സ്ഥിരതയില്ലായ്മ വില്ലനാകുമോ, അതോ ഏകദിന അരങ്ങേറ്റമോ?; സഞ്ജുവിനെ ശ്രീലങ്കയിൽ കാത്തിരിക്കുന്നത്
2015ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുവരെ ഏഴ് ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. ശ്രീലങ്കയ്ക്കെതിരെ ആദ്യ പതിനൊന്നിൽ സഞ്ജു ഉൾപ്പെടുകയാണെങ്കിൽ ഏകദിനത്തിൽ സഞ്ജുവിന്റെ അരങ്ങേറ്റം ആയിരിക്കും മത്സരം.
ഇന്ത്യ- ശ്രീലങ്ക പരമ്പരയ്ക്ക് തുടക്കമാകുകയാണ്. മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആദ്യ ഇലവനിൽ പ്രിയതാരം സഞ്ജു സാംസൺ ഉണ്ടാകുമോ എന്നാണ്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇഷാൻ കിഷനും സഞ്ജു സാംസണും തമ്മിലാണ് മത്സരം. കീപ്പിങ്ങിൽ സഞ്ജുവിനാണ് മികവെങ്കിലും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് പോരായ്മ. അതേസമയം ഇഷാൻ കിഷനാകട്ടെ കിട്ടിയ അവസരങ്ങളിൽ സ്കോർ ചെയ്യാനും കഴിയുന്നുണ്ട്. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ മുൻ ഇന്ത്യൻ ഓപ്പണറായ വസീം ജാഫറും ഇതേ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഇന്ത്യൻ ജഴ്സിയിൽ തന്റെ മികവിനോട് നീതി പുലർത്താൻ സഞ്ജുവിനു കഴിഞ്ഞിട്ടില്ലെന്നാണ് വസീം ജാഫറിന്റെ നിരീക്ഷണം. സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ മറ്റൊരു പ്രശ്നമെന്നും ജാഫർ ചൂണ്ടിക്കാട്ടുന്നു.
സഞ്ജു എനിക്ക് ഏറെ പ്രതീക്ഷയുള്ള താരങ്ങളിൽ ഒരാളാണ്. സഞ്ജു നന്നായി കളിച്ചു കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇന്ത്യയ്ക്കായി കളിക്കുമ്പോൾ തന്റെ പ്രതിഭയോട് നീതി പുലർത്താൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഐപിഎല്ലിൽ സഞ്ജു റൺസ് അടിച്ചു കൂട്ടിയിട്ടുണ്ടെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. പക്ഷേ, സ്ഥിരതയില്ലായ്മ എന്ന ടാഗ് സഞ്ജുവിനൊപ്പം ചേർത്തു വായിക്കപ്പെടുന്നതായി തോന്നുന്നു.

ചില ഇന്നിങ്സുകളിൽ സഞ്ജു തകർത്തടിക്കും, അതിനുശേഷമുള്ള കുറച്ചു കളികളിൽ കുറഞ്ഞ സ്കോറിന് പുറത്താകുന്നു. അതിനു ശേഷം വീണ്ടും റൺസ് നേടുന്നു. ഈ ആരോപണം മാറ്റിയെടുക്കാൻ സഞ്ജുവിന് കഴിയണം. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചപ്പോൾ സഞ്ജുവിൽ ചില മാറ്റങ്ങൾ കണ്ടു. ചില കളികളിൽ തികഞ്ഞ ഉത്തരവാദിത്വത്തോടെ സഞ്ജു ബാറ്റ് ചെയ്തു. ഈ പ്രകടനമാണ് സഞ്ജുവിൽ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്.
2015ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുവരെ ഏഴ് ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കാനായത്. ആകെ 83 റണ്‍സ് നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്കോര്‍ 23 ആണ്. ശ്രീലങ്കയ്ക്കെതിരെ ആദ്യ പതിനൊന്നിൽ സഞ്ജു ഉൾപ്പെടുകയാണെങ്കിൽ ഏകദിനത്തിൽ സഞ്ജുവിന്റെ അരങ്ങേറ്റം ആയിരിക്കും മത്സരം. നേരത്തെ ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ട്വന്റി മത്സരങ്ങളിൽ സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നില്ല. പകരം ഇഷാൻ കിഷനായിരുന്നു നറുക്ക് വീണത്. കന്നി മത്സരത്തിൽ തന്നെ ഫിഫ്റ്റി അടിച്ച ഇഷാൻ കിഷൻ മാൻ ഓഫ് ദ മാച്ച് ആകുകയും ചെയ്തിരുന്നു. ഇന്ത്യക്കായി രണ്ട് ട്വന്റി മത്സരങ്ങളില്‍ കളിച്ച ഇഷാന് 60 റണ്‍സ് നേടി. ഉയര്‍ന്ന സ്കോര്‍ 56 ആണ്. അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഓസ്ട്രേലിയൻ പര്യടനത്തിൽ ടി20 ടീമിൽ ഇടം കിട്ടിയെങ്കിലും സഞ്ജുവിന് വലിയ സ്കോറുകൾ നേടാൻ കഴിഞ്ഞിരുന്നില്ല.
ശ്രീലങ്കൻ പര്യടനത്തിൽ മൂന്നു വീതം ഏകദിന, ട്വന്റി20 മത്സരങ്ങളാണുള്ളത്. ഇന്ത്യൻ ടെസ്റ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതിനാൽ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകൾ ഉൾപ്പെട്ട ടീമാണ് ശ്രീലങ്കയിൽ എത്തിയത്. ശിഖാർ ധവാനാണ് ക്യാപ്റ്റൻ. മുൻ ഇന്ത്യൻ നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് പരിശീലകൻ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!