ഇൽകെ ഗുണ്ടോഗൻ; മാഞ്ചസ്റ്റർ സിറ്റിയുടെ ട്രബിൾഷൂട്ടർ
ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച രണ്ടേരണ്ട് മധ്യനിരതാരത്തിൽ ഒരാൾ. മിന്നും ഫോമിലുള്ള യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിനേക്കാൾ അഞ്ച് മത്സരങ്ങൾ കുറവാണ് കളിച്ചതെങ്കിലും അവർ തമ്മിലുള്ളത് രണ്ടേരണ്ട് ഗോളിന്റെ വ്യത്യാസം മാത്രം.
കെവിൻ ഡി ബ്രൂയ്ൻ, ബെർണാണ്ടോ സിൽവ, റോഡ്രി, ഫെർണാണ്ടീനോ, ഫിൽ ഫോഡൻ എന്നിവരടങ്ങിയ ലോകോത്തര മധ്യനിരതാരങ്ങളുടെ ഒരു നിര തന്നെയുണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ. തുടർച്ചയായി കിരീടപോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ആവനാഴിയിൽ പ്രതിഭകൾക്ക് യാതൊരു പഞ്ഞവുമില്ല. ആദ്യ പതിനൊന്നിൽ അവസരമർഹിക്കുന്ന താരങ്ങൾ പോലും പലപ്പോഴും ബഞ്ചിലിരിക്കേണ്ടിവരുന്നു എന്നത് പെപ്പ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ടീമിലൊരു പതിവാണ്.
മത്സരത്തിന്റേതായ അന്തരീക്ഷത്തിൽ വീണുകിട്ടുന്ന ഒരു അവസരം പോലും നഷ്ടപ്പെടുത്താതെ ആവശ്യപ്പെടുന്ന റോളിലേക്ക് ഉയരുകയെന്നതാണ് ഗ്വാർഡിയോള എന്ന പരിശീലകൻ തന്റെ താരങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആദ്യത്തേതും അവസാനത്തേതുമായ കാര്യം. ഇത്രയും പ്രതിഭകൾക്കിടയിൽ തന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പ്രകടനം പുറത്തെടുക്കുക മത്സരത്തിന്റെ ഗതിമാറ്റുക എന്നതാണ് ഏതൊരു ആധുനിക മധ്യനിരതാരത്തിന്റെയും കടമ. വൈകിവന്ന അവസരത്തിലാണെങ്കിലും ഈ റോളിലേക് ഉയരുന്നിടത്താണ് ഇൽകെ ഗുണ്ടോഗൻ എന്ന ജർമൻ മധ്യനിരതാരം സിറ്റിയുടെ ഈ സീസണിലെ ട്രബിൾഷൂട്ടർ ആവുന്നതും.
ടീമിലെ സൂപ്പർസ്റ്റാറുകളായ സെർജിയോ അഗ്വേറൊ, കെവിൻ ഡി ബ്രൂയ്ൻ എന്നിവർക്കേറ്റ പരുക്കുകളുടെ പതർച്ചയിലാണ് സിറ്റിയുടെ സീസൺ ആരംഭിക്കുന്നത്. സിറ്റിയുടെ മുന്നേറ്റങ്ങളിൽ ഏറ്റവും അപകടകാരികളായ രണ്ടു താരങ്ങൾ. ഇവർക്ക് പകരക്കാരനായി ആര് എന്ന ചോദ്യം ഏതൊരു ഫുട്ബോൾ പണ്ഡിതനെയും കുഴക്കുന്നതാണ്. സ്വാഭാവികമെന്നോണം നിലവിലുള്ള താരങ്ങളെ അവരുടെ പതിവ് റോളുകളിൽ നിന്ന് മാറ്റി കളിപ്പിക്കുകയെന്ന ഓപ്ഷൻ മാത്രമേ ഗ്വാർഡിയോളയ്ക്ക് മുന്നിലും ഉണ്ടായിരുന്നു. മാറി മാറി പരീക്ഷിച്ച തന്ത്രങ്ങൾക്കൊടുവിൽ ഗ്വാർഡിയോള തന്റെ ട്രബിൾ ഷൂട്ടർ കണ്ടെത്തിയത് ഇൽകെ ഗുണ്ടോഗനിലാണ്.
പതിവായിറങ്ങാറുള്ള ഡീപ് മിഡ്ഫീൽഡ് റോളിൽ നിന്ന് ലഭിച്ച പ്രൊമോഷൻ തെറ്റല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഗുണ്ടോഗന്റെ പ്രകടനം. 18 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് മുപ്പതുകാരനായ മധ്യനിരതാരം കണ്ടെത്തിയത് 11 ഗോളുകളും ഒരു അസിസ്റ്റും. ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ എട്ടാമതാണ് ഗുണ്ടോഗൻ. പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച രണ്ടേരണ്ട് മധ്യനിരതാരത്തിൽ ഒരാൾ. മിന്നും ഫോമിലുള്ള യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിനേക്കാൾ അഞ്ച് മത്സരങ്ങൾ കുറവാണ് കളിച്ചതെങ്കിലും അവർ തമ്മിലുള്ളത് രണ്ടേരണ്ട് ഗോളിന്റെ വ്യത്യാസം മാത്രം.
സൂപ്പർസ്റ്റാറുകളുടെ നിര തന്നെയുള്ള സിറ്റിയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയിരിക്കുകയാണ് ഗുണ്ടോഗൻ. അവസരത്തിനൊത്ത് ഉയരുകയും സ്വയം കണ്ടെത്തുകയും ചെയ്യുന്ന താരത്തിലാണ് സിറ്റിയുടെ സീസൺ പ്രതീക്ഷകളും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!