വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആക്ഷേപം, നിഷേധിച്ച് അധികൃതര്‍
പല തടവുകാരുടെയും സെല്‍ തുറക്കാതെ ഏകാന്ത തടവിനു വിധേയാമാക്കുന്ന പ്രവണതയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു
'പിന്നോക്കകാര്ക്കായി ജീവിതം മുഴുവന്‍ പോരാടിയ മനുഷ്യന് കസ്റ്റഡിയില്‍ മരിച്ചത് നീതികരിക്കാനാകാത്തതാണ്. ഇത്തരം പരിഹാസ്യമായ നീതിക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല,''
ഭീമ കൊറെഗാവ് കേസില്‍ തടങ്കലിലാക്കപ്പെട്ടു ഒടുവില്‍ മരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ വാക്കുകളാണിവ. തന്റെ ജീവിതം മുഴുവന്‍ ആദിവാസികളുടെയും മറ്റു പാര്ശ്വവല്കൃതരുടെയും ഉന്നമനത്തിനായി ചെലവഴിച്ച മഹാനായ ജസ്യുട്ട് പുരോഹിതന്റെ മരണത്തില്‍ പ്രതിഷേധിച്ചു സമൂഹ മാധ്യമങ്ങളില്‍ ശക്തമായി പ്രതിഷേധിച്ച രാഷ്ട്രീയ നേതാക്കളില്‍ പ്രധാനിയായിരുന്നു പിണറായി വിജയന്.
എന്നാല്‍ സ്വന്തം സംസ്ഥാനത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി കണ്ണടക്കുകയാണ് എന്ന ആക്ഷേപമാണ് മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. കേരളത്തിലെ ഏക അതിസുരക്ഷാ ജയിലായ വിയ്യൂര്‍ ജയിലില്‍ അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനളലാണ് വിചാരണത്തടവുകാര്‍ അനുഭവിക്കുന്നതെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. രാഷ്ട്രീയ തടവുകാരില്‍ ഭൂരിഭാഗവും ജയിലിലെ സെല്ലുകളില്‍ ലോക്ക് ചെയ്യപെട്ട അവസ്ഥയിലാണ് കഴിഞ്ഞു കൂടുന്നതെന്ന് ബന്ധുക്കളും ആരോപിക്കുന്നു.
അതിസുരക്ഷാ ജയിലിലെ സെല്ലുകളിലെല്ലാം CCTV ക്യാമറ ഘടിപ്പിച്ചതിനാല്‍ പ്രാഥമിക കര്‍മങ്ങള്‍ പോലും മനസ്സമാധാനത്തോടെ നിര്‍വഹിക്കാന്‍ കഷ്ടപ്പെടുകയാണ് തടവുപുള്ളികള്‍. ജയിലിനകത്തും പുറത്തും പോകുന്ന തടവുകാരെയെല്ലാം പ്രിസണ്‍ മാന്വല്‍ ലംഘിച്ചുകൊണ്ട് വിവസ്ത്രരാക്കി പരിശോധിക്കുകയാണ് അധികൃതര്‍ എന്നും ഇവര്‍ ആരോപിക്കുന്നു. കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും തടവുപള്ളികളെ നിരുപാധികം സ്ഥലം മാറ്റം നടത്തുകയാണ് അധികൃതര്‍. ജയിലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘ നങ്ങളെ പൊതുജനമധ്യത്തിലെത്തിക്കുന്ന പല രാഷ്ട്രീയ തടവുകാരോടും പോലീസ് പ്രതികാരരൂപേണ പെരുമാറുകയാണ് എന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ ആരോപിച്ചു.

വിയ്യൂര്‍ ജയിലില്‍ നടന്ന പോലീസ് മര്‍ദനത്തെക്കുറിച്ചു മാധ്യമങ്ങളോടും മനുഷ്യാവകാശ പ്രവര്‍ത്തകരോടും പറഞ്ഞു എന്ന് ആരോപിച്ചു സെപ്റ്റംബര്‍ 12-ാം തിയതി ഡാനിഷ് എന്ന മാവോയിസ്റ്റ് വിചാരണ തടവുകാരനെ ജയിലധികൃതര്‍ ഭീഷണിപ്പെടുത്തിയതായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതിയും നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 4ാം തിയതി വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ മയക്കുമരുന്ന് കേസില്‍ തടവില്‍ കഴിയുന്ന ഹര്‍ഷദ് എന്ന കണ്ണൂര്‍ സ്വദേശിയെ ജയിലധികൃതര്‍ അതിക്രൂരമായി മര്‍ദിച്ചു എന്ന് അയാളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലധികൃതര്‍ വീട്ടിലേക്ക് വിളിക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു നിരാഹാരസമരത്തിലായിരുന്ന ഹര്‍ഷദ് പിന്നീട് അധികൃതര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിച്ച ഹര്‍ഷാദിനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചു എന്നാണു അദ്ദേഹത്തിന്റെ പിതാവ് ആരോപിച്ചത്. സംഭവത്തെ തുടര്‍ന്നു തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ ഹര്‍ഷാദിനെ ഒന്നര ദിവസം കഴിഞ്ഞാണു ഡിസ്ചാര്‍ജ് ചെയ്തത്. മര്‍ദന വിവരം മറച്ചു പിടിച്ച അധികൃതര്‍ അപസ്മാര രോഗിയെന്നു പറഞ്ഞാണ് പ്രതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഡാനിഷ് ആണ് ഈ വിഷയം മനുഷ്യാവകാശ പ്രവര്‍ത്തകരെ അറിയിച്ചത് എന്ന് ആരോപിച്ചായിരുന്നു പോലീസിന്റെ ഭീഷണിയെന്നും ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിക്കുന്നു
കേരളാ പോലീസിന്റെ വംശീയ മുന്‍വിധിയുടെ ഇരയാണ് കോയമ്പത്തൂര്‍ കാരനായ ഡാനിഷ് എന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി പി റഷീദ് പറഞ്ഞു. ' ഡാനിഷിനെതിരെ മൊത്തം 11 കേസുകളായിരുന്നു പോലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. എട്ടെണ്ണം പാലക്കാടും, രണ്ടെണ്ണം മലപ്പുറത്തും, ഒന്ന് കോഴിക്കോടും. ഈ കേസുകളിലെല്ലാം ജാമ്യം ലഭിച്ച ഡാനിഷിന്റെ ജാമ്യ ഉത്തരവുമായി 2020 സെപ്റ്റംബര്‍ 8 നു ഞാന്‍ വിയ്യൂര്‍ ജയില്‍ വളപ്പില്‍ കാത്തുനിന്നിരുന്നു. ജയില്‍ മോചിതനായി കൊമ്പോണ്ടിനു പുറത്തേക്കു കടന്ന ഡാനിഷിനെ പുതിയൊരു കേസില്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇത് തികച്ചും പ്രതികാര നടപടിയാണ്.'' റഷീദ് പറഞ്ഞു.
2018 ഒക്ടോബറില്‍ അട്ടപ്പാടിയില്‍ വെച്ചാണ് ഡാനിഷ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2020 സപ്തംബറിലെ അറസ്റ്റ് കഴിഞ്ഞുള്ള വിചാരണക്കും തിരിച്ചറിയല്‍ പരേഡനും ശേഷം വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തിരിച്ചെത്തിയ ഡാനിഷ് ഏതാനും ദിവസങ്ങള്‍ക്കകം കോവിഡ് ബാധിതനായി.
ഏതാണ്ട് ഒമ്പത് ഏക്കറോളം വരുന്ന കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന ഈ മൂന്നു നില കെട്ടിടത്തിന്റെ നിര്‍മാണച്ചെലവ് ഏകദേശം 22 കോടിയോളം വരും. ഏതാണ്ട് 530 ഓളം തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഏകദേശം 160 ലധികം തടവുകാരാണ് നിലവിലുള്ളത്. അതിസുരക്ഷാ ജയിലിന്റെ നിര്‍മാണം, രൂപഘടന, അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ അളവും ഗുണമേന്മയും സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേകമായ ഒരു ഉത്തരവും ഇറക്കിയിട്ടില്ല എന്ന് വിചാരണ തടവുകാരുടെ അഭിഭാഷകന് അഡ്വ: തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു. കേരള സര്‍ക്കാര്‍ ജയില്‍ മാന്വല്‍ അനുശാസിച്ച പല നിയമങ്ങളുടെയും ലംഘനമാണ് അതിസുരക്ഷാ ജയിലില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വിസസ്(മാനേജ്മന്റ്) ആക്ട് 2010 ലെ 30ാംം റൂള്‍ പ്രകാരം തടവുകാര്‍ക്ക് മാനഹാനിയും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധനാ രീതികള്‍ അനുവദനീയമല്ല. എന്നാല്‍ ഈ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് അതിസുരക്ഷാ ജയിലില്‍ തടവുകാരെ വിവസ്ത്രരാക്കിക്കൊണ്ടുള്ള ദേഹ പരിശോധനയെന്നാണ് ആരോപണം
ജയിലിലേക്ക് പ്രവേശിക്കുകയും ജയിലില്‍ നിന്ന് പുറത്ത്പോവുകയും ചെയ്യുന്ന അന്തേവാസികളെ ദേഹ പരിശോധന നടത്തണം എന്ന് ജയില്‍ മാന്വല്‍ പറയുന്നുണ്ട്. ആ നിയമം നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്നായിരുന്നു വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ സൂപ്രണ്ട് ബി. സുനില്‍കുമാറിന്റെ പ്രതികരണം. മനുഷ്യാവാകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു
ഇത് കൂടാതെ പല തടവുകാരുടെയും സെല്‍ തുറക്കാതെ ഏകാന്ത തടവിനു വിധേയാമാക്കുന്ന പ്രവണതയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രഭാത സമയങ്ങളില്‍ സെല്ലുകള്‍ തുറന്നിടണം എന്ന് കേരളാ ജയില്‍ മാന്വല്‍ അനുശാസിക്കുന്നുണ്ട്.
കോവിഡ് മഹാമാരിയെ തുടര്‍ന്നു സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു 2020ല്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം. 30 ആളുകളില്‍ കൂടുതല്‍ ഒത്തുചേരുന്ന എല്ലാ തരത്തിലുള്ള ആഘോഷവും വിലക്കുന്ന സര്‍ക്കാര്‍ നടപടി നിലവിലുള്ളതിനാല്‍ ഒരുപാട് അന്തേവാസികള്‍ പരിപാടി ബഹിഷ്കരിച്ചു. സംഭവത്തില്‍ പ്രകോപിതനായ ജയില്‍ സൂപ്രണ്ട് പരിപാടി ബഹിഷ്കരിച്ച നാലുപേര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്കി. ആരോപിതര്‍ സ്വാതന്ത്ര്യദിനാഘോഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നും ദേശിയപതാക ഉയര്‍ത്തുന്ന വേളയില്‍ ബഹളം ഉണ്ടാക്കി എന്നും ആരോപിച്ചായിരുന്നു നടപടി. നടപടി നേരിട്ട നാലു പ്രതികളുടെയും കട്ടില് എടുത്തു മാറ്റുകയും ഏതാണ്ട് 14 ദിവസത്തോളം സെല്ലില്‍ പൂട്ടിയിടുകയും ചെയ്തു. അവരെ രണ്ടാഴ്ചയിലധികം ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഈ നടപടിക്ക് വിധേയരായ പ്രതികളില്‍ പലരും മാനസികപരമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ആരോപണ വിധേയനായ കെ എ അനൂപിന്റെ വിചാരണ വേളയിലാണ് ഗുരുതരമായ ഈ മനുഷ്യാവകാശ ലംഘനം എന്‍ ഐ എ കോടതിയുടെ ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തില്‍ സൂപ്രണ്ടിന്റെ പ്രതികരണം ആരാഞ്ഞ കോടതി തെളിവിനായി സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കോടതിക്ക് സൂപ്രണ്ടിന്റെ വാദങ്ങള്‍ തീര്‍ത്തും അടിസ്ഥാന വിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷവേളയില്‍ പങ്കെടുക്കാത്ത പ്രതികള്‍ തികച്ചും സമാധാനപരമായി തങ്ങളുടെ ദൈനംദിനപ്രവൃത്തികളില്‍ വ്യാപൃതരായിരുന്നു എന്ന് മനസിലാക്കിയ കോടതി ഈ ഗുരുതരമായ മനുഷ്യാവകാശ ലംഘനം കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. കോടതി ഇടപെടലിനു ശേഷം പ്രതികളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പുനഃസ്ഥാപിച്ചു.
എന്നാല്‍ കോടതി ഇടപെടലിന് ശേഷവും ഏതാണ്ട് രണ്ട് മാസത്തോളം ഇബ്രാഹിം എന്ന 67 വയസ്സുകാരനായ രാഷ്ട്രീയ തടവുകാരന് കുളിക്കാനുള്ള സോപ്പ് നിഷേധിച്ചിരുന്നു എന്ന് അഭിഭാഷകനായതുഷാര് നിര്‍മല്‍ സാരഥി ആരോപിച്ചു. ഇതേ തുടര്‍ന്നു 2021 ജനുവരി 28-ാം തിയതി ഇബ്രാഹിമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ എന്‍ ഐ എ കോടതിക്ക് അപേക്ഷ സമര്‍പിച്ചു. അപേക്ഷ സ്വീകരിച്ച കോടതി ഇബ്രാഹിമിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

വയനാട്ടിലെ ഒരു പോലിസുദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്താനും അയാളുടെ ബൈക്ക് കത്തിക്കുവാനും ശ്രമിച്ച മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണവും ആയുധവും എത്തിച്ചു കൊടുത്തു എന്ന കുറ്റത്തിന്റെ പേരില്‍ 2015 ജൂലൈയില്‍ അറസ്റ്റ് ചെയ്യപെട്ട ഇബ്രാഹിമിന്റെ വിചാരണ തുടങ്ങിയത് 2021 ജൂണിലാണ്. കലശലായ പ്രമേഹവും ഹൃദയ സംബന്ധിയായ അസുഖങ്ങളും കാരണം ഏതാണ്ട് 22ഓളം ഗുളികകളാണ് ഇബ്രാഹിം ദിവസവും കഴിക്കുന്നത്. പ്രമേഹ ചികിത്സയുടെ ഭാഗമായി പല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്യപെട്ട ഇബ്രാഹിം ചൂടുവെള്ളത്തില്‍ ചപ്പാത്തി മുക്കി കഴിച്ചാണ് അതിജീവിക്കുന്നത് എന്ന് മകന് നൗഫല്‍ പറഞ്ഞു. ജയിലില്‍ വെച്ച് രണ്ടു തവണ ഹൃദ്രോഗം അനുഭവിച്ച ഇബ്രാഹിം സമര്‍പ്പിച്ച ആറിലധികം ജാമ്യാപേക്ഷകള്‍ കോടതി തള്ളിക്കളഞ്ഞു. കോവിഡ് കാരണം ജയിലുകളിലെ ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും പരോളും അനുവദിച്ചിരുന്നു കേരള സര്‍ക്കാര്‍. സിസ്റ്റര്‍ അഭയാ കൊലക്കെസിലും ടി പി ചന്ദ്രശേഖരന് വധക്കേസിലും പെട്ട പ്രതികള്‍ക്ക് ഇതിന്റെ പേരില്‍ ജാമ്യം ലഭിച്ചപ്പോള്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്ന വയനാട്ടില്‍ നിന്നുള്ള തോട്ടം തൊഴിലാളിയായ ഇബ്രാഹിമിനെ പോലുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുകയാണെന്നാണ് ആരോപണം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!