അസ്ട്രാസേനേക വാക്സിന് കൂടുതലായി ഉപയോഗിച്ചത്. ബ്രിട്ടീഷ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് പ്രോഡക്ട്സ് റഗുലേറ്ററി എജന്‍സി വാക്സിന് നല്കിയ ഒരു കോടിയാളുകളില്‍ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള നിരീക്ഷണം നടത്തുകയുണ്ടായി. അസ്ട്രാസെനേകയുടെയും ഫൈസറിന്റെയും വാക്സിനുകളാണ് ഇവരില്‍ ഉപയോഗിച്ചിരുന്നത്. ഈ രണ്ട് വാക്സിനുകളും ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി ഈ പഠനത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!