വാക്സിൻ-കൊവിഡ് സർട്ടിഫിക്കെറ്റ്; ഇളവുകൾ എന്ന പേരിൽ അശാസ്ത്രീയ നിർദേശങ്ങൾ നടപ്പാക്കുമ്പോൾ
ജീവിക്കുന്നതിനും പുറത്ത് ഇറങ്ങുന്നതിനും ഇത്തരം സർട്ടിഫിക്കെറ്റുകൾ സർക്കാരുകൾ നിർബന്ധമാക്കിയാൽ ജനങ്ങളിൽ കുറെപേരെങ്കിലും രണ്ട് രീതിയിൽ ഇതിനെ നേരിട്ടേക്കാമെന്നാണ് അന്താരാഷ്ട്ര സംഘടന ആയ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ നിരീക്ഷണം. അതിലൊന്ന് അനധികൃത മാർഗത്തിലൂടെ വ്യാജ വാക്സിനേഷൻ സർട്ടിഫിക്കെറ്റുകൾ സംഘടിപ്പിക്കലാണ്, മറ്റൊന്ന് കൊവിഡ് ഒന്ന് വന്നുപോയാൽ ഇതിൽ ഇളവും സ്വാഭാവിക പ്രതിരോധ ശേഷിയും ലഭിക്കുമല്ലോ എന്നുവിചാരിച്ച് മനഃപൂർവം രോഗബാധിതരാകാൻ നോക്കും.
കടകളിലും ബാങ്കുകളിലും മാർക്കറ്റുകളിലും ഓഫിസുകളിലും പ്രവേശിക്കാൻ സർട്ടിഫിക്കെറ്റ് വേണമെന്ന നിബന്ധനയിൽ സർക്കാർ കടുംപിടുത്തം തുടരവെ അത് കനത്ത തിരിച്ചടിയാകുന്നത് സാധാരണക്കാർക്ക്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പേരാണ് സർക്കാരിന്റെ പുതിയ നിബന്ധനകൾക്ക് എതിരെ രംഗത്ത് എത്തിയത്. ഇതിൽ മത്സ്യത്തൊഴിലാളികൾ മുതൽ ബാർബർ ഷോപ്പ് നടത്തുന്നവരും കച്ചവടക്കാരും അടക്കമുളളവരുണ്ട്. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവർ, 72 മണിക്കൂറിനുളളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കെറ്റ് ഉളളവർ, ഒരു മാസം മുൻപ് കൊവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കെറ്റ് ഉളളവർ എന്നിങ്ങനെ മൂന്ന് വിഭാഗം ആളുകൾ മാത്രം കടകളിൽ പോകാൻ ഇറങ്ങുന്നതായിരിക്കും അഭികാമ്യം എന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചത്. എന്നാൽ പിന്നീട് ഇത്തരം സർട്ടിഫിക്കെറ്റുകൾ നിർബന്ധമാക്കിയുളള ഉത്തരവാണ് സർക്കാരിന്റേതും വിവിധ വകുപ്പുകളുടേതുമായി പുറത്തുവന്നത്. ഇളവുകൾക്ക് തുടക്കമിട്ട ആഗസ്റ്റ് അഞ്ച് വ്യാഴാഴ്ച ഇത്തരം പരിശോധനകൾ ഇല്ലായിരുന്നെങ്കിലും ആഗസ്റ്റ് ആറ് വെളളിയാഴ്ച മുതൽ പലയിടത്തും സർട്ടിഫിക്കെറ്റുകൾ നിർബന്ധമാക്കി.
ആലപ്പുഴ ജില്ലയിലെ പുറക്കാട് കരൂരിൽ ഈ മൂന്ന് സർട്ടിഫിക്കെറ്റുകൾ ഇല്ലാത്ത മത്സ്യത്തൊഴിലാളികളെ കടപ്പുറത്തേക്ക് കയറ്റിവിട്ടില്ല. പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്നാണ് പരിശോധന നടത്തിയത്. പുലർച്ചെ വിവിധ വളളങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയ ശേഷമായിരുന്നു കടപ്പുറത്തേക്കുളള വഴിയിൽ ആരെയും കയറ്റിവിടാതെയുളള പരിശോധന ആരംഭിച്ചത്. ഇതോടെ മത്സ്യം ലേലം വിളിച്ച് വിൽക്കേണ്ടവർ, മത്സ്യം എടുക്കാൻ വന്ന ചെറുകിട, വൻകിട കച്ചവടക്കാർ, ചുമട്ടുകാർ, മറ്റ് കച്ചവടങ്ങൾ ചെയ്യുന്നവർ എന്നിങ്ങനെ നിരവധി പേരാണ് വലഞ്ഞത്.

രാവിലെ കച്ചവടത്തിന് പോകാനായി മീൻ എടുക്കാൻ വന്ന വളഞ്ഞവഴി സ്വദേശി നൗഷാദിനെ ഈ മൂന്ന് സർട്ടിഫിക്കെറ്റുകളും ഇല്ലാത്തതിനാൽ കടത്തിവിട്ടില്ല. ഇതുവരെ കൊവിഡ് വന്നിട്ടില്ല, വാക്സിൻ കിട്ടിയിട്ടുമില്ല, ഏഴുമണി രാവിലെ നമ്മൾ എവിടെ പോയി കൊവിഡ് പരിശോധിച്ച് ഈ സർട്ടിഫിക്കെറ്റ് കൊണ്ടുവരാനാണ്? കയ്യിൽ ഇരിക്കണ പൈസയ്ക്ക് മീൻ എടുത്ത് വിറ്റിട്ട് വേണം എന്തേലും കിട്ടാൻ, അന്നേരം അതീന്ന് ഇപ്പോ 500 രൂപ കൊണ്ടുപോയി ടെസ്റ്റിന് കൊടുത്താൽ പിന്നെ എന്തുചെയ്യും? ഇത് വല്ലാത്ത എടങ്ങേറ് പിടിച്ച പണിയാണ്. അവസാനം വാക്സിൻ എടുത്ത പരിചയത്തിലുളള ഒരു പയ്യനെ വിളിച്ചാണ് ഒരു കുട്ട മീൻ വില പറഞ്ഞുകൊടുത്ത് വിട്ട് എടുപ്പിച്ചതെന്നും നൗഷാദ് ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
നേരത്തെ മിസോറാമിൽ വാക്സിൻ ലഭിച്ചവർക്ക് മാത്രമായി സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനെതിരെ ഗുവാഹതി ഹൈക്കോടതി കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഭരണഘടന ഉറപ്പ് വരുത്തുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണിതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിൻ ലഭിച്ചവർ മാത്രം കടകൾ തുറക്കുകയും മറ്റ് ജോലികളിൽ ഏർപ്പെടുകയും ചെയ്യുക. കൂടാതെ വാക്സിൻ ലഭിച്ചതിന്റെ സർട്ടിഫിക്കെറ്റുകൾ പൊലീസ് കൃത്യമായി പരിശോധിക്കുമെന്നുമാണ് മിസോറാം സർക്കാർ പറഞ്ഞത്. വ്യാപക എതിർപ്പായിരുന്നു മിസോറാമിൽ ഇതിനെതിരെ ഉയർന്നത്. സമാന രീതിയിലാണ് കേരളത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിനൊപ്പം പുതിയ നിബന്ധനകൾ കൂടി കൊണ്ടുവന്നത്. പ്രതിപക്ഷത്ത് നിന്ന് അടക്കം ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിട്ടും ഇളവുകളുടെ ഭാഗമായി ഏർപ്പെടുത്തിയ നിബന്ധനകൾ പിൻവലിക്കാനാകില്ലെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചത്. ഡെൽറ്റ വൈറസ് ഭീഷണിയുളളതിനാൽ നിബന്ധന പാലിച്ചുളള ഇളവ് മാത്രമേ നൽകാനാവൂ എന്നാണ് സർക്കാരിന്റെ വാദവും.

ചില രാജ്യങ്ങൾ മുന്നോട്ടുവെച്ച ഇമ്മ്യൂൺ പാസ്പോർട്ട് എന്ന ആശയം നടപ്പാക്കാൻ കഴിയുന്ന സാഹചര്യമല്ല കേരളത്തിലെന്നാണ് ഇതിനെപ്പറ്റി ഡോക്ടറായ ദീപു സദാശിവന്റെ അഭിപ്രായം. ജനസംഖ്യ കുറഞ്ഞ, രോഗബാധ നിരക്ക് വളരെ കുറവുള്ള, ചില വികസിത രാജ്യങ്ങളാണ് ഇത്തരത്തിൽ ഇമ്യൂൺ പാസ്പോർട്ട് അഥവാ വാക്സിൻ സർട്ടിഫിക്കെറ്റ് ഉളളവർക്ക് മാത്രം ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. അവിടെയൊക്കെ സൗജന്യമായി വാക്സിൻ എടുക്കാൻ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിട്ടും വിമുഖത കാണിക്കുന്ന വലിയ വിഭാഗം ജനങ്ങളെ അതിനായി പ്രേരിപ്പിക്കാൻ കൂടിയായിരുന്നു അത്തരം ആനുകൂല്യങ്ങൾ അനുവദിച്ചത്. അറബ് രാജ്യങ്ങളിൽ രണ്ട് ഡോസ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസുകൾ കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ സ്ഥിതി നേരെ വിപരീതമാണ്. വാക്സിൻ ലഭിക്കാനായി പലരും നെട്ടോട്ടമോടുകയാണ്. വാക്സിൻ എളുപ്പത്തിൽ എല്ലാവർക്കും ലഭ്യമാക്കാൻ സാധ്യമല്ലെന്നിരിക്കെ, സർക്കാരിന്റെ ഇത്തരം നിബന്ധനകൾ പുനഃപരിശോധിക്കുകയോ, തിരുത്തപ്പെടുകയോ വേണ്ടതുണ്ടെന്നും ഡോ. ദീപു സദാശിവൻ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞു.
മുൻഗണനാ ക്രമത്തിലുളളവർ കഴിഞ്ഞാൽ കേരളത്തിൽ പൊതുജനങ്ങളുടെ കൂട്ടത്തിൽ പ്രായമുളളവർക്കായിരുന്നു ആദ്യം വാക്സിൻ ലഭ്യമാക്കിയത്. മിക്ക വീടുകളിലും പ്രായമുളളവർക്ക് മാത്രമേ ഇപ്പോഴും സൗജന്യ വാക്സിൻ ലഭിച്ചിട്ടുളളൂ. 45 വയസിൽ താഴെയുളളവർ ഇപ്പോഴും സ്ലോട്ട് നോക്കിയിരിക്കുകയാണ്. സാധനങ്ങൾ വാങ്ങാനും വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കുമായി ഭൂരിഭാഗം വീടുകളിലും നമ്മളെ പോലുളള യുവാക്കളാണ് പുറത്ത് ഇറങ്ങുന്നതെന്ന് തിരുവല്ലയിൽ താമസിക്കുന്ന സജീർ പറയുന്നു. വീടിന്റെ പരിസരത്തുളള നമ്മുടെ പ്രായമുളള ഒരാൾക്ക് പോലും ഇതുവരെ സൗജന്യ വാക്സിൻ ലഭിച്ചിട്ടില്ല. കൊവിഡ് ഇതുവരെ വന്നിട്ടുമില്ല. സർക്കാർ പറയുന്ന ഈ നിബന്ധന വെച്ച് നോക്കുകയാണേൽ ഒന്നുകിൽ പൈസ കൊടുത്ത് വാക്സിൻ എടുക്കേണ്ടി വരും, അല്ലെങ്കിൽ ആഴ്ച, ആഴ്ച 500 രൂപ മുടക്കി ആർടിപിസിആർ പരിശോധന നടത്തേണ്ടി വരും. വല്ലപ്പോഴും മാത്രമാണ് ഇപ്പോൾ പണിയുളളത്. ആ പൈസയിൽ നിന്ന് ഇതിന് കൂടി ഇനി പണം മുടക്കേണ്ടി വരുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടായിരിക്കും തന്നെപ്പോലുളളവർക്ക് ഉണ്ടാക്കുക എന്നും സജീർ വ്യക്തമാക്കി.

ഹ്യൂമൻ റൈറ്റ്സ് വാച്ചും ലോകാരോഗ്യ സംഘടനയും പറയുന്നത്
ജീവിക്കുന്നതിനും പുറത്ത് ഇറങ്ങുന്നതിനും ഇത്തരം സർട്ടിഫിക്കെറ്റുകൾ സർക്കാരുകൾ നിർബന്ധമാക്കിയാൽ ജനങ്ങളിൽ കുറെപേരെങ്കിലും രണ്ട് രീതിയിൽ ഇതിനെ നേരിട്ടേക്കാമെന്നാണ് അന്താരാഷ്ട്ര സംഘടന ആയ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ നിരീക്ഷണം. അതിലൊന്ന് അനധികൃത മാർഗത്തിലൂടെ വ്യാജ വാക്സിനേഷൻ സർട്ടിഫിക്കെറ്റുകൾ സംഘടിപ്പിക്കലാണ്, മറ്റൊന്ന് കൊവിഡ് ഒന്ന് വന്നുപോയാൽ ഇതിൽ ഇളവും സ്വാഭാവിക പ്രതിരോധ ശേഷിയും ലഭിക്കുമല്ലോ എന്നുവിചാരിച്ച് മനഃപൂർവം രോഗബാധിതരാകാൻ പോലും അങ്ങേയറ്റം സാധാരണക്കാരായവർ ശ്രമിച്ചേക്കും. നിലവിൽ കടകളിൽ അടക്കം വാക്സിനേഷന്റെ സർട്ടിഫിക്കെറ്റുകൾ നോക്കി വിടുന്നു എന്നതല്ലാതെ പരിശോധിക്കാറില്ല. അതുകൊണ്ട് വാക്സിൻ ലഭിക്കാത്തവരിൽ ചിലരൊക്കെ കർശന നിയന്ത്രണങ്ങളിൽ നിന്നുളള ഇളവിന് വ്യാജ സർട്ടിഫിക്കെറ്റുകൾ സംഘടിപ്പിച്ചേക്കാം. അങ്ങനെ സ്വാഭാവികമായി ഇതിന്റെയൊരു കരിഞ്ചന്ത ഉണ്ടായേക്കാം. ഒരു ടെംപ്ലേറ്റ് കിട്ടിക്കഴിഞ്ഞാലോ, നിർമ്മിച്ചാലോ അഞ്ച് മിനിറ്റ് പോലും വേണ്ടിവരില്ല ഇത്തരം സർട്ടിഫിക്കെറ്റുകൾ മൊബൈലിൽ പോലും ഉണ്ടാക്കുവാൻ.
ശരീരത്തിലെ ആന്റിബോഡിയുടെ, അല്ലെങ്കിൽ രോഗപ്രതിരോധ ശേഷിയുടെ അളവ് നോക്കി ആളുകൾക്ക് ഇളവ് നൽകുന്ന രീതിയെ ലോകാരോഗ്യ സംഘടന തന്നെ പ്രോത്സാഹിപ്പിക്കുന്നില്ല. കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയൊരു കുറിപ്പിൽ ഇതിന്റെ മറ്റൊരു വശം ചൂണ്ടിക്കാണിച്ചിരുന്നു. ഞങ്ങൾക്ക് ഇനി അപകടമൊന്നും സംഭവിക്കില്ലെന്ന് ധരിച്ച് മറ്റ് മുൻകരുതലുകളൊക്കെ ഇവർ ഒഴിവാക്കിയേക്കും. കൂടുതൽ ഫ്രീ ആയി പെരുമാറാനും ഇടപെടാനും ഇവർ ശ്രമിക്കുന്നതോടെ വലിയ രോഗബാധയ്ക്ക് ഇത് കാരണമാകും. അതിനാൽ തന്നെ നിലവിൽ ഒരു വാക്സിൻ എങ്കിലും എടുത്തവർ കടകളിലേക്ക് പോകാനായി സർട്ടിഫിക്കെറ്റ് കരുതണമെന്ന നിബന്ധന ശാസ്ത്രീയമായി തന്നെ തെറ്റാണ്. കേരളത്തിലെ കണക്കുകളിൽ തന്നെ പത്തനംതിട്ട ജില്ലയിൽ ഒന്നാം ഡോസ് സ്വീകരിച്ച 14,000ല് അധികം ആളുകള്ക്കും രണ്ടാം ഡോസ് വാക്സിൻ എടുത്തശേഷം 5,042 പേർക്കും രോഗം ബാധിച്ചിരുന്നു. ഇതിൽ വാക്സിൻ എടുത്ത് 15 ദിവസത്തിനുളളിൽ 258 പേർക്കും കൊവിഡ് കണ്ടെത്തിയിരുന്നു. വാക്സിനെടുത്തവരെ സംബന്ധിച്ച് രോഗം വരാനുള്ള സാധ്യത കുറവാണ് എന്നത് പോലെ രോഗം വന്നാല് തന്നെ അത് ഗുരുതരമാകാനോ മരണം സംഭവിക്കാനോ ഉള്ള സാധ്യതയും കുറവാണ്.

ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ 30% മാത്രമാണ് രോഗപ്രതിരോധ ശേഷിയുളളത്. ഒരു തവണ കൊവിഡ് വന്നുപോയവർക്ക് ഇതിനെക്കാൾ രോഗപ്രതിരോധ ശേഷി ഉണ്ടാകാനുളള സാധ്യതയുണ്ടെന്നും ഡോ. ദീപു സദാശിവൻ പറഞ്ഞു. നിലവിൽ കൊവിഡ് ബാധിച്ചൊരാൾക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രം വാക്സിൻ എടുത്താൽ മതി എന്നാണ് ഇപ്പോഴുളള നിർദേശം. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം ആറ് മുതൽ എട്ട് മാസം വരെ ഇവരിൽ പ്രതിരോധ ശേഷി ഉണ്ടാകും. അതേസമയം ഒരു മാസത്തിനുളളിൽ കൊവിഡ് ബാധിച്ച സർട്ടിഫിക്കെറ്റ് ഉളളവർക്ക് മാത്രമാണ് സർക്കാർ കടകളിൽ പ്രവേശനം അനുവദിക്കുന്നത്. ഇത് മൂന്ന് മാസത്തിനുളളിൽ രോഗബാധിതരായവർ എന്നെങ്കിലുമാക്കി സർക്കാർ തിരുത്തേണ്ടതാണ്.
വാക്സിന് എടുക്കാന് കഴിയാത്ത രോഗങ്ങളുളളവര് എന്ത് ചെയ്യും?
പുന്നപ്രയിൽ ബാർബർ ഷോപ്പ് നടത്തുന്ന ഇസഹാക്ക് സർക്കാരിന്റെ ഇത്തരം നിബന്ധനകളിൽ മറ്റൊരു വിഭാഗത്തെ പരിഗണിക്കുന്നില്ല എന്നതാണ് ചൂണ്ടിക്കാട്ടുന്നത്. വാക്സിൻ എടുക്കാൻ കഴിയാത്ത, മറ്റ് രോഗങ്ങളുളളവർ കടകളിൽ പോകുമ്പോഴോ, മറ്റ് കച്ചവടങ്ങൾക്ക് പോകുമ്പോഴോ, ഇനി എപ്പോഴും ആർടിപിസിആർ സർട്ടിഫിക്കെറ്റ് കരുതണോ കയ്യിൽ എന്നാണ് ചോദിക്കുന്നത്. കൊവിഡ് വന്നിട്ടില്ല. ഇപ്പോൾ ചിക്കൻ പോക്സ് വന്നതുകൊണ്ട് ഉടനെ വാക്സിൻ എടുക്കേണ്ടതില്ല എന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. പക്ഷേ കടയിൽ ആരോഗ്യവകുപ്പോ, പൊലീസോ പരിശോധനയ്ക്ക് വന്നാൽ ഇക്കാര്യമൊന്നും മുഖവിലയ്ക്ക് എടുക്കാൻ അവർ തയ്യാറാകില്ല. ആർടിപിസിആർ നിരന്തരം ആവശ്യപ്പെട്ടാൽ എല്ലാ ആഴ്ചയും ഇത് ചെയ്യുന്നതിനായി വലിയ തുക മാറ്റേണ്ടി വരും. കൊവിഡിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇതൊന്നും പ്രാവർത്തികവുമല്ല. ആളുകൾ വ്യാജസർട്ടിഫിക്കെറ്റ് ഉണ്ടാക്കുന്നതിലേക്ക് തിരിയും. സർക്കാർ തന്നെ എല്ലാ പഞ്ചായത്തിലുമോ, വാർഡിലോ സൗജന്യ ആർടിപിസിആർ നടത്താനുളള ക്രമീകരണം ഉണ്ടാക്കിയ ശേഷം നിബന്ധകൾ ഏർപ്പെടുത്തുന്നതാകും നല്ലതെന്നും ഇസഹാക്ക് പറഞ്ഞു.

ഹൈക്കോടതിയിൽ എത്തിയ ഒരു ഹർജിയും ഇതേവിഷയമാണ് പറയുന്നത്. ചാലക്കുടി സ്വദേശിയായ പോളി വടക്കൻ നൽകിയ ഹർജിയിൽ വാക്സിൻ എടുക്കാൻ കഴിയാത്ത മരുന്നുകളോട് അലര്ജി ഉള്ളവരെക്കുറിച്ചാണ് പറയുന്നത്. അലർജിയുളളവർക്ക് വാക്സീന് ടെസ്റ്റ് ഡോസ് നൽകുന്നതിന് നിലവിൽ കേന്ദ്രം മാർഗനിർദേശം നൽകിയിട്ടില്ല. ഡിഎംഒയ്ക്ക് പരാതി നല്കിയെങ്കിലും ഫലമുണ്ടായില്ല. അലര്ജി പ്രശ്നമുള്ളവര്ക്കു വാക്സീന് നല്കാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. ഇവർക്ക് എങ്ങനെ വാക്സിൻ എടുക്കണം? 72 മണിക്കൂർ കൂടുമ്പോഴുളള ആർടിപിസിആർ ഫലപ്രദമല്ല. ഭരണഘടനാ വിരുദ്ധവും മൗലികാവകാശത്തെ ഹനിക്കുന്നതുമായ സർക്കാരിന്റെ പുതിയ നിബന്ധകൾ തിരുത്തേണ്ടതാണെന്നും ഹർജിക്കാരൻ പറയുന്നു.
കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ വിദഗ്ധ സമിതിയിലെ ഡോക്ടർമാർ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നിബന്ധനകളുടെ രൂപത്തിൽ നടപ്പിലാക്കിയതെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു ഡോക്ടർ ഏഷ്യാവിൽ മലയാളത്തോട് പറഞ്ഞത്. ആരോഗ്യവിദഗ്ധർ പറയുന്ന കാര്യങ്ങളല്ല അവസാനം തീരുമാനിക്കപ്പെടുന്നത്. സെക്രട്ടറി തലത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്നവരാണ് ഇങ്ങനെ മാറ്റങ്ങൾ കൊണ്ടുവരുന്നതും നിയന്ത്രിക്കുന്നതും. ജനങ്ങളോടുളള സാമൂഹികമായ ഇത്തരം അനീതി തിരുത്തപ്പെടേണ്ടത് തന്നെയാണെന്നും അദ്ദേഹം വിശദമാക്കി.
കടകളിൽ പോകാനുളള ഈ നിബന്ധനകൾക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുളളവരും പ്രതിപക്ഷം അടക്കവും വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ സർക്കാർ തിരുത്താൻ തയ്യാറാകുമോ അതോ കോടതി ഇടപെടൽ ഇതിൽ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!