അഞ്ചുനാടന്‍ ഗ്രാമങ്ങളും കുറച്ചൊക്കെ മാറുകയാണ്; ഊരുവിലക്ക് ഒഴിഞ്ഞാലും നടക്കാന്‍ ഏറെയുണ്ട്
നൂറ്റാണ്ടുകളായി പിന്തുടര്ന്നു പോന്നിരുന്ന ഗ്രാമനിയമങ്ങളില് അയവ് വരുന്നുണ്ടെങ്കിലും അഞ്ചുനാടുകള്‍ സാമൂഹികമായും സാംസ്കാരികമായും കേരളത്തിന്റെ പൊതുധാരയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
അടുത്ത കാലം വരെയും അഞ്ചുനാടന്‍ ഗ്രാമങ്ങള്‍ മറ്റൊരു ലോകമായിരുന്നു. ഗ്രാമത്തിന്റെ പരമ്പരാഗത ചട്ടങ്ങള്‍ അണുവിട തെറ്റിക്കാതെയുള്ള ജീവിതം. ആരെങ്കിലും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവരെ നാട്ടുക്കൂട്ടം ചേര്‍ന്ന് ഊരുവിലക്കും. ഗ്രാമങ്ങളില്‍ നിന്നല്ലാതെ യുവാക്കള്‍ വിവാഹം കഴിക്കുക, പെണ്‍കുട്ടികളെ ഗ്രാമത്തിന് പുറത്തേക്ക് വിവാഹം കഴിച്ചയക്കുക, കുലദൈവത്തിന്റെ ഉത്സവത്തില്‍നിന്നും വിട്ടുനില്‍ക്കുക, ഉത്സവകാലത്ത് നോമ്പെടുക്കാതിരിക്കുക, ഗ്രാമത്തിന്റെ പൊതുവായ ആവശ്യങ്ങളോട് മുഖം തിരിക്കുക, വിലക്കപ്പെട്ടവരുമായി സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യുക എന്നിവയെല്ലാം ഊരുവിലക്കിനുള്ള കാരണങ്ങളാണ്.
പഞ്ചായത്ത് പ്രസിഡണ്ട് മുതല്‍ സബ്കളക്ടറും കളക്ടറും ജില്ലാ പോലീസ് മേധാവിയും മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരും ഹൈക്കോടതിയും വരെ പരാതികള്‍ പരിഗണിക്കുകയും ഇടപെടുകയും ചെയ്ത വിഷയമാണ് അഞ്ചുനാട്ടിലെ ഊരുവിലക്ക്. പക്ഷേ, ഗ്രാമവാസികളാരും ഇക്കാര്യം പരസ്യമായി സമ്മതിക്കാത്തതുകൊണ്ടും ഊരുകൂട്ടം പരസ്യമായി നിഷേധിക്കുന്നതുകൊണ്ടും ഊരുവിലക്കപ്പെട്ടവര്‍ നിശബ്ദത പാലിക്കുന്നതുകൊണ്ടും ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മുന്‍കാലത്തേതു പോലെയുള്ള ഊരുവിലക്ക് ഇവിടെ സംഭവിക്കുന്നില്ല. അതേസമയം, പരമ്പരാഗതമായതും പൊതുവായതുമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നുള്ള അകറ്റിനിര്‍ത്തല്‍ തുടരുകയും ചെയ്യുന്നു.

കേരളത്തിന് അപരിചിതമായ സംസ്കാരം
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലുള്ള മറയൂര്‍, കാന്തല്ലൂര്‍, കാരയൂര്‍, കീഴാന്തൂര്‍ എന്നിവയും മൂന്നാര്‍ മലകളുടെ അടിവാരത്ത് തമിഴ്നാട്ടിലുള്ള കൊട്ടക്കുടിയുമാണ് അഞ്ചുനാടന്‍ ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്നത്. കൊട്ടക്കുടി ഒഴികെയുള്ള ഗ്രാമങ്ങള്‍ മറയൂര്‍-കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്നു. സംസ്ഥാന പുനര്‍വിഭജനം വന്നപ്പോള്‍ കൊട്ടക്കുടി തമിഴ്നാട്ടിലായി. അഞ്ചുനാടന്‍ ഗ്രാമങ്ങളില്‍ ഏറ്റവും വലിയത് കീഴാന്തൂരാണ്. വലുപ്പം കുറഞ്ഞത് കൊട്ടക്കുടിയും. എല്ലായിടത്തും കൂടി അറുനൂറിലധികം കുടുംബങ്ങളുണ്ട്. രണ്ടു സംസ്ഥാനങ്ങളിലാണെങ്കിലും ഈ അഞ്ച് ഗ്രാമങ്ങളും ഒരു ചരടില്‍ കോര്‍ത്തതു പോലെയാണ്. ജീവിതരീതിയും സംസ്കാരവും ഭരണസംവിധാനവുമെല്ലാം ഒരുപോലെ.
നാലഞ്ച് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തമിഴ്നാടന്‍ മണ്ണില്‍നിന്നും കുടിയേറി വന്നവരാണ് അഞ്ചുനാട്ടുകാര്‍. അഞ്ച് ഗ്രാമങ്ങളിലായി താമസം ആരംഭിക്കുന്നതിന് മുന്‍പ് ഇവര്‍ അഞ്ചുനാട് വെള്ളാളര്‍ എന്ന ജാതിപ്പേര് സ്വീകരിക്കുകയും സ്വന്തമായ നീതിന്യായവ്യവസ്ഥയും ഭരണസംവിധാനവും രൂപപ്പെടുത്തുകയും ചെയ്തു. ഓരോ ഗ്രാമത്തിന്റെയും കരിങ്കല്‍ കവാടത്തിനകത്ത് പരമ്പരാഗതമായ ആചാരങ്ങളും ചട്ടവുമാണ്. അലംഘനീയമായി ഗ്രാമവാസികള്‍ ചെറുപ്പം മുതല്‍ക്കെ പിന്തുടരുന്ന പ്രാചീനനിയമങ്ങള്‍. ഇവരുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും നിയന്ത്രിക്കുന്നത് ഇത്തരം നിയമങ്ങളാണ്. ഇത് അനുസരിക്കാന്‍ കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായവര്‍ വരെ എല്ലാവരും ബാധ്യസ്ഥരാകും. ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. നൂറ്റാണ്ടുകളായി അങ്ങനെ തന്നെ. സാമൂഹികമായ ഒറ്റപ്പെടുത്തലാണ് നേരത്തെ നല്‍കിയിരുന്ന വലിയ ശിക്ഷ.

ഒന്നര പതിറ്റാണ്ട് മുന്‍പുവരെ ഓരോ ഗ്രാമത്തിന്റെയും ഭരണത്തിന് പ്രാദേശികമായ ഊരുകൂട്ടങ്ങളാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍, 2007-ല്‍ അഞ്ചുനാട് ഐക്യസഭ എന്നപേരില്‍ പൊതുവായൊരു ഭരണസംവിധാനം രൂപപ്പെട്ടു. ഓരോ ഗ്രാമത്തില്‍നിന്നും അഞ്ചുപേര്‍ വീതം ആകെ ഇരുപത്തഞ്ച് പേര് ഉള്‍പ്പെടുന്നതാണ് അഞ്ചുനാട് ഐക്യസഭ. ഇതിന്റെ രൂപീകരണത്തോടെ ശിക്ഷാനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു. നേരത്തെ ചട്ടം ലംഘിക്കുന്നവരുടെ ഗ്രാമത്തില്‍ മാത്രമാണ് ശിക്ഷ ബാധകമായിരുന്നതെങ്കില്‍, ഐക്യസഭയുടെ രൂപീകരണത്തോടെ അത് അഞ്ച് ഗ്രാമങ്ങളിലും ഒരുപോലെ ബാധകമായി. വിധിക്കപ്പെടുന്ന ശിക്ഷ മറ്റു ഗ്രാമങ്ങളിലും ബാധകമാകുന്നുവെന്ന് അര്‍ത്ഥം.
അഞ്ചുനാട്ടില്പ്പെട്ട ഗ്രാമങ്ങളില്‍നിന്ന് മാത്രമേ ഓരോരുത്തരും വിവാഹം കഴിക്കാന്‍ പാടുള്ളുവെന്നതാണ് ഇവര്‍ക്കിടയിലെ പ്രധാന ചട്ടം. ഇതു പാലിക്കാതെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നവരെയും കുടുംബത്തെയും ഊരുവിലക്കുകയാണ് അടുത്ത കാലം വരെ ചെയ്തിരുന്നത്. പിന്നീട്, ഗ്രാമത്തിലെ മറ്റാരും ഇവരോട് സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യില്ല. ഗ്രാമത്തിലുള്ള കടകളില്‍നിന്നും ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കില്ല. നാട്ടിലെ വിവാഹങ്ങളില്‍നിന്നും മറ്റു പൊതുകൂട്ടായ്മകളില്നിന്നുമെല്ലാം ഇവരെ പൂര്‍ണ്ണമായും ഒഴിവാക്കും. രോഗം ബാധിച്ച് മരിക്കാന്‍ കിടന്നാല്‍ പോലും ആരും സഹായിക്കുകയോ ഗ്രാമക്കാരുടെ ഓട്ടോറിക്ഷകളിലോ ജീപ്പുകളിലോ കയറ്റുകയോ ചെയ്യില്ല. ഊരിലെ പൊതുടാപ്പില്‍നിന്നും കിണറുകളില്‍നിന്നും വെള്ളമെടുക്കുന്നത് നിരോധിക്കും. സ്വാഭാവികമായും അവര്‍ നാടും വീടും വിട്ടുപോകേണ്ടിവരുന്നു.

ഇത്തരത്തിലുള്ള ഊരുവിലക്കിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഗ്രാമങ്ങള്‍ക്ക് പുറത്തുനിന്നും വിവാഹിതരായവര്‍ക്ക് ഇവിടെ തന്നെ തുടര്‍ന്നും താമസിക്കാന്‍ വലിയ തടസ്സമുണ്ടാകുന്നില്ല. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മരണവീട് സന്ദര്‍ശിക്കുന്നതില്‍നിന്നും ഇവരെ തടയാറില്ല. എന്നാല്‍, നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ച് വരുന്ന അഞ്ചുനാടന്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കെടുക്കാന്‍ ഇവര്‍ക്ക് ഇപ്പോഴും അനുവാദമില്ലെന്നതാണ് വാസ്തവം. ഇങ്ങനെ ഒഴിവാക്കപ്പെടുന്നതിനെ കട്ടുപ്പാട് (ഗ്രാമചിട്ട) എന്നാണ് ഐക്യസഭയും ഗ്രാമവാസികളും വിശേഷിപ്പിക്കുന്നത്.
ജീവിതം കൊണ്ട് വില നല്കിയവര്
അഞ്ചുനാടന്‍ ഗ്രാമങ്ങളിലെ ഊരുവിലക്കില്പ്പെട്ട് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും വലിയ വില നല്‍കേണ്ടി വന്ന നിരവധി പേരുണ്ട്. മറയൂര്‍ ഗ്രാമത്തിലെ മൗനഗുരുസ്വാമി, മനോഹരന്, ധനുഷ്കോടി, കീഴാന്തൂരിലെ ഹരിരാമന്‍, മുരുകന്, പാണ്ടിരാജ്, കാന്തല്ലൂര്‍ ഗ്രാമത്തിലെ ശക്തിവേല്‍, ഗണേശന്, അഴകര്‍സ്വാമി, പരമശിവന്, കാരയൂരിലെ നടരാജന്, മുത്തു തുടങ്ങിയവരും അവരുടെ കുടുംബാംഗങ്ങളുമെല്ലാം ഇത്തരത്തില്‍ ഊരുവിലക്ക് നേരിട്ടവരാണ്. ഇതില്‍ ചിലരെങ്കിലും ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. ഊരുവിലക്കിന്റെ പേരിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുമുണ്ട്. കീഴാന്തൂര്‍ സ്വദേശിയായ ഗോപാലകൃഷ്ണന് ഇതില്‍പ്പെടുന്നു.
പൊതുമേഖലാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന മൗനഗുരുസ്വാമി അഞ്ചുനാടിന് പുറത്തുനിന്നും വിവാഹം കഴിച്ചതാണ് ഊരുവിലക്കില്‍ കലാശിച്ചത്. ഇതോടെ അദ്ദേഹം ഗ്രാമത്തിന് പുറത്തുപോയെങ്കിലും, മറയൂര്‍ ഗ്രാമത്തില്‍ തന്നെ ജീവിച്ച മാതാപിതാക്കള്‍ മരിച്ചപ്പോള്‍ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കാന്‍ അനുവദിച്ചില്ല. ഗ്രാമത്തില്‍പ്പെട്ട ഒരാളുടെ കരിമ്പുപാടത്തിന് തീവെച്ചുവെന്ന കുറ്റം ആരോപിച്ചാണ് കീഴാന്തൂരുകാരനായ ഹരിരാമനെ ഒറ്റപ്പെടുത്തിയത്. താനല്ല തീയിട്ടതെന്ന് ഹരിരാമന്‍ ആണയിട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഒടുവില്‍ കോവിലിനുമുന്നില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ 'കവച്ചുവെച്ച്' സത്യം ചെയ്യാനും ഹരിരാമന്‍ തയ്യാറായി. ഗ്രാമത്തിന്റെ പരമ്പരാഗത വിശ്വാസമനുസരിച്ച് ഇത്തരത്തിലുള്ള സത്യംചെയ്യല്‍ അങ്ങേയറ്റത്തെ കാര്യമാണ്. കള്ളസത്യം ചെയ്താല്‍ കുഞ്ഞുങ്ങള്‍ക്ക് ജീവഹാനി തന്നെ സംഭവിച്ചേക്കാമെന്നാണ് ഊരിലെ വിശ്വാസം.

ഹരിരാമന്റെ പെങ്ങളുടെ മകനാണ് മറയൂരില്‍ വിലക്ക് നേരിട്ട ധനുഷ്കോടി. 2008-ല്‍ ധനുഷ്കോടിയുടെ അച്ഛന് കുപ്പുസ്വാമി രോഗബാധിതനായി മരിപ്പോള്‍, ബന്ധുവായ ഹരിരാമനെയും കുടുംബത്തെയും മരണവീട്ടില്‍ പ്രവേശിപ്പിക്കുകയോ മൃതദേഹം കാണാന്‍ അനുവദിക്കുകയോ ചെയ്യരുതെന്ന് അഞ്ചുനാട് ഐക്യസഭയുടെ നിര്‍ദ്ദേശം വന്നു. അമ്മാവന് ആയതിനാല്‍, മരണാനന്തരചടങ്ങിലെങ്കിലും പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ധനുഷ്കോടി ആവശ്യപ്പെട്ടു. അമ്മാവന് വേണോ, അഞ്ചുനാട് ഐക്യസഭ വേണോ എന്ന് തീരുമാനിക്കാനായിരുന്നു അപ്പോള്‍ ലഭിച്ച നിര്‍ദ്ദേശം. ഒടുവില്‍ അമ്മാവനൊപ്പം നില്‍ക്കാനായിരുന്നു ധനുഷ്കോടിയുടെ തീരുമാനം. അതോടെ ധനുഷ്കോടിയും കുടുംബവും ഒറ്റപ്പെട്ടു.
യുഎഇയില്‍ ജോലിയുള്ള പോണ്ടിച്ചേരി സ്വദേശിക്ക് തന്റെ മകളെ വിവാഹം കഴിച്ചുകൊടുത്തു എന്ന കാരണത്താലാണ് മറയൂരിലെ മനോഹരനും കുടുംബത്തിനും 2016-ല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്ത പതിനൊന്ന് കുടുംബങ്ങള്‍ക്ക് 2100 രൂപവീതം പിഴയിടുകയും ചെയ്തു. 2017-ല്‍ ഗ്രാമത്തിന് പുറത്തുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കീഴാന്തൂരിലെ പാണ്ടിരാജിന്റെ അച്ഛന് മുരുകനും അമ്മ മുത്തുലക്ഷ്മിയും സഹോദരി ഭാനുപ്രിയയും ഊരുവിലക്ക് ഭയന്ന് ഒളിച്ചോടി. പിന്നീട് ഉദുമല്പ്പേട്ടയ്ക്കടുത്തുള്ള പൊന്തക്കാട്ടില്‍ ഇവരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി.
വിലക്ക് നേരിടുന്നവരെ തള്ളിപ്പറയാന്‍ ചിലപ്പോഴെങ്കിലും സ്വന്തം കുടുംബക്കാരും നിര്‍ബന്ധിതരാവാറുണ്ട്. ഒരിക്കല്‍ കാരയൂരിലെ യുവാവിനെ ഊരുവിലക്കിയത് ഒരു ആദിവാസിപെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ്. ഇളയ സഹോദരിമാരും സഹോദരന്മാരും ഉണ്ടായിരുന്ന വരനെ ഒടുവില്‍ കുടുംബക്കാര് തള്ളിപ്പറഞ്ഞു. അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവിതം കൂടി ബുദ്ധിമുട്ടിലാകും എന്നതിനാലാണ് ഗ്രാമക്കൂട്ടത്തിന്റെ ശാസനയ്ക്ക് വഴങ്ങാന്‍ കുടുംബക്കാര് നിര്‍ബന്ധിതമായത്. ഇതോടെ വധുവും വീട്ടുകാരും വിവാഹത്തില്‍നിന്ന് പിന്മാറി. വീട്ടിലും ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് ചെറുപ്പക്കാരന് ഗ്രാമം വിട്ടുപോവുകയും പിന്നീട് ആത്മഹത്യ ചെയ്യുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് കാന്തല്ലൂരിലെ പെണ്‍കുട്ടി ഗ്രാമത്തിന് പുറത്തുള്ള ഒരു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വിലക്കപ്പെട്ടു. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന് മരിച്ചപ്പോള്‍ പോലും അവര്‍ക്ക് ഗ്രാമത്തിലോ വീട്ടിലോ പ്രവേശനം നല്‍കുകയോ മൃതദേഹം കാണാന്‍ അനുവദിക്കുകയോ ചെയ്തില്ല.

ഇനിയും സമയമെടുക്കും
നൂറ്റാണ്ടുകളായി പിന്തുടര്ന്നു പോന്നിരുന്ന ഗ്രാമനിയമങ്ങളില് അയവ് വരുന്നുണ്ടെങ്കിലും അഞ്ചുനാടുകള്‍ സാമൂഹികമായും സാംസ്കാരികമായും കേരളത്തിന്റെ പൊതുധാരയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. അഞ്ചുനാട്ടിലെ പ്രായമായവരുടെയും യാഥാസ്ഥിതിക ചിന്താഗതി പുലര്‍ത്തുന്നവരുടെയും കാഴ്ചപ്പാടുകള്‍ മാറാന്‍ സമയമെടുക്കും എന്നതാണ് ഇതിനു കാരണം. വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ ജോലിയും വരെ നേടിയിട്ടുള്ളവര്‍ ഇപ്പോള്‍ ഗ്രാമത്തിലുണ്ട്. എന്നാല്‍ പരമ്പരാഗത വിശ്വാസങ്ങളെയും ചട്ടങ്ങളെയും തള്ളിക്കളയാന്‍ ഇവര്‍ക്കും എളുപ്പമല്ല.
സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കുമെല്ലാം അഞ്ചുനാടന്‍ ഗ്രാമങ്ങളില്‍ വേരോട്ടമുണ്ട്. പലപ്പോഴും, വിവിധ പാര്‍ട്ടികളില്‍നിന്നും പഞ്ചായത്ത് പ്രസിഡണ്ടായവരും ഗ്രാമക്കാരാണ്. അതുകൊണ്ട് ഗ്രാമത്തിന്റെ പരമ്പരാഗത വിശ്വാസങ്ങളെയും ചട്ടങ്ങളെയുമെല്ലാം ആ വഴിക്കുതന്നെ വിടുന്ന സമീപനമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുള്ളത്. വിശ്വാസങ്ങളെയും ചട്ടങ്ങളെയും തൊട്ടാല്‍ സ്വാധീന ബലം നഷ്ടമാകുമോ എന്ന ഭയം രാഷ്ട്രീയ നേതൃത്വങ്ങളെ അലട്ടുകയും ചെയ്യുന്നു. സര്‍ക്കാരും കോടതിയും മനുഷ്യാവകാശ കമ്മീഷനുമെല്ലാം ഇടപെട്ട വിഷയത്തില്‍ ഇനിയെല്ലാം നേരെയാവണമെങ്കില്‍ അഞ്ചുനാട്ടുകാര്‍ തന്നെ വിചാരിക്കണം. ഊരുവിലക്കുകള്‍ ഒഴിവാക്കപ്പെട്ടതിനെ അതിനുള്ള നല്ല ലക്ഷണമായി തന്നെ കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പുരോഹിതരുടെ ലൈംഗിക ചൂഷണങ്ങള്‍: സിസ്റ്റര്‍ ലൂസിയുടെ 10 വെളിപ്പെടുത്തലുകള്‍