ജഡ്ഡു നമ്പർ വൺ, വിമർശകർ കാണുന്നുണ്ടോ? ടെസ്റ്റിലെ ഓൾറൗണ്ടർമാരിൽ ഒന്നാമത് ജഡേജ, നേട്ടം രണ്ടാംതവണ
ജഡേജയ്ക്ക് 386 റേറ്റിങ് പോയിന്റാണുളളത്. രണ്ട് പോയിന്റ് പിറകിൽ ശക്തമായ മത്സരവുമായി വിൻഡീസ് നായകൻ ജാസൺ ഹോൾഡറുണ്ട്.
ഐസിസിയുടെ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറിനെ പിന്തള്ളിയാണ് ആരാധകരുടെ ജഡ്ഡു ഒന്നാം നമ്പരിലേക്ക് എത്തിയത്. ജഡേജയുടെ കരിയറിൽ ഇത് രണ്ടാം തവണയാണ് ടെസ്റ്റിലെ നമ്പർ വൺ ഓൾറൗണ്ടർ പുരസ്കാരം തേടിയെത്തുന്നത്. 2017 ആഗസ്റ്റിലായിരുന്നു ഇതിന് മുൻപ് ജഡേജ ഒന്നാമത് എത്തിയത്. ജഡേജയ്ക്ക് 386 റേറ്റിങ് പോയിന്റാണുളളത്. രണ്ട് പോയിന്റ് പിറകിൽ ശക്തമായ മത്സരവുമായി വിൻഡീസ് നായകൻ ജാസൺ ഹോൾഡറുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് ഹോൾഡറിന് തിരിച്ചടിയായത്. 28 റേറ്റിങ് പോയിന്റുകൾ അദ്ദേഹത്തിന് ഒറ്റയടിക്ക് കുറഞ്ഞു. ഇത് ജഡേജയ്ക്ക് തുണയാകുകയും ചെയ്തു. 377 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ്, 353 പോയിന്റുമായി ഇന്ത്യൻ താരം ആർ. അശ്വിൻ, 338 പോയിന്റുമായി ബംഗ്ലാദേശ് താരം ഷാക്വിബുൽ ഹസൻ എന്നിവരാണ് അഞ്ച് വരെയുളള സ്ഥാനങ്ങളിൽ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ രവീന്ദ്ര ജഡേജയ്ക്ക് ആദ്യ ഇന്നിങ്സിൽ 15 റൺസും രണ്ടാം ഇന്നിങ്സിൽ 16 റൺസും മാത്രമാണ് താരത്തിന് നേടാനായത്.
ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഓസീസിന്റെ സ്റ്റീവ് സ്മിത്ത് (891 റേറ്റിങ്) തന്നെയാണ് ഒന്നാമത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ (886 റേറ്റിങ്) രണ്ടാമതുണ്ട്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി (814 റേറ്റിങ്) അഞ്ചാമതാണ്. ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് ആദ്യ പത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ 96 റൺസ് പ്രകടനമാണ് ഡികോക്കിനെ ആദ്യ പത്തിൽ എത്തിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!